UPDATES

വിദേശം

ഒരു മുസ്ലിം വിരുദ്ധ രാഷ്ട്രീയക്കാരന്‍ ഡച്ച് പ്രധാനമന്ത്രിയാകുമോ? നെതര്‍ലാന്‍ഡും യൂറോപ്യന്‍ യൂണിയനും ഒരുപോലെ ആശങ്കയിലാണ്

ഗീര്‍ട്ട് വില്‍ഡേഴ്‌സിന് ഡച്ച് പൊതു തെരഞ്ഞെടുപ്പില്‍ നാടകീയ വിജയം

                       

യൂറോപ്പില്‍ ആകമാനവും ഞെട്ടല്‍ സൃഷ്ടിച്ചുകൊണ്ട്, മുസ്ലിം വിരുദ്ധ രാഷ്ട്രീയ നേതാവ് എന്ന കുപ്രസിദ്ധി നേടിയ ഗീര്‍ട്ട് വില്‍ഡേഴ്‌സിന് ഡച്ച് പൊതു തെരഞ്ഞെടുപ്പില്‍ നാടകീയ വിജയം. പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വില്‍ഡേഴ്‌സിന്റെ ഫ്രീഡം പാര്‍ട്ടി(പി വി വി ) 37 സീറ്റുകള്‍ സ്വന്തമാക്കി. എന്നാല്‍ നെതര്‍ലാന്‍ഡിന്റെ പ്രധാനമന്ത്രിയാകണം എന്ന വില്‍ഡേഴ്‌സിന്റെ സ്വപ്‌നം പൂവണിയണമെങ്കില്‍ ചില രാഷ്ട്രീയ നീക്കുപോക്കുകള്‍ വിജയിക്കണം. ആകെ 150 സീറ്റുകളാണ് ഡച്ച് പാര്‍ലമെന്റിലുള്ളത്. ഭരിക്കാന്‍ 76 സീറ്റുകളുടെ ഭൂരിപക്ഷം വേണം. പി വി വി ക്ക് ഇപ്പോഴുള്ള 37 സീറ്റുകളാണ്. അതുകൊണ്ട് തന്നെ ഒരു സഖ്യകക്ഷി ഭരണമാണ് സാധ്യമാവുക. അതിനുവേണ്ടി പാര്‍ട്ടികളെ ഒപ്പം കൂട്ടാനുള്ള ശ്രമത്തിലാണ് വില്‍ഡേഴ്‌സും പി വി വിയും.

ഇപ്പോഴുണ്ടായിരിക്കുന്ന വിജയത്തില്‍ 60 കാരനായ ഗീര്‍ട്ട് വില്‍ഡേഴ്‌സ് ആഹ്ലാദവാനാണ്. വ്യാഴാഴ്ച്ച ഫലപ്രഖ്യാപനത്തിനു പിന്നാലെ ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍ ചാനല്‍ കാമറകള്‍ക്കു മുന്നില്‍ വില്‍ഡേഴ്‌സ് മറ്റ് നേതാക്കള്‍ക്കും അണികള്‍ക്കുമൊപ്പം അധികാരത്തിലേറാന്‍ പോകുന്ന തരത്തിലുള്ള സന്തോഷപ്രകടനമാണു നടത്തിയത്.

പ്രധാനമന്ത്രി സ്ഥാനത്ത് എത്താന്‍ വേണ്ടി മറ്റു പാര്‍ട്ടികളുമായി ചര്‍ച്ച നടത്താനും വിട്ടുവീഴ്ച്ച ചെയ്യാനും താന്‍ തയ്യാറാണെന്നായിരുന്നു വില്‍ഡേഴ്‌സ് ബിബിസിയോട് പ്രതികരിച്ചത്. ‘ ഞങ്ങള്‍ ഭരിക്കാന്‍ ആഗ്രഹിക്കുന്നു, ഞങ്ങള്‍ തന്നെ ഭരിക്കും, ഇത് വലിയ ഉത്തരവാദിത്തമാണെന്നും ഞങ്ങള്‍ക്ക് അറിയാം” എന്നായിരുന്നു വലിയ ആവേശത്തില്‍ അദ്ദേഹം പാര്‍ട്ടി യോഗത്തില്‍ പ്രസംഗിച്ചത്.

പരസ്യമായ മുസ്ലിം വിരുദ്ധതയും മനുഷ്യത്വവിരുദ്ധതയും വാഗ്ദാനങ്ങളാക്കിയായിരുന്നു വില്‍ഡേഴ്‌സ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്. അഭയാര്‍ത്ഥികളെ തടയാന്‍ രാജ്യത്തിന്റെ അതിര്‍ത്തികളടയക്കുമെന്നതും ഖുറാന്‍ നിരോധിക്കുമെന്നതും അധികാരത്തിലെത്താനുള്ള വില്‍ഡേഴ്‌സിന്റെ വാഗ്ദാനങ്ങളായിരുന്നു.

തെരഞ്ഞെടുപ്പിന് മുമ്പുണ്ടായിരുന്ന രാഷ്ട്രീയ നിലപാടുകള്‍ ഫലപ്രഖ്യാപനത്തിനുശേഷം മാറിയേക്കാമെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. വോട്ടെടുപ്പിനു മുമ്പായി മൂന്നു വലിയ പാര്‍ട്ടികള്‍ വില്‍ഡേഴ്‌സിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ സഖ്യത്തില്‍ ഭാഗമാകില്ലെന്നു പ്രഖ്യാപിച്ചിരുന്നു. അങ്ങേയറ്റത്തെ വലത് രാഷ്ട്രീയം കൊണ്ടു നടക്കുന്ന വില്‍ഡേഴ്‌സിനൊപ്പം ഒരു സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്നായിരുന്നു കാരണമായി പറഞ്ഞിരുന്നത്. എന്നാലിപ്പോള്‍ വില്‍ഡേഴ്‌സും അയാളുടെ പാര്‍ട്ടിയും വലിയ വിജയം നേടിയിരിക്കുന്ന സാഹചര്യത്തില്‍ കൂടെയുണ്ടാകില്ലെന്നു പറഞ്ഞവര്‍ കൂടെക്കൂടുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നത്.

പി വി വി യുടെ കുതിച്ചു കയറ്റത്തില്‍ അടിതെറ്റിയത് മുന്‍ യൂറോപ്യന്‍ കമ്മീഷണര്‍ ഫ്രാന്‍സ് ടിമ്മെര്‍മാന്‍സിന്റെ നേതൃത്വത്തിലുള്ള ഇടത് സഖ്യത്തിനാണ്. 25 സീറ്റുകളാണ് ഇവര്‍ക്ക് കിട്ടിയത്. രണ്ടാം സ്ഥാനത്താണവര്‍. വില്‍ഡേഴ്‌സ് രൂപീകരിക്കുന്ന സര്‍ക്കാരുമായി യാതൊരുവിധ സഖ്യത്തിനും നില്‍ക്കില്ലെന്നും ഡച്ച് ജനാധിപത്യവും നിയമവാഴ്ച്ചയും സംരക്ഷിക്കുമെന്നുമാണ് ടിമ്മെര്‍മാന്‍സ് പറഞ്ഞത്.

മൂന്നാം സ്ഥാനത്തെത്തിയ ഡിലന്‍ യെസില്‍ഗോസിന്റെ നേതൃത്വത്തിലുള്ള വി വി ഡി പാര്‍ട്ടിയും, നാലാമതെത്തിയ അഴിമതി വിരുദ്ധ പോരാട്ടം നടത്തുന്ന മുന്‍ എം പി പീറ്റര്‍ ഒമ്‌സിഗ്റ്റ് പുതിയതായി രൂപീകരിച്ച ന്യൂ സോഷ്യല്‍ കോണ്‍ട്രാക്റ്റ് പാര്‍ട്ടിയും വില്‍ഡേഴ്‌സിനെ അഭിനന്ദിച്ചു രംഗത്തു വന്നിട്ടുണ്ട്. ഭരിക്കാനാവശ്യമായ സംഖ്യയിലേക്ക് വില്‍ഡേഴ്‌സിന് എത്താനാകുമോയെന്ന് യെസില്‍ഗോസ് സംശയിക്കുന്നുണ്ടെങ്കിലും, സഖ്യത്തില്‍ ചേരണമോയെന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനം എടുക്കുമെന്നാണ് അവര്‍ പറയുന്നത്. വോട്ടെടുപ്പിന് മുമ്പ് അവര്‍ പറഞ്ഞിരുന്നത്, വില്‍ഡേഴ്‌സിനൊപ്പം ഒരു മന്ത്രിസഭയില്‍ താന്‍ അംഗമാകില്ലെന്നായിരുന്നു. എന്നാല്‍ വിജയിച്ചതിനുശേഷം വില്‍ഡേഴ്‌സിനെതിരേ അവര്‍ ഒന്നും പറഞ്ഞിട്ടില്ലെന്നതു ശ്രദ്ധേയമാണ്.

ഇതുപോലെ തന്നെയാണ് പീറ്റര്‍ ഒമ്‌സിഗ്റ്റിന്റെ പുതിയ പാര്‍ട്ടിയുടെ നിലപാട് മാറ്റവും. തെരഞ്ഞെടുപ്പിന് മുമ്പവര്‍ പറഞ്ഞിരുന്നത് വില്‍ഡേഴ്‌സുമൊപ്പം പ്രവര്‍ത്തിക്കില്ലെന്നായിരുന്നു. ഇപ്പോള്‍ പറയുന്നത്, വോട്ടര്‍മാരുടെ വിശ്വാസം സംരക്ഷിക്കുമെന്നാണ്.

ഡിലന്‍ യെസില്‍ഗോസ്

ഡിലന്‍ യെസില്‍ഗോസ് നെതര്‍ലാന്‍ഡിന്റെ ആദ്യ വനിത പ്രധാനമന്ത്രിയാകുന്ന സ്വപ്നം വിവിഡി പാര്‍ട്ടിക്കുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ഫലം യെസില്‍ഗോസിനെ നിരാശപ്പെടുത്തി. പാര്‍ട്ടി നേതാവും, രാജ്യത്തെ ഏറ്റവും നീണ്ടകാലം ഭരിക്കുകയും ചെയ്ത മാര്‍ക്ക് റൂട്ടെ രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങിയതിനു പിന്നാലെ കഴിഞ്ഞ ജൂലൈയിലാണ് മധ്യ-വലതുപക്ഷ പാര്‍ട്ടിയായ വിവിഡിയുടെ നേതൃത്വ നിരയില്‍ യെസില്‍ഗോസ് എത്തുന്നത്. ഏഴാം വയസില്‍ തുര്‍ക്കിയില്‍ നിന്നുള്ള അഭയാര്‍ത്ഥിയായാണ് യെസില്‍ഗോസ് നെതര്‍ലാന്‍ഡില്‍ എത്തിയതെങ്കിലും കുടിയേറ്റത്തിന് എതിരെ നില്‍ക്കുന്നൊരു ഡച്ച് നേതാവാണ് ഇന്നവര്‍.

ഗീര്‍ട്ട് വില്‍ഡേഴ്‌സിനൊപ്പം പ്രവര്‍ത്തിക്കരുതെന്ന ആവശ്യം നിരാകരിച്ചതിലൂടെ തീവ്ര വലതുപക്ഷത്തേക്കുള്ള വാതിലുകളാണ് യെസില്‍ഗോസ് തുറന്നിരിക്കുന്നതെന്നാണ് മുസ്ലിം നേതാക്കളും ചില രാഷ്ട്രീയക്കാരും അവര്‍ക്കെതിരേ ഉയര്‍ത്തിയിരിക്കുന്ന വിമര്‍ശനം.

ഡച്ചില്‍ സംഭവിച്ചിരിക്കുന്ന രാഷ്ട്രീയമാറ്റം യൂറ്യോപന്‍ യൂണിയനിലാകെ ആഘാതമുണ്ടാക്കിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്റെ സ്ഥാപകാംഗങ്ങളില്‍ ഒന്നാണ് നെതര്‍ലാന്‍ഡ്. ഇ.യു വിലെ ദേശീയവാദികളും തീവ്രവലതുപക്ഷക്കാരുമായ നേതാക്കള്‍ വില്‍ഡേഴ്‌സിനെ അഭിനന്ദിച്ചു രംഗത്തു വന്നിട്ടുണ്ടെങ്കിലും ഭൂരിപക്ഷത്തിനും ആശങ്കയാണ്.

യൂറോപ്യന്‍ യൂണിയന്‍ എന്ന സംവിധാനത്തോട് യോജിപ്പില്ലാത്ത രാഷ്ട്രീയക്കാരനാണ് ഗീര്‍ട്ട് വില്‍ഡേഴ്‌സ്. ഇ.യു വിടാനുള്ള ‘ നെക്‌സിറ്റ്’ റഫറണ്ടം അവതരിപ്പിക്കണമെന്ന ആഗ്രഹക്കാരനാണ് അയാള്‍. എന്നാല്‍ ഡച്ചിന്റെ പൊതുതാത്പര്യം അത്തരത്തിലുള്ളതല്ല. അധികാരത്തില്‍ വന്നതിനുശേഷമാണെങ്കിലും, ഏതെങ്കിലും പ്രമുഖ സഖ്യകക്ഷിയെ തന്റെ ഇംഗിതത്തിനനുസരിച്ച് കൊണ്ടുവരികയെന്നതും വളരെ ബുദ്ധിമുട്ടേറിയ പണിയായിരിക്കും.

ഗീര്‍ട്ട് വില്‍ഡേഴ്‌സ്

കടുത്ത മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ കൊണ്ട് വിവാദങ്ങളില്‍ പലതവണ പെട്ടിട്ടുള്ള നേതാവാണെങ്കിലും പ്രചാരണകാലത്ത് അല്‍പ്പം മയപ്പെടാന്‍ വില്‍ഡേഴ്‌സിലെ രാഷ്ട്രീയക്കാരന്‍ ശ്രദ്ധിച്ചിരുന്നു. മോസ്‌ക്കുകളും(മുസ്ലിം അരാധനാലയങ്ങള്‍) ഇസ്ലാമിക വിദ്യാലയങ്ങളും അടച്ചുപൂട്ടുമെന്നത് വില്‍ഡേഴ്‌സ് തന്റെ പ്രഖ്യാപിത നയങ്ങളായി കൊണ്ടുനടന്ന കാര്യങ്ങളായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്ത് അയാള്‍ പറഞ്ഞത്, മറ്റ് അടിയന്തര പ്രശ്‌നങ്ങള്‍ വേറെയുള്ളതുകൊണ്ട് ഈവക കാര്യങ്ങള്‍ തത്കാലം ഫ്രിഡ്ജില്‍ വയ്ക്കുകയാണെന്നാണ്. തന്റെ പിവിവി പാര്‍ട്ടിയുടെ അംഗബലം പാര്‍ലമെന്റില്‍ കൂട്ടുകയെന്ന തന്ത്രമായിരുന്നു വില്‍ഡേഴ്‌സിന്റെ മയപ്പെടലിനു പിന്നില്‍. അതിലയാള്‍ വിജയിച്ചു.

വില്‍ഡേഴ്‌സിന്റെ ഭരണമാണ് ഇനിയുണ്ടാകുന്നതെങ്കില്‍ അഭയാര്‍ത്ഥി പ്രശ്‌നം മറ്റൊതരത്തില്‍ നെതര്‍ലാന്‍ഡില്‍ വഷളാകുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. അഭയ കേന്ദ്രങ്ങള്‍ക്കും കുടിയേറ്റത്തിനും എതിരായി താനൊരു സുനാമി സൃഷ്ടിക്കുമെന്ന് വില്‍ഡേഴ്‌സ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. കഴിഞ്ഞ വര്‍ഷം ഇരട്ടി വര്‍ദ്ധനവില്‍ 220,000 കുടിയേറ്റക്കാരാണ് നെതര്‍ലാന്‍ഡിലേക്ക് എത്തിയത്. യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശമായിരുന്നു കുടിയേറ്റക്കാരുടെ എണ്ണം വര്‍ദ്ധിപ്പിച്ചത്. അതേസമയം, ഏകദേശം 390,000 അഭയകേന്ദ്രങ്ങളുടെ കുറവ് അഭയാര്‍ത്ഥി പ്രശ്‌നം കലുഷിതമാക്കുന്നു.

Share on

മറ്റുവാര്‍ത്തകള്‍