പിഎം ആഷാ പദ്ധതിയുടെ പൊള്ളത്തരങ്ങള്‍ വെളിവാക്കി റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് അന്വേഷണ റിപ്പോര്‍ട്ട്
വിളകള്‍ക്ക് താങ്ങുവില പദ്ധതിയായ പി.എം ആഷാ നടപ്പിലായത് 2019ലെയും 2024ലെയും ലോക്സഭാ തെരഞ്ഞടുപ്പുകളോടുപ്പിച്ചുള്ള മാസങ്ങളില്‍ മാത്രം. രണ്ട് തെരഞ്ഞെടുപ്പുകള്‍ക്കിടയിലെ മൂന്ന് മാസങ്ങളില്‍ സര്‍ക്കാര്‍ ഒരു രൂപപോലും പദ്ധതിക്കായി മുടക്കിയിട്ടില്ല.
ജനങ്ങള്‍ക്ക് ശക്തമായ ചില വാഗ്ദാനങ്ങള്‍ നല്‍കിയാണ് നരേന്ദ്ര മോദി 2014ല്‍ പ്രധാനമന്ത്രിയായത്. ഉല്‍പ്പാദന ചെലവിന്റെ പകുതിയിലേറെ കര്‍ഷകര്‍ക്ക് ലാഭമായി ലഭിക്കുമെന്നതായിരുന്നു അതിലൊരു വാഗ്ദാനം. കേള്‍ക്കാന്‍ നല്ല രസമുള്ള വാഗ്ദാനം തന്നെയാണ് അത്.
2016 ആയപ്പോഴേക്കും അതിലും മെച്ചപ്പെട്ട മറ്റൊരു വാഗ്ദാനം കൂടി വന്നു. ആറ് വര്‍ഷത്തിനുള്ളില്‍ കര്‍ഷകന്റെ വരുമാനം ഇരട്ടിയാക്കുമെന്നായിരുന്നു അത്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നത് താമസിയാതെ ഒരു മുദ്രാവാക്യമായി മാറി.
ആ വാഗ്ദാനം പാലിക്കാനായി അദ്ദേഹത്തിന്റെ സര്‍ക്കാര്‍ ഒരുകൂട്ടം പദ്ധതികള്‍ ആവിഷ്‌കരിക്കുകയും നിലവിലുള്ള ചില പദ്ധതികള്‍ പുനരാവിഷ്‌കരിക്കുകയും ചെയ്തു.
അതിലൊന്നായിരുന്നു രാജ്യത്തുടനീളം പയറുവര്‍ഗ്ഗങ്ങളും എണ്ണക്കുരുക്കളും ഉല്‍പ്പാദിപ്പിക്കുന്ന ദശലക്ഷക്കണക്കിന് കര്‍ഷകരുടെ വരുമാനം സംരക്ഷിക്കുന്ന പി.എം ആഷാ അഥവ പ്രധാന്‍ മന്ത്രി അന്നദാതാ ആയ് സന്‍രക്ഷണ്‍ അഭിയാന്‍.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ഏഴ് മാസം മുമ്പ് 2018 സെപ്തംബറില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഈ പദ്ധതി 15,053 കോടി രൂപ അനുവദിച്ചുവെന്നും അവകാശപ്പെട്ടു.
ഭാവിയിലും നമ്മുടെ രാജ്യത്തിന്റെ അന്നദാതാക്കളോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെയും സമര്‍പ്പണത്തിന്റെയും തെളിവാണ് ഈ പദ്ധതിയെന്ന് ഇതേക്കുറിച്ച് ഇറക്കിയ പത്രക്കുറിപ്പില്‍ സര്‍ക്കാര്‍ അവകാശപ്പെട്ടു.
പതിറ്റാണ്ടുകളായി താങ്ങുവിലയ്ക്ക് വേണ്ടി കര്‍ഷകര്‍ ആവശ്യപ്പെടുകയാണെന്നും തന്റെ സര്‍ക്കാരാണ് അത് സാധ്യമാക്കിയതെന്നും പ്രധാനമന്ത്രി മോദി ഈ പദ്ധതിയെക്കുറിച്ച് ഹരിയാനില്‍ സംസാരിച്ചപ്പോള്‍ പറഞ്ഞു.
എന്നാല്‍ പഴയതും ഇപ്പോഴും പ്രചാരത്തിലുള്ളതുമായ ഒരു പാട്ടിന്റെ പുതിയ രൂപത്തിലുള്ള രാഷ്ട്രീയ തുല്യതയുള്ള ഒരു മാഷപ്പ് ആണ് ഈ പദ്ധതിയെന്ന് പ്രധാനമന്ത്രി പറഞ്ഞില്ല.
കേന്ദ്ര ഏജന്‍സികള്‍ ആയിരക്കണക്കിന് കോടി രൂപ വിലമതിക്കുന്ന എണ്ണക്കുരുക്കളും പയറുവര്‍ഗ്ഗങ്ങളും കര്‍ഷകരില്‍ നിന്ന് നേരിട്ട് വാങ്ങുന്ന ഒരു പതിറ്റാണ്ട് മുമ്പത്തെ യുപിഎ സര്‍ക്കാരിന്റെ കാലത്തെ പദ്ധതിയാണ് മോദി സര്‍ക്കാര്‍ ഏറ്റെടുത്തത്. അതിലേക്ക് രണ്ട് പുതിയ ഘടകങ്ങള്‍ കൂട്ടിച്ചേര്‍ക്കുക മാത്രമായിരുന്നു ഈ പദ്ധതിയില്‍ ചെയ്തത്. ഒന്നാമത്തെ ഘടകം, താങ്ങുവിലയേക്കാള്‍ കുറഞ്ഞ വിലയില്‍ എണ്ണക്കുരു കര്‍ഷകര്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ വിറ്റഴിച്ചാല്‍ അതിന് അവര്‍ നഷ്ടപരിഹാരമായി പണം നല്‍കണം. രണ്ട്, സ്വകാര്യ കമ്പനികള്‍ക്ക് കര്‍ഷകരില്‍ നിന്ന് താങ്ങുവിലയില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ലഘുപദ്ധതികള്‍ നടപ്പാക്കുക.
പി.എം ആഷാ എന്ന പദ്ധതിക്ക് കീഴില്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്ന തന്ത്രമായാണ് ഉല്‍പ്പന്നത്തിന് യഥാര്‍ത്ഥ മൂല്യത്തേക്കാള്‍ ഉയര്‍ന്ന മൂല്യം നല്‍കുന്ന ഈ പദ്ധതി ആവിഷ്‌കരിക്കപ്പെട്ടത്.
എന്നാല്‍ ഏകദേശം 55 ശതമാനം ജനങ്ങളും കാര്‍ഷികവൃത്തിയിലേര്‍പ്പെട്ടിരിക്കുന്ന രാജ്യത്ത് 2019ലും ഇപ്പോള്‍ 2024ലും നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനോടടുപ്പിച്ച മാസങ്ങളിലാണ് പദ്ധതിയുടെ യഥാര്‍ത്ഥ ചെലവഴിക്കല്‍ നടന്നതെന്ന പുതിയ ഒരു ഘടകമാണ് ദ റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് അവലോകനം ചെയ്ത വിവരങ്ങള്‍ കാണിക്കുന്നത്. ഈ രണ്ട് പൊതുതെരഞ്ഞെടുപ്പുകള്‍ക്കുമിടയിലുള്ള മൂന്ന് വര്‍ഷക്കാലത്ത് സര്‍ക്കാര്‍ ഒരു രൂപ പോലും പദ്ധതിക്കായി ചെലവഴിച്ചിട്ടില്ല.
അതിനാല്‍ പുതിയ ഘടകങ്ങള്‍ക്കായി ഇടയ്ക്കിടെ അനുവദിച്ച ഫണ്ടുകള്‍ പഴയ നേരിട്ടുള്ള സംഭരണ സംവിധാനത്തോട് ചേര്‍ന്ന് നില്‍ക്കുകയും അത് അമിതഭാരത്തിന് കാരണമാകുകയും ചെയ്തു. പി.എം ആഷ പദ്ധതിയ്ക്കായി ചെലവഴിക്കുന്ന വിശാല ബജറ്റില്‍ ഒളിപ്പിച്ച് പഴയ പദ്ധതിയിലെ പുതിയ രണ്ട് കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് അനുവദിക്കുന്ന തുക പാര്‍ലമെന്റില്‍ മറച്ചുവയ്ക്കപ്പെടുകയും ചെയ്തു.
മറ്റൊരു വിധത്തില്‍, ധാന്യങ്ങളുടെ വിലയിടിയുമ്പോള്‍ കര്‍ഷകരെ സംരക്ഷിക്കുന്ന സുസ്ഥിരവും പ്രായോഗികവുമായ പിന്തുണ നല്‍കുന്നതിന് പകരം ഒരു തെരഞ്ഞെടുപ്പ് ഉപകരണമായി മാത്രമാണ് പി.എം ആഷാ പദ്ധതി പ്രവര്‍ത്തിച്ചത്.
പത്ത് വര്‍ഷത്തിന് ശേഷം മറ്റൊരു തെരഞ്ഞെടുപ്പിനെ നേരിടുന്ന മോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്ദാനങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നില്ലെന്ന് മാത്രമല്ല, 2024ലെ പ്രചരണ പരിപാടിയില്‍ നിന്ന് അത് ഒഴിവാക്കുകയും ചെയ്തിരിക്കുന്നു.
പി.എം ആഷാ ഒരു പ്രതീക്ഷയും നല്‍കുന്നില്ല
പി.എം ആഷ പദ്ധതിയുടെ നഷ്ടപരിഹാര, സ്വകാര്യ ഉപഭോക്തൃ ഘടകങ്ങള്‍ വര്‍ഷങ്ങളായി പൊതുവിപണിയില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിലകുറച്ച് വില്‍ക്കുന്ന ദശലക്ഷക്കണക്കിന് എണ്ണക്കുരു കര്‍ഷകരെ സഹായിക്കുമായിരുന്നു.
15,000 കോടി രൂപ അടങ്കല്‍ത്തുകയുള്ള പദ്ധതിയുടെ ആദ്യ ആറ് മാസങ്ങളില്‍ എണ്ണക്കുരു കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനായി സര്‍ക്കാര്‍ 4,721 കോടി രൂപ ചെലവഴിച്ചു. അതില്‍ 70 ശതമാനവും 2019 ഏപ്രിലില്‍ ആരംഭിച്ച ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള രണ്ട് മാസങ്ങളിലാണ് ചെലവഴിച്ചത്.
എല്ലാ വര്‍ഷവും നഷ്ടപരിഹാരത്തിനായി നല്ല ഫണ്ട് അനുവദിച്ചിരുന്നെങ്കില്‍ കര്‍ഷകര്‍ക്ക് നേട്ടമുണ്ടാകുമായിരുന്നു. എന്നാല്‍ അതല്ല നടന്നത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് അടുത്ത സാമ്പത്തിക വര്‍ഷം(2019 ഏപ്രില്‍-2020 മാര്‍ച്ച്) ഈ പദ്ധതിയില്‍ 1,500 കോടി രൂപ ചെലവഴിക്കുമെന്നാണ് മോദി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. 2019 മെയ് മാസത്തില്‍ മോദി രണ്ടാം തവണ പ്രധാനമന്ത്രിയായി ചുമതലയേറ്റു.
എന്നാല്‍ ആ പദ്ധതിയും അതിന്റെ ആനുകൂല്യങ്ങളും ഇപ്പോള്‍ അവഗണിക്കപ്പെടുകയാണ്. വാഗ്ദാനം ചെയ്ത 1500 കോടിയില്‍ 20.8 ശതമാനം(313 കോടി രൂപ) മാത്രമാണ് എണ്ണക്കുരു കര്‍ഷകരെ പിന്തണയ്ക്കാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത്.
തൊട്ടുമുന്‍പത്തെ പദ്ധതി ചെലവില്‍ നിന്നും 93 ശതമാനം വെട്ടിക്കുറച്ചുള്ള ഈ നീക്കം നാടകീയമായിരുന്നു.
2020-21നും 2022-23നും ഇടയില്‍ പദ്ധതി പ്രകാരം കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ ഒരു രൂപ പോലും ചെലവഴിക്കാതിരുന്നത് നാടകീയമായി.
2023-24 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ പി.എം ആഷാ പദ്ധതിയുടെ പുതിയ ഘടകങ്ങള്‍ക്കായി സര്‍ക്കാര്‍ ഒരു ലക്ഷം രൂപ മാത്രമാണ് വകയിരുത്തിയിരുന്നത്. എന്നാല്‍ വീണ്ടും തെരഞ്ഞെടുപ്പ് അടുത്തതോടെ സര്‍ക്കാരിന് ബോധം വന്നു.
പദ്ധതി ചെലവുകളില്‍ സര്‍ക്കാരിന്റെ ആസൂത്രണമില്ലായ്മയാണ് സര്‍ക്കാര്‍ രേഖകളില്‍ തെളിഞ്ഞ് കാണുന്നത്. ആദ്യം ബജറ്റില്‍ വകയിരുത്തിയ ഒരു ലക്ഷം രൂപയ്ക്ക് പകരം 2,200 കോടി രൂപ തെരഞ്ഞെടുപ്പിന് മുമ്പ് ചെലവഴിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു.
സൃഷ്ടിപരമായ എഴുത്ത്
പദ്ധതിക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നതിലുണ്ടായ ഈ വ്യതിയാനങ്ങളെ സര്‍ക്കാര്‍ ന്യായീകരിക്കുന്നത് ‘ഡിമാന്‍ഡ് ഡ്രിവണ്‍’ എന്നാണ്. എണ്ണക്കുരു കര്‍ഷകര്‍ പ്രതിസന്ധിയിലാകുകയും അവരുടെ ഉല്‍പ്പന്നങ്ങള്‍ താങ്ങുവിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുമ്പോള്‍ അവര്‍ സംസ്ഥാന സര്‍ക്കാരുകളെ സമീപിക്കുന്നു. തുടര്‍ന്ന് പദ്ധതി പ്രകാരം കര്‍ഷകരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെടുമ്പോഴാണ് പദ്ധതിവിഹിതം ഉപയോഗപ്പെടുത്തുന്നത്.
എന്നാല്‍ ബിജെപി എംപി പി.സി ഗദ്ദിഗൗറിന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി കാര്‍ഷിക സ്റ്റാന്‍ഡിംഗ് കമ്മിറ്റി സര്‍ക്കാരിന്റെ ഈ നുണകളെ തുറന്നുകാട്ടി. വലിയ വിഹിതമുണ്ടായിട്ടും പദ്ധതി ഫണ്ടിന്റെ ശുഷ്‌കമായ ഉപയോഗത്തെക്കുറിച്ച് കാര്‍ഷിക മന്ത്രാലയത്തോട് കമ്മിറ്റി അന്വേഷിച്ചപ്പോള്‍ സംസ്ഥാനങ്ങള്‍ പദ്ധതിയില്‍ നിന്നും ഫണ്ട് ആവശ്യപ്പെടുന്നില്ലെന്നാണ് മറുപടി ലഭിച്ചത്. പദ്ധതിക്ക് ആവശ്യക്കാരില്ലാത്തത് സര്‍ക്കാരിന്റെ പരിതാപകരമായ ആസൂത്രണത്തിന് തെളിവാണെന്ന് കമ്മിറ്റി വിലയിരുത്തി. കേന്ദ്രസര്‍ക്കാരിന്റെ ‘പൂര്‍ണമായും തൃപ്തികരമല്ലാത്ത നടപ്പാക്കല്‍’ ഈ പദ്ധതിയില്‍ നടന്നിരിക്കുന്നതെന്നും കമ്മിറ്റി കൂട്ടിച്ചേര്‍ത്തു.
കര്‍ഷകരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ സഹായിച്ചിട്ടില്ലെന്നും രേഖകള്‍ വിരല്‍ ചൂണ്ടുന്നു. 2018 ഒക്ടോബറിനും 2023 ജനുവരിക്കുമിടയില്‍ ഏതാനും ചില മാസങ്ങളൊഴികെ എണ്ണക്കുരുക്കള്‍ക്കും പയറുവര്‍ഗ്ഗങ്ങള്‍ക്കും ആഭ്യന്തര വിപണി വില താങ്ങുവിലയേക്കാള്‍ താഴെയാണെന്ന് 2023-24ല്‍ അഗ്രിക്കള്‍ച്ചറല്‍ കോസ്റ്റ് ആന്‍ഡ് പ്രൈസസ് കമ്മിഷന്‍ പ്രസിദ്ധീകരിച്ച കാര്‍ഷിക ചിലവുകളും ഖാരിഫ് വിളകളുടെ വിലവിവര റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കൃഷി, കര്‍ഷക ക്ഷേമ വകുപ്പിന് കീഴിലാണ് ഈ കമ്മിഷന്‍ പ്രവര്‍ത്തിക്കുന്നത്.
ഇത്തരം പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി റിപ്പോര്‍ട്ടുകളും ചര്‍ച്ചകളും സാധാരണയായി ജനശ്രദ്ധയാകര്‍ഷിക്കാറില്ലെങ്കിലും പാര്‍ലമെന്റില്‍ ചര്‍ച്ചയാകുകയും ചോദ്യങ്ങള്‍ ഉയരുകയും ചെയ്യാറുണ്ട്.
അതുകൊണ്ട് തന്നെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കുള്ളിലെ ചര്‍ച്ചകളില്‍ നിന്നും പി.എം ആഷാ പദ്ധതി ഒരു പരാജയമാണെന്ന് സര്‍ക്കാരിന് മനസ്സിലായാലും പാര്‍ലമെന്റിലെ ചര്‍ച്ചകളിലൂടെ അതൊരു വിജയമാണെന്ന് അവകാശപ്പെടാന്‍ സാധിക്കുന്നു.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി റിപ്പോര്‍ട്ട് അവതരിപ്പിച്ച് പതിനൊന്ന് മാസങ്ങള്‍ക്ക് ശേഷം പാര്‍ലമെന്റംഗങ്ങളായ ഗൊദ്ദേതി മാധവിയും ദുഷ്യന്ത് സിംഗും പി.എം ആഷായുടെ പ്രവര്‍ത്തന മികവിനെക്കുറിച്ചും പദ്ധതി ചെലവിനെക്കുറിച്ചും സഭയില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു.
വിലക്കുറവ് നഷ്ടപരിഹാരം ഒരു സംസ്ഥാനത്ത് മാത്രം പ്രവര്‍ത്തിക്കുന്നത് എന്തുകൊണ്ടാണെന്നും ഈ പദ്ധതി പുനഃക്രമീകരിക്കാന്‍ സര്‍ക്കാരിന് എന്തെങ്കിലും ഉദ്ദേശമുണ്ടോയെന്നുമാണ് അവര്‍ ചോദിച്ചത്.
എന്നാല്‍ അക്കങ്ങള്‍ അവതരിപ്പിച്ച് സര്‍ക്കാര്‍ പാര്‍ലമെന്റംഗങ്ങളുടെ ചോദ്യത്തെ അവഗണിക്കുകയാണ് ചെയ്തത്. പഴയ നേരിട്ടുള്ള സംഭരണ പദ്ധതിയുടെ കണക്കുകളും പുതിയതായി ചേര്‍ത്ത ഘടകങ്ങളുടെ ചെലവുകളും ഒത്തുചേര്‍ത്ത് ആയിരക്കണക്കിന് കോടികള്‍ ചെലവഴിച്ചുവെന്ന് കാണിക്കുകയാണ് പാര്‍ലമെന്റംഗങ്ങള്‍ ചോദ്യം ചോദിച്ച (പുതിയ ഘടകങ്ങള്‍ക്കായി ഒന്നും ചെലവഴിക്കാത്ത) കാലത്ത് സര്‍ക്കാര്‍ ചെയ്തത്. പഴയ നേരിട്ടുള്ള സംഭരണ പദ്ധതിയുടെ ചെലവുകളില്‍ നിന്ന് പുതിയഘടകങ്ങള്‍ക്കുള്ള ചെലവ് ബജറ്റില്‍ പ്രത്യേകമായി രേഖപ്പെടുത്തിയിരിക്കുമ്പോഴാണ് ഇങ്ങനെ സഭയില്‍ ഒത്തുചേര്‍ത്തുള്ള കണക്ക് അവതരിപ്പിച്ചത്. ഈ രണ്ട് കണക്കുകളും ഒത്തുചേര്‍ക്കുന്നത് ബുദ്ധിമുട്ടാണ്.
അതേസമയം 2024ലെ തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും പി.എം ആഷായുടെ നഷ്ടപരിഹാരഘടകം അതിന്റെ പോര്‍ക്ക് ബാരല്‍ രാഷ്ട്രീയം(സഹായം നല്‍കി വോട്ട് തേടല്‍ രാഷട്രീയം) കളിക്കാനായി തിരികെയെത്തി. 2024ല്‍ പി.എം ആഷാ പദ്ധതി വഴി കര്‍ഷകര്‍ക്ക് യാതൊരു സഹായവും നല്‍കാന്‍ സര്‍ക്കാര്‍ ആദ്യം തീരുമാനിച്ചിരുന്നില്ലെന്ന് ബജറ്റ് രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ 2023 ഫെബ്രുവരിയിലെ ബജറ്റ് അവതരണത്തിന് ശേഷം തീരുമാനം മാറ്റുകയും രാജ്യം വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്ന സാഹചര്യത്തില്‍ പദ്ധതി വേഗത്തിലാകുകയും ചെയ്തു.
അതേസമയം നേരിട്ടുള്ള സംഭരണ ഘടകം മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 97.3 ശമാനം കുറഞ്ഞു. 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ നേരിട്ടുള്ള സംഭരണത്തിന് പകരം കര്‍ഷകര്‍ അവകാശപ്പെട്ട നഷ്ടപരിഹാര തുക സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറുകയായിരുന്നെന്ന് ഇത് സൂചിപ്പിക്കുന്നു.
ഈ റിപ്പോര്‍ട്ടിന്റെ ഒറിജിനല്‍ റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവില്‍ പ്രസിദ്ധീകരിച്ചത് ഇവിടെ വായിക്കാം
Content Summary; PM AASHA, narendra modi’s scheme to double farmers income goes on overdrive during election stalls otherwise