തങ്ങളെ പറ്റി മറ്റുള്ളവര്‍ എന്ത് പറയുന്നു എന്ന് ഒരിക്കലും ചിന്തിക്കാത്ത രസികന്മാരായ കുന്നംകുളത്തുകാര്‍ തെരഞ്ഞെടുപ്പുകളെ എങ്ങനെ നോക്കിക്കണ്ടു എന്ന ഒറിജിനല്‍ ചരിത്രം.
കുന്നംകുളത്തെവിടെയാ കാട് ? കാടില്ലാത്തേടത്ത് എങ്ങനെയാ ഒരു നായാട്ടുകാരനുണ്ടാവാ ? മൃഗയ എന്ന സിനിമയില്‍ പിള്ളേച്ചനെന്ന കഥാപാത്രത്തെ അവതരിപ്പിച്ച പറവൂര്‍ ഭരതന്‍ ചോദിക്കുന്നുണ്ട്. കാര്യമൊക്കെ ശരി. വെറും കാടല്ല, വേണെമെന്ന് വെച്ചാല്‍ കുന്നംകുളംകാര്‍ ആമസോണ്‍ വനം അവിടെ ഉണ്ടാക്കും, വേണമെങ്കില്‍ വേട്ടക്കാരനായി ജിം കോര്‍ബറ്റ് സായിപ്പിനേയും. ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കാന്‍ അവരെ കഴിഞ്ഞേ ആളുള്ളൂ. മൃഗയ തിരക്കഥ എഴുതിയ ചാലക്കുടിക്കാരന്‍ ലോഹിതദാസിന് ഇതൊക്കെ നന്നായി അറിയാം. എങ്കിലും സിനിമയിലെ കഥാപാത്രമായ വാറുവിനെ അവതരിപ്പിക്കുമ്പോള്‍ കുന്നംകുളംകാരെ സിനിമയിലൂടെ ഒന്ന് അദ്ദേഹം ഞോണ്ടി എന്നു മാത്രം.

കേരള ചരിത്രത്തില്‍ ചില കാര്യങ്ങളില്‍ കുന്നംകുളം ഒറിജിനലാണ്. മലയാള സാഹിത്യത്തിലെ ആദ്യത്തെ ഓണം വിശേഷാല്‍ പ്രതി ‘ആത്മപോഷിണി’ പുറത്ത് വന്നത് കുന്നംകുളത്ത് നിന്നാണ് (1925). വള്ളത്തോളിന്റെ പ്രശസ്ത കാവ്യം മഗ്ദലനമറിയം അച്ചടിച്ചത് ഈ മാസികയിലാണ്. 1938 ല്‍ മലയാള മനോരമ പത്രം സി.പി. അടച്ച് പൂട്ടിയപ്പോള്‍ മനോരമക്കാര്‍ ആദ്യം പോയത് കുന്നംകുളത്തേക്കാണ്- പിന്നീട് പ്രസിദ്ധീകരിച്ചതും കുന്നംകുളത്തു നിന്നു തന്നെ. മലയാളികളുടെ മനസ്സില്‍ കുടികൊള്ളുന്ന എക്കാലത്തെയും ചരമഗീതം ‘സമയമാം രഥത്തില്‍’ എന്ന ഗാനം ജര്‍മ്മന്‍ മിഷ്യനറിയായ വി. നാഗല്‍ എഴുതിയത് കുന്നംകുളത്തെ ഒരു റോഡിലൂടെ കാളവണ്ടിയില്‍ സഞ്ചരിക്കുമ്പോഴാണ്.
ഒന്നു കൂടിയുണ്ട്. കുന്നംകുളത്തെ ഹിമാലയ ആന്റ് കേപ്പ് കൊമാറിന്‍ പ്രാഥമിക വിദ്യഭ്യാസ മേഖലയില്‍ അവിഭാജ്യ ഘടകമാണ്. ഈ പേര് കേട്ടാല്‍ മലയാളിക്ക് പെട്ടെന്ന് തിരിയില്ല. 75 വര്‍ഷം വിജയകരമായി പിന്നിട്ട, ടെക്സ്റ്റ് ബുക്ക് – ഗൈഡുകളില്‍ മധ്യകേരളത്തിലെ നമ്പര്‍ വണ്ണായ H & C പ്രസാധകരുടെ പൂര്‍ണരൂപമാണ് ഇതെന്ന് അറിയുക.
ഡ്യൂപ്ലിക്കേറ്റിന്റെ നാട് എന്ന് പേരോ പേരുദോഷമോ ഉള്ള കുന്നംകുളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം രസകരമാണ്. 1951 ല്‍ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍, കുന്നംകുളത്ത് ജയിച്ചത് കമ്യൂണിസ്റ്റുകാര്‍ പിന്‍തുണച്ച സ്വതന്ത്രന്‍ ടി.കെ കൃഷ്ണന്‍. സ്വതന്ത്ര ഇന്ത്യയില്‍ കുന്നംകുളം അസംബ്ലി നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച ആദ്യത്തെ എം.എല്‍.എ ആയി കൃഷ്ണന്‍.

കുന്നകുളത്തിന്റെ ചരിത്രം മനോഹരമായി എഴുതിയ, കുന്നംകുളംകാരനായ അന്തരിച്ച പ്രശസ്തനായ മനശാസ്ത്രഞ്ജ്ഞന്‍ കെ.എസ്. ഡേവിഡ് പറയുന്നു ‘കുന്നംകുളം ഒരു മോശപ്പെട്ട സ്ഥലമല്ല. കുന്നംകുളത്തുകാര്‍ സത്യസന്ധരാണ്. ഒരിക്കലും ആരെയും വഞ്ചിക്കാറില്ല. ഒറിജിനല്‍ വേണോ ഡ്യൂപ്ലിക്കേറ്റ് വേണോ എന്ന് ചോദിക്കാതെ ഒരു സാധനവും വില്‍ക്കാറില്ല.’
200 പേജ് നോട്ടുപുസ്തകം അച്ചടിച്ച് ഉണ്ടാക്കി വില്‍ക്കുന്ന കുന്നുകുളംകാര്‍ 200 പേജിനു പകരം 196 പേജുള്ള പുസ്തകങ്ങള്‍ ഉണ്ടാക്കി നല്‍കുന്നു. 4 പേജ് കുറവല്ലേ എന്ന് ചോദിച്ചാല്‍ അല്ല. അതിലും സത്യത്തിന്റെ കണിക കാണാം. നോട്ടുബുക്ക് പുറംചട്ട അടക്കം അത് 200 പേജാണ്!
ഒരു നൂറ്റാണ്ട് മുന്‍പാണ് പഴയ കൊച്ചി രാജ്യത്തെ ഒരു പ്രമുഖ വാണിജ്യകേന്ദ്രമായ കുന്നംകുളം, ആ പേരില്‍ തന്നെ ഒരു നിയോജകമണ്ഡലമാകുന്നത്. 1925-ല്‍ കൊച്ചി രാജ്യത്ത് ആദ്യമായി ഒരു നിയമനിര്‍മാണ സഭ കൊച്ചിന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ – നിലവില്‍ വന്നപ്പോഴാണ് കുന്നംകുളത്തിന്റെ രാഷ്ട്രീയചരിത്രം തുടങ്ങുന്നത്. 101 വര്‍ഷം പിന്നിട്ടിട്ടും കുന്നംകുളം നിയോജകമണ്ഡലം അതേ പേരില്‍ തന്നെ നിലനില്‍ക്കുന്നു. ഇന്ത്യ സ്വതന്ത്രമായപ്പോള്‍ തിരുവിതാംകൂറും കൊച്ചിയും ചേര്‍ന്ന് തിരുകൊച്ചി സംസ്ഥാനം നിലവില്‍വന്നു. പിന്നീട് അന്ന് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാര്‍ ഭാഗവും കൂട്ടിച്ചേര്‍ത്ത് 1956 ല്‍ കേരള സംസ്ഥാനവും നിലവില്‍വന്നു. അപ്പോഴൊക്കെ കുന്നംകുളം നിയോജകമണ്ഡലം അതിരുകള്‍ മാറിയെങ്കിലും പേരു മാറാതെ ഇന്നും നിലനില്‍ക്കുന്നു.
1925-ല്‍ ആദ്യമായി ഒരു നിയമനിര്‍മാണസഭ നിലവില്‍ വരികയും വോട്ടുചെയ്യാനുള്ള അവകാശം ലഭിച്ചതും അത്യന്തം പുതുമയുള്ള കാര്യമായിരുന്നു. ഭൂനികുതി നല്‍കുന്നവര്‍ക്ക് മാത്രമായിരുന്നു അക്കാലത്ത് വോട്ടവകാശം ഉണ്ടായിരുന്നത്. അവര്‍ക്കു മാത്രമാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അര്‍ഹതയും. അതുകൊണ്ടുതന്നെ ഈ രണ്ടു അവകാശങ്ങളും രാജ്യത്തെ സമ്പന്ന കുടുംബാംഗങ്ങളില്‍ ഒതുങ്ങിനിന്നു. മൂന്നു വര്‍ഷമായിരുന്നു ആ നിയമനിര്‍മാണസഭയുടെ കാലാവധി.

മലങ്കര ക്രിസ്താനികള്‍ തിങ്ങിപ്പാര്‍ക്കുന്ന അന്നത്തെ കുന്നംകുളം പട്ടണത്തില്‍ ഭൂരിപക്ഷം ഹിന്ദുകള്‍ക്കായിരുന്നു. ദേശീയ രാഷ്ട്രീയം ഒരിക്കലും കുന്നംകുളംകാരെ സ്വാധീനിച്ചിരുന്നില്ല. കുന്നംകുളംകാര്‍ക്ക് പ്രധാനം പള്ളിക്കേസുകളാണ്. രാഷ്ട്രീയപരിഗണന രണ്ടാമതേ വരൂ. പള്ളിക്കേസുകള്‍ ജയിക്കുമ്പോഴും തോല്‍ക്കുമ്പോഴും ഇരുവിഭാഗങ്ങളും പൊട്ടിച്ച പടക്കത്തിന്റെ കാശുണ്ടെങ്കില്‍ കുന്നംകുളത്ത് രണ്ടു മെഡിക്കല്‍ കോളേജുകളെങ്കിലും തുടങ്ങാമായിരുന്നു എന്നാണ് പഴമക്കാര്‍ പറയാറ്. അത്ര വാശിയാണ് പള്ളിക്കാര്യത്തിലും അതിന്റെ രാഷ്ട്രീയത്തിലും.
1925 ല്‍ കൊച്ചിയിലെ നിയമനിര്‍മ്മാണ സഭയിലേക്കുള്ള ആദ്യ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ആദ്യമായി വോട്ടവകാശം ലഭിച്ച, കുന്നംകുളത്തുകാര്‍ക്ക് മുന്നില്‍ രണ്ട് പ്രബലരായ സ്ഥാനാര്‍ത്ഥികള്‍ അണിനിരന്നു. അന്ന് യൂറോപ്യന്‍ പെട്രോള്‍ കമ്പനിയില്‍ മാനേജറായിരുന്ന കെ.ടി. മാത്യു, ബി.എ ബി.എല്‍ ഒരു സ്ഥാനാര്‍ത്ഥിയായി രംഗത്ത് വന്നു. കുന്നംകുളത്തെ കോലാടി താവുവിന്റെ മകന്‍ കെ.ടി. മാത്യു നല്ല പ്രാസംഗികനും വിദ്യാസമ്പന്നനും സമുദായത്തില്‍ നല്ല സ്വാധീനം ഉള്ള വ്യക്തിയും ആയിരുന്നു.
തലപ്പിള്ളി രാജവംശത്തിലെ മണക്കുളം മുകുന്ദരാജ തമ്പുരാനായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. കെ.ടി. മാത്യുവും മണക്കുളം കൊട്ടാരത്തിലെ മുകുന്ദരാജയും തമ്മിലുള്ള മത്സരം കുന്നംകുളത്ത് തരംഗം സൃഷ്ടിച്ചു കുന്നംകുളത്തെ രണ്ടു പ്രമുഖ സമുദായത്തിലെ പ്രബലരായ രണ്ടുപേര്‍ മത്സരിക്കുന്നു. ഇതായിരുന്നു ഈ ആവേശത്തിന്റെ ഒരു കാരണം.
പക്ഷേ, ഇന്നത്തെപ്പോലെ ഒരു സാമുദായിക ധ്രുവീകരണമോ സാമ്പത്തിക സ്വാധീനമോ അല്ല അന്ന് തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിച്ചത്. തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ മണ്ഡലത്തിലെ ന്യൂനപക്ഷസമുദായക്കാരനായ കെ.ടി മാത്യു ജയിച്ച് കുന്നംകുളത്തിന്റെ ആദ്യ കൊച്ചി ലെജിസ്ലേറ്റീവ് കൗണ്‍സില്‍ പ്രതിനിധിയായി ചരിത്രത്തില്‍ സ്ഥാനമുറപ്പിച്ചു.
കൊച്ചി രാജ്യത്തെ ആദ്യത്തെ നിയമനിര്‍മാണ സഭയില്‍ ശ്രീ മാത്യുവിനു പുറമേ മറ്റു രണ്ടുപേര്‍കൂടി കുന്നംകുളത്തുകാരായി ഉണ്ടായിരുന്നു. ആദ്യത്തെ ആള്‍ ജന്മി-ഭൂവുടമ പ്രതിനിധിയായി നോമിനേറ്റ് ചെയ്യപ്പെട്ട കുന്നംകുളം ചിറളയം കൊട്ടാരത്തിലെ ശ്രീ. സി.എ. കുഞ്ഞുണ്ണിരാജ തമ്പുരാനും രണ്ടാമന്‍ വടക്കാഞ്ചേരിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുന്നംകുളത്തുകാരനും വടക്കാഞ്ചേരി കോടതികളില്‍ പ്രാക്ടീസ് ചെയ്തിരുന്ന അന്നത്തെ പ്രമുഖ വക്കീലുമായിരുന്ന ശ്രീ. സി.ടി. ചാക്കോയും ആയിരുന്നു.
നിയമനിര്‍മ്മാണ സഭയിലേക്ക് നാലു തവണ മത്സരിച്ച് ജയിച്ച കുന്നംകുളം മണ്ഡലത്തെ പ്രതിനിധീകരിച്ച ശ്രീ. മാത്യുവിന്റെ ഈ റെക്കോര്‍ഡ് ഇന്നും തകര്‍ക്കപ്പെട്ടിട്ടില്ല! മൂന്നാം നിയമസഭയില്‍ ശ്രീ മാത്യുവിനെ ഡെപ്യൂട്ടി പ്രസിഡണ്ട് ആയും തെരഞ്ഞെടുത്തു. കൊച്ചി രാജ്യത്തെ ആ ആദ്യത്തെ ക്രിസ്ത്യന്‍ ഡെപ്യൂട്ടി പ്രസിഡന്റ് ആയിരുന്നു അദ്ദേഹം. കൊച്ചിരാജ്യം ഒരു ഹൈന്ദവ ഭൂരിപക്ഷ പ്രദേശമായിട്ടും, ഒരു ന്യൂനപക്ഷ സമുദായ അംഗമാണെന്നുള്ളത് ഈ തെരഞ്ഞെടുപ്പിനെ അന്ന് സ്വാധീനിച്ചില്ല എന്നുകൂടി ഓര്‍ക്കണം. നിരന്തരമായി തെരഞ്ഞെടുപ്പിനു മത്സരിക്കുന്നതുകൊണ്ട് ‘വോട്ടിനു നില്ക്കുന്ന മാത്തേട്ടന്‍’ എന്നു കുന്നംകുളത്തുകാര്‍ അദ്ദേഹത്തിനെ സ്‌നേഹപുരസ്സരം വിളിക്കാന്‍ തുടങ്ങി.
മൂന്നാം തവണ തെരഞ്ഞെടുപ്പില്‍ മാത്യുവിന് എതിരാളിയായി പഴഞ്ഞിക്കാരനായ അഡ്വ. പി.ടി. ചേറു ബി.എ ബി.എല്‍. വിജയ പ്രതീക്ഷയോടെ മത്സരിച്ച സ്ഥാനാര്‍ത്ഥിയായിരുന്നു. കെ.ടി. മാത്യുവിന്റെ അതേ സമുദായക്കാരനും കുന്നംകുളത്തെ സമീപപ്രദേശമായ പഴഞ്ഞിയില്‍ നിന്നുള്ള വ്യക്തിയായതിനാലും വോട്ട് കിട്ടും എന്നതായിരുന്നു പ്രതീക്ഷ. ചെറുവക്കീലിന്റെ ഭാര്യ കുന്നംകുളത്തെ പ്രമുഖനായ താരു എന്ന പണക്കാരന്റെ മകളായതിനാല്‍ ആ പ്രദേശത്തെ വോട്ട് തിരിഞ്ഞു തനിക്ക് കിട്ടുമെന്ന വിശ്വാസമായിരുന്നു ചേറു വക്കീലിന്. എന്നാല്‍ ആ വട്ടം തെരഞ്ഞെടുപ്പിലും കുന്നംകുളത്തുകാരുടെ ‘മാത്തേട്ടന്‍’ എന്ന കെ.ടി. മാത്യു മൂന്നാം തവണയും, വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു.
നര്‍മ്മത്തില്‍ കുന്നംകുളത്തുകാര്‍ ഒട്ടും മോശമല്ല. പ്രമുഖ കുടുംബങ്ങള്‍ക്കൊക്കെ അവരിട്ട ഇരട്ട പേരുണ്ടാകും. തെരഞ്ഞെടുപ്പില്‍ തോറ്റ ചേറു വക്കീലിന്റെ കുടുംബത്തിനെ കുന്നംകുളം ദേശക്കാര്‍ പപ്പടക്കാരെന്നും, വക്കീലിനെ പപ്പടം ചേറുവെന്നും ഇരട്ട പേരിട്ട് വിളിച്ചു. ചേറു വക്കീല്‍ തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ കുന്നംകുളംകാര്‍ അത് ആഘോഷിച്ചത് റോഡുകളില്‍ പപ്പടം കാച്ചി വിതരണം ചെയ്താണ്. അന്ന് കുന്നംകുളത്തെ റോഡുകളില്‍ പപ്പടം വാരി വിതറിയത് പൊടിഞ്ഞ് പറന്നു നടന്നു.
നാലാം തവണയും കെ.ടി. മാത്യു മത്സരിക്കാന്‍ ഒരുങ്ങിയപ്പോള്‍ സ്വാഭാവികമായും ഇന്നുള്ള പോലെ, തുടര്‍ച്ചയായി ഒരാള്‍ മത്സരിക്കുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. കാലം മാറിയതിന്റെ പ്രതിഫലനങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതൃക്ഷപ്പെട്ടു തുടങ്ങി. ഈ തെരഞ്ഞെടുപ്പായപ്പോഴേക്കും വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള മാര്‍ഗങ്ങള്‍ ഉപയോഗിച്ചു തുടങ്ങി. അതിലൊന്ന് വോട്ടു ചെയ്യാന്‍ പോകുന്നവര്‍ക്കുള്ള വിഭവസമൃദ്ധമായ സദ്യയായിരുന്നു. രണ്ട് പ്രധാന സ്ഥാനാര്‍ഥികളും താത്കാലിക പന്തല്‍ കെട്ടി വോട്ടര്‍മാര്‍ക്ക് ഉഗ്രന്‍ സദ്യ നല്‍കും. അത് വേണ്ടുവോളം കഴിച്ചാണ് വോട്ടര്‍മാര്‍ വോട്ടു കുത്താന്‍ പോകുക. ഏത് സദ്യയാണ് കേമമെന്ന് തെരഞ്ഞെടുപ്പ് ഫലത്തില്‍ അറിയാം. തെരഞ്ഞെടുപ്പ് കമ്മീഷനോ ചട്ടങ്ങളോ അന്ന് ആരും കേട്ടിട്ടുപോലുമില്ല. അതിനാല്‍ അത് അഴിമതിയല്ല.
നാലാം തവണ മാത്യുവിന്റെ പ്രതിയോഗി അദ്ദേഹത്തിന്റെ ബന്ധുവായ കുന്നംകുളത്തെ മറ്റൊരു പ്രമുഖ ധനവാനായ പനക്കല്‍ പി.സി. കുഞ്ഞാത്തുമായിരുന്നു. സ്ഥാനാര്‍ത്ഥികള്‍ ഇട്ട പന്തലിലെ സദ്യയിലെ ഇലകള്‍ ചിലവായ എണ്ണം തിട്ടപ്പെടുത്തിയാല്‍ ആരു ജയിക്കും എന്ന് പറയാന്‍ പറ്റുന്ന കാലമാണ്. ഒരാളുടെ സദ്യയുണ്ട് മറ്റെയാള്‍ക്ക് വോട്ടു ചെയ്യാത്ത സത്യസന്ധന്മാര്‍ ജീവിച്ചിരുന്ന കാലമാണ്. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കുഞ്ഞാത്തുമിന്റെ പന്തലിലെ ഇലകള്‍ കൂടുതല്‍ ചിലവായതിനാല്‍ കുഞ്ഞാത്തു ജയിച്ചതു തന്നെ എന്ന് എല്ലാവരും കരുതി. പക്ഷേ, ഫലം വന്നപ്പോള്‍ നാലാമതും പി.സി. മാത്യുവെന്ന കുന്നംകുളംകാരുടെ മാത്തേട്ടന്‍ തന്നെ നിഷ്പ്രയാസം ജയിച്ചു.
കൊച്ചിയിലെ നിയമനര്‍മ്മാണ സഭയില്‍ സാമാജികന്‍ എന്ന നിലയില്‍ ഏറെ പ്രസിദ്ധി നേടിയ കെ.ടി. മാത്യു രണ്ടാം നിയമസഭയിലും ജന്മി-ഭൂവുടമ വിഭാഗത്തിന് പ്രയോജനം ലഭിക്കുന്ന കൊച്ചിന്‍ ടെനന്‍സി റഗുലേഷന്‍ ആക്ട് എന്ന നിയമം ഭേദഗതി ചെയ്യാന്‍ ഒരു സ്വകാര്യബില്ല് നോമിനേറ്റഡ് അംഗമായിരുന്ന സി.എ. കുഞ്ഞുണ്ണി രാജ്യസഭയില്‍ അവതരിപ്പിച്ചു. കാണക്കുടിയാന്മാരുടെ അവകാശങ്ങള്‍ പലതും എടുത്തു കളഞ്ഞ് ജന്മിക്കു ഗുണകരമായ വ്യവസ്ഥകള്‍ എഴുതിച്ചേര്‍ത്ത ആ ബില്ലിനെ കെ.ടി. മാത്യു നിയമസഭയ്ക്കകത്തും പുറത്തും ശക്തമായി എതിര്‍ത്തു.

കാണക്കുടിയാന്മാരുടെ ആവശ്യങ്ങളെയും അവകാശങ്ങളെയും കുറിച്ചു ജനങ്ങളെ ബോധവാന്മാരാക്കാന്‍ കെ.ടി. മാത്യു കുന്നംകുളത്തു നിന്നു ‘കുടിയാന്‍ പത്രിക’ എന്ന ഒരു മാസിക തന്നെ ആരംഭിച്ചു. മാത്യു തന്നെയായിരുന്നു കുടിയാന്‍ പത്രികയുടെ പത്രാധിപര്‍. 1935 ല്‍ കൊച്ചി രാജ്യത്ത് പടര്‍ന്ന മാരകമായ മഹാമാരി പ്ലേഗ് രോഗത്തിനെ നേരിടാന്‍ മാത്യു രൂപം കൊടുത്ത Prevention of Dangerous Bill കമ്മറ്റി യാതൊരു ഭേദഗതിയില്ലാതെ പാസ്സാക്കുകയും, മഹാമാരി പടര്‍ന്ന് പിടിക്കുന്ന ആദ്യ ഘട്ടത്തില്‍ തന്നെ ആരോഗ്യ വകുപ്പ് ഫലപ്രദമായി ഇടപെടുകയും ചെയ്തു. കെ.ടി. മാത്യുവിന്റെ ശ്രമഫലമായാണ് കേരളത്തിലെ ആദ്യത്തെ അന്ധ-ബധിര- മൂക വിദ്യാലയം കുന്നംകുളത്ത് 1934 ല്‍ സ്ഥാപിക്കപ്പെട്ടത്. മദ്യവര്‍ജ്ജനം, ദളിതരുടെ പ്രശ്‌നങ്ങള്‍ എന്നിവയാല്‍ സജീവമായി ഇടപെട്ട കെ.ടി. മാത്യുവിന്റെ രാഷ്ട്രീയ ജീവിതം അധികം അറിയപ്പെടാതെ പോയ കൊച്ചി രാജ്യത്തെ അപൂര്‍വ്വങ്ങളായ ഒന്നാണ്. കുന്നംകുളത്തിന്റെ ചരിത്രം എഴുതുമ്പോള്‍ കെ.ടി. മാത്യുവിന്റെ ആരും സ്മരിക്കാത്ത വേറിട്ട ജീവിതം വിശദമായി രേഖപ്പെടുത്തിയ നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന്‍ എഴുതുന്നു: ‘ഇന്നും കുന്നംകുളത്തുകാരന് തന്റെ ഇടുങ്ങിയ അങ്ങാടിത്തെരുവാണ് ഇഷ്ടം. വിശാലമായ രാജവീഥികളല്ല. അവിടേക്കു വഴിതെറ്റി വന്നവനായിരുന്നു മാത്യു. കെ.ടി. മാത്യുവിനെ അനുസ്മരിക്കുന്ന ഒരു യോഗത്തിനോ അദ്ദേഹത്തെ പരാമര്‍ശിക്കുന്ന ഒരു രാഷ്ട്രീയ പ്രസംഗത്തിനോ നാളിതുവരെയുള്ള ജീവിതത്തില്‍ കുന്നംകുളത്തു ഞാന്‍ സാക്ഷിയായിട്ടില്ല.
‘കോലാടി മാത്യു എന്നൊരാളാ പണ്ട് മ്മ്ടെ ബ്ലൈന്‍ഡ് സ്‌കൂള്‍ തൊടങ്ങീത്.’ ആ അരച്ചീന്ത് വാചകത്തിലൊടുങ്ങുന്നു കെ ടി മാത്യു കുന്നംകുളത്തുകാര്‍ക്ക്. നാട്ടുചരിത്രത്തില്‍ കൗതുകം പൂണ്ട് പുലിക്കോട്ടില്‍ മാത്യു എന്നൊരാള്‍ ഇല്ലായിരുന്നുവെങ്കില്‍ എന്റെ കുന്നംകുളത്തില്‍ കെ.ടി. മാത്യു എന്നൊരു ഉല്‍പതിഷ്ണുവിന്റെ നക്ഷത്രം തെളിയുമായിരുന്നോ? സംശയമാണ്.’ (കുന്നംകുളങ്ങരെ- ഒരു ദേശത്തിന്റെ- കഥ വി.കെ. ശ്രീരാമന്‍,2024).

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പ് 1951 ല്‍ നടന്നു. കുന്നംകുളത്തിന്റെ സ്വാതന്ത്രാനന്തര ഇന്ത്യയിലെ ജനാധിപത്യ തെരഞ്ഞെടുപ്പ് ചരിത്രം അവിടെ തുടങ്ങുന്നു. സ്വാതന്ത്യം നേടിത്തന്ന രാഷ്ട്രീയ പാര്‍ട്ടി എന്ന ഖ്യാതിയോടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ ആദ്യം മത്സരിക്കുന്നത് ഇവിടം മുതലാണ്.
കമ്യൂണിസ്റ്റ് പാര്‍ട്ടി ആദ്യമായി തെരഞ്ഞെടുപ്പില്‍ കുന്നംകുളത്ത് പ്രത്യക്ഷപ്പെടുന്നതും അന്നാണ്. കുന്നംകുളത്തെ പല ക്രിസ്ത്യന്‍ പണക്കാരും കമ്യൂണിസ്റ്റ് അനുഭാവികളും പാര്‍ട്ടിക്ക് രഹസ്യമായി അക്കാലങ്ങളില്‍ സാമ്പത്തിക സഹായം ചെയ്യുന്നവരുമായിരുന്നു. അവരില്‍ പ്രമുഖനായിരുന്നു ഇവികെ എന്നറിയപ്പെട്ട ഇനാശ്ശേരി വറീത് കുര്യന്‍. ഇ എം എസ് കുന്നംകുളത്ത് വരുമ്പോള്‍ വിശമിച്ചിരുന്നത് ഇവികെയുടെ വീട്ടിലായിരുന്നു. മറ്റൊരു പ്രമുഖനായിരുന്ന കൊള്ളന്നൂര്‍ കെ.ടി ചേറുവിന്റെ വീട്ടില്‍ എ. കെ. ജി. ഒളിവില്‍ കുറച്ച് നാള്‍ താമസിച്ചിട്ടുണ്ട്.
എന്നാല്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റില്‍ സ്ഥാനാര്‍ഥിയെ നിറുത്തേണ്ട എന്നായിരുന്നു പാര്‍ട്ടി തീരുമാനം. ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി പാര്‍ട്ടി പിന്‍തുണയ്ക്കുക. ഒരു ഇടതുപക്ഷ പ്രവര്‍ത്തകനായ ബോംബെയില്‍ പി. ടി. ഐയിലെ ജോലി ചെയ്യുന്ന ടി.കെ കൃഷ്ണനെ ജോലി രാജി വെയ്പ്പിച്ച് നാട്ടില്‍ വരുത്തി. അങ്ങനെ ടി.കെ. കൃഷ്ണന്‍ സ്വതന്ത്രനായി മത്സരിച്ചു. കമ്മ്യൂണിസ്റ്റിതര വോട്ടുകള്‍ നേടാനായിരുന്നു പാര്‍ട്ടി ഈ അടവ് പ്രയോഗിച്ചത്.

പ്രധാനപ്പെട്ട മറ്റൊരു സ്ഥാനാര്‍ത്ഥി കൊച്ചിന്‍ പാര്‍ട്ടിയുടേതായിരുന്നു. കൊച്ചി നാട്ടുരാജ്യത്തെ പ്രമുഖ നേതാക്കളായിരുന്ന സി.വി. ഇയ്യു, കുഞ്ഞിരാമ മേനോന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് 1949 ല്‍ സ്ഥാപിച്ച ഈ പാര്‍ട്ടി തിരുവിതാംകൂറുമായി കൊച്ചിയെ ചേര്‍ത്ത് സംയുക്ത സംസ്ഥാനമാക്കി സംയോജിപ്പിക്കുന്നതിനെ എതിര്‍ത്തവരാണ്. ‘കൊച്ചിക്കാര്‍ക്ക് കൊച്ചി’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഒരു പ്രത്യേക കൊച്ചി സംസ്ഥാനം വേണമെന്നായിരുന്നു അവരുടെ ആവശ്യം. ആദ്യ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരിക്കാന്‍ തന്നെയായിരുന്നു കൊച്ചിന്‍ പാര്‍ട്ടിയുടെ തീരുമാനം. ക്രിസ്ത്യന്‍ വോട്ടുകള്‍ കണ്ണുവെച്ച് അമേരിക്കയില്‍നിന്ന് ഡോക്ടറേറ്റ് നേടി തിരിച്ചുവന്ന കുന്നംകുളത്തെ ഒരു പ്രമുഖ കുടുംബത്തിലെ അംഗമായിരുന്ന ഡോ. സി.സി. മാത്യുവിനെയാണ് അവര്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ചേറുകുട്ടിയും മത്സരരംഗത്തുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രാദേശിക നേതാവായ ബന്ധു ശങ്കരനായിരുന്നു. കൂടാതെ ഒരു സ്വതന്ത്രനും മത്സരിച്ചു.
കുന്നംകുളം ഉറ്റുനോക്കിയ ആദ്യത്തെ ജനാധിപത്യ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പിന്‍തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ടി.കെ കൃഷ്ണന്‍ 7,142 വോട്ടുകള്‍ നേടി വിജയിച്ചു. 1,229 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ടി.കെ കൃഷ്ണന്‍ കുന്നംകുളത്തെ ആദ്യത്തെ എം.എല്‍.എ യായി ചരിത്രം സൃഷ്ടിച്ചു. ഔദോഗിക ഫലപ്രഖ്യാപനം പുറത്തുവന്നത് ഇങ്ങനെ:
Kunnamkulam Electorate: 36,165
Total valid votes 21,631.
അടുത്ത തെരഞ്ഞെടുപ്പു മുതല്‍ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച സ. കൃഷ്ണന്‍ മൂന്നു പ്രാവശ്യം കുന്നംകുളത്തുനിന്ന് തെരഞ്ഞെടുക്കപ്പെട്ടു. വിമോചന സമരത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പി.ആര്‍. കൃഷ്ണനോട് 2,572 വോട്ടുകള്‍ക്ക് പരാജയപ്പെട്ടെങ്കിലും പിന്നീട് നാട്ടികയിലും വീണ്ടും കുന്നംകുളത്തും അദ്ദേഹം മത്സരിച്ചു ജയിച്ചു. കുന്നംകുളം ചരിത്രം ആദ്യമെഴുതിയ (2016) ഡോ. കെ. എസ്. ഡേവിഡ് 1951 ലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ കുറിച്ച് പറയുന്നു.

”ഭാരതത്തിലെ ആദ്യത്തെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ കെട്ടിവച്ച കാശ് നഷ്ടപ്പെടുത്തിയ ചരിത്രവും കുന്നംകുളത്തുകാര്‍ക്ക് അവകാശപ്പെട്ടതാണ്. ഹിന്ദി പ്രചാരകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്ന ശ്രീ. ടി.എസ്. ബന്ധു ആയിരുന്നു ആ ഹതഭാഗ്യന്‍”
അവിടെ ഡോ. കെ. എസ്. ഡേവിഡിന് തെറ്റുപറ്റി. തെരഞ്ഞെടുപ്പില്‍ മത്സരിച്ചതും തോറ്റതും ടി. എസ്. ബന്ധുവല്ല. ഏകദേശം അതേ പേരുള്ള ശങ്കരന്‍ ബന്ധുവാണ്, ഡ്യൂപ്ലിക്കേറ്റ് !
ഡോ. ഡേവിഡ് പരാമര്‍ശിച്ച ടി എസ്. ബന്ധു ശ്രീനാരായണ ഗുരുവില്‍ നിന്ന് നേരിട്ട് അനുഗ്രഹം വാങ്ങിയ വ്യക്തിയാണ്. 1928 മുതല്‍ നാലു ദശവല്‍സരങ്ങളായി കൊച്ചിയിലെ രാഷ്ട്രീയ സാമൂഹികപ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തിച്ച് പ്രശസ്തനായ സാമൂഹിക പരിഷ്‌കര്‍ത്താവും നേതാവുമാണ് ഈ ടി. എസ്. ബന്ധു. കുറെക്കൂടി വലിയ നേതാവ്. തൃശൂരിലെ കണിമംഗലത്ത് ജനിച്ച അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് ഗോവിന്ദന്‍ എന്നാണ്. കൊച്ചിയിലെ തീയമഹാസഭ (അന്നത്തെ കൊച്ചി എസ്എന്‍ഡിപി) സ്ഥാപിച്ചത് ഇദ്ദേഹമാണ്. കുറെക്കാലം ഇതിന്റെ സെക്രട്ടറിയായിരുന്നു.
‘സത്യവ്രതന്‍ എന്ന ഒരു മാസിക ഇദ്ദേഹം കൊച്ചിയില്‍ നടത്തിയിരുന്നു. സ്വാതന്ത്ര്യസമരത്തിലെ ധീരയോദ്ധാവെന്ന നിലയില്‍ താമ്രപത്രം നേടിയ ടി എസ്. ബന്ധു കൊച്ചിയിലെ ഹരിജനോദ്ധാരണ പ്രവര്‍ത്തനങ്ങളിലും ക്ഷേത്ര പ്രവേശന പ്രക്ഷോഭത്തിലും സജീവമായി പങ്കെടുത്തിട്ടുണ്ട്. ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കെടുത്തതിനും അദ്ദേഹം ആറു മാസം ജയില്‍ ശിക്ഷ അനുഭവിക്കുകയുണ്ടായി. കൊച്ചി അസംബ്ലിയിലും തിരു-കൊച്ചി അസംബ്ലിയിലും അദ്ദേഹം അംഗമായിരുന്നു.

കൊച്ചിയിലെ ക്ഷേത്ര പ്രവേശന പ്രക്ഷോഭണത്തില്‍ അദ്ദേഹത്തിന്റെ പങ്ക് വലുതായിരുന്നു എന്ന് അന്നത്തെ ക്ഷേത്ര പ്രവേശന ജാഥയുടെ ക്യാപ്റ്റനായ സി. അച്യുത മേനോന്‍ രേഖപ്പെടുത്തിയിരിക്കുന്നു. 1970 ല്‍ അന്തരിച്ച ടി. എസ്. ബന്ധുവിനെ അനുസ്മരിച്ച്, സി. അച്യുത മേനോന്‍ സാമാന്യം വിശദമായി ഒരു ലേഖനം എഴുതിയിട്ടുണ്ട് (‘അവര്‍ രാജ്യത്തിന് വേണ്ടി ജീവിച്ചു’, 1993).
അതിനാല്‍ കോണ്‍ഗ്രസ്സിന്റെ കെട്ടിവച്ച കാശ് നഷ്ടപ്പെടുത്തിയ ചരിത്രവും കുന്നംകുളത്തുകാര്‍ക്ക് അവകാശപ്പെട്ടതാണ്. ഹിന്ദി പ്രചാരകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്ന ശ്രീ. ടി.എസ്. ബന്ധു ആയിരുന്നു എന്ന് എഴുതിയ ഡോ. കെ. എസ്. ഡേവിഡിന് ചരിത്ര രചനയില്‍ പിശക് പറ്റിയതാകാം. ഒരു ഒറിജിനല്‍ കുന്നംകുളംകാരനാണ് ഡോ. കെ. എസ്. ഡേവിഡ്. അദ്ദേഹത്തിന് പോലും ഒറിജിനല്‍ ടി. എസ്. ബന്ധുവും ഡ്യൂപ്ലിക്കേറ്റ് ശങ്കരന്‍ ബന്ധുവും മാറിപ്പോയി. അദ്ദേഹത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ഒറിജിനല്‍ ഉണ്ടോ? ഡ്യൂപ്ലിക്കേറ്റ് കുന്നംകുളത്ത് ഉണ്ടാവും! അതാണ് കുന്നംകുളം!
Content Summary: The election history of Kunnamkulam, which has the fame of being the ‘Land of Duplicates,’ is quite interesting