June 23, 2026 |
Share on

കാലം ആവശ്യപ്പെടുന്ന രാഷ്ട്രീയമാണ് ഫെമിനിച്ചി ഫാത്തിമ പറയുന്നത്

ചിന്തിപ്പിക്കുന്ന വിഷയത്തിലെ ചിരിപ്പിക്കുന്ന രീതി

29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഏറെ പ്രേക്ഷകപ്രീതി നേടുകയും പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കുകയും ചെയ്ത സിനിമയാണ് ഫെമിനിച്ചി ഫാത്തിമ. പുരുഷ മേല്‍ക്കോയ്മയില്‍ മുന്നോട്ട് പോകുന്ന സമൂഹത്തിന്റെ പത്തിക്ക് അടിക്കുന്ന ചിത്രമാണിത്. ഒരു യാഥാസ്ഥിതിക മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള കഥയല്ല ഫാത്തിമയുടേത്‌. ഒരു സാധാരണ മലയാളിയുടെ വീടിനുള്ളില്‍ ക്യാമറവെച്ചാല്‍ കിട്ടുന്ന കാഴ്ച്ചകളാണ് സിനിമയില്‍ നമുക്ക് കാണാനാവുക. പൊന്നാനി പശ്ചാത്തലമാക്കി നിര്‍മിച്ച ചിത്രം മികച്ച നടിക്കും, നവാഗത സംവിധായകനുമുള്ള സംസ്ഥാന പുരസ്‌കാരങ്ങളും നേടിയിരിക്കുന്നു.

മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കരത്തിന് അര്‍ഹമായ പശ്ചാത്തലത്തില്‍ ഫാസില്‍ മുഹമ്മദുമായി നടത്തിയ അഭിമുഖം അഴിമുഖം പുനപ്രസിദ്ധീകരിക്കുന്നു

ഫെമിനിച്ചി ഫാത്തിമ പ്രേക്ഷകമനസ് കീഴടക്കിയപ്പോള്‍

വളരെയധികം സന്തോഷം തോന്നുന്നു. കുറെ നാളത്തെ പരിശ്രമത്തിന് ശേഷമാണ് സിനിമ ചെയ്യാന്‍ സാധിക്കുന്നത്. സിനിമ എന്നത് ഒരു ആഗ്രഹമായിരുന്നു. അത് ചെയ്തു, ഐഎഫ്എഫ്കെ പോലൊരു വലിയ വേദിയില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചു, ആ വേദി ഉപയോഗിക്കാന്‍ പറ്റി എന്നതൊക്കെ വളരെ സന്തോഷം തരുന്ന കാര്യങ്ങളാണ്. സിനിമ ആളുകള്‍ കാണുന്നു, അവര്‍ക്കൊക്കെ അത് ഇഷ്ടമാകുന്നു എന്നതൊക്കെ എന്നെ സംബന്ധിച്ച് വളരെ മനസ് നിറച്ച കാര്യങ്ങളാണ്. ചെയ്ത വര്‍ക്കിന്റെയൊക്കെ ഫലമാണ് ഇപ്പോള്‍ ലഭിക്കുന്ന അംഗീകാരങ്ങള്‍.

സ്ത്രീകളുടെ സിനിമ

കേരളത്തിലെ സമൂഹം മാറിക്കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥകളൊക്കെ അനുഭവിച്ച ആളുകളുണ്ട്, അനുഭവത്തില്‍ നിന്നും കാര്യങ്ങള്‍ ഉള്‍ക്കൊണ്ട്, പഠിച്ച ഒരു വിഭാഗം ആളുകളുണ്ട് ഇത്തരത്തില്‍ എല്ലാ ആളുകള്‍ക്കും കണക്ട് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചിത്രത്തിലുണ്ട്. അടിസ്ഥാനപരമായി ഇത് മുസ്ലിം കുടുംബത്തില്‍ നടക്കുന്ന സംഭവമാണ് കാണിക്കുന്നതെങ്കിലും എല്ലാ സ്ത്രീകള്‍ സംഭവിക്കാവുന്ന ഒരു കഥയാണ്. ഞാന്‍ പൊന്നാനിക്കാരനും, മുസ്ലിം വിഭാഗത്തില്‍പ്പെടുന്ന ആളുമായതിനാല്‍ എനിക്ക് കൂടുതല്‍ കണക്ട് ചെയ്യാന്‍ സാധിക്കുന്ന രീതിയില്‍ ചിത്രം ഒരുക്കിയതാണ്.

വിവാദങ്ങള്‍ക്ക് വഴിതെളിക്കുന്ന വിഷയം

സിനിമയുടെ തുടക്കത്തില്‍ ഇതൊരു വിവാദ വിഷയമാണല്ലോ എന്ന ചിന്തയുണ്ടായിരുന്നു, എന്നാല്‍ എന്റെ ചിത്രത്തിന്റെ ആദ്യത്തെ പ്രേക്ഷകര്‍ക്ക് എന്ന് പറയുന്നത് പൊന്നാനിയിലെ തന്നെ പ്രദേശവാസികളായ സ്ത്രീകളായിരുന്നു. അവര്‍ അവിടെ സിനിമയുടെ ഷൂട്ടിങ് കാണാന്‍ വന്നതാണ്, അതിലെ ഓരോ സീനും ഷൂട്ട് ചെയ്യുമ്പോള്‍ അവര്‍ക്ക് സംഭവിച്ച അമളികള്‍ അവിടെവച്ച് അവര്‍ക്ക് മനസിലാവുകയാണ്. അയ്യോ ഞങ്ങളും ഇങ്ങനെ ചെയ്തിട്ടുണ്ടല്ലോ എന്ന് തിരിച്ചറിഞ്ഞ്്് അവര്‍ ചിരിക്കുന്ന പല സിറ്റുവേഷനുകളും ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ അവരത് ആസ്വദിക്കുകയും ചിരിക്കുകയുമൊക്കെ ചെയ്യുന്നത് കണ്ടപ്പോള്‍ എനിക്കും തോന്നി ഇതൊരു വിവാദമായി മാറ്റാന്‍ ശ്രമിക്കുന്നതിനപ്പുറം ഇതില്‍ നിന്ന് ഒരു തിരിച്ചറിവ് ഉണ്ടാക്കാനാണ് സാധ്യത എന്ന്.

മാറാത്ത ചിന്താഗതികള്‍

ഫെമിനിച്ചി ഫാത്തിമയുടെ വ്യക്തമായ രാഷ്ട്രീയം എന്നത് കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ സമൂഹത്തില്‍ ഉണ്ടാകണം എന്നുള്ളതാണ്, അത് മതത്തില്‍ ആയാലും മറ്റെവിടെ ആയാലും ആളുകള്‍ കാലത്തിനനുസരിച്ച് മാറേണ്ടതുണ്ട്. ഇപ്പോള്‍ നിലവില്‍ സ്ത്രീകള്‍ ഒരുവിധമെല്ലാം ജോലിക്ക് പോകുന്ന ഒരു രീതിയൊക്കെ ഉണ്ട്. എങ്കിലും ചില ആളുകളൊക്കെ ഇപ്പോഴും പണ്ടത്തെ ആശയങ്ങള്‍ മുറുകെ പിടിച്ച് ജീവിക്കുന്നവരുണ്ട്, പുതിയ കാലത്തേക്ക് വരുമ്പോള്‍ അത് മാറും എന്നാണ് പ്രതീക്ഷ.

സ്ത്രീകളുടെ കഥ പറയുമ്പോള്‍

എന്റെ വീട്ടില്‍ മൂന്ന് സ്ത്രീകളുണ്ട്. ഞാന്‍, ഉമ്മ, വല്ല്യുമ്മ എന്റെ താത്ത. ചെറുപ്പം മുതല്‍ ഇവരെ കണ്ടാണ് ഞാന്‍ ജീവിക്കുന്നത്. അപ്പോള്‍ എനിക്ക് മറ്റാരെക്കാളും അവരുടെ കഥയല്ലെ നന്നായി പറയാന്‍ കഴിയുക? അവരുടെ പ്രശ്‌നങ്ങളും വിഷമങ്ങളും കണ്ട് വളര്‍ന്ന ആളാണല്ലോ ഞാന്‍.

ചിന്തിപ്പിക്കുന്ന വിഷയത്തിലെ ചിരിപ്പിക്കുന്ന രീതി

എനിക്ക് സിനിമ ചെയ്യുമ്പോള്‍ ആളുകളെ എന്റര്‍ടെയിന്‍ ചെയ്യിക്കണമെന്ന് ആ?ഗ്രഹമുണ്ടായിരുന്നു. നമ്മളൊരു വിഷയം പറയുമ്പോള്‍ അതിനെ വളരെ ?ഗൗരവമുള്ളതാക്കി മാത്രം പറയുന്നതില്‍ നിന്ന് വ്യത്യസ്തമായി ആളുകളെ വിഷയത്തിലേക്ക് എത്തിച്ചുകൊണ്ട് അവരെ രസിപ്പിച്ച് ഒരു സിനിമ ചെയ്യുക എന്നതാണ് ഞാന്‍ ഉദേശിച്ച രീതി. അപ്പോള്‍ അതിന് വേണ്ടി അത്യാവിശ്യം തമാശയും സര്‍ക്കാസവുമൊക്കെ ഉള്‍പ്പെടുത്തിയാണ് സ്‌ക്രിപ്റ്റ് എഴുതിയത്.

ആദ്യ സിനിമയിലെ രാഷ്ട്രീയം

എന്റെ തുടക്കം എന്നുള്ള രീതിയില്‍ നല്ലൊരു സിനിമ ചെയ്യണം എന്നതായിരുന്നു ആ?ഗ്രഹം. ഇത്രയും നാള്‍ വര്‍ക്ക് ചെയ്ത ഒരു സിനിമ, എല്ലാ സംവിധായകരും ആ?ഗ്രഹിക്കുമല്ലോ ആദ്യത്തെ സിനിമ നന്നാവാന്‍. പിന്നെ അടിസ്ഥാനപരമായി ആളുകളെ രസിപ്പിക്കുന്നതിനുള്ള ഒരു ഫണ്‍ എലമെന്റ് എന്റെ കയ്യിലുണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. അപ്പോള്‍ ഞാന്‍ ഈ വിഷയം തിരഞ്ഞെടുത്തപ്പൊഴെ എനിക്ക് തോന്നി സാധാരണ ഒരു രീതിയില്‍ നെ?ഗറ്റീവായി ഇതിനെ എടുക്കുകയാണെങ്കില്‍ ആളുകള്‍ക്ക് ഒരുപക്ഷെ കണക്ട് ചെയ്യാന്‍ കഴിയില്ല. അപ്പോള്‍ വിഷയത്തെ തമാശ രീതിയില്‍ എന്നാല്‍ കാര്യമായി തന്നെ അവതരിപ്പിക്കാം എന്ന് വിചാരിച്ചു.

സിനിമയ്ക്ക് കിട്ടിയ പ്രേക്ഷക പിന്തുണ

ഐഫ്എഫ്‌കെയില്‍ വന്നിട്ട് ആദ്യത്തെ ഷോ മുതല്‍ സിനിമ കണ്ട ആളുകള്‍ എല്ലാവര്‍ക്കും ചിത്രം വളരെയധികം ഇഷ്ടപ്പെട്ടു എന്ന് അഭിപ്രായം പറഞ്ഞിരുന്നു. അവര്‍ക്ക് അത് ആസ്വദിക്കാന്‍ കഴിഞ്ഞിരുന്നു, മറ്റ് സിനിമകളെല്ലാം തന്നെ വളരെ ?ഗൗരവത്തില്‍ ഇരുന്ന് കണ്ടിട്ട് വരുമ്പോള്‍ ഈ ചിത്രം അവര്‍ക്കൊരു റിലാക്‌സേഷന്‍ കൊടുത്തിട്ടുണ്ട്,അതിനൊപ്പം ഒരു മെസ്സേജ് കൂടി കൊടുക്കാന്‍ കഴിഞ്ഞു. ശക്തമായ ഒരു രാഷ്ട്രീയ പ്രശ്‌നം മുന്നോട്ട് വെക്കുമ്പോളും അതില്‍ തമാശ ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞത് ആളുകള്‍ക്ക് കൂടുതല്‍ കണക്ട് ചെയ്യാന്‍ സഹായിച്ചിട്ടുണ്ട്. കുറേ ഡയലോ?ഗുകള്‍ക്ക് കയ്യടി, താമാശയൊക്കെ വര്‍ക്ക് ആയതുപോലെ തിയറ്ററില്‍ കൂട്ടച്ചിരിയൊക്കെ ഉണ്ടായിരുന്നു, ഇതൊക്കെ കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി.

ഉചിതമായ കാസ്റ്റിങ്

ഈ ചിത്രം പുതുമുഖങ്ങളെ വച്ച് തന്നെ ഇറക്കണമെന്നായിരുന്നു ആ?ഗ്രഹം. അങ്ങനെ അന്വേഷിച്ചപ്പോഴാണ് ആയിരത്തൊന്ന് നുണകളില്‍ അഭിനയിച്ച ഷംല ഹംസയെ കുറിച്ച് അറിയുന്നത്. പിന്നെ ബാക്കി ആളുകളൊക്കെ എന്റെ നാട്ടുകാരും സുഹൃത്തുക്കളും പരിചയക്കാരുമൊക്കെയാണ്.

Content Summary; interview with Fasil Muhammed director of the movie Feminichi Fathima

അതുല്യ മുരളി

അതുല്യ മുരളി

സബ് എഡിറ്റർ

More Posts

Leave a Reply

Your email address will not be published. Required fields are marked *

×