മക്കാുവിലെ പ്രശസ്തമായ ഗ്രാന്‍ഡ് എംപറര്‍ ഹോട്ടല്‍, തങ്ങളുടെ ലോബിയില്‍ അലങ്കാരമായി പാകിയിരുന്ന സ്വര്‍ണ്ണക്കട്ടികള്‍ ഇളക്കി മാറ്റി വില്‍പന നടത്തി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ്ണവില കുതിച്ചുയരുന്ന സാഹചര്യം മുതലെടുത്താണ് ഹോട്ടല്‍ ഉടമകളായ ഹോങ്കോങ് ആസ്ഥാനമായുള്ള എംപറര്‍ എന്റര്‍ടൈന്‍മെന്റ് ഹോട്ടല്‍ ലിമിറ്റഡ് ഈ നീക്കം നടത്തിയത്. ഏകദേശം 13 മില്യണ്‍ ഡോളര്‍ (ഏകദേശം 108 കോടിയിലധികം രൂപ) ആണ് ഈ വില്‍പനയിലൂടെ ഹോട്ടലിന് ലഭിച്ചത്.
ആകെ 79 കിലോഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണക്കട്ടികളാണ് വിറ്റഴിച്ചത്. ഹോങ്കോങ് ആസ്ഥാനമായുള്ള ഒരു റിഫൈനറിക്കാണ് ഇവ കൈമാറിയത്. 2006-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ ഹോട്ടല്‍, പ്രവേശന കവാടത്തിലെ തറയില്‍ സ്വര്‍ണ്ണക്കട്ടികള്‍ പാകി നിര്‍മ്മിച്ച ‘ഗോള്‍ഡന്‍ പാത്ത് വേ’ എന്ന ആഡംബര അലങ്കാരത്തിന് പേരുകേട്ടതായിരുന്നു.
നിലവിലെ ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും സാമ്പത്തിക അനിശ്ചിതത്വവും കാരണം സ്വര്‍ണ്ണവിലയിലുണ്ടായ വര്‍ദ്ധനവ് പ്രയോജനപ്പെടുത്താനാണ് കമ്പനിയുടെ തീരുമാനം. ലഭിച്ച തുക ഹോട്ടലിന്റെ സാമ്പത്തിക ഭദ്രത വര്‍ദ്ധിപ്പിക്കാനും പുതിയ നിക്ഷേപങ്ങള്‍ക്കും ഉപയോഗിക്കും.
ചൈനയുടെ ഏക നിയമപരമായ ചൂതാട്ട കേന്ദ്രമായ മക്കാുവില്‍, സമീപകാലത്ത് നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ചൂതാട്ടത്തില്‍ മാത്രം ഒതുങ്ങാതെ സമ്പദ്വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനുള്ള ബീജിംഗിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് പല കാസിനോകളും പ്രവര്‍ത്തനം നിര്‍ത്തി. ഇതിന്റെ ഭാഗമായി ഗ്രാന്‍ഡ് എംപറര്‍ ഹോട്ടലിലെ കാസിനോയും കഴിഞ്ഞ ഒക്ടോബറില്‍ അടച്ചുപൂട്ടിയിരുന്നു.
കാസിനോ പ്രവര്‍ത്തനം നിര്‍ത്തിയതോടെ ഹോട്ടല്‍ ലോബിയും പരിസരവും നവീകരിക്കാന്‍ കമ്പനി തീരുമാനിച്ചു. പുതിയ ഡിസൈനില്‍ ഈ സ്വര്‍ണ്ണക്കട്ടികള്‍ക്ക് പ്രസക്തിയില്ലാത്തതിനാലാണ് ഇവ നീക്കം ചെയ്തതെന്ന് കമ്പനി വ്യക്തമാക്കി.
2025-ല്‍ ഡൊണാള്‍ഡ് ട്രംപ് വീണ്ടും വൈറ്റ് ഹൗസിലെത്തിയതിനുശേഷം സ്വീകരിച്ച പ്രവചനാതീതമായ വ്യാപാര നയങ്ങളും താരിഫുകളും ആഗോള വിപണിയില്‍ വലിയ ചലനമുണ്ടാക്കിയിരിക്കുന്ന സാഹചര്യമാണിപ്പോള്‍. ഓഹരി വിപണിയിലെ അസ്ഥിരത കാരണം നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ്ണത്തിലേക്ക് തിരിഞ്ഞതും വില വര്‍ദ്ധനവിന് കാരണമായിട്ടുണ്ട്.
442 വര്‍ഷത്തോളം പോര്‍ച്ചുഗീസ് കോളനിയായിരുന്ന മക്കാു 1999-ലാണ് ചൈനയ്ക്ക് കൈമാറിയത്. നിലവില്‍ ഹോങ്കോങ്ങിനെപ്പോലെ ചൈനയുടെ പ്രത്യേക ഭരണപ്രദേശമാണ് മക്കാു. 2025-ലെ കണക്കനുസരിച്ച് ചൂതാട്ട വരുമാനത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്താണ് ഈ പ്രദേശം.
Content Summary; The Grand Emperor hotel in Macau has ripped up and sold the gold bricks lining its lobby floor,earning nearly $13m
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.