June 26, 2026 |
Share on

2800 കോടിയിലധികം രൂപയുടെ പിഴയും 96,000 കോടിയുടെ നിക്ഷേപവും; അദാനിയെ കുറ്റവിമുക്തനാക്കി യുഎസ്

അദാനിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസുകള്‍ യുഎസ് പിന്‍വലിച്ചു; ഇറാന്‍ കേസും ഒത്തു തീര്‍പ്പാക്കി

അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി, അനന്തരവന്‍ സാഗര്‍ അദാനി എന്നിവര്‍ക്കെതിരെ ചുമത്തിയിരുന്ന അതീവ ഗുരുതരമായ ക്രിമിനല്‍ വഞ്ചനാക്കുറ്റങ്ങള്‍ ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള യു.എസ് ഭരണകൂടം പൂര്‍ണമായി പിന്‍വലിച്ചു. ആരോപണങ്ങള്‍ കോടതിയില്‍ തെളിയിക്കാന്‍ കഴിയില്ലെന്ന നിഗമനത്തില്‍ പ്രൊസിക്യൂട്ടര്‍മാര്‍ എത്തിയതിനെ തുടര്‍ന്നാണ് ന്യൂയോര്‍ക്ക് കോടതിയിലുണ്ടായിരുന്ന ഉയര്‍ന്ന പ്രാധാന്യമുള്ള സെക്യൂരിറ്റീസ്-വയര്‍ തട്ടിപ്പ് കേസുകള്‍ യു.എസ് നീതിന്യായ വകുപ്പ് പൂര്‍ണമായി അവസാനിപ്പിച്ചത്.

ഇതോടെ, കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് അമേരിക്കയിലുണ്ടായിരുന്ന എല്ലാ പ്രമുഖ നിയന്ത്രണ-നിയമപരമായ അന്വേഷണങ്ങളും അവസാനിച്ചിരിക്കുകയാണ്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യക്തിഗത അഭിഭാഷകന്‍ കൂടിയായ റോബര്‍ട്ട് ഗിയുഫ്ര ജൂനിയര്‍ ആണ് ഈ കേസില്‍ അദാനിക്ക് വേണ്ടി ഹാജരായത്. നിയമനടപടികള്‍ നിലനില്‍ക്കുന്നതിനാല്‍ അദാനിക്ക് അമേരിക്കയില്‍ 10 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 96,400 കോടി രൂപ) നിക്ഷേപം നടത്താന്‍ സാധിക്കുന്നില്ലെന്ന് അദാനിയുടെ അഭിഭാഷകന്‍ കഴിഞ്ഞ ആഴ്ച ഒരു പ്രസന്റേഷനിലൂടെ വ്യക്തമാക്കിയതായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ‘ന്യൂയോര്‍ക്ക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ പ്ലാന്റ് വികസിപ്പിക്കുന്നതിനുള്ള അനുമതിക്കായി ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 265 മില്യണ്‍ ഡോളര്‍ കൈക്കൂലി നല്‍കാന്‍ അദാനി ഗ്രൂപ്പ് സമ്മതിച്ചു എന്നതായിരുന്നു പ്രധാന ആരോപണം. എന്നാല്‍, തുടക്കം മുതല്‍ തന്നെ അദാനി ഗ്രൂപ്പ് ഈ ആരോപണങ്ങളെല്ലാം ശക്തമായി നിഷേധിച്ചിരുന്നു.

അമേരിക്കയില്‍ അദാനി ഗ്രൂപ്പ് നടത്തുന്ന രണ്ടാമത്തെ ഒത്തുതീര്‍പ്പ് കരാറാണിത്. കഴിഞ്ഞ ആഴ്ച യു.എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ (എസ്ഇസി) ഗൗതം അദാനിക്കും സാഗര്‍ അദാനിക്കും എതിരെ അന്തിമ സമ്മത വിധികള്‍ പുറപ്പെടുവിച്ചിരുന്നു. 2021-ല്‍ അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന്റെ ബോണ്ട് വിതരണവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തി എന്നതായിരുന്നു ഇവരുടെ മേലുള്ള ആരോപണം. കോടതി ഇത് അംഗീകരിക്കുന്നതോടെ ഗൗതം അദാനി 6 മില്യണ്‍ ഡോളറും(ഏകദേശം 57.8 കോടി രൂപ) സാഗര്‍ അദാനി 12 മില്യണ്‍ ഡോളറും(ഏകദേശം 115.2 കോടി രൂപ) സിവില്‍ പിഴയായി ഒടുക്കേണ്ടി വരും.

അതേസമയം, ഇറാനെതിരെയുള്ള യുഎസ് ഉപരോധം ലംഘിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അദാനി ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയായ അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് (എഇഎല്‍), യുഎസ് ട്രഷറി വകുപ്പിന്റെ വിദേശ ആസ്തി നിയന്ത്രണ ഓഫീസുമായി (ഒഎഫ്എസി) ഒത്തുതീര്‍പ്പിലെത്തി. ആരോപണങ്ങള്‍ കമ്പനി സമ്മതിച്ചിട്ടില്ലെങ്കിലും, സിവില്‍ ബാധ്യതകള്‍ ഒഴിവാക്കുന്നതിനായി 275 മില്യണ്‍ ഡോളര്‍ (ഏകദേശം 2,600 കോടിയിലധികം രൂപ) പിഴയായി നല്‍കാന്‍ കമ്പനി ധാരണയിലെത്തി. നിയമപ്രകാരം ചുമത്താവുന്ന പരമാവധി പിഴയായ 384 മില്യണ്‍ ഡോളറില്‍(ഏകദേശം 3,686 കോടി രൂപ) നിന്നാണ് ഈ തുകയായി കുറച്ചത്.

ദുബായ് ആസ്ഥാനമായുള്ള ഒരു വ്യാപാരിയില്‍ നിന്ന് ഒമാന്‍, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നുള്ളതാണെന്ന വ്യാജേന അദാനി എന്റര്‍പ്രൈസസ് എല്‍പിജി (ദ്രവീകൃത പെട്രോളിയം ഗ്യാസ്) ഇറക്കുമതി ചെയ്തിരുന്നു. എന്നാല്‍ ഈ എല്‍പിജി യഥാര്‍ത്ഥത്തില്‍ ഇറാനില്‍ നിന്നുള്ളതാണെന്ന് സൂചിപ്പിക്കുന്ന നിരവധി മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നിട്ടും കമ്പനി അത് അവഗണിച്ചതായി ഒഎഫ്എസി വ്യക്തമാക്കി. 2023 നവംബര്‍ മുതല്‍ 2025 ജൂണ്‍ വരെയുള്ള കാലയളവില്‍ യുഎസ് ധനകാര്യ സ്ഥാപനങ്ങള്‍ വഴി 192,104,044 ഡോളറിന്റെ 32 ഇടപാടുകളാണ് കമ്പനി നടത്തിയത്. ഇത് ഗുരുതരമായ ഉപരോധ ലംഘനമാണെന്ന് കണ്ടെത്തിയെങ്കിലും, അന്വേഷണവുമായി കമ്പനി പൂര്‍ണ്ണമായി സഹകരിച്ചതും തുടര്‍നടപടികളായി ഇന്ത്യയിലേക്കുള്ള എല്‍പിജി ഇറക്കുമതി നിര്‍ത്തിവെച്ചതും കണക്കിലെടുത്താണ് പിഴ തുക പരിമിതപ്പെടുത്തിയത്.

Content Summary: The US DOJ permanently drops criminal fraud charges against Gautam Adani. Meanwhile, Adani Enterprises settles Iran sanctions violations with OFAC for $275 million

Leave a Reply

Your email address will not be published. Required fields are marked *

×