എച്ച്-1 ബി വിസ ഫീസ് വർദ്ധനവ് യുഎസ് തൊഴിലുടമകൾക്ക് തിരിച്ചടിയായേക്കാമെന്ന് റിപ്പോർട്ട്. വലിയ സാമ്പത്തിക ബാധ്യതയാണ് ഇവരെ കാത്തിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ നീക്കം യുഎസിലെ ഐടി, ടെക് മേഖലയിലെ സ്ഥാപനങ്ങളെയാവും കാര്യമായി ബാധിക്കുക.
പുതിയ ഉത്തരവ് പ്രകാരം, ഓരോ പുതിയ എച്ച്-1 ബി വിസ അപേക്ഷയ്ക്കും 100,000 ഡോളറാണ് ( 88 ലക്ഷം രൂപ) ഫീസ് ഇനത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതോടെ വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് യുഎസ് തൊഴിലുടമകൾക്ക് പ്രതിവർഷം 14 ബില്യൺ ഡോളർ അധികച്ചെലവ് വരും. ഈ ഫീസ് വർദ്ധനവ് യുഎസ് കമ്പനികളുടെ പ്രവർത്തനച്ചെലവ് ഗണ്യമായി ഉയർത്തും. ആയിരക്കണക്കിന് വിദേശ തൊഴിലാളികളെ ജോലിക്കെടുക്കുന്ന വലിയ കമ്പനികൾക്ക് ഇത് കോടിക്കണക്കിന് ഡോളറിൻ്റെ അധിക ബാധ്യതയുണ്ടാക്കും.
നിലവിൽ എച്ച്-1 ബി വിസ കൈവശമുള്ളവരെ ഈ മാറ്റം ബാധിക്കില്ലെന്നും, അടുത്ത ഫെബ്രുവരിയിലെ വിസ ലോട്ടറി മുതൽ പുതിയ അപേക്ഷകർക്ക് മാത്രമാണ് ഇത് ബാധകമാവുകയെന്നും വൈറ്റ് ഹൗസ് പിന്നീട് വ്യക്തത വരുത്തി. അമേരിക്കൻ തൊഴിലാളികളെ നിയമിക്കാൻ കമ്പനികളെ പ്രോത്സാഹിപ്പിക്കുകയാണ് ഈ നടപടിയുടെ ലക്ഷ്യമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിരുന്നു. ഭരണകൂടത്തിന്റെ വിവേചനാധികാരത്തിൽ ചില ഇളവുകൾ നൽകുമെന്നും ട്രംപിന്റെ പ്രഖ്യാപനത്തിൽ പറയുന്നുണ്ടെങ്കിലും, അത് എത്രത്തോളം ലഭ്യമാകുമെന്ന് വ്യക്തമല്ല.
യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിന്റെ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം 1,41,000ത്തിലധികം പുതിയ എച്ച്-1 ബി വിസകൾ അനുവദിച്ചിരുന്നു. പുതിയ ഫീസ് നിരക്കിൽ പ്രാബല്യത്തിൽ വന്നതിന് ശേഷവും ലഭിക്കുന്ന അപേക്ഷകളുടെ എണ്ണം ഇത്ര തന്നെയാണെങ്കിൽ അമേരിക്കൻ കമ്പനികൾക്ക് പ്രതിവർഷം 14 ബില്യൺ ഡോളർ ചെലവഴിക്കേണ്ടി വരും.
വിദേശത്തുനിന്ന് എഞ്ചിനീയർമാർ, ശാസ്ത്രജ്ഞർ, കോഡർമാർ എന്നിവരെ നിയമിക്കുന്നതിന് സിലിക്കൺ വാലിക്ക് എച്ച്-1 ബി വിസ ഒരു നിർണായക ഘടകമാണ്. അക്കൗണ്ടൻസി, ആരോഗ്യ സംരക്ഷണം പോലുള്ള മറ്റ് പ്രത്യേക വ്യവസായങ്ങളിലേക്കുള്ള നിയമനങ്ങളിലും ഈ നോൺ-ഇമിഗ്രന്റ് വിസ വ്യാപകമായി ഉപയോഗിക്കുന്നു. യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിന്റെ കണക്കുകൾ അനുസരിച്ച്, 2023ൽ വിസ ലഭിച്ചവരിൽ ഏകദേശം മൂന്നിൽ രണ്ട് ഭാഗവും ഐടി മേഖലയിൽ നിന്നുള്ളവരായിരുന്നു. കഴിഞ്ഞ വർഷം ഏകദേശം 4,00,000 എച്ച്-1 ബി വിസ അപേക്ഷകൾക്ക് അംഗീകാരം ലഭിച്ചു.
അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിൽ എച്ച് 1 ബി വിസക്കാരെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ടെക് വ്യവസായമാണ്. ആയിരക്കണക്കിന് എച്ച് 1 ബി വിസകൾ ആമസോൺ, മൈക്രോസോഫ്റ്റ്, മെറ്റ പോലുള്ള കമ്പനികൾക്ക് ഓരോ വർഷവും ലഭിക്കുന്നുണ്ട്. പുതിയ ഫീസ് ചെറുകിട സ്റ്റാർട്ടപ്പുകൾക്കും കമ്പനികൾക്കും വലിയ സാമ്പത്തിക ഭാരം ഉണ്ടാക്കും. ലോകത്തിലെ ഏറ്റവും മികച്ച പ്രതിഭകളെ അമേരിക്കയിലേക്ക് ആകർഷിക്കുന്നതിൽ നിന്ന് ഇത് തടയുമെന്നും സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
എലോൺ മസ്ക് അടക്കമുള്ള ട്രംപിൻ്റെ രാഷ്ട്രീയ സഖ്യത്തിലെ പല അംഗങ്ങളും എച്ച്-1 ബി വിസ പദ്ധതിയെ മുൻപ് പിന്തുണച്ചിരുന്നു. മുൻ വൈറ്റ് ഹൗസ് തന്ത്രജ്ഞനായ സ്റ്റീവ് ബാനനെ പോലുള്ളവർ അമേരിക്കൻ തൊഴിലാളികളെ സംരക്ഷിക്കാൻ ഈ പദ്ധതി നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ വിസ ലഭിക്കുന്നതിന് ജീവനക്കാർക്ക് വിദേശത്ത് കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയമെങ്കിലും വേണം.
content summary: US companies will face liabilities of over 1 lakh crore, sparking concerns in the labour sector over H-1B visa policies