UPDATES

ഫിനാന്‍സ്/ ബിസിനസ്‌

നേരിട്ടുള്ള വിദേശനിക്ഷേപം കുറയുന്നു; യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് വിട്ടുവീഴ്ച്ച ചെയ്ത് ഇന്ത്യ

വിദേശ നിക്ഷേപം കുറയുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ പങ്കെന്ത്?

                       

യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ (ഇഎഫ്ടിഎ) ഉൾപ്പെടുന്ന യൂറോപ്പിലെ നാല് രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ച് ഇന്ത്യ. 16 വർഷത്തെ ചർച്ചകൾക്ക് ശേഷം, സ്വിറ്റ്‌സർലൻഡ്, നോർവേ, ഐസ്‌ലൻഡ്, ലിച്ചെൻസ്റ്റൈൻ എന്നിവിടങ്ങളിൽ നിന്നുള്ള വ്യാവസായിക ഉൽപ്പന്നങ്ങളുടെ മിക്ക ഇറക്കുമതി നികുതികളും നീക്കം ചെയ്യാനുള്ള കരാറിനാണ് ഇന്ത്യ തയ്യാറായിരിക്കുന്നത്. അതായത്, ഈ രാജ്യങ്ങൾക്ക് ഇനി മുതൽ തങ്ങളുടെ വ്യാവസായിക വസ്തുക്കൾ ഇറക്കുമതിയിൽ ഉയർന്ന താരിഫുകളോ നികുതികളോ നേരിടാതെ ഇന്ത്യയിൽ വിൽക്കാൻ കഴിയും. കരാർ അംഗീകരിച്ചതിന്റെ പ്രത്യുപകാരമായി, അടുത്ത 15 വർഷത്തിനുള്ളിൽ ഇഎഫ്ടിഎ രാജ്യങ്ങൾ ഇന്ത്യയിൽ 100 ബില്യൺ ഡോളർ നിക്ഷേപിക്കാനും തീരുമാനമായിട്ടുണ്ട്. സമീപ വർഷങ്ങളിൽ ഇന്ത്യയിലേക്ക്  നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) കുറയുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ കരാർ അംഗീകരിച്ചത്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ഏപ്രിലിനും സെപ്‌റ്റംബറിനുമിടയിൽ 10 ബില്യൺ ഡോളറിലധികം നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്‌ഡിഐ) മാത്രമാണ് ഇന്ത്യക്ക് ലഭിച്ചത്. 2008ലെ ആഗോള മാന്ദ്യത്തിനു ശേഷമുള്ള ഒരു സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പകുതിയിലെ ഏറ്റവും ചെറിയ എഫ്ഡിഐ തുകയാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൽ ഇന്ത്യയിലേക്ക് വിദേശ നിക്ഷേപം വരുന്നത് താരതമ്യേന മുമ്പത്തേതിനേക്കാൾ കുറവാണ്.

ഇന്ത്യയിലെ വിദേശ നിക്ഷേപം പല കാരണങ്ങളിലൂന്നി മന്ദഗതിയിലാണ്. ഒന്നാമതായി, രാജ്യത്തെ ബ്യൂറോക്രാറ്റിക് റെഡ് ടേപ്പ് (ബ്യൂറോക്രസിയുടെ വളർച്ച) നിക്ഷേപകർക്ക് വളരെയധികം ബുദ്ധിമുട്ടുകളും കാലതാമസവും ഉണ്ടാക്കുന്നുണ്ട്. രണ്ടാമതായി, കരാർ നിർവഹിക്കുന്നതിലെ പോരായ്മകൾ. കൂടാതെ, മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയുടെ തൊഴിൽ ഉൽപ്പാദനക്ഷമത താരതമ്യേന കുറവായതിനാൽ വിദേശ കമ്പനികളെ നിക്ഷേപം നടത്തുന്നതിൽ നിന്ന് പിൻവലിക്കുന്നുണ്ട്. എന്നിരിന്നിട്ടു പോലും വിദേശ നിക്ഷേപം സുഗമമാക്കുന്നതിന് ആവശ്യമായ കരാറുകളിൽ ഏർപ്പെടാൻ ഇന്ത്യ ഇതുവരെയും തയ്യാറായിരുന്നില്ല.

1990-കളുടെ മധ്യത്തിൽ, സമ്പദ്‌വ്യവസ്ഥ ഉദാരവൽക്കരിക്കുന്നതിനുള്ള ശ്രമങ്ങൾക്കിടയിൽ, വിദേശ കമ്പനികളിൽ നിന്നുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യ ഉഭയകക്ഷി നിക്ഷേപ ഉടമ്പടികളുടെ (ബിഐടി) ഒരു പരമ്പര ആരംഭിച്ചിരുന്നു. വിദേശ നിക്ഷേപകർ സുരക്ഷിതരാണെന്നും അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്നും ഉറപ്പാക്കാൻ വ്യക്തമായ നിയമങ്ങളും മാനദണ്ഡങ്ങളും സൃഷ്ടിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. അന്താരാഷ്‌ട്രതലത്തിൽ തർക്കങ്ങൾ മധ്യസ്ഥതയിലൂടെ പരിഹരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സജ്ജീകരിക്കുന്നതും മറ്റൊരു ലക്ഷ്യമായിരുന്നു. എന്നാൽ ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കുന്നതിന് പകരം ഇന്ത്യയിൽ ബിസിനസ്സ് നടത്തുന്ന വിദേശ കമ്പനികളിൽ നിന്ന് പരാതികളുടെയും വിയോജിപ്പുകളുടെയും പ്രളയം ഉണ്ടായി. 2011-ൽ, മെറ്റൽ കാസ്റ്റിംഗ് നിർമ്മിക്കുന്ന ഓസ്‌ട്രേലിയൻ കമ്പനിയായ വൈറ്റ് ഇൻഡസ്ട്രീസ് ഇന്ത്യയ്‌ക്കെതിരെ അന്താരാഷ്ട്ര മധ്യസ്ഥതയിൽ പരാതി നൽകി. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഉഭയകക്ഷി നിക്ഷേപ ഉടമ്പടിയിൽ പറഞ്ഞിരിക്കുന്ന പ്രതിബദ്ധത ഇന്ത്യ ലംഘിച്ചുവെന്നായിരുന്നു കമ്പനിയുടെ ആരോപണം. കേസിൽ വൈറ്റ് ഇൻഡസ്ട്രീസ് സ്വീകരിച്ച നിയമനടപടി ഫലം കണ്ടു. കമ്പനിക്ക് 4 മില്യൺ ഡോളറിലധികം നഷ്ടപരിഹാരം ഇന്ത്യ നൽകേണ്ടതായും വന്നു. സമാനമായി, ബ്രിട്ടീഷ് എണ്ണക്കമ്പനിയായ കെയ്ൺ എനർജിയും ഇന്ത്യക്കെതിരെ 2015 ൽ നിയമനടപടി സ്വീകരിച്ചു. നികുതി സംബന്ധിച്ച ഈ പരാതിയിൽ 1.2 ബില്യൺ ആണ് ഇന്ത്യ നൽകേണ്ടി വന്നത്.

നിക്ഷേപം സംബന്ധിച്ച് മറ്റ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ കരാറുകൾ പുനഃപരിശോധിക്കാൻ 2016ൽ മോദി സർക്കാർ തീരുമാനിച്ചു. ഇതോടെ തർക്കങ്ങൾ പരിഹരിക്കുന്നതിന് വിദേശ നിക്ഷേപകർക്ക് അന്താരാഷ്ട്ര മദ്ധ്യസ്ഥതയുമായി മുന്നോട്ടുപോകാൻ കഴിയാതെ വന്നു. അതിനുശേഷം, 83 നിക്ഷേപ ഉടമ്പടികളിൽ 76 എണ്ണവും സർക്കാർ റദ്ദാക്കുകയും, പുതിയ മാതൃകാ ഉടമ്പടിയുടെ നിബന്ധനകൾ അടിസ്ഥാനമാക്കി അവ വീണ്ടും ചർച്ച ചെയ്യാൻ അഭ്യർത്ഥിക്കുകയും ചെയ്തു. ഉടമ്പടിയുടെ പ്രതിഫലനം വളരെ പെട്ടന്നായിരുന്നു. 2016 മുതൽ, രാജ്യത്തിൻ്റെ ജിഡിപി ശതമാനമായി ഇന്ത്യയിലേക്ക് വരുന്ന എഫ്ഡിഐ ഏകദേശം 1.7 ശതമാനത്തിൽ നിന്ന് 0.5 ശതമാനത്തിൽ താഴെയായതായി, ആർബിഐ റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ വ്യപാരസംരക്ഷണത്തെ അട്ടിമറിച്ച ഉടമ്പടിയായിരുന്നു ഇത്. ആഗോള വ്യാപാര നയങ്ങൾ നിരീക്ഷിക്കുന്ന ഗ്ലോബൽ ട്രേഡ് അലേർട്ട് ഡാറ്റാബേസ് അനുസരിച്ച്, 2014 മുതൽ മറ്റേതൊരു രാജ്യത്തേക്കാളും ഇന്ത്യ കൂടുതൽ ഇറക്കുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 2009 നും 2014 നും ഇടയിൽ ഇന്ത്യ പട്ടികയിൽ നാലാം സ്ഥാനത്തായിരുന്നു. ഉടമ്പടികളോടും കരാറുകളോടും ഇന്ത്യ കാണിക്കുന്ന വിമുഖത വ്യാപാര പ്രവർത്തനങ്ങളെയും ബാധിച്ചു. എന്നാൽ അതെ സമയം തന്നെ 2017 നും 2022 നും ഇടയിൽ, സ്വതന്ത്ര വ്യാപാര കരാറുകളിൽ ഒപ്പുവെച്ച രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി ഗണ്യമായി 82 ശതമാനം ഉയർന്നു.

മറുവശത്ത്, അതേ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിൽ 31 ശതമാനം മാത്രമാണ് ഉയർന്നത്. തൽഫലമായി, ഇന്തോ-പസഫിക് മേഖലയിലെ പ്രധാന വ്യാപാര കൂട്ടായ്മകളിൽ പങ്കെടുക്കേണ്ടതില്ലെന്ന് ഇന്ത്യ തീരുമാനിച്ചു. 2019-ലെ റീജിയണൽ കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്ണർഷിപ്പ് (ആർസിഇപി) ചർച്ചകളിൽ നിന്ന് പുറത്തുപോകുന്നതും ഇതിന്റെ ബാക്കിയായിരുന്നു. കഴിഞ്ഞ വർഷം, ഇന്ത്യയുടെ വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസുമായുള്ള (ആസിയാൻ) വ്യാപാര കരാറിനെ “തെറ്റായ സങ്കൽപ്പം” എന്ന് ഇകഴ്ത്തി അഭിസംബോധന ചെയ്തിരുന്നു. കരുതലോടെയാണെങ്കിലും നിലവിൽ ഈ വിഷയം കൈകാര്യം ചെയ്യാൻ പ്രധാനമന്ത്രി ആലോചിക്കുന്നതായി സൂചനകളുണ്ട്. ഈ മാസം ഇഎഫ്ടിഎയുമായി വ്യാപാര കരാറിലെത്തുന്നതിന് മുമ്പ്, ഓസ്‌ട്രേലിയയുമായും യുണൈറ്റഡ് അറബ് എമിറേറ്റുകളുമായും ഇന്ത്യ അടുത്തിടെ വ്യാപാര കരാറുകളിൽ ഒപ്പുവച്ചിരുന്നു. കൂടാതെ, യുണൈറ്റഡ് കിംഗ്ഡവുമായി മറ്റൊരു വ്യാപാര കരാർ പൂർത്തിയാക്കാനും ലക്ഷ്യമിടുന്നുണ്ട്.

ഈ വ്യപാരചർച്ചകൾ സജീവമായി മുന്നോട്ടുകൊണ്ടുപോകുന്നുണ്ടെങ്കിലും ഇന്ത്യയെ അന്താരാഷ്‌ട്ര വ്യാപാരത്തിനും നിക്ഷേപത്തിനുമായി തുറന്നുകൊടുക്കുന്നതിൽ സർക്കാരിനുള്ള വിമുഖത പ്രകടമാണ്. വിവിധ നയപരമായ കാര്യങ്ങളിൽ കൂടുതൽ സംസ്ഥാന നിയന്ത്രണത്തിനായി സർക്കാർ പ്രേരിപ്പിക്കുകയും പല മേഖലകളിലെ വിദേശ മത്സരം നിയന്ത്രിക്കാനും ശ്രമിക്കുന്നുമുണ്ട്. കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നതെങ്കിൽ, ഈ സമീപനത്തെ പുനർവിചിന്തനം ചെയ്യേണ്ടതായുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍