ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍, ടിക് ടോക് തുടങ്ങി 40-ല്‍ അധികം ടെക് ഭീമന്മാര്‍ക്ക് അവരുടെ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നതിന് നിയന്ത്രണം ഏര്‍പെടുത്തുന്ന യൂറോപ്യന്‍ യൂണിയന്‍ ഡിജിറ്റല്‍ സര്‍വീസസ് ആക്റ്റ് പ്രാബല്യത്തില്‍. യൂറോപ്യന്‍ യൂണിയനില്‍ അംഗമായ ഏതൊരു രാജ്യവും പ്രസിദ്ധീകരിക്കുന്ന ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ പുതിയ ഡിജിറ്റല്‍ സേവന നിയമത്തിന് വിധേയമായിരിക്കും. വ്യാജ വാര്‍ത്തകള്‍ മുതല്‍ ഓണ്‍ലൈന്‍ പണമിടപാടുകളിലെ തട്ടിപ്പ്, റഷ്യന്‍ ആശയങ്ങള്‍ (പ്രൊപ്പഗാണ്ട) പ്രചരിപ്പിക്കല്‍, കുട്ടികള്‍ക്ക് നേര്‍ക്കുള്ള ലൈംഗികാതിക്രമം എന്നിങ്ങനെയുള്ള ഉള്ളടക്കങ്ങള്‍ക്ക് കടിഞ്ഞാണിടുന്നതാണ് നിയമം. ഡിജിറ്റല്‍ മാധ്യമ രംഗത്തും ഓണ്‍ലൈനിലും പ്രവര്‍ത്തിക്കുന്ന ചെറുതും വലുതുമായ എല്ലാ സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമാണെങ്കിലും സ്ഥാപനങ്ങളുടെ പ്രവര്‍ത്തന വൈപുല്യത്തിന് അനുസരിച്ച് നിയമത്തിന്റെ കാഠിന്യത്തിലും ഏറ്റക്കുറച്ചിലുകളുണ്ടാകും. ഡിജിറ്റല്‍ സേവന നിയമങ്ങളിലെ ഏറ്റവും കടുപ്പമേറിയ നിയമങ്ങള്‍ ബാധകമാകുന്നത് ഫേസ്ബുക്ക്, ആമസോണ്‍ പോലെയുള്ള 17 ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ക്കാണ് (വെരി ലാര്‍ജ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം). അതുപോലെ ഗുഗിള്‍, മൈക്രോസോഫ്റ്റ് ബിംഗ് പോലെയുള്ള വലിയ സര്‍ച്ച് എഞ്ചിനുകള്‍ക്കും (വെരി ലാര്‍ജ് ഓണ്‍ലൈന്‍ സര്‍ച്ച് എഞ്ചിന്‍) നിയന്ത്രണം കടുക്കും. നിബന്ധനകള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കടുത്ത പിഴയും (യൂറോയില്‍) യൂറോപ്യന്‍ യൂണിയനില്‍ ആകമാനം ഉപരോധവും ഏര്‍പെടുത്തും.
എന്തെല്ലാമാണ് പുതിയ നിയമങ്ങള്‍
ഡിജിറ്റല്‍ സര്‍വീസസ് ആക്റ്റിനെ പ്രധാനമായും അഞ്ചു വിധത്തിലാണ് തരംതിരിച്ചിട്ടുള്ളത്.
1. വ്യാജ ഉത്പന്നങ്ങള്‍
വ്യാജ ഉത്പന്നങ്ങളുടെ വില്‍പനയാണ് ആദ്യത്തേത്. ആമസോണ്‍, ഫേസ്ബുക്ക് മാര്‍ക്കറ്റ് പ്ലേസ് എന്നിവയിലൂടെയുള്ള വ്യാജവും നിയമവരുദ്ധവുമായ ഉത്പന്നങ്ങളുടെ വില്‍പന തടയുക.
2. വ്യാജ ഉള്ളടക്കങ്ങള്‍
റഷ്യയെ അനുകൂലിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ (പ്രൊപ്പഗാണ്ട), തെരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍, വിദ്വേഷ കുറ്റകൃത്യങ്ങള്‍, പീഡനം, കുട്ടികളെ ദുരുപയോഗം ചെയ്യല്‍ പോലെയുള്ള ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ എന്നിവയ്ക്കും ഉചിതമായ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തും. യൂറോപ്യന്‍ യൂണിയനില്‍ പ്രാബല്യത്തിലുള്ള ജനങ്ങളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കപെടുന്നതായും വിവരങ്ങളുടെ ചോര്‍ച്ച ഉണ്ടാകുന്നില്ലെന്നും ഉറപ്പു വരുത്തും.
3. കുട്ടികളുടെ സംരക്ഷണം
കുട്ടികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ നല്‍കുന്ന വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിച്ച് കുട്ടികളെ ലക്ഷ്യമിടുന്ന തരത്തിലുള്ള പരസ്യങ്ങള്‍ക്ക് നിരോധനം ഏര്‍പെടുത്തും. ഫേസ്ബുക്ക് പോലെയുള്ള വലിയ സമൂഹ മാധ്യമങ്ങള്‍ക്ക് 18 വയസില്‍ താഴെയുള്ള കുട്ടികളുടെ സ്വകാര്യത, സുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിന് സുരക്ഷാ സംവിധാനങ്ങള്‍ കുറ്റമറ്റതാക്കേണ്ടി വരും. സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ഫലപ്രദമായി ക്രമീകരിച്ചതായി യൂറോപ്യന്‍ കമ്മീഷന്‍ മുമ്പാകെ ബോധിപ്പിച്ച് അനുമതി നേടണം. കുട്ടികള്‍ക്ക് നിര്‍ദേശിക്കുന്ന ഉള്ളടക്കങ്ങള്‍ (റെക്കമന്‍ഡര്‍ സിസ്റ്റംസ്) പുനഃക്രമീകരിക്കണം. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന കുട്ടികളുടെ മാനസികാരോഗ്യത്തെ ദോഷമായി ബാധിക്കുന്ന വിധത്തിലുള്ള കാര്യങ്ങള്‍ എന്തൊക്കെയെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സമൂഹ മാധ്യമങ്ങളിലെ മോശമായ ഉള്ളടക്കങ്ങള്‍ കാരണം കഴിഞ്ഞ വര്‍ഷം യുകെയില്‍ 14 വയസുള്ള മോളി റസല്‍ എന്ന കുട്ടി മരിച്ചതായി കണ്ടെത്തിയിരുന്നു.
4. വംശവും ലിംഗവും
വ്യക്തികളുടെ സെന്‍സിറ്റീവ് സ്വഭാവമുള്ള മതം, വംശം, ലിംഗം പോലെയുള്ള വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിച്ചുള്ള പരസ്യങ്ങള്‍ക്ക് വിലക്ക് ഏര്‍പെടുത്തും.
5. ഡാര്‍ക്ക് പാറ്റേണുകള്‍ക്ക് നിയന്ത്രണം
ഓണ്‍ലൈന്‍ ഉപഭോക്താക്കളെ തങ്ങള്‍ക്ക് ആവശ്യമില്ലാത്ത ഉത്പന്നങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിക്കുന്ന തരത്തിലുള്ള ഇന്റര്‍ഫേസുകള്‍, കപട തന്ത്രങ്ങള്‍ (മാനിപുലേറ്റീവ് ടെക്നിക്ക്സ്) എന്നിവ ഉപയോഗിക്കുന്ന ഡാര്‍ക്ക് പാറ്റേണ്‍ സ്ട്രാറ്റജി ഉപയോഗിക്കുന്നതില്‍ നിന്നും ഡിജിറ്റല്‍ സേവന നിയമം വിലക്കുന്നു. യൂറോപ്യന്‍ കമ്മീഷനും മറ്റ് ദേശീയ ഉപഭോക്തൃ ഫോറങ്ങളും നടത്തിയ 399 ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളുടെ പരിശോധനയില്‍ 40 ശതമാനവും ഉപഭോക്താക്കളുടെ ബലഹീനതകളെ മുതലെടുക്കുന്ന വിധത്തിലുള്ള ഡാര്‍ക്ക് പാറ്റേണുകള്‍ ഉപയോഗിക്കുന്നതായാണ് കണ്ടെത്തിയത്. ഉദാഹരണത്തിന് യൂറോപ്യന്‍ യൂണിയന്റെ പരിശോധനയില്‍ 42 സൈറ്റുകള്‍ ഉത്പന്നങ്ങള്‍ വാങ്ങിക്കുന്നതിനുള്ള വ്യാജ ടൈമറുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി. അതായത് അടുത്ത ഒരു മണിക്കൂറിലോ നിശ്ചിത സമയത്തിന് ഉള്ളിലോ ഉത്പന്നങ്ങള്‍ വാങ്ങിയില്ലെങ്കില്‍ പിന്നീട് വാങ്ങാന്‍ സാധിക്കില്ലെന്ന് തെറ്റിദ്ധരിപ്പിച്ച് ഉത്പന്നങ്ങള്‍ വാങ്ങിപ്പിക്കുക. ഇതിന് പുറമേ 70 സൈറ്റുകള്‍ ഉത്പന്നങ്ങളുടെ വില, വില കുറഞ്ഞ മറ്റ് ഉത്പന്നങ്ങള്‍, ഡെലിവറി ചാര്‍ജ് എന്നിവയുമായി ബന്ധപെട്ട വിവരങ്ങള്‍ മനഃപൂര്‍വം മറച്ചുവെച്ചതായും പരിശോധനയില്‍ കണ്ടെത്തി. ഉപോഭോക്താക്കളെ വരിക്കാരാക്കുന്നതിന് 23 സൈറ്റുകള്‍ തെറ്റായ മാര്‍ഗങ്ങള്‍ സ്വീകരിച്ചതായും കണ്ടെത്തി. എന്നാല്‍ പുതിയ നിയമത്തിന് കീഴില്‍ ഇത്തരം തട്ടിപ്പുകള്‍ ഇനി സാധ്യമല്ല.
നിയമലംഘനങ്ങള്‍ ശ്രദ്ദയില്‍പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഉപഭോക്താക്കള്‍ക്ക് ഇനി സാധിക്കും. തങ്ങളുടെ സേവനങ്ങളെ മറ്റുള്ള കമ്പനികളുടെ മുകളില്‍ പ്രതിഷ്ഠിക്കുന്ന തരത്തിലുള്ള റേറ്റിംഗുകള്‍ നല്‍കുന്നതും സ്മാര്‍ട്ട്ഫോണുകള്‍, കംപ്യൂട്ടറുകള്‍ എന്നിവയിലെ ഡിഫോള്‍ട്ട് (പ്രീ ഇന്‍സ്റ്റാള്‍ഡ്) ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്യാന്‍ സാധിക്കാത്തതും ഇനി സാധ്യമല്ല. ഉപഭോക്താക്കള്‍ക്ക് ആവശ്യമില്ലാത്ത പ്രീ ഇന്‍സ്റ്റാള്‍ഡ് ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്യാനും അവര്‍ക്ക് അനുവാദമുണ്ട്. നിയമങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയനില്‍ ആകമാനം നിരോധനം ഏര്‍പെടുത്തുന്നതിന് പുറമേ ആഗോള ലാഭ വിഹിതത്തിന്റെ ആറ് ശതമാനം വരെ പിഴയായി നല്‍കേണ്ടതായും വരും.