സമൂഹത്തില്‍ അധികാരം കയ്യാളുന്നത് ആരായിരിക്കുമെന്ന ചോദ്യത്തിന് ഭരണാധികാരി എന്നല്ല ഉത്തരം. ആത്യന്തികമായി സമൂഹത്തിന്റെ സര്‍വാധികാരി പുരുഷനാണ്. അങ്ങനെയാകണമെന്നാണ് വാശി. കാലം മാറിയിട്ടും ഇനിയുമീ സാമൂഹിക ഘടനയ്ക്കു മാറ്റം വന്നിട്ടില്ല. ഒരു കുടുംബത്തിന്റെ നാഥന്‍ പുരുഷനായിരിക്കണം, ആ ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങി കഴിയേണ്ടവളാണ് സ്ത്രീ എന്നതാണ് ഇന്നും തുടരുന്ന ആചാരം. അങ്ങനെയുള്ള സ്ത്രീ മാത്രമാണ് ഉത്തമ!
കാലാകാലങ്ങളായി പിന്തുടര്‍ന്ന് കൊണ്ടിരിക്കുന്ന ഈ സാമൂഹിക ക്രമം മുന്നോട്ടുകൊണ്ടുപോകാനാണ് സമൂഹം ഒരോ നിമിഷത്തിലും യത്‌നിക്കുന്നത്. സ്ത്രീ എന്ന വാക്കിന് പരിമിതികള്‍ എന്നും പുരുഷന്‍ എന്ന വാക്കിന് സ്വാതന്ത്ര്യം എന്നുമാണ് ‘പാട്രിയാര്‍ക്കല്‍ സൊസൈറ്റി’യുടെ നിര്‍വചനം. സമൂഹം കല്പിച്ചു നല്‍കിയിരിക്കുന്ന ചട്ടക്കൂടിനു പുറം തിരിഞ്ഞ് മുന്നോട്ട് നടക്കുന്ന സ്ത്രീകളെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ? സമൂഹം അവര്‍ക്ക് കല്‍പ്പിച്ചു നല്‍കുന്ന മാനങ്ങളെ പറ്റി ചിന്തിച്ചിട്ടുണ്ടോ?
ലോക ഭൂപടത്തിന് മുന്നിൽ മലയാളിക്ക് എന്ത് കാര്യം
ശശി തരൂരിന്റെ ഭാര്യയായിരുന്ന, അന്തരിച്ച സുനന്ദ പുഷക്കറിന്റെ ഐപിഎല്ലിലെ വിയര്‍പ്പോഹരി വിവാദം മലയാളി മറക്കാനിടയില്ല. അന്ന് അനധികൃതമായി സമ്പാദിച്ചു എന്ന ആരോപണത്തേക്കാള്‍ മാധ്യമങ്ങളടക്കം സുനന്ദയെ വേട്ടയാടിയത് സുനന്ദയുടെ വിയര്‍പ്പിന്റെ പണമായിരുന്നോ എന്ന അശ്ലീല അഖ്യാനങ്ങളായിരുന്നു. ഒരു സ്ത്രീയാതുകൊണ്ടുമാത്രമാണ് വിമര്‍ശനങ്ങള്‍ക്ക് പുറമെ താനിപ്രകാരം വേട്ടയാടപ്പെടുന്നതെന്ന് സുനന്ദ തന്നെ പലപ്പോഴും അവര്‍ത്തിച്ചിരുന്നു. വലിയ സാമ്പത്തികം ചിലവഴിക്കുന്ന ഒരിടത്ത് പുരുഷന് പകരം സ്ത്രീ എത്തിയതാണോ വിമര്‍ശകരെ കൂടുതല്‍ ചൊടിപ്പിച്ചതെന്ന ചോദ്യം അവിടെ ബാക്കിയായിരുന്നു.
ഈ ചോദ്യം ഒരിക്കല്‍ കൂടി ഉന്നയിക്കപ്പെടുന്നത് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ നേരിടുന്ന സൈബര്‍ അക്രമണത്തിന്റെയും, ചലച്ചിത്ര താരം ഭാവന താന്‍ നേരിടേണ്ടി വന്ന അപവാദപ്രചാരണം തുറന്നു പറയുകും ചെയ്യുന്ന സാഹചര്യത്തിലാണ്. ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കത്തില്‍ പല വ്യഖ്യാനങ്ങളും വന്നുകൊണ്ടിരിക്കുന്ന സാഹചര്യം കൂടിയാണിത്. ആര്യ രാജേന്ദ്രന്റെ പ്രവര്‍ത്തികളില്‍ രാഷ്ട്രീയപരമായും, അല്ലാതെയും പ്രതികൂലിക്കുന്നവരും, അനുകൂലിക്കുന്നവരും നിരവധിയാണ്. ഒരു ജനാധിപത്യ രാജ്യമെന്നിരിക്കെ വിമര്‍ശനങ്ങളും അത്യന്താപേക്ഷിതമാണ്. എന്നാല്‍ ഈ വിമര്‍ശനത്തിനപ്പുറം മേയറിന് നേരിടേണ്ടി വരുന്നത് ലൈംഗികത നിറഞ്ഞ അധിക്ഷേപങ്ങളാണ്. എന്തുകൊണ്ടാണ് ഈ ലൈംഗികതയുടെ ആയുധങ്ങള്‍ സ്ത്രീകള്‍ക്ക് നേരെ മാത്രം പ്രയയോഗിക്കപ്പെടുന്നത്. സംഭവം നടക്കുമ്പോള്‍ ആര്യയ്ക്ക് ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവിന് നേരെയോ, അതല്ലെങ്കില്‍ മറുവശത്ത് നില്‍ക്കുന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് നേരെയോ ഇത്തരം വ്യക്തി അധിക്ഷേപങ്ങള്‍ നടക്കുന്നില്ലെന്നു കാണണം.
പൊതുമധ്യത്തില്‍ വച്ച് മേയറെന്ന പദവിക്കപ്പുറം ഒരു സ്ത്രീയാല്‍ ചോദ്യം ചെയ്യപ്പെട്ട പുരുഷ മേധാവിത്വത്തിന്റെ വിദ്വേഷമാണോ ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെന്ന ചോദ്യത്തിന് കൂടി വ്യക്തമായ മറുപടി നല്‍കേണ്ടതുണ്ട്. പവര്‍ പൊളിറ്റിക്‌സിന്റെ അവസാന വാക്കായ പുരുഷന്റെ ചെയ്തികളെ ഒരു തരത്തിലും ചോദ്യം ചെയ്യരുതെന്ന പാട്രിയാര്‍ക്കല്‍ സൊസൈറ്റിയുടെ അലിഖിത നിയമം പാലിക്കാന്‍ കഴിയാതിരുന്നതുകൊണ്ടാണോ രാഷ്ട്രീയത്തിനും, വിഷയത്തിലെ പാകപ്പിഴകള്‍ക്കുമപ്പുറം ആര്യയെ ഒരുകൂട്ടം ആളുകള്‍ കടന്നാക്രമിച്ചുകൊണ്ടിരിക്കുന്നത്? പടിപ്പുരക്ക് ഇപ്പുറത്തേക്ക് തീണ്ടാരി കല്പിച്ചിരുന്ന പാണനും, പുലയനും സമൂഹത്തില്‍ ആരാധ്യരായി മാറുന്നതിന്റെ അങ്ങേയറ്റമുള്ള അസഹിഷ്ണുതയ്ക്ക് ഈ അടുത്ത കാലങ്ങളിലായി സാക്ഷ്യം വഹിച്ചതാണ് മലയാളികള്‍. അത് തന്നെയല്ലേ ആര്യ നേരിടുന്ന അധിക്ഷേപങ്ങള്‍ക്കും വഴി വച്ചിരിക്കുന്നത്. അടുക്കളയില്‍ അതിര്‍ത്തി കല്‍പ്പിച്ചിരുന്ന പെണ്ണ് അതിര്‍വരമ്പുകള്‍ ചാടി കടന്ന് ആണിന്റെ സംരക്ഷണ വലയങ്ങള്‍ ഭേദിച്ചതിന്റെ ബാക്കിപത്രമാണീ സ്ത്രീവിരുദ്ധത.
വ്യക്തമായ നിലപാടും, ഉറച്ച കാഴ്ചപ്പടുകളുമുള്ള സ്ത്രീകളെ അശ്ലീലത കൊണ്ട് നിശ്ശബ്ദയാക്കാന്‍ തുനിയുന്നതിന്റെ പിന്നിലും ഈ ആണഹന്തക്ക് ഏല്‍ക്കുന്ന കനത്ത പ്രഹരമാണ്. അതല്ലാത്തപക്ഷം ചെയ്യാനാവുന്നത് വ്യക്തിഹത്യയാണ്. സമൂഹം കല്പിച്ചു നല്‍കിയിരിക്കുന്ന ചട്ടക്കൂടിനു പുറംതിരിഞ്ഞ് മുന്നോട്ട് നടക്കുന്ന സ്ത്രീകളള്‍ക്ക് സമൂഹം കല്പിച്ചു നല്‍കുന്ന മാനങ്ങളാണവ. അതിലൂടെ വളരെ എളുപ്പത്തില്‍ പെണ്‍ബോധത്തിനെ ഇല്ലാതാക്കുമെന്ന മിഥ്യാധാരണ കൂടി ഒളിഞ്ഞിരിക്കുന്നതായി കാണാം. സമൂഹം നല്‍കിയിരിക്കുന്ന ബൈനറിക്ക് പുറത്തേക്ക് പോകുന്ന സ്ത്രീകളെ ചിത്രീകരിക്കുന്നതില്‍ പല സ്റ്റീരിയോടൈപ്പുകളുമുണ്ട്(അങ്ങേയറ്റം ബോള്‍ഡായ, ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്ന, തുടങ്ങിയവയാണീ സ്റ്റീരിയോ ടൈപ്പുകള്‍).
അത്ര എളുപ്പത്തില്‍ ഇത് സാധ്യമാകില്ലെന്ന് പലപ്പോഴും സ്ത്രീകള്‍ തന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. വ്യക്തി അധിക്ഷേപം നടത്തിയാല്‍ സ്ത്രീകള്‍ നിശബ്ധരാവുമെന്ന ധാരണകള്‍ പൊളിച്ചടുക്കിയതും ചിലച്ചിത്ര താരം ഭാവനയും, ഭാവനക്ക് പിന്തുണ നല്‍കിയ വുമണ്‍ കളക്റ്റീവിനും കാര്യമായ പങ്കുണ്ട്. സിനിമ പ്രമോഷന്റെ ഭാഗമായി നടന്ന പരിപാടിക്കിടയില്‍ ഭാവന തുറന്നു കാണിച്ചത് ഒരു വിഭാഗം മലയാളികളുടെ മനോവൈകൃതമായിരുന്നു. ഭാവന, ചിരിച്ചുകൊണ്ടാണ് പറഞ്ഞതെങ്കിലും, മറുപുറത്ത് ആ സംഭവം വിരല്‍ ചൂണ്ടുന്നത് സമൂഹത്തിന്റെ ഇത്തരം വികലമായ കാഴ്ചപ്പാടിലേക്ക് തന്നെയാണ്. ”ഞാന്‍ മരിച്ചുപോയെന്ന് കേട്ടിട്ടുണ്ട്, പുറത്ത് പറയാന്‍ കൊള്ളാത്ത പലതും ഞാന്‍ കേട്ടിട്ടുണ്ട്. ഞാന്‍ അമേരിക്കയില്‍ പോയി അബോര്‍ഷന്‍ ചെയ്തു, കൊച്ചിയില്‍ അബോര്‍ഷന്‍ ചെയ്തു, അബോര്‍ഷന്‍ ചെയ്തു ഞാന്‍ മരിച്ചു പോയി, അങ്ങനെ പലതും കേട്ടിട്ടുണ്ട്”; ഭാവന എന്ന സ്ത്രീക്ക് കേള്‍ക്കേണ്ടി വന്ന ആക്ഷേപങ്ങളാണ്. സമൂഹത്തിന്റെ ബൈനറികള്‍ പ്രകാരം വ്യക്തിഹത്യക്ക് ഏറ്റവും അനുയോജ്യമാകുന്നത് ഇത്തരം ലൈംഗിക ചുവ കലര്‍ന്ന ആരോപണങ്ങള്‍ തന്നെയാണ്. ഈ ആരോപണങ്ങളെ തള്ളിക്കളയാന്‍ ഭാവനയ്ക്കാവുന്നതും ആ ബോധ്യത്തില്‍ നിന്നുകൊണ്ടായിരിക്കണം. അതുകൊണ്ടുതന്നെയാണ് ഈ ആണ്‍ മേല്‍ക്കോയ്മയെ ഭാവന നിറഞ്ഞ ചിരിയോടെ നേരിടുന്നതും.
ഭാവനയും ആര്യയും പ്രിവിലേജുകള്‍ ഉള്ളവരായതുകൊണ്ട്, അവര്‍ക്കിതൊക്കെ നേരിടാനാകുന്നു എന്നു കരുതരുത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭയപ്പെട്ടു പോകുന്നവരായിരിക്കും ഭൂരിപക്ഷവും. പക്ഷേ, ഭയക്കുന്നവര്‍ ഒന്നോര്‍ക്കണം, ഈ പേടി തന്നെയാണ് നമ്മുടെ ശത്രുക്കളുടെ ധൈര്യം. അശ്ലീലം പറഞ്ഞാല്‍ പേടിച്ച് നിശബ്ദയാകുന്നവള്ളല്ല പെണ്ണെന്ന് തെളിയിക്കുന്നിടത്താണ്, നമ്മുക്കവരെ ജയിക്കാന്‍ സാധിക്കുന്നത്, നമുക്കിവിടെ ജീവിക്കാന്‍ സാധിക്കുന്നത്. ആര്യയും ഭാവനയും പറഞ്ഞുതരുന്നതുമതാണ്.
English Summary; Mayor arya rajendran and actress bhavana’s reactions over cyber harassment