April 25, 2025 |
Share on

ലോക ഭൂപടത്തിന് മുന്നിൽ മലയാളിക്ക് എന്ത് കാര്യം

നമ്മുടെയാ നിവിനെ തിരിച്ചു കിട്ടിയിട്ടുണ്ടേ…

പറയത്തക്ക വിദ്യാഭ്യാസമോ, ജോലിയോ ഇല്ലാത്ത സാധാരണക്കാരനായ മലയാളി. പാടത്തും പറമ്പിലും ക്രിക്കറ്റ് ഹരമാക്കിയ ശരാശരി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകന്‍. സമാനാ ചിന്തഗതിക്കാരാനൊരാള്‍ ഉറ്റതോഴനായി കൂടെ ഉണ്ടെന്നതൊഴിച്ചാല്‍ അതില്‍ കവിഞ്ഞ് പ്രത്യേകതകളൊന്നും ആല്‍പ്പറമ്പില്‍ ഗോപിക്ക് പറയാനില്ല.Malayali from India’

അങ്ങനെയൊരാള്‍ ഭൂപടത്തിലെ മനുഷ്യരില്‍ വ്യത്യസ്തനാകുന്നത് എങ്ങനെയാണ്? ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് എന്ന വിദ്യാഭ്യസ യോഗ്യത മാത്രമുള്ള ആ മലയാളിക്ക് മറ്റൊരാളില്‍ പ്രതീക്ഷയുടെ വെളിച്ചമാകാന്‍ സാധിക്കുന്നതെങ്ങനെയാണ്? പുസ്തകത്തിന്റെയും പഠിപ്പിന്റെയും ശക്തി ഒരിക്കല്‍ കൂടി ലോകത്തിനു തെളിയിച്ചു കൊടുക്കാന്‍ കഴിഞ്ഞതെങ്ങനെയാണ്? ഭൂപടത്തിന് മുന്നില്‍ ആല്‍പ്പറമ്പില്‍ ഗോപി തലയുയര്‍ത്തി നില്‍ക്കുന്നത് ആ ചോദ്യങ്ങളുടെ ഉത്തരങ്ങളിലൂടെയാണ്.

ഒരു പണിക്കും പോകാത്ത രണ്ട് സുഹൃത്തുക്കളുടെ ജീവിതത്തിലൂടെയാണ് ഡിജോ ജോസ് ആന്റണി ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’ തുടങ്ങുന്നത്. അവിടെ നിന്നും സമകാലീക രാഷ്ട്രീയ അന്തരീക്ഷവും അതിലൂടെ സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങളും അതീവ ഗൗരവത്തില്‍ ചിത്രം കൈ കാര്യം ചെയ്യുകയാണ്. ഡീപ് പൊളിറ്റിക്‌സ് ചര്‍ച്ച ചെയുന്ന ഫണ്‍ എന്റര്‍ടെയ്‌നര്‍ എന്ന വിശേഷണം എന്തുകൊണ്ടും യോജിക്കുന്നൊരു ചിത്രം. അല്‍പ്പറമ്പില്‍ ഗോപിയുടെയും, ആത്മാര്‍ത്ഥ മിത്രം മല്‍ഘോഷിന്റെയും നാട്ടിന്‍പുറ ജീവിതത്തിലൂടെ കടന്നുപോകുന്ന ആദ്യ പകുതി കാലിക പ്രസക്തിയുള്ള വിഷയമാണ് സംസാരിക്കുന്നത്. സിനിമ ചര്‍ച്ച ചെയ്യുന്ന രാഷ്ട്രീയം കണ്ടിരിക്കുന്നവരിലേക്ക് എളുപ്പത്തിലെത്തുന്നത് ചിത്രം കൈകാര്യം ചെയ്തിരിക്കുന്ന രീതിയിലൂടെയാണ്. നര്‍മത്തിലൂടെയും, വൈകാരിക രംഗങ്ങളിലൂടെയും ആ രാഷ്ട്രീയം പറഞ്ഞുവെക്കാനും, പ്രേക്ഷകരിലെത്തിക്കാനും ഡിജോക്ക് കഴിഞ്ഞിട്ടുണ്ട്. സ്‌ക്രീനില്‍ അധികം തെളിഞ്ഞു കണ്ടിട്ടില്ലാത്ത നിവിന്‍ പോളി-ധ്യാന്‍ കൂട്ടുകെട്ട് പ്രേക്ഷകരില്‍ ചിരി പടര്‍ത്തുന്നുണ്ട്. ശക്തമായ കഥാപാത്ര സാന്നിധ്യത്തിലൂടെ മഞ്ജു പിള്ളയും, സലിം കുമാറും ഒരിക്കല്‍ കൂടി വിസ്മയിപ്പിക്കുന്നുണ്ട്.

കഥയുടെ രണ്ടാം പകുതിയില്‍ മലയാളിക്ക് വളരെയധികം സുപരിചതമായ പല സന്ദര്‍ഭങ്ങളും കടന്നുവരുന്നുണ്ട്. അത് കൂടുതലായി കണ്ടുവന്നിട്ടുള്ളതും പ്രവാസം, ഇന്ത്യന്‍ ആര്‍മി എന്നിവ പ്രമേയമാകുന്ന ചിത്രങ്ങളിലാണ്. എന്നാല്‍ ഒട്ടും വിരസതയില്ലതെ ഈ രംഗങ്ങളൊക്കെ ആസ്വാദന മികവിലെത്തിക്കുന്നതില്‍ നിവിന്‍ പോളി വിജയിച്ചിരിക്കുകയാണ്. ക്വീന്‍, ജനഗണമന തുടങ്ങിയ ചിത്രങ്ങളുടെ ഹൈലറ്റ് എന്ന് പറയാനാവുന്നത് കോര്‍ട്ട് റൂം ഡ്രാമപോലുള്ള രംഗങ്ങളും ജനഗണമനയിലെ ക്ലാസ് മുറി രംഗവുമാണ്. ഒരളവുവരെ രണ്ടാം പകുതിയില്‍ പ്രേക്ഷകര്‍ കാത്തിരുന്നതും അത്തരം തീവ്ര നിമിഷങ്ങള്‍ക്ക് വേണ്ടിയായിയുന്നു. അവിടെയും സിനിമ മറ്റൊരു തരത്തിലേക്ക് വ്യതിചലിക്കുന്നു. സൗഹൃദത്തിന്റെ വൈകാരിക ഭാഷയില്‍ അതിശക്തമായ രാഷ്ട്രീയം പറയുകയാണ്. കൂടുതല്‍ വിവരങ്ങള്‍ സിനിമയുടെ കഥാതന്തു വെളിപ്പെടുത്തുമെന്നതിനാല്‍ ഇവിടെ ചേര്‍ക്കുന്നില്ല.

സിനിമയിൽ ഗോപിയെ പാകിസ്താനി മുറിയിലേക്ക് ഉറങ്ങാനായി ക്ഷണിക്കുന്ന ഒരു രംഗം കല്ലുകടിക്കുന്നുണ്ട്. ഹാസ്യത്തിന് വേണ്ടി സ്വവർഗ്ഗരതിയെ പതിവ് സ്റ്റീരിയോടൈപ് രീതികളിലേക്ക് വലിച്ചിട്ടത് അനുചിതമായിരുന്നു. സമൂഹമാധ്യമങ്ങളിൽ നിന്ന് പോലും അങ്ങേയറ്റം അകാരണമായ വെറുപ്പ് നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കൂട്ടം ആളുകളെ വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള ഒരു ചിത്രം ഇങ്ങനെയായിരുന്നോ പരിഗണിക്കേണ്ടിയിരുന്നത് ?

സിനിമയുടെ പ്രധാന ആകര്‍ഷണം ആല്‍പ്പറമ്പില്‍ ഗോപിയാണെന്ന് നിസംശയം പറയാം. മലയാളി പ്രേക്ഷര്‍ക്ക് എവിടെയൊക്കെയോ വച്ച് നഷ്ടപ്പെട്ടെന്നു കരുതിയ ഒരു നിവിന്‍ പോളി ഉണ്ടായിരുന്നു. ആ നിവിന്‍ എവിടെയും പോയിട്ടില്ലെന്നുറപ്പിക്കാം. മലയാളി ഫ്രം ഇന്ത്യ അക്ഷരം പ്രതി നിവിനിസം ആണ്. കൂട്ടുകരന്റെ മോട്ടിവേഷന്‍ കൊണ്ട് കുഴിയില്‍ ചാടുന്ന ഉമേഷിനെയും, ക്രിക്കറ്റിനെയും നീലക്കുപ്പായത്തിനെയും പ്രേമിച്ച രമേശനെയും, മരുഭൂമിയില്‍ അതിജീവനത്തിന്റെ വഴി തേടിയ ജെറിയെയും ഒരിക്കല്‍ കൂടി കണ്ണില്‍ തെളിയും. ഇമോഷണല്‍ സീനുകള്‍ അതിഗംഭീരമായി കൈകാര്യം ചെയ്യുന്ന, ശരീര ഭാഷ കൊണ്ട്, ആത്മഗതം പോലെ പറയുന്ന സംഭാഷണങ്ങള്‍ കൊണ്ട് സ്‌ക്രീനിന് മുന്നിലിരിക്കുന്ന പ്രേക്ഷരെ കയ്യടിപ്പിക്കുന്ന, ചിരിപ്പിക്കുന്ന ‘നിവിന്‍ പോളി’ തിരിച്ചു വന്നിട്ടുണ്ട്. അഭിമുഖം കൊണ്ട് മാത്രമല്ല അഭിനയം കൊണ്ട് കൂടിയാണ് ജനപ്രിയനാകുന്നതെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുയാണ് ധ്യാന്‍. ചിത്രം കണ്ടിറങ്ങുന്നവര്‍ ‘ഭാരത് മാതാ കി’എന്നുച്ചരിക്കുന്ന മല്‍ഘോഷിനെ എങ്ങനെ മറക്കാനാണ്!

‘മലയാളി ഫ്രം ഇന്ത്യ’ ഒരു ആഗോള മലയാളി ചിത്രമാണ്. അതിനു പല കാരണങ്ങളുമുണ്ട്. അതിന് മലയാളിയുടെ നിര്‍വചനം ഒരിക്കല്‍ കൂടി ഓര്‍ക്കേണ്ടിയിരിക്കുന്നു. അതില്‍ പ്രധാനം, എന്തിനെയും വെല്ലുവിളിച്ചു അതിജീവിക്കാനുള്ള കരുത്താണെങ്കില്‍, മറ്റൊന്ന് വിവേചനങ്ങളില്ലാതെ, വ്യത്യസങ്ങളില്ലാതെ കൂടെയുളള മനുഷ്യരെ ചേര്‍ത്ത് നിര്‍ത്താനുള്ള മനോഭാവമാണ്. ഈ വിശേഷണങ്ങളാണ് മലയാളിയെ ലോകഭൂപടത്തിന് മുന്നില്‍ വ്യത്യസ്തനാക്കുന്നത്. ഇന്ന് കുറെയൊക്കെ മാറിയ മലയാളിയെ, അവന്‍ പുതിയതായി പഠിച്ച പ്രത്യേക രാജ്യസ്‌നേഹത്തിന് അപ്പുറത്തേക്കു കാര്യങ്ങള്‍ മനസിലാക്കിച്ചുകൊണ്ട് പലതും ഈ സിനിമ ഓര്‍മിപ്പിക്കുന്നുണ്ട്. അതിനു വഴിയൊരുക്കിയിരിക്കുന്നത്, രാഷ്ട്രീയ കണ്ണിലൂടെ നോക്കുമ്പോള്‍ ശത്രുക്കളായി മാത്രം തോന്നുന്ന ഒരു ജനതയിലൂടെയാണ്. മതം അധികാരം കയ്യാളുന്ന രാജ്യത്ത് അടിസ്ഥാനവര്‍ഗമായ സാധാരണക്കാര്‍ക്ക് സ്വാതന്ത്രത്തിനൊപ്പം, അടിയറവു വെയ്‌ക്കേണ്ടത് പ്രത്യാശകളും പ്രിയപെട്ടവരുടെ ജീവനും കൂടിയാണ്. ആ വ്യഥകളും അങ്ങേയറ്റം തീവ്രമായി പറഞ്ഞുവച്ചിട്ടുണ്ട് ഈ സിനിമ.

English summary; Malayali from India movie review

Leave a Reply

Your email address will not be published. Required fields are marked *

×