വാഹനമോടിക്കാന്‍ അറിയാത്ത 17കാരന്‍ പോര്‍ഷേ കാര്‍ അമിതവേഗത്തില്‍ ഓടിച്ച് കയറ്റി ബൈക്ക് യാത്രികരായ രണ്ട് പേരുടെ ജീവനെടുത്തു. പൂനെയിലാണ് സംഭവം. വാര്‍ത്ത കേട്ട ഭൂരിഭാഗവും പോര്‍ഷേ കാര്‍ സ്വന്തമായുള്ള 17കാരന്‍ ആരാണെന്നായിരിക്കും തിരഞ്ഞിരിക്കുക. മാധ്യമങ്ങളുടെ തലകെട്ടുകളിലും തിളങ്ങി നിന്നത് പ്രായപൂര്‍ത്തിയാവാത്ത ആ പയ്യന്‍ തന്നെയായിരുന്നു. പക്ഷെ അത് ആ പയ്യന്‍ ചെയ്ത കുറ്റത്തിന്റെ ആഴത്തെ കുറിച്ചോ, കിട്ടാവുന്ന ശിക്ഷയെ കുറിച്ചോ ഉള്ള ചര്‍ച്ചയായിരുന്നില്ല. പകരം ആ 17കാരനെ പോലീസുകാര്‍ അടക്കം എങ്ങനെ സ്വീകരിച്ചു എന്നതിനെ കുറിച്ചായിരുന്നു. രണ്ട് ജീവനെടുത്ത കുട്ടിയ്ക്ക് അന്ന് തന്നെ ജാമ്യം കിട്ടി. സ്‌റ്റേഷനില്‍ നിന്ന് രാജകീയ സ്വീകരണവും. 18 വയസാവാതെ വാഹനം ഓടിക്കാന്‍ പാടില്ലെന്നും തനിക്ക് നന്നായി ഡ്രൈവിങ് അറിയില്ലെന്നും പയ്യന്‍ തന്നെ സമ്മതിക്കുന്നു. എന്നിട്ടും വാഹനം ഓടിക്കുന്നു, അതും മദ്യപിച്ച്. അതായത് ബോധപൂര്‍വ്വമായ നരഹത്യയാണ് നടന്നെതെന്ന് ഈ മൊഴികളില്‍ നിന്ന് തന്നെ മനസിലാക്കാം. പിന്നീട് വരുന്നത് നഗരത്തിലെ അതിസമ്പന്നന്റെ മകന്റെ ആഡംബര ജീവിതത്തിന്റെ വിശദാംശങ്ങളാണ്. അപ്പോഴും പ്രിവിലേജ് ഏതുമില്ലാതെ തെരുവില്‍ പൊലിഞ്ഞ രണ്ട് ചെറുപ്പക്കാരുടെ മൃതദേഹം മോര്‍ച്ചറിയില്‍ കിടക്കുകയാണ്. അവരുടെ വീട്ടുകാരുടെ നഷ്ടത്തെ കുറിച്ചോ ആ ചെറുപ്പക്കാരുടെ ജീവിതത്തെ കുറിച്ചോ ആരും ചര്‍ച്ച ചെയ്തില്ല. കാരണം പണക്കാരന് മാത്രമുള്ളതാണ് ജീവിതം. സാധാരണക്കാരന്റെ ജീവിതത്തിന്റെ ഉത്തരവാദിത്വം അവന്റേത് മാത്രമാണ്. ഈ വിധത്തിലേക്ക് പൊതുബോധം മാറിക്കഴിഞ്ഞു. നിരത്തിലെ ഇത്തരം അപകട മരണങ്ങള്‍ തീര്‍ത്തും നോര്‍മലൈസ് ചെയ്യപ്പെട്ടതിന്റെ അവസാന ഉദാഹരണം മാത്രമാണ് ഇത്. നിയമങ്ങളും നിയമപാലകരും പോലും അതാണ് കാലങ്ങളായി കാണിച്ച് തരുന്നതും.
പുനെയിലുണ്ടായത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. നേരത്തെ ബോളിവുഡ് താരം സല്‍മാന്‍ ഖാനും ഇത്തരം കേസിന്റെ പേരില്‍ കുപ്രസിദ്ധി നേടിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഹിറ്റ് ആന്‍ഡ് റണ്‍ എന്ന പേരില്‍ പോലീസ് റെക്കോര്‍ഡുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന കേസാണിത്. ഡിസംബര്‍ 28, 2002ലായിരുന്നു ആ സംഭവം. അര്‍ധരാത്രി സല്‍മാന്‍ മദ്യപിച്ച് ഓടിച്ച ലാന്‍ഡ് ക്രൂയിസര്‍ കാര്‍ കയറിയത് തെരുവോരത്ത് കിടന്നുറങ്ങിയ ആളുകളുടെ ദേഹത്തുകൂടിയായിരുന്നു. ഒരാളുടെ ജീവനെടുത്ത അപകടം നാല് പേര്‍ക്ക് അംഗവൈകല്യം അടക്കമുള്ള ശാരീരിക ബുദ്ധിമുട്ടുകളാണ് സമ്മാനിച്ചത്. പിന്നാലെ സല്‍മാന്‍ അറസ്റ്റിലാവുന്നതും മദ്യപിച്ചോ എന്നറിയാന്‍ രക്ത സാംപിള്‍ എടുക്കുന്നതുമൊക്കെ രാജ്യം കണ്ടു. ഒപ്പം ദിനേന മാറി മറിഞ്ഞെത്തിയ കഥകള്‍ക്കും സാക്ഷിയായി. ബാന്ദ്ര പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ സല്‍മാന്‍ അല്ല പകരം അദ്ദേഹത്തിന്റെ ഡ്രൈവറാണ് വാഹനം ഓടിച്ചതെന്ന കഥ വരെ യാതൊരു തരം എതിര്‍പ്പുകളുമില്ലാതെ ജനം വിഴുങ്ങി. 10 വര്‍ഷത്തെ തടവ് ശിക്ഷയാണ് ആദ്യ ഘട്ടത്തില്‍ സല്‍മാന് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നത്. വിചാരണ കോടതി സല്‍മാനെ ശിക്ഷിച്ചെങ്കില്‍ ഒടുവില്‍ കേസില്‍ മേല്‍ക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയതോടെ ആ നാടകത്തിന് പര്യവസാനമുണ്ടായി.
കേരളത്തിന് പുറത്ത് എന്ന് പറഞ്ഞ് തള്ളികളയാനാവുന്നതല്ല ഈ കഥകളൊന്നും. കാരണം ഇത്തരത്തില്‍ പത്രപ്രവര്‍ത്തകനായ കെ എം ബഷീര്‍ കൊല്ലപ്പെട്ടിട്ട് അധികം കാലമായില്ല. പ്രതിയായിരുന്ന ശ്രീറാം വെങ്കിട്ടരാമനെന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ഇപ്പോഴും ഒന്നും സംഭവിക്കാതെ ഈ സമൂഹത്തില്‍ തന്നെ കഴിയുന്നുണ്ട്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി പോവുകയായിരുന്ന കെ എം ബഷീറിനെയാണ് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ ഇടിച്ചു തെറിപ്പിച്ചത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപത്തായിരുന്നു അപകടം. എന്നിട്ടും പുലര്‍ച്ചെ നടന്ന അപകടത്തിന്റെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് പോലും രാവിലെ ഏഴുമണിക്ക് ശേഷം മാത്രമായിരുന്നു. ശ്രീറാമിന് മദ്യത്തിന്റെ മണമുണ്ടായിരുന്നുവെന്ന് ആദ്യം പരിശോധിച്ച ഡോക്ടര്‍ രേഖപ്പെടുത്തിയിരുന്നു. പക്ഷേ പോലീസ് അനാസ്ഥ കാരണം രക്തപരിശോധന വൈകി. മണിക്കൂറുകള്‍ക്ക് ശേഷം രക്തപരിശോധന നടത്തിയെങ്കിലും മദ്യപിച്ചിരുന്നുവെന്ന് തെളിയിക്കാനായില്ല. പോരാത്തതിന് പോലീസ് തന്നെ ശ്രീറാമിന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കാനുള്ള സൗകര്യവും നല്‍കി. കേസിലെ വീഴ്ചകളുടെ പേരില്‍ കോടതിയില്‍ നിന്ന് വരെ പോലീസ് പഴി കേട്ടു. പക്ഷെ ഒന്നും ഉണ്ടായില്ല. പണത്തിന്റെയും അധികാരത്തിന്റെയും പേരില്‍ ഇത്തരക്കാര്‍ കളികള്‍ തുടരുമ്പോള്‍ നഷ്ടമാവുന്നത് പലപ്പോഴും കുടുംബത്തിന്റെ അത്താണിയും എല്ലാ പ്രതീക്ഷകളുമാണ്.
മുകളിലെ സംഭവങ്ങളിലെല്ലാം ഒരാളുടെ അശ്രദ്ധകാരണം പൊലിഞ്ഞത് സാധാരണക്കാരന്റെ ജീവിതമാണ്. വില്ലന്‍മാരാവുന്നത് ആവട്ടെ നിയമം പാലിച്ച് മറ്റുള്ളവര്‍ക്ക് മാതൃകയേണ്ട ഉന്നത ഉദ്യോഗസ്ഥരും. ശ്രീറാം വെങ്കിട്ടരാമനും സല്‍മാന്‍ ഖാനുമെല്ലാം രക്ഷപ്പെട്ടത് തങ്ങള്‍ നടത്തിയത് സാധാരണ മോട്ടോര്‍ വകുപ്പ് പ്രകാരമുള്ള കേസ് മാത്രമാണെന്ന വാദത്തിലൂടെ ആയിരുന്നു. അതായത് മനപൂര്‍വ്വമല്ലാത്ത നരഹത്യാ കേസ്. ഇന്ത്യന്‍ ക്രിമിനല്‍ ശിക്ഷാ നിയമത്തിലെ 304, 201 പ്രകാരമുളള കുറ്റം ചുമത്തിയുളള വിചാരണയില്‍ നിന്ന് ഇരുവരും രക്ഷപ്പെട്ടത് തെളിവുകളുടെ അഭാവത്തിലായിരുന്നു. ഇനി 17കാരനായ പയ്യന് ലഭിക്കാന്‍ പോവുന്ന ശിക്ഷ ജൂവനൈല്‍ നിയമത്തിന് കീഴില്‍ വരുന്നതിനാല്‍ 25 വയസ് വരെ ലൈസന്‍സ് ലഭിക്കില്ല എന്നതാണ്. ഒപ്പം പിഴയും ലഭിക്കാം. ജുവൈനല്‍ ജസ്റ്റിസ് നിയമത്തിലെ 199 എ പ്രകാരമായിരിക്കും ഇത് നല്‍കുക എന്ന് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു. കൂടാതെ പ്രായപൂര്‍ത്തിയാവാത്തയാള്‍ക്ക് വാഹനം നല്‍കിയതിന്റെ പേരില്‍ മാതാപിതാക്കള്‍ക്ക് 3 വര്‍ഷം വരെ തടവാണ് നിയമം അനുശാസിക്കുന്നത്. എന്നാല്‍ അപൂര്‍വ്വമായി മാത്രമാണ് അത് കോടതി നല്‍കിയിട്ടുള്ളത്. മിക്കവാറും രാവിലെ മുതല്‍ വൈകിട്ട് വരെ കോടതിയ്ക്ക് പുറത്ത് നില്‍ക്കുന്നത് പോലെയുള്ള ശിക്ഷകളില്‍ അത് അവസാനിക്കാറാണ് പതിവെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
English summary: hit-and-run case in India