June 26, 2026 |
Share on

സല്‍മാന്‍ മുതല്‍ ഉമര്‍ വരെ; ഡോ. ഉമറിന്റെ ഫരീദാബാദ് ബന്ധം പോലീസ് തിരിച്ചറിഞ്ഞതെങ്ങനെ?

കാര്‍ പൊട്ടിത്തെറിക്കുമ്പോള്‍ ഓടിച്ചിരുന്നത് ഉമര്‍

ഡല്‍ഹിയിലെ റെഡ് ഫോര്‍ട്ടിന് സമീപം കഴിഞ്ഞ ദിവസം നടന്ന സ്‌ഫോടനത്തിന് കാരണമായ കാര്‍ ഭീകരവാദബന്ധമുണ്ടെന്ന് സംശയിക്കുന്ന കശ്മീര്‍ കേന്ദ്രീകരിച്ചുള്ള ഡോക്ടറുടേതാണെന്ന് റിപ്പോര്‍ട്ട്. സ്‌ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും 21 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്ലിലെ രണ്ട് ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരമനുസരിച്ച്, പുല്‍വാമ സ്വദേശിയായ ഡോ. ഉമര്‍ ഉന്‍ നബിയാണ് സ്‌ഫോടനം നടന്ന ഹ്യുണ്ടായ് ഐ 20 കാര്‍ ഓടിച്ചിരുന്നത് എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വെളിപ്പെട്ടത്.

ഫരീദാബാദില്‍ അടുത്തിടെ 2,900 കിലോഗ്രാം അമോണിയം നൈട്രേറ്റ് ഉള്‍പ്പെടെയുള്ള വന്‍ സ്ഫോടകവസ്തു ശേഖരം പിടിച്ചെടുത്ത ഭീകരസംഘവുമായി ഡോ. ഉമറിന് ബന്ധമുണ്ടെന്ന് പ്രാഥമിക അന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഈ സംഘവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരില്‍ നിന്നുള്ള രണ്ട് ഡോക്ടര്‍മാരെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.

അന്വേഷണം ഉമറിലേക്കെത്തിയത് എങ്ങനെ?

കാറിന്റെ ഉടമസ്ഥാവകാശം കണ്ടെത്തിയതാണ് ഫരീദാബാദ് ബന്ധം മനസ്സിലാക്കാന്‍ പോലീസിനെ സഹായിച്ചത്.

”സ്‌ഫോടനത്തിന് കാരണമായ ഹ്യൂണ്ടായ് ഐ 20 കാര്‍, സല്‍മാന്‍ എന്നൊരാളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. അദ്ദേഹം അത് ദേവേന്ദര്‍ എന്നയാള്‍ക്ക് വിറ്റെന്ന് വെളിപ്പെടുത്തി. ദേവേന്ദറിനെ കസ്റ്റഡിയിലെടുത്തപ്പോള്‍ അത് താരിഖിനാണ് വിറ്റതെന്ന് പറഞ്ഞു. ഞങ്ങള്‍ താരിഖിനെ തിരയുന്നതിനിടയിലാണ് കാര്‍ അവസാനമായി ഉമറിന്റെ കൈവശമായിരുന്നുവെന്ന് കണ്ടെത്തിയത്,” അന്വേഷണ ഉദ്യോഗസ്ഥരില്‍ ഒരാള്‍ വ്യക്തമാക്കി.

”താരിഖിനുവേണ്ടി തിരച്ചില്‍ നടത്തുന്നതിനിടയിലാണ് കാര്‍ അവസാനമായി ഉമറിന്റെ കൈവശമായിരുന്നുവെന്ന് ഞങ്ങള്‍ കണ്ടെത്തിയത്. ഞങ്ങള്‍ അവനുവേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു, അപ്പോഴാണ് സ്‌ഫോടനം നടന്ന സമയത്ത് അവന്‍ ആ കാറിനുള്ളില്‍ ഉണ്ടായിരുന്നുവെന്ന് അറിഞ്ഞത്. ഉമര്‍, തന്റെ ഡോക്ടര്‍ സുഹൃത്തുക്കളായ മുസമ്മില്‍ ഷക്കീല്‍, ആദില്‍ അഹമ്മദ് എന്നിവര്‍ പ്രവര്‍ത്തിച്ചിരുന്ന അതേ ഭീകരവാദ സംഘത്തിലാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും ഞങ്ങള്‍ കണ്ടെത്തി,” ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

ഡോ. ആദില്‍ അഹമ്മദ് റാത്തറിനെ കസ്റ്റഡിയിലെടുത്ത് ദിവസങ്ങള്‍ക്കുശേഷം ഒക്ടോബര്‍ 30-നാണ് ഷക്കീലിനെ ജമ്മു കശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഫരീദാബാദിലെ അല്‍ ഫലാഹ് ആശുപത്രിയിലാണ് ആദില്‍ അഹമ്മദ് ജോലി ചെയ്തിരുന്നത്. ഇയാളെ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന്, ജമ്മു കശ്മീര്‍ പോലീസ്, ഇന്റലിജന്‍സ് ബ്യൂറോ, ഫരീദാബാദ് പോലീസ് എന്നിവരടങ്ങിയ സംയുക്ത സംഘം ഇവരുടെ ഒളിത്താവളത്തിലെത്തി. തിങ്കളാഴ്ച നടന്ന റെയ്ഡില്‍ അധികൃതര്‍ അവിടെനിന്ന് ഏകദേശം 2,900 കിലോഗ്രാം അമോണിയം നൈട്രേറ്റും ബോംബ് നിര്‍മ്മാണത്തിനുള്ള മറ്റ് വസ്തുക്കളും പിടിച്ചെടുത്തു.

മറ്റൊരു ഉദ്യോഗസ്ഥന്റെ അഭിപ്രായത്തില്‍, ഉമറിന്റെ സുഹൃത്തുക്കള്‍ അറസ്റ്റിലായ ശേഷമാണ് ഇയാള്‍ സ്‌ഫോടനം നടത്തിയിരിക്കാന്‍ സാധ്യത എന്നാണ്. ”ജമ്മു കശ്മീര്‍ പോലീസില്‍ നിന്നും അവരുടെ ബന്ധം സംബന്ധിച്ച് ഞങ്ങള്‍ക്ക് സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്. കാര്‍ പൊട്ടിത്തെറിക്കുമ്പോള്‍ ഓടിച്ചിരുന്നത് ഉമര്‍ തന്നെയായിരിക്കാനാണ് സാധ്യത” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുല്‍വാമയിലെ കോയില്‍ ഗ്രാമത്തില്‍ താമസിക്കുന്ന ഉമര്‍ ഉന്‍ നബി, ഫലാഹ് സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിലും ജോലി ചെയ്തിരുന്നു. ഡോ. ഷക്കീലിന്റെ അറസ്റ്റിനുശേഷം, പോലീസ് ഇയാള്‍ക്കായി തിരച്ചില്‍ നടത്തിയിരുന്നു. ഇരുവരും ഒരേ ഗ്രാമത്തില്‍ നിന്നുള്ളവരാണ്.

അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം (യുഎപിഎ) പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കൊലപാതകം, കൊലപാതകശ്രമം എന്നിവയുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) വകുപ്പുകളും സ്ഫോടകവസ്തു നിയമത്തിലെ വ്യവസ്ഥകളും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കാറില്‍ കൊണ്ടുപോയ സ്‌ഫോടകവസ്തു അബദ്ധത്തില്‍ പൊട്ടിത്തെറിച്ചാണോ അപകടം ഉണ്ടായതെന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. സ്‌ഫോടനത്തിന്റെ തീവ്രതയും ഉയര്‍ന്ന ചൂടും അമോണിയ ജെല്ലോ അല്ലെങ്കില്‍ സമാനമായ ഉയര്‍ന്ന ശേഷിയുള്ള സ്‌ഫോടകവസ്തുക്കളോ ആണ് ഉപയോഗിച്ചതെന്നും പോലീസ് സൂചിപ്പിക്കുന്നു.

Content Summary: How did the police trace Dr. Umar’s Faridabad connection?

Leave a Reply

Your email address will not be published. Required fields are marked *

×