UPDATES

ട്രാന്‍സ്ഫര്‍ മുതല്‍ ലൈംഗീക ചൂഷണം വരെ; ജീവനെടുക്കുന്ന ബാങ്ക് ഉദ്യോഗം

ജനങ്ങളെ പറ്റിക്കാൻ ജീവനക്കാരെ പഠിപ്പിക്കുന്ന ബാങ്കുകൾ

                       

ടാർഗറ്റ് തികയ്ക്കാത്തതിന് ജൂനിയർ ജീവനക്കാരെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ബന്ധൻ ബാങ്കിലെയും കാനറ ബാങ്കിലെയും മേലുദ്യോഗസ്ഥരുടെ വീഡിയോ പുറത്തുവന്നത് ഈ അടുത്താണ്. ജോലിയേക്കാൾ വ്യക്തിപരമായ കാര്യങ്ങൾക്ക് മുൻഗണന നൽകിയെന്ന് പറഞ്ഞാണ് കാനറ ബാങ്ക് ഉദ്യോഗസ്ഥൻ ലോകപതി സ്വെയിൻ ജീവനക്കാർക്ക് നേരെ വീഡിയോയിൽ ശകാരവർഷം പൊഴിച്ചത്. ഇത് കാനറാ ബാങ്കിലെയോ ബന്ധൻ ബാങ്കിലെയോ മാത്രം കാര്യമല്ല. പ്രമുഖ ബാങ്കുകളെല്ലാം നടക്കുന്നത് ഇതേ കാര്യങ്ങൾ തന്നെയാണ്.
കൊള്ള ലാഭം മാത്രം ലക്ഷ്യം വച്ചുകൊണ്ട് ജീവനക്കാരെ ഇടപാടുകാരെ ചതിക്കാനുള്ള പാവകൾ ആക്കി തീർത്തിരിക്കുകയാണ് ബാങ്കുകൾ. മുതലാളിമാർ കോടികളുടെ ലാഭത്തിന് പുറകെ ഓടുമ്പോൾ ബലിയാടുകളാകുന്നത് പാവപെട്ട സാധാരണ ജനങ്ങളും ജീവനക്കാരുമാണ്. Banking sector

ബാങ്കുകളിൽ നടത്തുന്ന തട്ടിപ്പുകളെ കുറിച്ചും ജീവനക്കാർ അനുഭവിക്കുന്ന ദുരിതത്തെ കുറിച്ചും അഴിമുഖത്തോട് സംസാരിക്കുകയാണ് പ്രമുഖ ബാങ്കിലെ ജീവനക്കാരൻ.

മുഖ്യധാര മാധ്യമങ്ങൾ അടക്കം എല്ലാവരും ഒഴിവാക്കി വിടുന്ന ഒരു വിഷയമാണ് ബാങ്ക് ഉദ്യോഗസ്ഥർ അനുവഭവിക്കുന്ന വിഷമതകൾ. വളരെ ടോക്സിക്ക് ആയ തൊഴിൽ രീതിയാണ് ബാങ്കിങ് മേഖലയിൽ ഇന്ന് നില നിൽക്കുന്നത്. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് ബാങ്കിംഗ് ഒരു വ്യവസായം എന്ന രീതിയിൽ മുൻപോട്ട് പോകാൻ സാധിക്കില്ല. ജനങ്ങളിൽ നിന്ന് അമിത പലിശ ഈടാക്കി ബുദ്ധിമുട്ടിക്കുന്നതിൽ നിന്നും ചൂഷണം ചെയ്യുന്നതിൽ നിന്നും തടയാനാണ് യഥാർത്ഥത്തിൽ ബാങ്കുകൾ സ്ഥാപിക്കുന്നത് തന്നെ. നിർഭാഗ്യവശാൽ ന്യൂ ജെനറേഷൻ ബാങ്കിന്റെ വരവോടുകൂടി ബാങ്കിങ്ങ് സംസ്‍കാരം ആകെ മാറി പോയി.ഐസി ഐസിഐ, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, കൊടക് മഹിന്ദ്ര ബാങ്ക് തുടങ്ങിയ ബാങ്കുകൾ കോടികൾ ലാഭം ഉണ്ടാക്കാൻ തുടങ്ങിയത് കണ്ടതോട് കൂടി മറ്റ് ബാങ്കുകളും ഇവരുടെ അതെ തൊഴിൽ രീതി പിന്തുടരാൻ തുടങ്ങി. അതാണ് ഇത്രയും മോശം അവസ്ഥയിലേക്ക് ബാങ്ക് ഉദ്യോഗസ്ഥരെ തള്ളി വിട്ടത്. ആർബിഐയുടെ റിപോർട്ടുകൾ പ്രകാരം 30 ശതമാനം വ്യക്തികളാണ് ബാങ്കിംഗ് മേഖല ഉപേക്ഷിച്ച് പോകുന്നത്. കൊടക് മഹിന്ദ്ര ബാങ്കിൽ നിന്ന് 50 ശതമാനം ജീവനക്കാരാണ് രാജി വയ്ക്കുന്നത്. 100 ശതമാനം ജോലിക്കാരിൽ നിന്ന് 50 പേരും രാജി വയ്ക്കുമ്പോൾ ജീവനക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് എത്രത്തോളം ഉണ്ടെന്ന് മനസിലാക്കാവുന്നതേയുള്ളു.

ആത്മഹത്യക്കും ജീവിതത്തിനും ഇടയില്‍; ബാങ്ക് ജീവനക്കാര്‍ക്ക് എന്താണ് സംഭവിക്കുന്നത്?

ബാങ്കുകളിൽ ജോലിക്കെത്തുന്നവർ വളരെ കുറച്ച് നാളുകൾ മാത്രമാണ് ജീവനക്കാരായി തുടരുന്നത്, അത് കൊണ്ടുതന്നെ ഉള്ള സമയം കൊണ്ട് ലാഭം ഉണ്ടാക്കാനായി ഉപഭോക്താക്കളെ കബളിപ്പിക്കും. ചിലപ്പോൾ ജോലിചെയ്യുന്ന ബ്രാഞ്ചിലെ സഹപ്രവർത്തകരെയും പറ്റിക്കും അവർക്ക് ആരോടും പ്രതിബദ്ധത കാണില്ല. ടാർഗറ്റ് തികയ്ക്കാൻ ഏതെങ്കിലും ഉത്പന്നം ഉപഭോക്താക്കളുടെ തലയിൽ ഇട്ടിട്ട് പോവുകയും ചെയ്യും. ലാഭം കിട്ടുമെങ്കിൽ ചതിക്കാനുളള പ്രവണത എല്ലാവരിലും കൂടുതലാണ് . ഇൻസെന്റീവ് കിട്ടുന്നതിന് വേണ്ടി കുറച്ച് പൈസ നിക്ഷേപിച്ചാൽ കൂടുതൽ പണം കിട്ടും എന്ന് പറഞ്ഞ് വ്യാപകമായി ജങ്ങളെ കബളിപ്പിക്കാൻ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നത് സാധാരണ സംഭവമാണ്.

പ്രമുഖ ബാങ്കുകളിൽ പലതിലും ജീവനക്കാരെല്ലാം മാനസികാരോഗ്യത്തിന് ചികിത്സ തേടുന്നവരാണ്. കടുത്ത വിഷാദ രോഗികൾ മുതൽ , മാനസിക ആരോഗ്യ കേന്ദ്രങ്ങളിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നവർ വരെയുണ്ട്. ഉന്നതങ്ങളിൽ നിന്ന് നൽകുന്ന സമ്മർദ്ദം താങ്ങാൻ സാധിക്കാതെയാണ് അവർ ഈ അവസ്ഥയിലായത്. ടോക്‌സിക് ആയ തൊഴിൽ സംസ്കാരത്തിന്റെ ഇരകളാണ് അവരെല്ലാം. പല ബാങ്കുകളിലും ജീവനക്കാരെ ലൈംഗീകമായിവരെ ചൂഷണം ചെയ്യുന്നുണ്ട് എന്നത് മേഖലയിലുള്ള അപ്രിയ സത്യങ്ങളിൽ ഒന്നാണ്.

ട്രേഡ് യൂണിയനുകൾ ഉള്ളിടത്താണ് അതാത് കാലങ്ങളിൽ നടപ്പിലാക്കുന്ന കരാർ പ്രകാരം ശമ്പള വേദന വ്യവസ്ഥകൾ നിശ്ചയിക്കുന്നത് എന്നുള്ളതുകൊണ്ട് നേരിയ ആശ്വാസമുണ്ട്. ന്യൂ ജനറേഷൻ ബാങ്കുകളിലെ ജീവനക്കാരിൽ ഓരോരുത്തർക്കും വ്യത്യസ്ത ശമ്പളം ആണ്. തെറ്റായ പ്രവണതകൾക്കെതിരെ പ്രതികരിക്കുകയും പ്രതിഷേധങ്ങൾക്ക് മുന്നിൽ നിൽക്കുന്ന യൂണിയൻ നേതൃത്വത്തിലുള്ളവരെ തെരഞ്ഞെടുത്ത് ഉപദ്രവിക്കുന്ന തരത്തിലേക്കാണ് മാനേജ്മെന്റുകൾ പലപ്പോഴും നീങ്ങാറുള്ളത്.

എത്ര ഉപഭോക്താക്കൾ ബാങ്കിനുണ്ടെങ്കിലും ലാഭം മാത്രം മതിയെന്ന നിലപാടിലേക്കാണ് ദിവസേന പോകുന്നത്. ഇവിടെ ആർ ബി ഐ പോലും നോക്കുകുത്തിയാണ്. പരാതികൾ തന്നെ വളരെ വിരളമായാണ് നൽകുന്നത്. എന്ത് തെറ്റ് ചെയ്താലും പിഴയടച്ചാൽ തീരും എന്ന ചിന്താഗതിയാണ് എല്ലാവർക്കും. മറ്റൊരു പ്രശ്നം താൽകാലിക ജീവനക്കാരെ നിയമിക്കുന്നതിന്റെ എണ്ണം കൂടി എന്നതാണ്. തുച്ഛമായ ശമ്പളത്തിനാണ് പലപ്പോഴും ഇവരെ നിയമിക്കുന്നത്. ‘ ഫിക്സഡ് ടൈം എംപ്ലോയ്‌മെന്റ്’ എന്ന പേരിൽ സർക്കാർ തന്നെ കൊണ്ടു വന്നിട്ടുള്ള പോളിസി ആണത്. ഇത് വഴി ഇല്ലാതാകുന്നത് ഒരു സ്ഥിരം ജോലി എന്ന സംവിധാനമാണ്.

ഒരു വ്യക്തിയുടെ പണത്തിന്റെ സൂക്ഷിപ്പുകാരനാകണം ബാങ്ക്, അവിടെ തട്ടിപ്പ് നടത്താൻ പാടില്ല. ബാങ്കിൽ ഓരോ പദവിയിൽ ഇരിക്കുന്നവർ ഉപഭോക്താക്കൾക്ക് കൃത്യമായും വ്യക്തമായും കാര്യങ്ങൾ പറഞ്ഞു കൊടുക്കേണ്ടവരാണ്. ഇൻസെന്റീവും, മേലുദ്യോഗസ്ഥരിൽ നിന്നുള്ള സമ്മർദ്ദവും മൂലം തെറ്റായ വഴിയിലേക്ക് നീങ്ങുമ്പോൾ കുറ്റബോധം കൊണ്ട് ബുദ്ധിമുട്ടുന്നവർ ഏറെയാണ്.

ദേശസൽക്കരണത്തിന് മുൻപ് നിലവിലുണ്ടായിരുന്ന സ്വകാര്യ ബാങ്കുകളായ കാത്തോലിക് സിറിയൻ ബാങ്ക്, ധനലക്ഷ്മി ബാങ്ക്,ഫെഡറൽ ബാങ്ക്, എന്നിവയുടെ പൊതു സ്വഭാവം നാഷണലൈസ് ചെയ്ത ബാങ്കുകളുടേത് തന്നെ ആയിരുന്നു. പക്ഷെ വിദേശ നിക്ഷേപങ്ങൾ വന്നതോട് കൂടി ഇവയുടെ എല്ലാം സ്വഭാവം മാറി. കാത്തോലിക് സിറിയൻ ബാങ്കിന്റെ പ്രധാനപ്പെട്ട ഷെയറുകൾ ഫെയർ ഫാക്സിന്റെ കയ്യിലായതോടെ ശമ്പള പരിഷ്ക്കരണം ലഭിച്ചിട്ടില്ല. പത്ത് വർഷം മുൻപുള്ള അതേ ശമ്പളത്തിലാണ് ജോലി ചെയ്യുന്നത്. കോസ്റ്റ് റ്റു കമ്പനിയിലേക്ക് മാറണം എന്നാണ് ജീവനക്കാരോട് പറയുന്നത്. ബാങ്കിൽ സ്ഥിര ജോലിയിലുള്ളവർ പരമാവധി 1000 പേരെയുള്ളൂ. ബാക്കിയുള്ളവർ കരാർ ജോലിക്കാരാണ് അതുകൊണ്ട് തന്നെ മറ്റുള്ളവർ എന്ത് തരത്തിലുളള പ്രതിഷേധങ്ങൾ ഉന്നയിച്ചാലും കരാർ ജീവനക്കാരെ കൊണ്ട് യാതൊരു ബുദ്ധിമുട്ടുമില്ലാതെ ബാങ്ക് പ്രവർത്തിപ്പിക്കാൻ സാധിക്കും എന്ന ആത്മവിശ്വാസമാണ് ബാങ്കുകളിലൂടെ മേലധികാരികൾക്കുള്ളത്.

സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന പല വായ്പ്പകളും കൊടുക്കാതെ മറ്റ് കോർപറേറ്റുകൾക്ക് വേറെ രീതിയിൽ ധാരാളം പണം നൽകുകയും ചെയ്യുന്നുണ്ട്. മത്സരം കൂടുന്നതിന്റെ ഭാഗമായി സേവനം എന്ന രീതിയിൽ നിന്ന് മാറി അമിതമായ ലാഭത്തിന് പിന്നാലെ ഓടിക്കൊണ്ടിരിക്കുകയാണ് ബാങ്കുകൾ. ജീവനക്കാരെ ഉപയോഗിച്ച് ഇടപാടുകാരെ ചതിക്കുകയാണ് ബാങ്കുകൾ.

സേവന നിരക്കുകൾ എന്ന പേരിലും മറ്റ് പിഴകളുടെ പേരിലും അനാവശ്യ പിഴകൾ ഈടാക്കി ഇടപാടുകാരെ പരമാവധി ചൂഷണം ചെയ്യാമോ അത്രയധികം ചെയ്യുന്നുണ്ട് ഓരോ ബാങ്കും. ബാങ്കുകളുടെ പ്രധാനപ്പെട്ട വരുമാനം മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന്റെ സേവന നിരക്ക് ഈടക്കുക, ഇൻഷുറൻസ് പോലുള്ള മറ്റ് മൂന്നാം കക്ഷി ഉൽപ്പന്നങ്ങൾ ഉപയോക്താക്കളുടെ തലയിൽ കെട്ടിവക്കുന്നതും വഴിയാണ്. പക്ഷെ വലിയ കോർപറേറ്റുകൾക്ക് ഭീമമായ ലോണുകളിൽ ഇളവ് ചെയ്ത കൊടുക്കുകയും സാധാരണക്കാരന്റെ കഴുത്തിൽ കത്തിവയ്ക്കുന്നവരാണ് ഇപ്പോഴുള്ള ബാങ്കുകൾ. ഇതിനെതിരെ എല്ലാം ജനകീയ പ്രതിരോധങ്ങൾ വരണം. സാമ്പത്തിക ജ്ഞാനം നേടിയെടുത്തത് മാത്രമേ ഇത്തരം കെണികളിൽ നിന്ന് സാധാരണക്കാർക്ക് രക്ഷ നേടാൻ സാധിക്കു.ജോലി കളയും, ട്രാൻസ്ഫർ ചെയ്യും എന്ന് തുടങ്ങിയ ഭീഷണികൾ സ്ഥിരം കേൾക്കേണ്ട അവസ്ഥയാണ് ജീവനക്കാർക്ക്. മേലുദ്യോഗസ്ഥർ ജീവനക്കാരെ ഭീഷണിപ്പെടുത്താൻ ഉപയോഗിക്കുന്ന ഏറ്റവും വലിയ ആയുധം ട്രാൻസഫർ ആണ്.

 

Content summary : increasing exploitation in Banking sector

സമരിയ സൈമണ്‍

സമരിയ സൈമണ്‍

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍