UPDATES

ആത്മഹത്യക്കും ജീവിതത്തിനും ഇടയിൽ; ബാങ്ക് ജീവനക്കാർക്ക് എന്താണ് സംഭവിക്കുന്നത് ?

ബാങ്കിംഗ് ജോലി ഉപേക്ഷിച്ചു പോകുന്നവരുടെ എണ്ണം കൂടുന്നതിന് കാരണമെന്ത്?

                       

2021 ഏപ്രിൽ ഒൻപതാം തീയതിയാണ് കാനറ ബാങ്ക് കൂത്തുപറമ്പ് തൊക്കിലങ്ങാടി ശാഖാ മാനേജറായ കെ.സ്വപ്നയെ ബാങ്കിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദം മൂലമാണ് സ്വപ്ന ആത്മഹത്യ ചെയ്തതെന്ന ഡയറി കുറിപ്പും കണ്ടെടുത്തിരുന്നു. ഇത് കാനറാ ബാങ്കിൽ മാത്രം നടന്ന ഒറ്റപ്പെട്ട സംഭവമല്ല, സമാന സാഹചര്യങ്ങൾ എച്ച്ഡിഎഫ്സി , ആക്സിസ്, സിഎസ്ബി, തുടങ്ങിയ മറ്റു പ്രമുഖ ബാങ്കുകളിലും നില നിലനിൽക്കുന്നുണ്ട് എന്നാണ് മുൻ ജീവനക്കാർ തന്നെ പറയുന്നത്.  കടുത്ത മാനസിക സമ്മർദ്ദവും ജോലി ഭാരവും താങ്ങാനാകാത്തത് കൊണ്ടാണ് ബാങ്കിങ് ജോലി ഉപേക്ഷിച്ച് ജീവനക്കാർ മറ്റു മേഖലകൾ തെരെഞ്ഞെടുക്കുന്നത് എന്നാണ് അടുത്തിടെ പ്രമുഖ ബാങ്കിൽ നിന്ന് ജോലി രാജിവച്ച പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വ്യക്തി അഴിമുഖത്തിനോട് പറഞ്ഞത്. resignation trend in banking sector

ജെ എഫ് എം സമ്മർദ്ദവും 12 മണിക്കൂർ നീളുന്ന ജോലിയും

ബാങ്കിൽ ജോലി ലഭിച്ചാൽ ജീവിതവും ഭാവിയും പൂർണമായും സുരക്ഷിതമായി എന്ന ധാരണയായിരുന്നു പണ്ട്. എന്നാൽ ഇപ്പോഴത്തെ സ്ഥിതിയതല്ല. പ്രധാനമായും ജോലി ഭാരം കൂടുതലാണ് എന്ന കാരണം കൊണ്ടാണ് പലരും ബാങ്കിങ് മേഖല വിടുന്നത്.
സത്യത്തിൽ ലോൺ കൊടുക്കുന്നത് കൊണ്ട് ബാങ്കുകൾക്ക് ചെറിയൊരു ശതമാനം ലാഭം മാത്രമാണ് ലഭിക്കുന്നത്. ലോൺ അല്ലാത്ത മറ്റ് മാർഗങ്ങളായ മ്യൂച്ചൽ ഫണ്ട്, ലൈഫ് ഇൻഷുറൻസ്, ഗോൾഡ് ലോൺ ഷെയർ സംബന്ധമായ ഡി മാറ്റ് അക്കൗണ്ടുകൾ എന്നിവയിലൂടെയാണ് ബാങ്കിന് വരുമാനം ലഭിക്കുന്നത്. ജെ എഫ് എം (ജനുവരി,ഫെബ്രുവരി, മാർച്ച്) മാസങ്ങളിൽ ബാങ്കിലെ ജോലിക്കാർ കടന്നു പോകുന്നത് കടുത്ത സമ്മർദ്ദത്തിലൂടെയായിരുക്കും. ഈ സമയത്ത് ടാർഗറ്റും, എല്ലാ വിധ മാർക്കറ്റിങ്ങും സെയിൽസും കൂടുതലായിരിക്കും. മുൻ കാലങ്ങളിലേത് പോലെ ബാങ്കിങ് മേഖലയിൽ തൊഴിലെടുക്കുന്നവർ പൈസ വാങ്ങുക, ലോൺ അനുവദിക്കുക തുടങ്ങിയ ജോലികൾ മാത്രമല്ല ചെയ്യുന്നത്. ഇത് നാഷണലൈസ്ഡ് ബാങ്കുകളുടെ കാര്യമല്ല, മറ്റ് ഷെഡ്യൂൾഡ് ബാങ്കുകളുടെയും സ്‌മോൾ ഫൈനാൻസിങ് ബാങ്കുകളുടെയും കാര്യമാണ് പറയുന്നത്.

ഉപപോക്താക്കളെ പറ്റിക്കുന്നുവെന്ന കുറ്റബോധം

ഓരോ സമയത്തും ബാങ്കുകളിൽ ഓരോ ഡ്രൈവ് ആയിരിക്കും, അതായത് ഒരു ആഴ്ചയിൽ ഇൻഷുറൻസിന് വേണ്ടിയുള്ളതാണെകിൽ അടുത്ത ആഴ്ച ഗോൾഡ് ലോണിനുള്ളതായിരിക്കും. ബാങ്കിലെ ജോലിക്കാർക്ക് നൽകുന്ന ടാർഗറ്റ് എത്തിക്കാൻ പലപ്പോഴും കഴിയാതെ വരുന്ന സാഹചര്യമുണ്ടാകും. മറ്റൊരു പ്രശ്നം ചില ബാങ്കുകളുടെ ഉടമസ്ഥാവകാശം ഇന്ത്യയിലുളള കമ്പനികൾക്കാകണം എന്നില്ല. അതായത് 50 ശതമാനത്തിൽ കൂടുതൽ ഷെയർ ഉള്ള ഇന്ത്യക്ക് പുറത്തുള്ള കമ്പനികളുടെ കയ്യിലായിരിക്കും. ഫെയർ ഫാക്സ് എന്ന കനേഡിയൻ കമ്പനി ഇതിനൊരു ഉദാഹരമാണ്‌. കാത്തോലിക് സിറിയൻ ബാങ്കിന്റെ വലിയൊരു ഭാഗം ഷെയറും ഈ കമ്പനിയുടെ കയ്യിലാണ്. ഇത്തരത്തിൽ ഇന്ത്യക്ക് പുറത്തുള്ള പണമിടപാട് സ്ഥാപനങ്ങളാണ് ഇവിടുള്ള കേരളത്തിലെ ബാങ്കുകളുടെയും പുറകിൽ. ബാങ്കുകൾ ജി എസ് ടി എന്ന പേരിലും, സർവീസ് നിരക്കുകൾ എന്ന പേരിലും ഉപയോക്താക്കളുടെ പക്കൽ നിന്നും യാതൊരു മുന്നറിയിപ്പും കൂടാതെ ഈടാക്കുന്നുണ്ട്. ഒരു പ്രമുഖ ബാങ്കിൽ സ്വന്തം അക്കൗണ്ടിലെ ബാലൻസ് മൂന്ന് തവണയിൽ കൂടുതൽ നോക്കിയാൽ 50 രൂപ പിഴ ഈടാക്കും. ഇത്തരത്തിലുള്ള തട്ടിപ്പുകൾക്ക് ജനങ്ങളെ വിധേയരാക്കേണ്ടത് ജീവനക്കാരാണ് ഇതിന്റ കുറ്റബോധവും പേറിയാണ് പലരും നടക്കുന്നത്.

ആത്മഹത്യക്കും ജീവിതത്തിനും ഇടയില്‍; ബാങ്ക് ജീവനക്കാര്‍ക്ക് എന്താണ് സംഭവിക്കുന്നത് ?

ബാങ്കിൽ പണം നിക്ഷേപിക്കാൻ വരുന്ന ഉപയോക്താവിനെ ചിലപ്പോൾ ടാർഗറ്റ് തികയ്ക്കുന്നതിന്റെ ഭാഗമായി ഏതെങ്കിലും സ്കീമിലേക്ക് ചേർക്കും. ചിലപ്പോൾ അഞ്ച് വർഷം കഴിഞ്ഞ് പണം എടുക്കാവുന്ന രീതിയിൽ ഉള്ളതായിരിക്കും. ഒന്നോ രണ്ടോ വർഷം കഴിഞ്ഞ് എന്തെങ്കിലും ആവശ്യത്തിന് ഈ തുക പിൻവലിക്കാൻ ഉപയോക്താവ് വന്നാൽ ചിലപ്പോൾ എടുക്കാൻ കഴിയണം എന്നില്ല. ആ സമയത്ത് ഇവരെ ഈ പദ്ധതിയിൽ ചേർത്ത ആരും ഉണ്ടാകില്ല, ആരാണോ ഉത്തരവാദിത്ത പെട്ട ഉദ്യോഗസ്ഥൻ അവർക്കായിരിക്കും ശകാരവർഷം ലഭിക്കുക. സേവിങ്സ് എന്ന നിലയിലായിരിക്കും കസ്റ്റമർ ബാങ്കിൽ പണം നിക്ഷേപിക്കുന്നത്. ബാങ്ക് പക്ഷെ ആ പണം നിക്ഷേപിക്കുന്നതാകട്ടെ മ്യൂച്വൽ ഫണ്ട് പോലുള്ളവയിലാകും  പക്ഷെ കസ്റ്റമർ അറിയണം എന്നില്ല. അറിയുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങളുടെ എല്ലാവിധ ഉത്തരവാദിത്തവും ഒന്നുമറിയാത്ത ജീവനക്കാർ ഏറ്റെടുക്കേണ്ടി വരും. ചില സാഹചര്യങ്ങളിൽ കസ്റ്റമറെ ലഭിക്കാതെ വരുമ്പോൾ സ്വന്തം കയ്യിൽ നിന്നും സ്വർണം എടുത്ത് ഗോൾഡ് മറ്റൊരാളുടെ പേരിൽ പണയം വെക്കേണ്ടി വരുന്ന അവസ്ഥയുമുണ്ടാകാറുണ്ട്.

പ്രൈവറ്റ് ബാങ്കുകി ൽ ജീവനക്കാർക്ക് ഒരു പോസ്റ്റ് ഉണ്ടെകിലും ഫീൽഡ് മുതൽ ക്യാൻവാസിംഗ്‌ വരെയുള്ള എല്ലാ ജോലികളും ചെയ്യേണ്ട അവസ്ഥയാണ്. പല ആളുകളെയും കാണാൻ പോകേണ്ടി വരും എല്ലാവരും ഇരു കൈനീട്ടിയായിരിക്കില്ല സ്വീകരിക്കുക. നീണ്ട ജോലി സമയം ആണ് മറ്റൊരു പ്രശനം. ബാങ്കിങ് സമയം കഴിഞ്ഞാലും മറ്റ് ജോലികൾ അവശേഷിക്കും, അത് ചിലപ്പോൾ രാത്രി പത്തു മണിവരെ നീളാം. ജോലിയും ജീവിതവും സന്തുലിതാവസ്ഥയിൽ കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യം ഉണ്ടാകും. സ്വന്തം കാര്യങ്ങൾക്ക് പോലും സമയം ലഭിക്കാത്ത അവസ്ഥയാണ് മിക്കവർക്കും. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള കോർപറേറ്ററുകളുടെ കടന്നു വരവോടു കൂടിയാണ് ഇത്തരം പ്രശ്നങ്ങളുടെ ആക്കം കൂടിയത്.

ഗുജറാത്തിലെ കൊടക് മഹിന്ദ്ര ബാങ്കിൽ നിന്ന് ലോൺ എടുത്ത് ട്രാക്ടർ വാങ്ങിയ ഒരു വ്യക്തി ലോണിന്റെ തിരിച്ചടവ് മുടങ്ങിയപ്പോൾ ബാങ്കിന്റെ കളക്ഷൻ ഏജന്റുമാർ വീട്ടിൽ വന്നു നിരന്തര ഭീഷണികൾ മുഴക്കിയതിനെ തുടർന്ന് മറ്റൊരു മാർഗ്ഗവുമില്ലാതെ ആ കുടുംബത്തിലെ നാലുപേർ ആത്മഹത്യ ചെയ്തിരുന്നു. ഈ സംഭവത്തിനു ശേഷം ബാങ്കിൽ നിന്ന് ആരും കളക്ഷന് വേണ്ടി ഉപയോക്താവിന്റെ വീട്ടിലേക്ക് പോകാൻ പാടുള്ളതല്ല എന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. പക്ഷെ ഇതെല്ലാം കാറ്റിൽ പറത്തികൊണ്ടാണ് പല ബാങ്കുകളും പ്രവർത്തിക്കുന്നത്.

ശമ്പള കുറവാണു മറ്റൊരു പ്രശ്‍നം വളരെ തുച്ഛമായ ശമ്പളം മാത്രമാണ് പലർക്കും ലഭിക്കുന്നത്. ബാങ്കിലാണ് ജോലി എന്ന പേര് മാത്രമേയുള്ളു എന്ന അവസ്ഥയാണ്. മേലുദ്യോഗസ്ഥരുടെ മാനസിക പീഡനവും ഒട്ടും കുറവല്ല. പല റിവ്യൂ മീറ്റിംഗുകളിലും വച്ച് മറ്റു സഹപ്രവർത്തകരുടെ മുമ്പിൽ അപമാനിക്കുന്നത് സ്ഥിരം സംഭവമാണ്. പിന്നെ ബാങ്കുകളുടെ ഉറപ്പിൽ പ്രവർത്തിക്കുന്ന ലൈഫ് ഇൻഷുറൻസ്, പോലുള്ള ഇതര സാമ്പത്തിക സേവനങ്ങളിൽ ഉള്ളവരുമായുള്ള മത്സരത്തിൽ നിന്നുള്ള സമ്മർദങ്ങളും ഒട്ടും കുറവല്ല.

 

content summary : the hidden truths behind the increasing resignation trend in the banking sector

 

സമരിയ സൈമണ്‍

സമരിയ സൈമണ്‍

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍