കുപ്രസിദ്ധ മെക്‌സിക്കന്‍ കാര്‍ട്ടലുകളുടെ ക്രൂരതകള്‍ ലോകത്തിന് പരിചതമാണ്. ലാറ്റിനമേരിക്കന്‍ രാജ്യത്തിന്റെ ഭാഗിക നിയന്ത്രണം അവിടുത്തെ ലഹരി മാഫിയകള്‍ക്കാണെന്നു പറയാം. സര്‍ക്കാരിനോ പൊലീസിനോ അവരെ നിയന്ത്രിക്കാന്‍ സാധ്യമല്ല, അല്ലെങ്കില്‍ അവരതിന് തയ്യാറാകുന്നില്ല. മെക്‌സിക്കന്‍ കാര്‍ട്ടലുകളുടെ ക്രൂരതകള്‍ മനുഷ്യജീവിതത്തെ എത്രത്തോളം ബാധിക്കുന്നുണ്ടെന്നതിന് നിരവധി സംഭവങ്ങള്‍ തെളിവായുണ്ട്. അതിലേറ്റവും ഭയാനകമായ ഒന്നാണ് ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ തിരോധാനം. മെക്‌സികോ ഭരണകൂടത്തിന് ഇപ്പോഴും ഉത്തരം നല്‍കാന്‍ കഴിഞ്ഞിട്ടാല്ലാത്തൊരു ക്രൈം.
മെക്‌സിക്കോയിലെ പസഫിക് തീരദേശ സംസ്ഥാനമാണ് ഗുറേറോ. തുറമുഖ പട്ടണവും വിനോദസഞ്ചാര കേന്ദ്രവുമായ അകാപുള്‍കോ ഈ സംസ്ഥാനത്താണ്. ഇവിടെ നിന്നാണ് 2014-ല്‍ 43 വിദ്യാര്‍ത്ഥികള്‍ അപ്രത്യക്ഷരാകുന്നത്. ഗുറേറോയിലെ ഒരു പ്രാദേശിക അധ്യാപക പരിശീലന കോളേജിലെ വിദ്യാര്‍ത്ഥികളെ ആയിരുന്നു കാണാതായത്. എവിടെപ്പോയി, ആരു കൊണ്ടു പോയി എന്നറിയില്ല.
ഈ വിദ്യാര്‍ത്ഥികളെ തേടിയുള്ള അന്വേഷണത്തിലായിരുന്നു രണ്ടു ഡിക്റ്റടീവുകള്‍; ഒരു പുരുഷനും ഒരു സ്ത്രീയും. കാണാതായ കുട്ടികളെ അന്വേഷിച്ചു നടന്നിരുന്ന ഇരുവരെയും ഒരു സുപ്രഭാത്തില്‍ കാണാതായി. ഗുറേറോയില്‍ നിന്നു തന്നെ. ഭാഗ്യം, രണ്ടു പേരെയും രണ്ടു ദിവസത്തിനുശേഷം കണ്ടെത്താനായി, അതും യാതൊരു പരിക്കും ഏല്‍ക്കാതെ. ഇവര്‍ക്കെന്താണ് സംഭവിച്ചതെന്നത് അജ്ഞാതം.
ഇവരെ എവിടെ നിന്നാണ് കണ്ടെത്തിയതെന്നോ, രണ്ടുപേരെയും ഏതെങ്കിലും മാഫിയ ഗ്യാങ്ങിന്റെ കൈയില്‍ നിന്നും മോചിപ്പിക്കുകയായിരുന്നോ തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.
ഡിക്റ്റടീവുകളെ കണ്ടെത്താന്‍ ഊര്‍ജ്ജിതമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നു പ്രസിഡന്റ് ആന്‍ഡേഴ്‌സ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ ചൊവ്വാഴ്ച്ച അറിയിച്ചതിനു പിന്നാലെയാണ് രണ്ടുപേരെയും കണ്ടെത്തുന്നത്. എന്നു മുതലാണ് ഡിക്ടടീവുകളെ കാണാതായതെന്നു പ്രസിഡന്റും വിശദീകരിക്കാന്‍ തയ്യാറായില്ല. ഗുറേറോ സംസ്ഥാനത്തെ തകര്‍ന്ന ക്രമസമാധന നിലയുടെ ഏറ്റവും പുതിയ അടയാളമാണ് ഡിക്ടടീവുകളുടെ തിരോധനം.
ഗുറേറോയെ കഴിഞ്ഞ ഒരു ദശാബ്ദമായി വേട്ടയാടുന്ന സംഭവമാണ് വിദ്യാര്‍ത്ഥികളുടെ തിരോധാനം. കുട്ടികളെ പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥര്‍ തട്ടിക്കൊണ്ടു പോവുകയും ഇവരെ കൊലപ്പെടുത്താന്‍ ഒരു ലഹരി മാഫിയ സംഘത്തിന് കൈമാറിയെന്നുമാണ് ആരോപണങ്ങള്‍. കാണാതായ 43 ആണ്‍കുട്ടികളെയും ലഹരി മാഫിയ സംഘം കൊലപ്പെടുത്തിയശേഷം മൃതദേഹം കത്തിച്ചു കളഞ്ഞതായാണ് വിശ്വസിക്കുന്നത്.
43 വിദ്യാര്‍ത്ഥികളില്‍ മൂന്നുപേരുടെതെന്നു കരുതുന്ന എല്ലിന്‍ കഷ്ണങ്ങള്‍ അന്വേഷോദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. മെക്‌സിക്കന്‍ കാര്‍ട്ടലുകള്‍ സജീവമായ സംസ്ഥാനത്ത് ഓരോ സംഘങ്ങളും തങ്ങളുടെ എതിരാളികളെ വകവരുത്തിയശേഷം മൃതദേഹങ്ങള്‍ തള്ളുന്ന ആളൊഴിഞ്ഞ പ്രദേശങ്ങളുണ്ട്. ഇവിടെയാണ് 43 വിദ്യാര്‍ത്ഥികളുടെയും ശരീരാവശിഷ്ടങ്ങള്‍ക്കായി പ്രധാനമായും തെരച്ചില്‍ നടക്കുന്നത്.
ഇവര്‍ എവിടെവച്ചായിരിക്കാം കൊല്ലപ്പെട്ടതെന്നും അവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ എവിടെ മറവു ചെയ്തിട്ടുണ്ടാകും തുടങ്ങിയ കാര്യങ്ങളായിരുന്നു രണ്ടു ഡിക്ടടീവുകളും വര്‍ഷങ്ങളായി അന്വേഷിച്ചുകൊണ്ടിരുന്നത്.
തെക്കന്‍ അകാപുള്‍കോയിലെ ടിക്‌സ്റ്റലയിലാണ് വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന കോളേജ്. ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ പൊലീസിനെതിരേ പ്രകടനങ്ങള്‍ നടത്തുന്നതും അവരുമായി ഏറ്റുമുട്ടന്നതും കാലങ്ങളായി നടന്നുവരുന്നതാണ്. കഴിഞ്ഞാഴ്ച്ചയാണ് ഒരു വിദ്യാര്‍ത്ഥിയെ പൊലീസ് വെടിവച്ചു കൊന്നത്. മോഷ്ടിച്ച കാറുമായി കടന്നു കളയാന്‍ ശ്രമിക്കുകയായിരുന്നു വിദ്യാര്‍ത്ഥിയെന്നും, തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ നടന്ന ഏറ്റമുട്ടലിലാണ് വിദ്യാര്‍ത്ഥിക്ക് വെടിയേറ്റതെന്നുമാണ് പൊലീസ് ഭാഷ്യം. ഈ സംഭവത്തില്‍ ഒരു പൊലീസുകാരനെ അറസ്റ്റ് ചെയ്തിരുന്നു. പ്രാഥമികാന്വേഷണത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥി തോക്ക് ഉപയോഗിച്ചിട്ടില്ലെന്നു കണ്ടെത്തിയിരുന്നു. അധികാര ദുര്‍വിനിയോഗം എന്നായിരുന്നു പ്രസിഡന്റ് ഒബ്രഡോര്‍ സംഭവത്തെ അപലപിച്ചത്. അതിനൊപ്പം ഒരു കാര്യം കൂടി പ്രസിഡന്റിന് സമ്മതിക്കേണ്ടി വന്നു. കസ്റ്റഡിയിലെടുത്ത പൊലീസുകാരന്‍ ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് കൈമാറുന്നതിനു മുമ്പായി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു. ഗുറേറോ പൊലീസ് കുറ്റാരോപിതനായ പൊലീസുകാരന്റെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തിയില്ലെന്നും അറസ്റ്റുമായി ബന്ധപ്പെട്ട പ്രോട്ടോക്കോളുകള്‍ പാലിച്ചിരുന്നില്ലെന്നുമാണ് പ്രസിഡന്റ് കുറ്റപ്പെടുത്തുന്നത്. കോളേജില്‍ നിന്നും കാണാതായവരെ കണ്ടെത്താനും പൊലീസ് വെടിവയ്പ്പിലെ വിദ്യാര്‍ത്ഥിയുടെ കൊലപാതകവും ഊര്‍ജ്ജിതമായി അന്വേഷിക്കുമെന്നു പ്രസിഡന്റ് ലോപ്പസ് ഒബ്രഡോര്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭം ശമിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ അക്രമാസക്തരായിരിക്കുകയാണ്. ചൊവ്വാഴ്ച്ച അവര്‍ ഗുറേറോയിലെ പ്രോസിക്യൂട്ടേഴ്‌സ് ഓഫിസ് തകര്‍ക്കുകയും 11 പൊലീസ് വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. നാല് ഉദ്യോഗസ്ഥര്‍ക്ക് വിദ്യാര്‍ത്ഥികളുടെ ആക്രമണത്തില്‍ പരിക്കേറ്റെന്നാണ് പ്രോസിക്യൂട്ടേഴ്‌സ് ഓഫിസ് പറയുന്നത്.
ഗുറേറോയില്‍ ലഹരി മാഫിയകള്‍ വളരെ ശക്തമാണ്. ചോദ്യം ചെയ്യപ്പെടാത്തയത്ര പ്രബലര്‍. പൊലീസില്‍ ഒരുവിഭാഗം ഇവരെ ഭയന്ന് നിശബ്ദരാവുകയും മറ്റൊരു വിഭാഗം ഇവര്‍ക്കായി ജോലി ചെയ്യുകയുമാണ്. അതുകൊണ്ട് തന്നെ തങ്ങളുടെ ക്രൂരതകള്‍ മാഫിയകള്‍ യഥേഷ്ടം തുടരുകയാണ്. കഴിഞ്ഞാഴ്ച്ച സോഷ്യല്‍ മീഡിയയില്‍ വൈറലായൊരു വീഡിയോ മാഫിയ സംഘാംഗങ്ങള്‍ അകാപുള്‍കോയില്‍ ബസ് ഡ്രൈവര്‍മാരെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെതായിരുന്നു. മെക്‌സിക്കോയുടെ ചില ഭാഗങ്ങള്‍ പൂര്‍ണമായി കാര്‍ട്ടലുകളുടെ കൈകളിലാണെന്നാണ് അമേരിക്കയുടെ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ അവ്‌റില്‍ ഹെയ്‌നസ് പറഞ്ഞത്.
കാണാതായ കുട്ടികളുടെ മാതാപിതാക്കള്‍ പ്രസിഡന്റ് ലോപ്പസ് ഒബ്രഡോറിനെ കുറ്റപ്പെടുത്തുകയാണ്. തങ്ങളുടെ മക്കളെ കണ്ടെത്താന്‍ ഫലപ്രദമായ യാതൊരു അന്വേഷണവും സര്‍ക്കാര്‍ നടത്തുന്നില്ലെന്നാണ് അവരുടെ ആക്ഷേപം. വിദ്യാര്‍ത്ഥിയെ വെടിവച്ച പൊലീസ് ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ടതും ഡിക്റ്റടീവുകളെ കാണാതായതുമെല്ലാം സര്‍ക്കാരിനെതിരായ പ്രതിഷേധം കൂടുതല്‍ ശക്തമാക്കിയിട്ടുമുണ്ട്.
കാണാതായ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ കഴിഞ്ഞാഴ്ച്ച വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധക്കാര്‍ ഒരു ട്രക്ക് ഓടിച്ച് കയറ്റി മെക്‌സികോ സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന നാഷണല്‍ പാലസിന്റെ പ്രവേശനഭാഗത്തുള്ള മരവാതില്‍ തകര്‍ക്കുകയും ചെയ്തു. പ്രസിഡന്റ് ലോപ്പസ് ഒബ്രഡോറിന്റെ ഓഫിസും വസതിയും ഇവിടെയാണ്. പ്രതിഷേധക്കാര്‍ പാലസിനകത്തുവരെയെത്തിയെന്നാണ് വിവരം. പിന്നീടിവരെ സുരക്ഷസൈനികര്‍ തുരത്തുകയും ചെയ്തു. പ്രതിഷേധക്കാര്‍ മനഃപൂര്‍വം പ്രകോപനം സൃഷ്ടിക്കുകയാണെന്നായിരുന്നു പ്രസിഡന്റിന്റെ പരാതി. കാണാതായ കുട്ടികളുടെ മാതാപിതാക്കളെ നേരില്‍ കണ്ട് സംസാരിക്കുന്നതില്‍ നിന്നും ചില മനുഷ്യാവകാശ സംഘങ്ങള്‍ തന്നെ തടയുകയാണെന്നും ലോപ്പസ് ഒബ്രഡോര്‍ പരാതിപ്പെട്ടിരുന്നു.