UPDATES

അഞ്ചു വര്‍ഷത്തിനുള്ളില്‍ കേന്ദ്ര സര്‍വകലാശാല/ ഐഐടി/ ഐഐഎമ്മുകളില്‍ നിന്ന് പഠനം ഉപേക്ഷിച്ചത് 13,626 എസ് സി/ എസ് ടി, ഒബിസി വിദ്യാര്‍ത്ഥികള്‍

എന്തുകൊണ്ടവര്‍ പഠനം മതിയാകുന്നു?

                       

പട്ടികജാതി/ പട്ടികവര്‍ഗ, ഒബിസി വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട 13,626 വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഐഐടി, ഐഐഎം, കേന്ദ്രസര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ നിന്നു പഠനം നിര്‍ത്തിയപ്പോയതായി കണക്ക്. കേന്ദ്ര വിദ്യഭ്യാസ വകുപ്പ് സഹമന്ത്രി സുഭാസ് സര്‍ക്കാര്‍ ഡിസംബര്‍ 4 ന് ലോക്‌സഭയില്‍ രേഖാമുലം നല്‍കിയ മറുപടിയിലാണ് ഈ കണക്കുള്ളത്.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള എസ്‌സി, എസ്ടി, ഒബിസി വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞ് പോക്കിന്റെ കാരണം മനസിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഏതെങ്കിലും തരത്തിലുള്ള പഠനം നടത്തുന്നുണ്ടോ എന്ന ബിഎസ് പി എംപി റിതേഷ് പാണ്ഡെയുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി. ഉന്നത വിദ്യാഭ്യാല മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നിലധികം ഓപ്ഷനുകളുണ്ട്. ഒരേ സ്ഥാപനത്തില്‍ തന്നെ ഒരു കോഴ്‌സില്‍ നിന്നോ പ്രോഗ്രാമില്‍ നിന്നോ മാറി മറ്റൊന്നു തെരഞ്ഞെടുക്കാന്‍ അവര്‍ക്ക് സാധിക്കുന്നു. ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് മാറുകയോ, അതല്ലെങ്കില്‍ ഒരു കോഴ്‌സ് അവസാനിപ്പിക്കുകയോ ചെയ്യുന്നത്, വിദ്യാര്‍ത്ഥികള്‍ അവരുടെ ചോയ്‌സിന് അനുസരിച്ചുള്ള മറ്റൊരു ഡിപ്പാര്‍ട്ട്‌മെന്റിലോ, സ്ഥാപനത്തിലോ സീറ്റ് ഉറപ്പിക്കാനോ, അതല്ലെങ്കില്‍ വ്യക്തിപരമായ മറ്റെന്തെങ്കിലും കാരണത്താലോ ആയിരിക്കും’ എന്നാണ് മന്ത്രി പറഞ്ഞത്.

വിദ്യാഭ്യാസ മന്ത്രി നല്‍കിയ കണക്കനുസരിച്ച്, 4,956 ഒബിസി, 2.424 എസ് സി, 2,622 എസ് ടി വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ കേന്ദ്ര സര്‍വകലാശാലകളില്‍ നിന്നും പാതിവഴിയില്‍ പഠനം നിര്‍ത്തി പോയിരിക്കുന്നത്. 2,066 ഒബിസി, 1,068 എസ് സി, 408 എസ് ടി വിദ്യാര്‍ത്ഥികളാണ് ഈ കാലയളവില്‍ ഐ ഐ ടി കളില്‍ നിന്നും പോയത്, ഐ ഐ എമ്മുകളില്‍ നിന്നും 163 ഒബിസിക്കാരും, 188 എസ് സിക്കാരും, 91 എസ് ടി ക്കാരും പഠനം ഉപേക്ഷിച്ചു പോയി.

കേന്ദ്ര നിയമസര്‍വകലശാലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞു പോക്കുമായി ബന്ധപ്പെട്ട കണക്കും എം പി റിതേഷ് പാണ്ഡെ ആവിശ്യപ്പെട്ടിരുന്നുവെങ്കിലും, നിയമസര്‍വകലാശാലകള്‍ സംസ്ഥാന സര്‍വകലാശാലകളാണെന്നും അതിനാല്‍ അവ സംബന്ധിച്ച വിവരങ്ങള്‍ കൈവശമില്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.

ഉന്നത വിദ്യാഭ്യാസ രംഗത്ത് സാമ്പത്തകമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിവിധ തരത്തിലുള്ള ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നാണ് മന്ത്രി അവകാശപ്പെട്ടത്. ഫീസ് ഇളവ്, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കല്‍, സ്‌കോളര്‍ഷിപ്പുകള്‍, ദേശീയതലത്തിലുള്ള സ്‌കോളര്‍ഷിപ്പുകളില്‍ മുന്‍ഗണന തുടങ്ങിയ കാര്യങ്ങള്‍ ദരിദ്ര പശ്ചാത്തലത്തിലുള്ള വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ ഒരുക്കിയിട്ടുണ്ടെന്നാണ് മന്ത്രി സുഭാസ് സര്‍ക്കാര്‍ പറഞ്ഞത്. പട്ടികജാതി/പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിനായി, ‘ഐഐടികളിലെ ട്യൂഷന്‍ ഫീസ് ഒഴിവാക്കല്‍’, കേന്ദ്രമേഖലാ സ്‌കീമിന് കീഴില്‍ ദേശീയ സ്‌കോളര്‍ഷിപ്പുകള്‍ അനുവദിക്കല്‍, സ്ഥാപനങ്ങളിലെ സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയ പദ്ധതികളും ഉണ്ടെന്ന് മന്ത്രി പറഞ്ഞു. പട്ടികജാതി/പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ ഏതെങ്കിലും പ്രശ്നങ്ങള്‍ മുന്‍കൂട്ടി പരിഹരിക്കുന്നതിനായി, സ്ഥാപനങ്ങള്‍ എസ്‌സി / എസ്ടി വിദ്യാര്‍ത്ഥി സെല്ലുകള്‍, തുല്യ അവസര സെല്‍, വിദ്യാര്‍ത്ഥികളുടെ പരാതിപരിഹാര സെല്‍, വിദ്യാര്‍ത്ഥി പരാതി പരിഹാര സമിതി, സ്റ്റുഡന്റ്‌സ് സോഷ്യല്‍ ക്ലബ്, ലെയ്സണ്‍ ഓഫീസര്‍മാര്‍, ലെയ്സണ്‍ കമ്മിറ്റി തുടങ്ങിയ സംവിധാനങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തുല്യതയും സാഹോദര്യവും പ്രോത്സാഹിപ്പിക്കുന്നതിന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി) കാലാകാലങ്ങളില്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാറുണ്ടെന്നും കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ലോക്‌സഭയില്‍ അറിയിച്ചു.

മന്ത്രിയുടെ അവകാശവാദങ്ങള്‍ക്കപ്പുറം ചില കാര്യങ്ങള്‍ മേല്‍ പരാമര്‍ശിച്ച വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞു പോക്കിനു പിന്നിലുണ്ടെന്നതാണ് യഥാര്‍ത്ഥ്യം. കേന്ദ്ര സര്‍വകലാശാലകളിലും ഐഐടി/ ഐഐഎമ്മുകളിലും പ്രത്യക്ഷമായ രീതിയില്‍ തന്നെ കടുത്ത ജാതിവിവേചനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇത്തരം ജാതി വിവേചനങ്ങള്‍ ദളിത്/ആദിവാസി/ പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികളെ ആത്മഹത്യകളിലേക്ക് തള്ളിവിടുന്ന വാര്‍ത്തകള്‍ ഇപ്പോള്‍ സ്ഥിരമായിരിക്കുന്നു. 2023-ല്‍ മാത്രം ഇത്തരം ആത്മഹത്യ വാര്‍ത്തകള്‍ മുംബൈ, ഡെല്‍ഹി, മദ്രാസ് ഐഐടികളില്‍ നിന്നും ഒന്നിലധികമാണ് പുറത്തുവന്നത്. പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് അവരുടെ വിദ്യാഭ്യാസ സ്വപ്‌നങ്ങള്‍ ഉപേക്ഷിച്ച് മരണത്തില്‍ രക്ഷതേടിയത്.

ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ സമത്വം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ദശാബ്ദം മുമ്പു തന്നെ യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. പക്ഷേ, പല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇത്തരം മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എത്ര ഐഐടികളില്‍ എസ് സി/ എസ് ടി സെല്ലുകള്‍ ഉണ്ടെന്നത് ചോദ്യമാണ്. 2023-ലാണ് ഡല്‍ഹി ഐഐടിയില്‍ എസ് സി / എസ് ടി സെല്‍ ഉണ്ടാക്കുന്നത്. ഐഐടി ബോംബെയില്‍, സെല്‍ നിലവിലുണ്ടെങ്കിലും, യുജിസി വിഭാവനം ചെയ്യുന്നതുപോലെ ഫലപ്രദമായി പ്രവര്‍ത്തിക്കാനുള്ള അധികാരമോ ഭൗതികസാഹചര്യങ്ങളോ ഇല്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ലോക്‌സഭയില്‍ അവകാശപ്പെട്ടതുപോലെയല്ല, സാഹചര്യങ്ങള്‍ എന്നതാണ് യാഥാര്‍ത്ഥ്യം.

Share on

മറ്റുവാര്‍ത്തകള്‍