UPDATES

ദളിത്/ പിന്നാക്ക വിദ്യാര്‍ത്ഥികള്‍ പഠനം നിര്‍ത്തുന്നതിന് ജാതി തന്നെയാണ് കാരണം

വിദ്യാര്‍ത്ഥികള്‍ കൊഴിഞ്ഞു പോകുന്നതുപോലെ തന്നെ ഗൗരവമായ കാര്യമാണ് അവര്‍ക്ക് പ്രവേശനം നിഷേധിക്കുന്നത്

                       

ഇന്ത്യയിലെ പാര്‍ശ്വവത്കൃത വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത് നിന്നും വ്യാപകമായി കൊഴിഞ്ഞു പോകുന്നുവെന്ന കണക്ക് ആശങ്കപ്പെടുത്തുന്നതാണ്. എസ് സി, എസ് ടി, ഒബിസി വിഭാഗത്തില്‍പ്പെട്ട 13,000 ന് മുകളില്‍ വിദ്യാര്‍ത്ഥികളാണ് കേന്ദ്ര സര്‍വകലാശാലകള്‍, ഐഐടികള്‍, ഐഐഎമ്മുകള്‍ എന്നിവിടങ്ങളില്‍ നിന്നും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ പഠനം പൂര്‍ത്തിയാക്കാതെ മടങ്ങിയത്.(അഞ്ചു വര്‍ഷത്തിനുള്ളില്‍ കേന്ദ്ര സര്‍വകലാശാല/ ഐഐടി/ ഐഐഎമ്മുകളില്‍ നിന്ന് പഠനം ഉപേക്ഷിച്ചത് 13,626 എസ് സി/ എസ് ടി, ഒബിസി വിദ്യാര്‍ത്ഥികള്‍)  എന്തുകൊണ്ടാണ് ഈ കൊഴിഞ്ഞുപോക്ക് എന്നതിന് കേന്ദ്രസര്‍ക്കാരിന് വ്യക്തമായ മറുപടിയില്ല. പൊതുസമൂഹത്തിനും ഈ കണക്കുകളില്‍ ആകുലതയില്ല. എന്തുകൊണ്ടായിരിക്കും? ഈ വിഷയത്തില്‍ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയിലെ ഗവേഷകന്‍ അജിത് ഇ എ സംസാരിക്കുന്നു;

പിന്നാക്ക സാമൂഹ്യ വിഭാഗങ്ങൾ കേന്ദ്ര സർവ്വകലാശാലകളിൽ നിന്നും ഐ.ഐ.ടി., ഐ.ഐ.എം. പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും കൊഴിഞ്ഞു പോകുന്നത് (ഡ്രോപ്പ് ഔട്ട്‌) പുതുമയുള്ള വസ്തുതയല്ല. ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചരിത്രത്തോളം തന്നെ ഇതിനും പഴക്കമുണ്ട്. പാർലമെന്റിൽ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് ബദലായി 2023 ലും ഈ കൊഴിഞ്ഞു പോക്കിനെ പറ്റി ചർച്ച ചെയ്യുമ്പോഴും നമുക്കതിൽ ഇതുവരെ പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷവും ഇന്ത്യയിൽ നിലനിൽക്കുന്ന സാമൂഹ്യ അസമത്വങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നേരിട്ട് പ്രതിഫലിക്കുന്നതിന്റെ നേർസാക്ഷ്യം കൂടിയാണിത്. എന്തുകൊണ്ടാണ് പൊതു വിഭാഗത്തിൽപെട്ട ആളുകൾ സമാനമായി കൊഴിഞ്ഞു പോകുന്നില്ല, എന്തുകൊണ്ട് പിന്നാക്ക വിഭാഗക്കാർ മാത്രം എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടി ജാതിവ്യവസ്ഥ നമ്മളോട് പറയുന്നുണ്ട്. ഈ വിദ്യാർത്ഥികൾ പഠനത്തിൽ പിന്നോട്ടായതു കൊണ്ടല്ല പാതിവഴിയിൽ പഠനം നിർത്തേണ്ടി വരുന്നത്. പഠന മികവെന്ന മാനദണ്ഡത്തിനപ്പുറം അവരുടെ കൊഴിഞ്ഞുപോക്കിലേക്ക് വഴി വയ്ക്കുന്നത് ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ള ജാതിപരമായ വിവേചനങ്ങൾ കൊണ്ടാണ്. രോഹിത്ത് വെമുലയുടെ മരണത്തിന് ശേഷം ഒരു രോഹിത്ത് ആക്റ്റ് വേണമെന്ന ആശയം ഉയർന്നു വന്നുവെങ്കിലും ഇന്നത്‌ ആരെങ്കിലും ഉന്നയിക്കുന്നുണ്ടോ?  മരണത്തിനപ്പുറം മരിച്ച് ജീവിക്കുന്നവരാണ് ഇത്തരത്തിൽ കൊഴിഞ്ഞുപോയവർ എന്ന യാഥാർത്ഥ്യം സൗകര്യപൂർവ്വം മറന്നുപോകുന്നവരാണ് നമ്മൾ. കേവലം ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും പുറത്തുപോകുന്നു എന്നതിലപ്പുറം കഴിവില്ലാത്തവർ എന്ന് വ്യക്തിപരമായും, ആ ജാതിവിഭാഗങ്ങളെയും മുദ്ര കുത്തുന്നു എന്നതാണ് ഇതിന്റെ സാമൂഹ്യ പ്രത്യാഘാതം.

ഡ്രോപ്പ് ഔട്ടിനോട് ഒപ്പം തന്നെ ചർച്ച ചെയ്യേണ്ടതാണ് അഡ്മിഷനിൽ ഈ സാമൂഹ്യ വിഭാഗങ്ങൾ നേരിടുന്ന വിവേചനങ്ങൾ. റിസർവേഷൻ നിലനിൽക്കുമ്പോഴും പിന്നോക്ക സാമൂഹ്യ വിഭാഗങ്ങൾ ആനുപാതികമായ അളവിൽ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിനിധീകരിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഉദാഹരണത്തിന്, ഏറ്റവും പുതിയ ഓൾ ഇന്ത്യ സർവേ ഓഫ് ഹയർ എജുക്കേഷൻ – ഐഷേ റിപ്പോർട്ട് അനുസരിച്ച് 14.2% SC വിദ്യാർത്ഥികൾ മാത്രമാണ് 2020-21 വർഷം ഉന്നത വിദ്യാഭ്യാസ രംഗത്ത് എൻറോൾ ചെയ്തിട്ടുള്ളത്. 5.8% ST വിദ്യാർത്ഥികളും 35.8% OBC വിദ്യാർത്ഥികൾ എൻറോൾ ചെയ്തിട്ടുണ്ട്. അതായത് 2020-21 വർഷം എൻറോൾ ചെയ്തിട്ടുള്ള 44.2% റിസര്‍വേഷന്‍ ഇല്ലാത്ത സവർണ്ണ വിഭാഗങ്ങളാണ്. മണ്ഡൽ കമ്മീഷന്റെ കണക്കുകൾ മാത്രമാണ് OBC വിഭാഗങ്ങളുടെ ജനസംഖ്യയിലെ പ്രാതിനിധ്യം മനസ്സിലാക്കാൻ നമുക്ക് മുന്നിലുള്ളത്. അതനുസരിച്ച് 52% ഇന്ത്യയുടെ ജനസംഖ്യയെ പ്രതിനിധീകരിക്കുന്ന OBC വിഭാഗങ്ങളുടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രാതിനിധ്യം വെറും 35.8% മാത്രമാണ്. എന്നാൽ ഇന്ത്യൻ ജനസംഖ്യയുടെ 23% മാത്രം പ്രതിനിധീകരിക്കുന്ന സവർണ്ണ വിഭാഗങ്ങൾ ഉന്നത വിദ്യാഭ്യാസത്തിന്റെ 44.2 ശതമാനവും പ്രതിനിധീകരിക്കുന്നു. മൊത്തം എൻറോൾമെന്റ് ചില എലൈറ്റ് സ്ഥാപനങ്ങളിലേക്കും കോഴ്സുകളിലേക്കും എത്തുമ്പോൾ വീണ്ടും പിന്നാക്ക സാമൂഹ്യ വിഭാഗങ്ങളെ പുറം തള്ളുന്ന കാഴ്ച കാണാം.

ജവഹർ ലാൽ നെഹ്റു സർവ്വകലാശാലയിലെ ഗവേഷകനാണ് ഞാൻ. ഇവിടെ പ്രാരംഭ ഘട്ടത്തിൽ പോലും വിദ്യാർത്ഥികളെ പ്രവേശനത്തിൽ നിന്ന് തടയുന്ന പ്രവണതയുണ്ട്. സർവ്വകലാശാലയിലെ പല ഡിപ്പാർട്ട്മെന്റുകളിലും വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കുക വൈവ പോലുള്ള ഇന്റർവ്യൂ മാർക്കിന്റെ അടിസ്ഥനത്തിലാണ്. എസ് സി, എസ് ടി വിദ്യാർത്ഥികൾക്ക് വൈവ മാർക്കുകൾ കുറച്ചു നൽകിക്കൊണ്ടാണ് പ്രവേശനത്തിൽ നിന്ന് തടയുന്നത്. എഴുത്തു പരീക്ഷകളിൽ വളരെ മികച്ച മാർക്കുകൾ നേടിയ വിദ്യാർത്ഥികൾക്ക് വൈവയിൽ വളരെ കുറച്ചു മാർക്ക് നൽകി റാങ്ക് ലിസ്റ്റിൽ പിന്നാക്കം തള്ളുന്ന പ്രവണതയും ജെഎൻയുവിലുണ്ട്. വൈവ മാർക്ക് കുറച്ച് നൽകിയാൽ പിന്നോക്ക സാമൂഹ്യ വിഭാഗങ്ങളിൽനിന്നും വരുന്ന വിദ്യാർത്ഥികൾ സവർണ്ണ വിഭാഗങ്ങളെക്കാൾ കൂടുതൽ മാർക്ക് വാങ്ങി സംവരണേതര സീറ്റുകളിൽ അഡ്മിഷൻ വാങ്ങുന്നത് തടയുകയും ചെയ്യാം. ഒരിക്കൽ ഇത്തരം ഒരു വിഷയം ശ്രദ്ധയിൽ പെട്ടപ്പോൾ ഞങ്ങൾ ആ വർഷത്തെ മൊത്തം വിദ്യാർത്ഥികളുടെയും മാർക്കുകൾ വിവരാവകാശം വച്ചു എടുത്തു. ഞെട്ടിപ്പിക്കുന്ന കണക്കുകളായിരുന്നു അതിൽ. മിക്ക സംവരണ വിഭാഗ വിദ്യാർത്ഥികൾക്കും വൈവ മാർക്കായി ലഭിച്ചത് മുപ്പതിൽ ഒന്നോ രണ്ടോ മാർക്ക് മാത്രം. എഴുത്ത് പരീക്ഷയിയിൽ രണ്ടാമതായി എത്തിയ എന്റെ സുഹൃത്തിന് ലഭിച്ച വൈവ മാർക്ക് വെറും ‘2’.

വലതുപക്ഷ സർക്കാർ അധികാരത്തിൽ വരുന്നതിനുമുമ്പ് തന്നെ ഇവിടെ ഈ പ്രവണത നിലനിന്നിരുന്നു. അവർ അധികാരത്തിലെത്തിയതോടെ ഇതിന് ആക്കം കൂടി എന്ന് പറയാം. കേന്ദ്ര സർവ്വകലാശാലകളിൽ പിന്നാക്ക വിഭാഗത്തിലെ വിദ്യാർത്ഥികളിൽ ആരെങ്കിലും ആത്മഹത്യ ചെയുമ്പോൾ ജാതി വിവേചനത്തെക്കുറിച്ച് ചർച്ച നടത്തും, എന്നാൽ സ്ഥായിയായ ഒരു പരിഹാരം കണ്ടെത്തുന്നതിലേക്ക് ചർച്ചയെ വഴി തിരിക്കാൻ മാധ്യമങ്ങൾ പോലും ഇടപെടൽ നടത്തിയിട്ടുണ്ടോ എന്ന ചോദ്യം അവിടെ നിലനിൽക്കുന്നുണ്ട്.

നമ്മൾ ഒന്നാമതെത്തും എന്ന് അവകാശപ്പെടുന്ന രാജ്യത്തിന്റെ ശാസ്ത്ര സാങ്കേതിക രംഗത്തെ ഔട്ട്‌പുട്ട് പരിശോധിക്കാം. ആകെ മൊത്തം ഒരു ബ്രഹ്മണിക്കൽ സെറ്റപ്പാണ് ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക രംഗം. സംവരണേതര വിഭാഗങ്ങൾക്ക് ബുദ്ധി കുറവാണ്, അതുകൊണ്ട് സംവരണം എടുത്തുകളയണം എന്ന് വാദിക്കുന്ന ബ്രാഹ്മണന്മാർ അടക്കി ശാസ്ത്ര സാങ്കേതിക രംഗം. ആഗോള തലത്തിലെ മത്സരങ്ങൾ നോക്കിയാൽ മനസ്സിലാവും ഈ സംവരണ വിരുദ്ധതയുടെ പൊള്ളത്തരം. പേറ്റന്റിനോട് ഉള്ള രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി വക്കാം. എന്നാലും ഒരു രാജ്യത്തെ ശാസ്ത്ര സാങ്കേതിക രംഗം എത്രത്തോളം വളരുന്നു എന്ന് ആ രാജ്യത്ത് അപേക്ഷിക്കുന്നതും ഗ്രാന്റ് ചെയ്യുന്നതും ആയ പേറ്റന്റുകളുടെ അടിസ്ഥാനത്തിൽ മനസ്സിലാക്കാം. ഏറ്റവും പുതിയ WIPO കണക്കുകൾ അനുസരിച്ച് 70,068 ആണ് 2022ൽ നമ്മുടെ രാജ്യത്തെ പേറ്റന്റ് അപേക്ഷകരുടെ എണ്ണം.

 

അതെ സമയം ഇന്ത്യയുടെ അതെ ജനസംഖ്യ ഉള്ള ചൈനയിലെ വാർഷിക നിരക്കിൽ പേറ്റന്റുകൾക്ക് അപേക്ഷകൾ വരുന്നത്. ഇന്ത്യയുമായി ജനസംഖ്യയിൽ തൊട്ടടുത്തു നിൽക്കുന്ന ചൈനയിലെ പേറ്റന്റ് അപേക്ഷകരുടെ എണ്ണം 16,19,268. ഇരുപത് ഇരട്ടിയിൽ അധികം. സവർണ ജാതിക്കാരും ബ്രാഹ്‌മണന്മാരും മേധാവിത്വം സംവരണ വിരുദ്ധരും മേധാവിത്വം പുലർത്തുന്ന ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക രംഗമാണ് ഇതിന് മറുപടി പറയേണ്ടത്.

ലോകം വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്ക് നീങ്ങുമ്പോൾ സംവരണ വിരുദ്ധതയും, ജാതി മേൽക്കോയ്മയും, സ്യൂഡോ സയൻസും കൊണ്ട് നടന്നാൽ നമ്മളിനിയും പുറകോട്ടു പോകും. രാജ്യത്തിന്റെ വിജ്ഞാന മേഖല വളരണമെങ്കിൽ പിന്നോക്ക വിഭാഗങ്ങളുടെ അറിവ് കൂടി ഉപയോഗപ്പെടുത്താൻ തയ്യാറാവേണ്ടതുണ്ട്. അവരെ കൂടി ഉൾക്കൊള്ളൻ തയ്യാറാവേണ്ടതുണ്ട്. ഔദാര്യം എന്ന നിലയിലില്ല, മറിച്ച് അവരുടെ അവകാശം എന്ന നിലയ്ക്കും, രാജ്യത്തിന്റെ പുരോഗതിക്ക് അത് ആവശ്യമാണ്‌ എന്ന നിലയ്ക്കും. ബ്രാഹ്‌മണ മേധാവിതത്തിൽ അധിഷ്ഠിതമായ അറിവുൽപ്പാദനം രാജ്യത്തെ മുന്നോട്ട് നയിക്കില്ല. ബ്രാഹ്മണിക്കൽ മേധാവിത്വത്തിൽ അതിഷ്ഠിതമായ ഇന്ത്യൻ നോളജ് സിസ്റ്റത്തിന് പകരം എല്ലാവരേയും ഉൾക്കൊളുന്ന ഒരു നോളജ് സിസ്റ്റം ഉണ്ടാക്കിയെടുക്കാൻ സാധിച്ചാൽ മാത്രമേ ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കാൻ സാധിക്കുകയുള്ളൂ. സ്യൂഡോ സയൻസാണ് നമ്മുടെ തലച്ചോറുകളെ ഭരിക്കുന്നതെങ്കിൽ അറിവുത്പ്പാദനത്തിൽ ചാണകത്തിന്റെ ഗവേഷണത്തിനപ്പുറം എവിടെയും എത്തില്ല.

രശ്മി ജയദാസ്‌

രശ്മി ജയദാസ്‌

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍