UPDATES

വനിത സംവരണം; രാജ്യത്ത് പിന്നാക്ക വനിത എംപി/ എംഎല്‍എമാര്‍ കൂടുമോ? അതോ, സവര്‍ണര്‍ ആനുകൂല്യം മുതലെടുക്കുമോ?

സമൂഹത്തിലെ എല്ലാ തട്ടിലുള്ള സ്ത്രീകള്‍ക്കും രാജ്യത്തെ നിയമനിര്‍മാണ സഭകളില്‍ പ്രാതിനിധ്യം കിട്ടുമോ?

                       

വനിത സംവരണ ബില്‍ പ്രാബല്യത്തില്‍ വന്നാല്‍ സമൂഹത്തിലെ എല്ലാ തട്ടിലുള്ള സ്ത്രീകള്‍ക്കും രാജ്യത്തെ നിയമനിര്‍മാണ സഭകളില്‍ പ്രാതിനിധ്യം കിട്ടുമോ? രാഷ്ട്രീയ പാര്‍ട്ടികള്‍ വിവേചനരഹിതമായി- ജാതി, മതം, സാമ്പത്തികം, സാമൂഹിക പദവി എന്നിവ പരിഗണിക്കാതെ- വനിതകളെ തങ്ങളുടെ പ്രതിനിധികളാക്കി പാര്‍ലമെന്റിലേക്കും നിയമസഭകളിലേക്കും എത്തിക്കുമോ?

ഏറ്റവും കൂടുതല്‍ നിയമസഭ/പാര്‍ലമെന്റ് സീറ്റുകളുള്ള(80, 403) ഉത്തര്‍പ്രദേശിലെ കണക്ക് നോക്കാം.

2009 മുതല്‍ ഉത്തര്‍പ്രദേശില്‍ നടന്ന ആറ് പ്രധാന തെരഞ്ഞെടുപ്പുകളിലും ജനപ്രതിനിധികളായത് സവര്‍ണ സമുദായത്തില്‍ നിന്നുള്ള സ്ത്രീകളാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. സംസ്ഥാനത്ത് ഒബിസി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളാണ് ഭൂരിപക്ഷം. എന്നാലും എംപിയും എംഎല്‍എയുമായവര്‍ കൂടുതലും സവര്‍ണ സമുദായക്കാര്‍, പ്രത്യേകിച്ച് ബ്രാഹ്‌മണരും താക്കൂറുമാരും. നിര്‍വചിക്കപ്പെട്ട 33 ശതമാനം വനിത സംവരണത്തില്‍ നിന്നും ഒബിസി ക്വാട്ടയിലുള്ള സ്ത്രീകളെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ്, ഉത്തര്‍പ്രദേശ് സെക്രട്ടേറിയേറ്റില്‍ നിന്നു ലഭ്യമാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശില്‍ നടക്കുന്ന’ സവര്‍ണ ജനാധിപത്യത്തിന്റെ’ കണക്കുകള്‍ ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള എല്ലാ വനിത എംപി, എംഎല്‍എമാരുടെയും ജാതി പശ്ചാത്തലം പരിശോധിച്ചതില്‍ നിന്നാണ്, 2012, 2017, 2022 എന്നീ കാലങ്ങളിലെ എംഎല്‍എമാരിലും(ഉപതെരഞ്ഞെടുപ്പുകളിലും), 2009, 2014, 2019 കാലങ്ങളിലെ എംപിമാരിലും ഭൂരിപക്ഷവും ഉയര്‍ന്ന ജാതിയിലുള്ളവരാണെന്ന് വ്യക്തമായത്.

ഉത്തര്‍പ്രദേശ് നിയമസഭയിലെ സ്ത്രീ പ്രാതിനിധ്യം കൂടി വന്നിട്ടും പിന്നാക്ക വിഭാഗക്കാരായ സ്ത്രീകള്‍ക്ക് ഗുണമൊന്നും ഉണ്ടായിട്ടില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. 403 അംഗ സഭയില്‍ 2012-2017 കാലയളവില്‍ 40 അംഗ സ്ത്രീ പ്രാതിനിധ്യമുണ്ടായിരുന്നത്, 2017-2022 ല്‍ 46 ആയും 2022 മുതല്‍ അത് 48 ആയും ഉയര്‍ന്നു. 2012 ല്‍ 35 സ്ത്രീകളും, 2017 ല്‍ 42 ഉം, 2022 ല്‍ 47 ഉം സ്ത്രീകളാണ് യു പി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

2012 മുതല്‍ ഇപ്പോള്‍ വരെ തെരഞ്ഞെടുക്കപ്പെട്ട മൊത്തം 134 സ്ത്രീകളില്‍ 46 പേരാണ് ഷെഡ്യൂള്‍ കാസ്റ്റ് വിഭാഗത്തില്‍പ്പെട്ടവര്‍. ഇവരെല്ലാം തന്നെ സംവരണ മണ്ഡലങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരാണ്. ജനറല്‍ സീറ്റുകളില്‍ നിന്നും മുന്നോക്ക ജാതിയില്‍പ്പെട്ട 42 സ്ത്രീകള്‍ തെരഞ്ഞെടുക്കപ്പെട്ടു. 39 പേര്‍ ഒബിസി വിഭാഗത്തില്‍പ്പെട്ടവരും, ഏഴ് പേര്‍ മുസ്ലിം സ്ത്രീകളുമാണ്. 2012 മുതല്‍ 2017 വരെയുള്ള വ്യക്തിഗത വിവരങ്ങള്‍ നോക്കിയാലും ഒബിസിയെക്കാള്‍(31) കൂടുതല്‍ മുന്നോക്ക ജാതിക്കാരായ(32)എംഎല്‍എമാരാണ് ഉത്തര്‍പ്രദേശ് നിയമസഭയിലുള്ളതെന്ന് കാണാം. ഹിന്ദു വിഭാഗത്തില്‍ ന്യൂനപക്ഷമായ ഈ ഉന്നത ജാതിക്കാര്‍ ആനുപാതികമല്ലാത്ത പ്രാതിനിധ്യം അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നാണ് വയറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

മറ്റൊരു കണക്കു പ്രകാരം 2012 മുതല്‍ നിലവില്‍ വരെ 84 വനിത എംഎല്‍എമാര്‍ ഒരു തവണയും 19 പേര്‍ രണ്ടു തവണയും നാല് പേര്‍ മൂന്നു തവണയായും നിയമസഭയിലെത്തിയിട്ടുണ്ട്. രണ്ട് തവണയായി എംഎല്‍എമാരായ 19 വനിതകളില്‍ ആറ് പേര്‍ വീതം ഒബിസിയിലും മുന്നോക്ക ജാതിയിലും ഉള്ളവരാണ്. ഏഴ് പേര്‍ ദളിതരും. മൂന്നു തവണയായി തെരഞ്ഞെടുക്കപ്പെട്ട നാല് പേരില്‍ ഓരോ ദളിതനും ഒബിസിക്കാരനും രണ്ട് മുന്നോക്കക്കാരുമാണുള്ളത്.

പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ, നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന വനിത സംവരണ ബില്ലില്‍ 33 ശതമാനം സംവരണത്തില്‍ നിന്നും ഒബിസി ക്വാട്ട ഒഴിവാക്കിയതില്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. മുസ്ലിം സ്ത്രീകള്‍ക്കും 33 ശതമാനം സംവരണത്തിനുള്ളില്‍ വ്യക്തമായ അനുപാതത്തില്‍ ക്വാട്ട നിശ്ചയിക്കണമെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

ഒബിസി, മുസ്ലിം പ്രാതിനിധ്യം ഉറപ്പാക്കാതെയുള്ള വനിത സംവരണ ബില്ല് അതിന്റെ ഉദ്ദേശശുദ്ധിയില്‍ നിന്നും പിന്നാക്കം പോകുന്നതായിരിക്കുമെന്നാണ് പ്രതിപക്ഷ വിമര്‍ശനം. പിന്നാക്ക/ന്യൂനപക്ഷ വിഭാഗത്തിലെ സ്ത്രീകള്‍ക്ക് ജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്രാതിനിധ്യം കുറവാണ്. ഇവിടെയും അതു തന്നെയാകരുത് സ്ഥിതി. ലോക്സഭയിലും സംസ്ഥാന അസംബ്ലികളിലും ഒബിസി, മുസ്ലിം സ്ത്രീകള്‍ക്ക് നിര്‍വചിക്കപ്പെട്ട ക്വാട്ട ഇല്ലെങ്കില്‍, ജാതി-അധിഷ്ഠിത സമൂഹത്തില്‍ പിന്നാക്കക്കാരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ജാതി/ സമുദായങ്ങളിലെ സ്ത്രീകള്‍ പിന്തള്ളപ്പെട്ടു പോകും. അത് ബില്ലിന്റെ ഉദ്ദേശ്യം അപൂര്‍ണ്ണമാക്കുമെന്നാണ് പ്രതിപക്ഷ നേതാക്കള്‍ ആശങ്ക പ്രകടിപ്പിക്കുന്നത്. പുതിയ ബില്ലില്‍ എസ് സി/ എസ് ടി വനിതകള്‍ക്ക് മൂന്നിലൊന്ന് സബ് ക്വാട്ട അനുവദിക്കുന്നുണ്ട്. എന്നാലിത് ഭരണഘടനപരമായി നേരത്തെ തന്നെ നിര്‍വചിക്കപ്പെട്ട പങ്കാണ്. അപ്പോഴും ഒബിസി/ മുസ്ലിം വിഭാഗത്തിന് പുതിയതായി ക്വാട്ട നിര്‍വചിക്കാന്‍ തയ്യാറായിട്ടുമില്ലെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഉത്തര്‍പ്രദേശ്, ബിഹാര്‍ പോലുള്ള പ്രധാന സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിപക്ഷ പാര്‍ട്ടികളെല്ലാം തന്നെ ഒബിസിക്ക് പ്രത്യേകം ക്വാട്ട വനിത സംവരണ ബില്ലില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നവരാണ്. സോഷ്യലിസ്റ്റ് മണ്ഡലകാലത്തും പാര്‍ട്ടികള്‍ ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കുമുള്ള വനിതാ സംവരണത്തെ എതിര്‍ത്തിരുന്നതും, അത് ജാതി/വര്‍ണ വ്യത്യാസത്തിലുള്ള പ്രാതിനിധ്യം വ്യക്തമാക്കുന്നില്ലെന്നാരോപിച്ചായിരുന്നു.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ കാലത്തും വനിത ബില്ലിന്മേലുണ്ടായിരുന്ന പ്രധാന വിമര്‍ശനം പിന്നാക്ക ജാതിയില്‍പ്പെട്ട സ്ത്രീകള്‍ക്ക് സംവരണം ഉറപ്പാക്കണമെന്ന കാര്യത്തിലായിരുന്നു. ഐക്യ പുരോഗമന സഖ്യ സര്‍ക്കാരിന്റെ കാലത്ത് സോഷ്യലിസ്റ്റ് നേതാക്കളായ മുലായം സിംഗ് യാദവ്, ലാലു പ്രസാദ് യാദവ്, ശരദ് യാദവ് എന്നിവര്‍ വാദിച്ചത്‌വനിതാ സംവരണത്തിനുള്ളില്‍ ഒബിസി, എസ് സി, എസ് ടി, മുസ്ലിം എന്നിവര്‍ക്ക് നിര്‍വചിക്കപ്പെട്ട ക്വോട്ട ഉറപ്പാക്കണം എന്നായിരുന്നു. അല്ലാത്ത പക്ഷം, ഈ നിയമംകൊണ്ട് ഗുണം നേടുക നഗരപ്രദേശങ്ങളില്‍ നിന്നുള്ള ഉന്നത ജാതിക്കാരായ സ്ത്രീകള്‍ മാത്രമായിരിക്കും. സാക്ഷരതാപരമായും സാംസ്‌കാരികമായും സാമൂഹിക മൂലധനത്തിന്റെ കാര്യത്തിലും പിന്നാക്കം നില്‍ക്കുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സ്ത്രീകളെ ശാക്തീകരിക്കുന്നതിന് ഉപകാരപ്പെടില്ലെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഉത്തര്‍പ്രദേശിലെ കണക്കിലേക്ക് തന്നെ വീണ്ടും വന്നാല്‍, അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ സമാജ്വാദി പാര്‍ട്ടി സര്‍ക്കാര്‍ വ്യക്തമായ ഭൂരിപക്ഷത്തില്‍ ഭരിച്ച 2012-17 കാലത്ത് സഭയിലെ സ്ത്രീപ്രാതിനിധ്യത്തിന്റെ കണക്ക്, ഒബിസി-13, ദളിത്-13, മുന്നോക്ക ജാതിക്കാര്‍ 11, മുസ്ലിം-3 എന്നിങ്ങനെയായിരുന്നു. 2017 ല്‍ ആദ്യ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ കാലത്ത്(2017-2022) 13 ഒബിസിക്കാരും 12 ദളിതരും ഒരു മുസ്ലിമും 20 മുന്നോക്ക ജാതിക്കാരുമായിരുന്നു സ്ത്രീ എംഎല്‍എമാരായി ഉണ്ടായിരുന്നത്. 2020-ല്‍ വീണ്ടും യോഗി അധികാരത്തിലെത്തിയപ്പോള്‍ 13 ഒബിസിക്കാരും 21 ദളിതരും 11 മുന്നോക്ക ജാതിക്കാരും മൂന്നു മുസ്ലീങ്ങളുമായി.

പുതിയ ജാതി സെന്‍സസ് നടന്നിട്ടില്ലെന്നതിനാല്‍ സംസ്ഥാനത്തെ ഒബിസി/ മുന്നാക്ക ജാതി ജനസംഖ്യയുടെ കൃത്യമായ കണക്ക് ലഭ്യമല്ലെന്നാണ് വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 1931 ലെ ജാതി അടിസ്ഥാന സര്‍വേ പ്രകാരമുള്ള കണക്ക് അടിസ്ഥാനമാക്കിയാല്‍ സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 40 ശതമാനം ഒബിസിക്കാരാണ്. 2001-ല്‍ ഹുക്കും സിംഗിന്റെ നേതൃത്വത്തിലുള്ള സാമൂഹ്യ നീതി സമിതിയുടെ കണക്ക് പ്രകാരം സംസ്ഥാനത്ത് 54.05 ശതമാനം ഒബിസിക്കാരുണ്ട്. എന്നാല്‍ ജനസംഖ്യ പ്രാതിനിധ്യമനുസരിച്ച് നോക്കിയാല്‍, അധികാരരംഗത്ത് ഉന്നത ജാതിക്കാര്‍ അനുഭവിക്കുന്ന മുന്‍തൂക്കം ഒബിസിക്കാര്‍ക്ക് കിട്ടുന്നില്ല. 2011 ലെ ജനസംഖ്യ സെന്‍സസ് പ്രകാരം 19.5 ശതമാനം മുസ്ലിങ്ങളും(മൊത്തം ജനസംഖ്യയുടെ അഞ്ചിലൊന്ന്), എസ് സി വിഭാഗത്തില്‍പ്പെട്ട 21.5 ശതമാനം ജനങ്ങളും യുപിയിലുണ്ട്.

മൊത്തം വനിത പ്രാതിനിധ്യം കണിക്കിലെടുക്കുമ്പോള്‍, ഉത്തര്‍പ്രദേശം നിയമസഭയില്‍ വെറും അഞ്ചു ശതമാനമാണ് മുസ്ലിം പ്രാതിനിധ്യം. ഒബിസി പ്രാതിനിധ്യം 29 ശതമാനവും എസ് സി പ്രാതിനിധ്യം 34 ശതമാനവും. മുന്നോക്ക ജാതിക്കാര്‍ 31 ശതമാനമുണ്ട്. സംവരണം ചെയ്ത മണ്ഡലങ്ങളില്‍ നിന്നു മാത്രമാണ് എസ് സിക്കാര്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കണം. ജനറല്‍ സീറ്റുകളില്‍ അവര്‍ക്ക് സ്ഥാനമില്ല. അവിടെ മുന്നോക്ക ജാതിക്കാര്‍ക്കാണ് പ്രാധാന്യം.

മുന്നോക്ക ജാതിക്കാരില്‍ തന്നെ, 2012 മുതല്‍ 2022 വരെയുള്ള കണക്കില്‍ താക്കൂര്‍, രജപുത്ര വിഭാഗക്കാരാണ് മുന്നില്‍-21 പേര്‍. പിന്നാലെ ബ്രാഹ്‌മണര്‍-16 പേര്‍. ബനിയകളായി മൂന്നുപേരും, ഭൂമിഹാര്‍, കയസ്ത വിഭാഗങ്ങളില്‍ നിന്നും ഓരോരുത്തരും. 2017-2022 കാലത്താണ്(ഒന്നാം യോഗി മന്ത്രിസഭ) 12 താക്കൂര്‍, രജപുത്ര സ്ത്രീകള്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

രണ്ടാം യോഗി സര്‍ക്കാരിന്റെ 52 അംഗ മന്ത്രിസഭയില്‍ നാല് വനിത മന്ത്രിമാരാണുള്ളത്. മൂന്നുപേര്‍ ദളിത് വിഭാഗത്തില്‍ നിന്നും ഒരു ബ്രാഹ്‌മണ വിഭാഗത്തില്‍ നിന്നും. ഇതില്‍ ദളിത് വിഭാഗക്കാരിയായ ബേബി റാണി മയൂരിക്ക് മാത്രമാണ് കാബിനറ്റ് മന്ത്രി പദം നല്‍കിയിരിക്കുന്നത്. രണ്ട് യോഗി മന്ത്രി സഭകളും പരിശോധിച്ചാല്‍, രണ്ടാം സര്‍ക്കാരില്‍ ഒബിസി വിഭാഗത്തിന്റെ പങ്കില്‍ മുന്നേറ്റം കാണാണെങ്കിലും രണ്ട് സര്‍ക്കാരിലും ആനുപാതികമല്ലാത്ത പ്രാതിനിധ്യത്തിന്റെ ആനുകൂലം മുന്നോക്ക ജാതിക്കാര്‍ അനുഭവിക്കുന്നുണ്ടെന്നാണ് വയര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. നിലവിലെ 51 അംഗ മന്ത്രിസഭയില്‍ ഒബിസിക്കാര്‍ക്കും മുന്നോക്ക ജാതിക്കാര്‍ക്കും 21 മന്ത്രിസ്ഥാനങ്ങള്‍ വീതമുണ്ട്. 40.38 ശതമാനം പ്രാതിനിധ്യം. ദളിതര്‍ക്ക് 17.3 ശതമാനം പ്രാതിനിധ്യമാണ്(ഒമ്പത് മന്ത്രിസ്ഥാനങ്ങള്‍), മുസ്ലിമായിട്ട് ഒരേയൊരാള്‍. 2021-ല്‍ ഒന്നാം സര്‍ക്കാരിന്റെ കാലത്ത് മന്ത്രിസഭയുടെ അംഗബലം 60 ആക്കിയപ്പോള്‍, അതില്‍ 27 പേരും(45 ശതമാനം) മുന്നോക്ക ജാതിക്കാരായിരുന്നു. 23 പേര്‍(38.3 ശതമാനം) ഒബിസിക്കാരും, ഒമ്പതുപേര്‍(15 ശതമാനം) ദളിതരും ഒരു മുസ്ലിമും.

2022 ലെ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയുടെ വാഗ്ദാനത്തില്‍ ജാതി സെന്‍സ് നടത്തുമെന്നതായിരുന്നു പ്രധാനപ്പെട്ടത്. ഒബിസി വിഭാഗത്തില്‍പ്പെട്ട കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കാനും അഖിലേഷ് യാദവ് തയ്യാറായി. ഈ തന്ത്രം തിരിച്ചടിയാകുമോയെന്ന ഭയന്നാണ് ഒബിസി പ്രീണനത്തിലേക്ക് ബിജെപിയും കടന്നത്. ശക്തമായ പോരാട്ടം അഖിലേഷ് കാഴ്ച്ചവച്ചെങ്കിലും യോഗി സര്‍ക്കാര്‍ തന്നെ രണ്ടാമതും അധികാരത്തില്‍ കയറി.

വനിത സംവരണ ബില്ല് പ്രാബല്യത്തില്‍ വന്നാലും ബാക്കിയാവുന്ന ചോദ്യം പിന്നാക്കക്കാരയ സ്ത്രീകള്‍ക്ക് അതുകൊണ്ട് ഗുണമുണ്ടാകുമോ എന്നതാണ്. നിലവില്‍ നമ്മുടെ പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും എത്ര പിന്നാക്ക വിഭാഗക്കാരായ സ്ത്രീകള്‍ എംപി/എംഎല്‍എ പദവികളുലുണ്ട്? ആ കണത്തില്‍ നിന്നും വ്യത്യാസമുണ്ടാകുമെങ്കില്‍ മാത്രമാണ്, വനിത സംവരണം സാമൂഹ്യ നീതി ഉറപ്പാക്കുന്നുള്ളൂ.

Share on

മറ്റുവാര്‍ത്തകള്‍