UPDATES

‘ ഹിന്ദു വിരുദ്ധയാക്കി ‘ഓപ്ഇന്ത്യ’ ലേഖനം; സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ പുറത്താക്കി

ഹമാസ് അനുകൂലി, ഉമര്‍ ഖാലിദിനെ പിന്തുണയ്ക്കുന്നവള്‍ എന്നിങ്ങനെയാണ് ആരോപണങ്ങള്‍

                       

ഹിന്ദുത്വ വെബ്‌സൈറ്റായ ‘ഓപ്ഇന്ത്യ’യില്‍ വന്ന ലേഖനത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ പുറത്താക്കി മാനേജ്‌മെന്റ്. മുംബൈയിലെ സോമയ്യ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പര്‍വീണ്‍ ഷെയ്ഖിനാണ് ഹിന്ദുത്വ ഭീഷണിക്കു മുന്നില്‍ ജോലി നഷ്ടമായത്. പര്‍വീണിന്റെ സോഷ്യല്‍ മീഡിയ ഇടപെടലില്‍ അസ്വസ്ഥത പൂണ്ടാണ് സംഘപരിവാര്‍ അനുകൂല വെബ്‌സൈറ്റായ ഓപ് ഇന്ത്യ അധ്യാപികയ്‌ക്കെതിരേ ലേഖനം എഴുതിയത്. ഏപ്രില്‍ 24 ന് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ആരോപിക്കുന്നത് പര്‍വീണ്‍ ഹമാസ് അനുകൂലിയാണെന്നും അവര്‍ ഹിന്ദു വിരുദ്ധയും ഇസ്ലാമിസ്റ്റായ ഉമര്‍ ഖാലിദിനെ പിന്തുണയ്ക്കുന്നവളുമാണെന്നാണ്. ട്വിറ്റര്‍ അകൗണ്ടില്‍ പര്‍വീണ്‍ ലൈക്ക് ചെയ്ത പോസ്റ്റുകളുടെ അടിസ്ഥാനത്തിലാണ് സംഘപരിവാര്‍ ജിഹ്വയുടെ ആരോപണങ്ങള്‍. ഈ ലേഖനം വന്നു രണ്ടു ദിവസം കഴിഞ്ഞ്, ഏപ്രില്‍ 26 ന് സ്‌കൂള്‍ മാനേജ്‌മെന്റ് പര്‍വീണിനോട് രാജി ആവശ്യപ്പെടുകയായിരുന്നുവെന്ന്, അധ്യാപിക ദ സ്‌ക്രോളിനോട് പറയുന്നു. മുംബൈ വിദ്യാവിഹാറില്‍ സ്ഥിതി ചെയ്യുന്ന സോമയ്യ സ്‌കൂളില്‍ കഴിഞ്ഞ 12 വര്‍ഷമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു പര്‍വീണ്‍, ഏഴു വര്‍ഷമായി പ്രിന്‍സിപ്പാളിന്റെ ചുമതലയിലായിരുന്നു.

വെബ്‌സൈറ്റില്‍ വന്ന ലേഖനത്തിലെ കാര്യങ്ങളില്‍ തങ്ങള്‍ നിരാശരാണെന്നും, രാജി ആവശ്യപ്പെടുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെങ്കിലും തുടര്‍ന്നുള്ള എന്റെ സേവനം അവര്‍ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു, സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നുണ്ടായ പ്രവര്‍ത്തിയെക്കുറിച്ച് പര്‍വീണ്‍ സ്‌ക്രോളിനോട് പറയുന്ന കാര്യങ്ങളാണ്. തനിക്കെതിരേ നടപടിയെടുക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് കടുത്ത സമ്മര്‍ദ്ദം നേരിട്ടിരുന്നുവെന്നും, ഓപ് ഇന്ത്യ ലേഖനമല്ലാതെ മറ്റു കാരണങ്ങളൊന്നും അവര്‍ക്കുണ്ടായിരുന്നില്ലെന്നും പര്‍വീണ്‍ ഷെയ്ഖ് പറയുന്നു. ഓപ്ഇന്ത്യയെക്കുറിച്ച് താന്‍ മുന്‍പ് കേട്ടിരുന്നില്ലെന്നും, തന്നെപ്പോലൊരു അധ്യാപികയോടെ അവരെന്തിന് ഇങ്ങനെ ചെയ്‌തെന്നുമാണ് പര്‍വീണ്‍ നിരാശയോടെ ചോദിക്കുന്നത്. സ്‌കൂളില്‍ നിന്നും പോകാന്‍ താനൊരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും അവര്‍ പറയുന്നു.


ലോക ഭൂപടത്തിന് മുന്നിൽ മലയാളിക്ക് എന്ത് കാര്യം


ഓപ്ഇന്ത്യ വിഷയത്തില്‍ പര്‍വീണ്‍ ഷെയ്ഖിനോട് രാജി ആവശ്യപ്പെട്ടെന്നോ, ഇല്ലെന്നോ പറയാന്‍ സോമയ്യ സ്‌കൂള്‍ വക്താവ് തയ്യാറായില്ലെന്നാണ് സ്‌ക്രോള്‍ പറയുന്നത്. വിഷയം പരിശോധിച്ചു വരികയാണെന്നുമാത്രമാണ് വക്താവ് സ്‌ക്രോളിനോട് പ്രതികരിച്ചത്. സോമയ്യ സ്‌കൂള്‍ മാനേജ്‌മെന്റ് പ്രസിഡന്റ് സമീര്‍ സോമയ്യയ്ക്കും വിഷയത്തില്‍ പ്രതികരണമാരാഞ്ഞ് സന്ദേശം അയച്ചിരുന്നുവെങ്കിലും ലഭ്യമായിട്ടില്ല.

അധ്യാപിക പുലര്‍ത്തുന്ന രാഷ്ട്രീയം അയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ ദോഷകരമായി ബാധിക്കുമെന്നടക്കമുള്ള വിദ്വേഷ പ്രചാരണമാണ് പര്‍വീണിനെതിരേ ഓപ് ഇന്ത്യ നടത്തിയിരിക്കുന്നത്. എന്നാല്‍ പര്‍വീണ്‍ ട്വിറ്ററില്‍ ചെയ്യുന്ന പോസ്റ്റുകള്‍ ഭൂരിഭാഗവും വിദ്യാഭ്യാസപരമായ കാര്യങ്ങളാണ്. എന്നാലവര്‍ ഗാസ അനുകൂല പോസ്റ്റുകള്‍ ലൈക്ക് ചെയ്യാറുണ്ട്. അതോടൊപ്പം തന്നെ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അവരുടെ രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ വിമര്‍ശിക്കുന്ന പോസ്റ്റുകളും അവര്‍ ലൈക് ചെയ്തിട്ടുണ്ട്.

സ്‌ക്രോളിനോട് സംസാരിച്ച മാതാപിതാക്കളില്‍ ചിലരും പര്‍വീണിന്റെ മുസ്ലിം സ്വത്വത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ട്. അവര്‍ പ്രിന്‍സിപ്പാളായതിനുശേഷം സ്‌കൂളില്‍ കൂടുതല്‍ മുസ്ലിം അധ്യാപകരെ നിയമിച്ചുവെന്നാണ് ഒരാളുടെ പരാതി. അധ്യാപകര്‍ കുട്ടികളെ നന്നായി പഠിപ്പിക്കുന്നുണ്ടെങ്കിലും അവര്‍ മുസ്ലിങ്ങളാണെന്നതാണ് പരാതിക്കു കാരണം. പര്‍വീണിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട മാതാപിതാക്കളുമുണ്ട്. അവര്‍ അക്കാര്യം മാനേജ്‌മെന്റിനോട് നേരിട്ട് പറയുകയും ചെയ്തു. എന്നാല്‍ തങ്ങള്‍ നിസ്സഹായരാണെന്ന മറുപടിയാണ് മാനേജ്‌മെന്റില്‍ നിന്നും കിട്ടിയതെന്നു മാതാപിതാക്കള്‍ പറയുന്നു.

English Summary; mumbai somaiya school principal parveen shaikh has asked to resign after hindutva website OpIndia published article

 

Share on

മറ്റുവാര്‍ത്തകള്‍