UPDATES

മഹുവ മൊയ്ത്രയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കി

ചോദ്യത്തിന് കോഴ ആരോപണം

                       

തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കി.“ചോദ്യത്തിന് കോഴ ” ആരോപണത്തിൽ അന്വേഷണം നടത്തിയ എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോർട്ടിനെ തുടർന്നാണ് പുറത്താക്കൽ നടപടി. പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അവതരിപ്പിച്ച പ്രമേയം പാസാക്കുന്നതിന് മുമ്പ് പ്രതിപക്ഷം വാക്കൗട്ട് നടത്തി.

104 പേജുള്ള റിപ്പോർട്ടിന്റെ ദൈർഘ്യം ഉദ്ധരിച്ച് ലോക്‌സഭയിലെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി, റിപ്പോർട്ടിന്റെ ഉള്ളടക്കം പരിശോധിക്കാൻ എംപിമാർക്ക് മതിയായ സമയം അനുവദിക്കണമെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർളയോട് അഭ്യർത്ഥിച്ചു. . മഹുവ മൊയ്ത്രയുടെ കാര്യത്തിൽ തീരുമാനമുണ്ടാകുന്നതിന് മുമ്പ് സമിതിയുടെ ശുപാർശകൾ പാർലമെന്റിൽ ചർച്ച ചെയ്യണമെന്നും  ആവശ്യപ്പെട്ടിരുന്നു.ആവശ്യം അംഗീകരിക്കാഞ്ഞതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.വിഷയത്തിൽ അംഗങ്ങളെല്ലാം സഭയിൽ ഹാജരാകണമെന്ന് ബിജെപി വിപ്പ് നൽകിയിരുന്നു.

എന്താണ് ചോദ്യത്തിന് കോഴ

ഗൗതം അദാനിക്കെതിരായി പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ ബിസിനസുകാരൻ ദർഷൻ ഹിരാനന്ദാനിയിൽ നിന്നും ആനുകൂല്യങ്ങൾ കൈപ്പറ്റിയെന്ന പരാതി കൊണ്ടുവരുന്നത് ബിജെപി എം പി നിഷികാന്ത് ദുബെ ആയിരുന്നു. പാർലമെന്റ് എത്തിക്‌സ് കമ്മിറ്റിയ്ക്ക് മുമ്പാകെ വന്ന വിഷയത്തിൽ, ദർഷൻ ഹിരാനന്ദാനി നൽകിയ സത്യവാങ്മൂലം മഹുവയ്‌ക്കെതിരായ ആരോപണങ്ങൾ ശരിവച്ചുകൊണ്ടായിരുന്നു.


എന്താണ്, എങ്ങനെയാണ് പാര്‍ലമെന്റിലെ ചോദ്യങ്ങള്‍?


കേന്ദ്രസർക്കാരിന്റെയും പ്രധാനമന്ത്രി മോദിയുടെയും പാർലമെന്റിനകത്തും പുറത്തുമുള്ള നിതാന്ത വിമർശകയാണ് പശ്ചിമ ബംഗാളിലെ കൃഷ്ണനഗറിൽ നിന്നുള്ള എംപിയായ മഹുവ മൊയ്ത്ര.
ലോക്‌സഭ നടപടിക്രമങ്ങളും പെരുമാറ്റ ചട്ടങ്ങളും പ്രതിപാദിക്കുന്ന 2015 ഓഗസ്റ്റിലെ ചട്ടത്തിന്റെ 20 എ അധ്യായത്തിൽ എത്തിക്‌സ് കമ്മിറ്റിയുടെ നടപടിക്രമങ്ങളെ കുറിച്ച് പറയുന്നതിൻ പ്രകാരം, കമ്മിറ്റി റിപ്പോർട്ട് രൂപത്തിൽ സമർപ്പിക്കുന്ന ശുപാർശകൾ സ്പീക്കർക്ക് സഭയുടെ മേശപ്പുറത്ത് വയ്ക്കുന്നതിനു നിർദേശം നൽകാം. കമ്മിറ്റിയുടെ ശുപാർശകൾ പ്രാബല്യത്തിൽ വരുത്തുന്നതിൽ സഭ പാലിക്കേണ്ട നടപടിക്രമങ്ങളും റിപ്പോർട്ടിൽ ഉണ്ടായേക്കാം എന്നും ചട്ടങ്ങളിൽ പറയുന്നുണ്ട്. ചട്ടം 316 ഇ-യിൽ എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട് സഭ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെക്കുറിച്ച് പറയുന്നുണ്ട്. അതിൽ പറയുന്നത്; ‘ റിപ്പോർട്ട് മേശപ്പുറത്ത് വച്ചതിന് ശേഷം, എത്തിക്‌സ് കമ്മിറ്റി ചെയർപേഴ്‌സനോ, കമ്മിറ്റിയിലെ മറ്റേതെങ്കിലും അംഗത്തിനോ, അതല്ലെങ്കിൽ സഭയിലെ മറ്റൊരു അംഗത്തിനോ റിപ്പോർട്ട് സഭ പരിഗണിക്കുന്നതിനുള്ള നീക്കം നടത്താം. അതിൻപ്രകാരം സ്പീക്കർക്ക് റിപ്പോർട്ടിൻമേലുള്ള സഭയുടെ പ്രതികരണം ആരായാം’ .

സഭയുടെ അഭിപ്രായം ചോദിക്കുന്നതിന് മുമ്പായി സ്പീക്കർ റിപ്പോർട്ടിൻ മേൽ അരമണിക്കൂർ കുറയാത്ത സമയത്തിൽ ഒരു ചർച്ച നടത്താനുള്ള അനുമതി നൽകിയിരിക്കണമെന്നും ചട്ടത്തിൽ പറയുന്നുണ്ട്. ചർച്ചയ്ക്കുശേഷം പ്രമേയം അംഗീകരിക്കുകയാണെങ്കിൽ, എത്തിക്‌സ് കമ്മിറ്റി ചെയർപേഴ്‌സണോ, കമ്മിറ്റിയംഗത്തിനോ, ഏതെങ്കിലും സഭ അംഗത്തിനോ, കമ്മറ്റിയുടെ നിർദേശങ്ങൾ അംഗീകരിക്കുന്നോ, നിരാകരിക്കുന്നോ, ഭേദഗതികളോടെ അംഗീകരിക്കുന്നുവോ തുടങ്ങിയ കാര്യങ്ങളിൽ അഭിപ്രായം തേടാം എന്നും ചട്ടം പറയുന്നു. ചട്ടം 316 എഫ് പ്രകാരം, എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട് പരിഗണിക്കുന്ന പ്രമേയം, അതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കെല്ലാം തീർപ്പ് കൽപ്പിച്ചശേഷം സഭയുടെ അജണ്ടയിൽ(ലിസ്റ്റ് ഓഫ് ബിസിനസ്) ഉൾപ്പെടുത്തുന്നു.

ലോക്‌സഭ മുൻ സെക്രട്ടറി ജനറൽ പിഡിടി ആചാരി ദ ഇന്ത്യൻ എക്‌സ്പ്രസിനോട് പറയുന്നത്, ‘ലോക്‌സഭ പ്രമേയം അംഗീകരിച്ചാൽ, എംപി പുറത്താക്കപ്പെടുന്നു’ എന്നാണ്.

” പരാതിക്കാർ, പരാതിയെ പിന്തുണയ്ക്കുന്നവർ, പരാതി പരാതി നൽകിയ അംഗം തുടങ്ങിയവരെ എത്തിക്‌സ് കമ്മിറ്റി മുൻപാകെ വിളിപ്പിച്ച് വിസ്തരിക്കണം(ക്രോസ് വിസ്താരവും നടത്തണം) എന്നാണ് എത്തിക്‌സ് കമ്മിറ്റി നടപടിക്രമങ്ങളിൽ പറയുന്നത്. ഈ കേസിൽ എന്തൊക്കെ നടന്നിട്ടുണ്ടെന്ന് തനിക്ക് അറിവില്ലെന്നും പിടിഡി ആചാരി ദ ഇന്ത്യൻ എക്‌സ്പ്രസ്സിനോട് പറയുന്നുണ്ട്.

പാർലമെന്റ് എത്തിക്‌സ് കമ്മിറ്റിയെ നിയോഗിക്കുന്നത് സ്പീക്കറാണ്. ഒരു വർഷമാണ് സമിതിയുടെ കാലാവധി. നിലവിലുള്ള കമ്മിറ്റിയുടെ തലവൻ ബിജെപി എംപിയായ വിനോദ് കുമാർ സോങ്കറാണ്. വിഷ്ണു ദത്ത് ശർമ, സുമേധാനന്ദ് സരസ്വതി, അപരാജിത സാരംഗി, ഡോ. രാജ്ദീപ് റോയ്, സുനിത ദഗ്ഗൽ, സുഭാഷ് ഭ്രംറെ(എല്ലാവരും ബിജെപി), വി. വൈദ്യലിംഗ്, എൻ ഉത്തം കുമാർ റെഡ്ഡി, ബാലഷോറി വല്ലഭനേനി, പ്രണീത് കൗർ(എല്ലാവരും കോൺഗ്രസ്), ഹേമന്ദ് ഗോഡ്‌സെ(ശിവ്‌സേന), ഗിരിധരി യാദവ്(ജെഡിയു) പി ആർ നാടരാജൻ(സിപിഎം), ഡാനിഷ് അലി(ബിഎസ്പി) എന്നിവരാണ് കമ്മിറ്റിയിൽ അംഗങ്ങളായ മറ്റ് എംപിമാർ.

2005-ൽ ‘ചോദ്യത്തിന് കോഴ’ പരാതിയിൽ 11 എംപിമാരെ പാർലമെന്റിൽ നിന്നും പുറത്താക്കിയിട്ടുണ്ട്. പത്ത് പേർ ലോക്‌സഭയിൽ നിന്നും ഒരാൾ രാജ്യസഭയിൽ നിന്നുമായിരുന്നു. കോൺഗ്രസ് പ്രതിനിധിയായ പി കെ ബൻസാലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരമായിരുന്നു നടപടി. അന്ന് പ്രതിപക്ഷത്തായിരുന്നു ബിജെപി ലോക്‌സഭ നടപടിക്കെതിരേ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. ബൻസാൽ കമ്മിറ്റി റിപ്പോർട്ട് പാർലമെന്റ് പ്രിവിലേജ് കമ്മിറ്റിയിലേക്ക് അയക്കണമെന്നതായിരുന്നു ബിജെപിയുടെ ആവശ്യം.

Share on

മറ്റുവാര്‍ത്തകള്‍