UPDATES

അദാനിക്കും അംബാനിക്കും ഒത്താശ ചെയ്തതാര് ?

മോദിയോ കോൺഗ്രസോ ?

                       

തെലങ്കാനയിലെ കരിംനഗറിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ പുതിയ ആയുധങ്ങൾ പയറ്റിരിക്കുകയാണ് നരേന്ദ്ര മോദി. ഗൗതം അദാനിയും മുകേഷ് അംബാനിയുമായി കോൺഗ്രസ് പാർട്ടി രഹസ്യ കരാറുണ്ടാക്കിയെന്നാണ് മോദിയുടെ പുതിയ അവകാശവാദം. ഗുജറാത്തിൽ നിന്നുള്ള ഈ വ്യവസായികൾക്ക് സർക്കാരിന്റെ ഭാഗത്തു നിന്ന് ഒത്താശ ചെയ്തു നൽകുന്നുണ്ടെന്ന ആരോപണം കാലാകാലങ്ങളായി മോദിക്ക് മേൽ ഉന്നയിക്കപ്പെടുന്നുണ്ട്. ഇരുവർക്കുമായി മോദി “രാജ്യത്തെ വിറ്റു” എന്നാണ് പ്രതിപക്ഷം വാദിക്കുന്നത്.

രാഹുൽ ഗാന്ധി കഴിഞ്ഞ അഞ്ചു വർഷങ്ങളായി തുടർച്ചയായി ഉന്നയിക്കുന്ന ആരോപണങ്ങളിൽ ഒന്നന്നാണിത്. എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട സമയത്തും, ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നപ്പോഴുമെല്ലാം മോദി-അദാനി ബന്ധത്തെ കുറിച്ച് രാഹുൽ ഗാന്ധി നിരന്തരം ചോദ്യം ഉന്നയിച്ചിരുന്നു. എന്നാൽ അദാനി-അംബാനിയുടെ പേരുകൾ പരാമർശിക്കുന്നത് എന്തുകൊണ്ടാണ് കോൺഗ്രസും രാഹുൽ ഗാന്ധിയും പൊടുന്നനെ നിർത്തിയതെന്നും മോദി ചോദിക്കുന്നു. 2019 മുതൽ കോൺഗ്രസിന്റെ രാജകുമാരൻ(രാഹുൽ ഗാന്ധി) ഉണർന്നെഴുന്നേൽക്കുമ്പോൾ മുതൽ ജപിച്ചിരുന്നത് അഞ്ച് വ്യവസായികൾ, അഞ്ച് വ്യവസായികൾ എന്നായിരുന്നു. പിന്നീടത് അംബാനി-അദാനി എന്നുമാത്രമായി ചുരുങ്ങി. റഫേൽ കേസ് നിലച്ചപ്പോഴും രാഹുൽ തനിക്കെതിരേ ഉപയോഗിച്ചത് ആ പേരുകളാണ്. പക്ഷെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അദാനിയെയും അംബാനിയെയും ചേർത്ത് ആരോപണം ഉന്നയിക്കുന്നത് അദ്ദേഹം നിർത്തി. ഒറ്റരാത്രികൊണ്ട് എന്താണ് സംഭവിച്ചത്. അദാനിയിൽ നിന്നും അംബാനിയിൽ നിന്നും കോൺഗ്രസിലേക്ക് എത്ര കള്ളപ്പണം എത്തിയെന്ന് വ്യക്തമാക്കണം എത്ര ബാഗ് കള്ളപ്പണമാണ് നിങ്ങൾക്ക് ലഭിച്ചത്. ട്രക്ക് നിറയെ നോട്ടുകളെത്തിയോ? ഇതിനുള്ള മറുപടി നിങ്ങൾ രാജ്യത്തിന് നൽകണമെന്നും മോദി ആവശ്യപ്പെട്ടു.തെലങ്കാന സംസ്ഥാനം രൂപികരിച്ചപ്പോൾ ജനം ബിആർഎസിലാണ് പ്രതീക്ഷ വച്ചത്. എന്നാൽ കുടുംബ രാഷ്ട്രീയത്തിനാണ് അവർ പ്രധാന്യം നൽകിയത്. കോൺഗ്രസും അത് തന്നെയാണ് ചെയ്യുന്നത്. എന്നാൽ ബിജെപി മാത്രമാണ് ഇന്ത്യ എന്ന കുടുംബത്തിന് വേണ്ടി നിലകൊള്ളുന്നതെന്നുമാണ് മോദി പറഞ്ഞത്. യഥാർത്ഥത്തിൽ തെരെഞ്ഞെടുപ്പ് സമയത്ത് ഇരു വ്യവസായികളെയും പരാമർശിക്കാതെ രാഷ്ട്രീയം മാറ്റി പിടിക്കുകയാണോ കോൺഗ്രസ് ?

ഏപ്രിൽ 24 ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തിയ പ്രസംഗത്തിൽ, “ഈ രാജ്യത്ത് എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്, രണ്ട് വിൽക്കുന്നവരും രണ്ട് വാങ്ങുന്നവരും നിലവിൽ ഇന്ത്യയിലുണ്ട്. വിൽക്കുന്നവർ മോദിയും, ഷായും വാങ്ങുന്നവർ അംബാനിയും അദാനിയുമാണ്. ” അദ്ദേഹം പറഞ്ഞു. ഏപ്രിൽ 12 ന് കോയമ്പത്തൂരിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസ്ഥാവനയിൽ, “നരേന്ദ്ര മോദിയും അദാനിയും രണ്ട് ഇന്ത്യകളെ സൃഷ്ടിച്ചുവെന്ന് രാഹുൽ പറഞ്ഞു. ”ഒരു ഇന്ത്യ ശതകോടീശ്വരന്മാരുടെതും മറ്റൊന്ന് ദരിദ്രരുടെയും.” കൂടാതെ തൻ്റെ ഭാരത് ജോഡോ ന്യായ് യാത്രയിൽ രണ്ട് ശതകോടീശ്വരന്മാരുടെയും അവരുടെ വർദ്ധിച്ചുവരുന്ന സമ്പത്തിൻ്റെയും കാര്യവും അദ്ദേഹം പലതവണ ഉന്നയിച്ചിരുന്നു.

എന്നാൽ അദാനിയെയും അംബാനിയെയും പോലുള്ള വ്യവസായികളുടെ സ്വാധീനത്തെ കുറിച്ച് ഇന്ത്യയിലെ പലർക്കും ഗുരുതരമായ ആശങ്കകളുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞത് ശരിയാണ്. ഈ വർഷമാദ്യം ഇന്ത്യാ ടുഡേ നടത്തിയ ഒരു സർവേയിൽ 52% ആളുകളും സർക്കാരിൻ്റെ സാമ്പത്തിക തീരുമാനങ്ങൾ സാധാരണ ജനങ്ങളേക്കാൾ വൻകിട ബിസിനസുകാർക്ക് നേട്ടമുണ്ടാക്കാൻ വേണ്ടിയാണെന്ന് ഉറച്ചു വിശ്വസിക്കുന്നുണ്ട്. സാധാരണ പൗരന്മാരുടെ ആവശ്യങ്ങളേക്കാൾ സമ്പന്നരായ വ്യക്തികളുടെ താൽപ്പര്യങ്ങൾക്ക് സർക്കാർ മുൻഗണന നൽകുന്നുണ്ടെന്ന ആശങ്ക പൊതുജനങ്ങൾക്കിടയിൽ ശക്തമാണ്. കഴിഞ്ഞ 10 വർഷമായി അദാനി-അംബാനിമാരുടെ സമ്പത്തിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കോവിഡ് മഹാമാരി കാലത്ത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ താഴോട്ടു പോവുകയും ജനങ്ങൾ സാമ്പത്തികമായി അരക്ഷിതാവസ്ഥയിലേക്ക് കൂപ്പ് കുത്തിയിരുന്നു. എന്നാൽ ഈ കാലയളവിൽ തങ്ങളുടെ സമ്പത്തു വർധിപ്പിക്കാൻ ഇവർക്കായി. നിലവിൽ ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് അംബാനി, തൊട്ടുപിന്നിലെ തന്നെ അദാനിയുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ 15 സമ്പന്നരുടെ പട്ടികയിൽ തങ്ങളുടെ സ്ഥാനം ഒന്നുകൂടി ഊട്ടി ഉറിപ്പിക്കുകയാണ് ഇരുവരും.

അദാനി ഗ്രൂപ്പ് സ്റ്റോക്ക് കൃത്രിമത്വവും അക്കൗണ്ടിംഗ് തട്ടിപ്പും നടത്തുന്നുണ്ടെന്ന് ആരോപിച്ച് യുഎസ് ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവിട്ടിട്ട് 15 മാസം പിന്നിടുകയാണ്. ഈ ആരോപണങ്ങൾ അന്വേഷിക്കാൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയെ (സെബി) ചുമതലപ്പെടുത്തിയിരുന്നു. ഈ വിഷയത്തിൽ സംയുക്ത പാർലമെൻ്ററി സമിതി അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിൻ്റെ ആവശ്യങ്ങളോട് മോദി ഭരണകൂടം ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഹിൻഡൻബർഗിനുശേഷം, സാമ്പത്തിക മാധ്യമപ്രവർത്തകർ ഇവർക്കെതിരെ തെറ്റായ നടപടികൾ കണ്ടെത്തിയിരുന്നു. എന്നിട്ടും, ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് സെബിയും സ്ഥിരീകരിച്ചിട്ടും ഇതുവരെ നിയമപരമായ ഒരു നടപടികളും സ്വീകരിച്ചിട്ടില്ല.

അദാനിയുടെയും അംബാനിയുടെയും അതിശയിപ്പിക്കുന്ന വളർച്ചക്ക് പിന്നിൽ രാജ്യത്ത് നടപ്പിലാക്കിയ നിയമ നിർമ്മാണങ്ങൾ പോലും സ്വാധീനം ചെലുത്തിയതായി വിമർശകർ പറയുന്നുണ്ട്. കാർഷിക നിയമങ്ങൾ, വിമാനത്താവള സ്വകാര്യവൽക്കരണം, മാറിയ ഖനന നിയമങ്ങൾ എന്നിവ കോർപ്പറേറ്റ് താൽപ്പര്യങ്ങൾ പ്രീതിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്ന് വിമർശനം ഉയരുന്നുണ്ട്.

 

Share on

മറ്റുവാര്‍ത്തകള്‍