മേയ് 13 ന് നടന്ന നാലാം ഘട്ട തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഉത്തര്‍പ്രദേശില്‍ നടന്ന വോട്ടെടുപ്പില്‍ വോട്ടവകാശത്തിനുള്ള പ്രായം തികഞ്ഞിട്ടില്ലാത്തൊരു കൗമാരക്കാരന്‍ എട്ടു തവണ വോട്ട് ചെയ്തതായി ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫറുഖാബാദ് ലോക്‌സഭ മണ്ഡലത്തിലെ പോളിംഗ് സ്‌റ്റേഷനില്‍ എത്തി എട്ടു തവണയാണ് ബിജെപിക്കുവേണ്ടി കൗമാരക്കാരന്‍ വോട്ട് കുത്തിയത്. കള്ളവോട്ടുകള്‍ ചെയ്തതു കൂടാതെ, അത് സ്വയം വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. ഇയാളുടെ വീഡിയോ സമാജ് വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവ് സാമൂഹ്യ മാധ്യമമായ എക്‌സില്‍ പങ്കുവച്ചു.
വീഡിയോ പുറത്തു വന്നതിനു പിന്നാലെ പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വോട്ട് ചെയ്ത യുവാവ് ഗ്രാമത്തലവന്റെ മകനാണ്. പ്രതിയെ ഞായറാഴ്ച്ച പൊലീസ് അറസ്റ്റ് ചെയ്തുവെന്നാണ് വിവരം. കള്ളവോട്ട് നടന്ന പോളിംഗ് ബൂത്തില്‍ റീ പോളിംഗ് നടത്താന്‍ ഉത്തര്‍പ്രദേശ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും, ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫിസര്‍ നവ്ദീപ് റിനാവ അറിയിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത വ്യക്തി എട്ടു തവണ വോട്ട് ചെയ്തുവെന്നു പറയുന്ന വീഡിയോ ദൃശ്യങ്ങള്‍ കണ്ടതായി തെരഞ്ഞെടുപ്പ് ഓഫിസര്‍ പറയുന്നുണ്ട്. വീഡിയോയില്‍ എട്ടുതവണ പ്രതി ഇവിഎം മെഷീനില്‍ കുത്തുന്നതും അക്കാര്യം വിളിച്ചു പറയുന്നതുമാണ് ചിത്രീകരിച്ചിരിക്കുന്നത്. പ്രസ്തുത വീഡിയോ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ നയാഗോണ്‍ പൊലീസ് ആണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐപിസി സെക്ഷന്‍ 171-എഫ്, 419, 1951 പൊലീസ് ആക്ട് പ്രകാരമുള്ള സെക്ഷന്‍ 128, 132, 136 എന്നീ വകുപ്പുകള്‍ പ്രതിക്കെതിരേ ചുമത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ഇറാന്‍ പ്രസിഡന്റിന് എന്തു സംഭവിച്ചു?
ഇറ്റാ ജില്ലയിലെ അലിഗഞ്ച് നിയമസഭ മണ്ഡലം ഉള്‍പ്പെടുന്ന ഖിരിയ പമരന്‍ ഗ്രാമത്തിലെ പോളിംഗ് സ്‌റ്റേഷനിലാണ് സംഭവം നടന്നത്. ഫറുഖാബാദ് ജില്ലയിലെ നാല് അസംബ്ലി മണ്ഡലങ്ങളും ഇറ്റ ജില്ലയിലെ അലിഗഞ്ച് നിയമസഭ മണ്ഡലവും ചേരുന്നതാണ് ഫറുഖാബാദ് ലോക്‌സഭ മണ്ഡലം. സിറ്റിംഗ് എംപിയായ മുകേഷ് രജ്പുത് ആണ് ഇത്തവണയും ഇവിടുത്തെ ബിജെപി സ്ഥാനാര്‍ത്ഥി. ഖിരിയ പമരന്‍ ഗ്രാമത്തിലെ ഗ്രാമമുഖ്യനായ അനില്‍ സിംഗ് താക്കൂറിന്റെ മകനായ രാജന്‍ സിംഗ് താക്കൂര്‍ ആണ് കള്ളവോട്ട് ചെയ്തതെന്ന് ദ സ്‌ക്രോള്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തന്റെ മകന് 16 വയസാണ് പ്രായമെന്നും അനില്‍ സിംഗ് സമ്മതിക്കുന്നുണ്ട്. ബിജെപി അംഗമാണ് അനില്‍ സിംഗ്. വീഡിയോ തെറ്റിദ്ധരിക്കപ്പെടുന്ന വിധമാണ് പ്രചരിക്കുന്നതെന്നാണ് അനില്‍ സിംഗ് താക്കൂര്‍ വാദിക്കുന്നത്. തന്റെ മകന്‍ ഇവിഎം മെഷീന്‍ പ്രവര്‍ത്തനം പരിശോധിച്ചു നോക്കുകയായിരുന്നുവെന്നും, അതു കൂടാതെ ഗ്രാമത്തിലെ പ്രായം ചെന്നവരും മാനസിക പ്രശ്‌നമുള്ളവരുമായ വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ സഹായിക്കുകയുമാണ് ഉണ്ടായതെന്നുമാണ് അനില്‍ സിംഗ് നല്‍കുന്ന വിശദീകരണം. താന്‍ ജനിച്ച കാലം മുതല്‍ ബിജെപിക്കാരനാണെന്ന അവകാശവാദവും 43 കാരനായ അനില്‍ സിംഗ് താക്കൂര്‍ നടത്തുന്നുണ്ട്.
अगर चुनाव आयोग को लगे कि ये गलत हुआ है तो वो कुछ कार्रवाई ज़रूर करे, नहीं तो…
भाजपा की बूथ कमेटी, दरअसल लूट कमेटी है। #नहीं_चाहिए_भाजपा pic.twitter.com/8gwJ4wHAdw
— Akhilesh Yadav (@yadavakhilesh) May 19, 2024
നവല്‍ കിഷോര്‍ ഷാക്യയാണ് ഫറുഖാബാദ് മണ്ഡലത്തിലെ സമാജ് വാദ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി. ഖിരിയ പമാരന്‍ ഗ്രാമത്തിലെ ബൂത്ത് നമ്പര്‍ 343 ല്‍ നടന്ന കള്ളവോട്ടില്‍ ഷാക്യ ഇറ്റയിലെയും ഫറുഖാബാദിലെയും തെരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. വലിയ സ്വാധീനമുള്ള ഗ്രാമത്തലവന്റെ മകനാണ് കള്ളവോട്ട് ചെയ്തതെന്നത് ഗൗരവമായി കാണണമെന്നാണ് ഷാക്യയുടെ പരാതിയില്‍ ആവശ്യപ്പെടുന്നത്. ഗ്രാമത്തലവന്റെ മകന്‍ പോളിംഗ് ബൂത്തിലെത്തി, വോട്ടര്‍മാരുടെ കൈയില്‍ നിന്നും പോളിംഗ് സ്ലിപ്പ് തട്ടിയെടുത്ത് അവരുടെ വോട്ട് സ്വയം ചെയ്യുകയായിരുന്നുവെന്നും ഷാക്യ ആരോപിക്കുന്നു. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഓഫിസര്‍ ദിനേഷ് താക്കൂര്‍ ഗ്രാമത്തലവന്റെ മകനെ കള്ളവോട്ട് ചെയ്യാന്‍ സഹായിച്ചുവെന്നും പരാതിയില്‍ പറയുന്നു. 343 ബൂത്ത് കൂടാതെ നഗ്ല ബാഗുവിലെ 349 ആം ബൂത്തിലും മാംഗദ്പൂരിലെ 359 ആം ബൂത്തിലും റീ പോളിംഗ് വേണമെന്നാണ് ഷാക്യയുടെ ആവശ്യം. ബാക്കി രണ്ടു ബൂത്തിലും വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ അനുവദിക്കാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടെന്നാണ് സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ ആരോപണം. 349 ാം ബൂത്തില്‍ ഒബിസി വിഭാഗമായ ഷാക്യ സമുദായക്കാരെ വോട്ട് ചെയ്യിപ്പിച്ചില്ലെന്നാണ് അദ്ദേഹം പറയുന്നതും. അദ്ദേഹവും ഷാക്യ സമുദായംഗമാണ്.
അതേസമയം, വിശദമായി പരിശോധിച്ചാല്‍ മാത്രമാണ് കൗമരാക്കാരന്‍ സാധുവായ വോട്ടുകളാണോ ചെയ്തിരിക്കുന്നതെന്ന് കണ്ടെത്താന്‍ കഴിയൂ എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കോണ്‍ഗ്രസ്, എസ്പി തുടങ്ങി പ്രതിപക്ഷ പാര്‍ട്ടികളെല്ലാം സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്.
Content Summary; Uttar pradesh young boy casting eight votes for bjp, up chief election officer recommends re poll at booth