തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയുടെ വിവാഹചിത്രങ്ങളാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. ബിജു ജനതാദൾ നേതാവും മുൻ എംപിയുമായ പിനാകി മിശ്രയാണ് മഹുവ മൊയ്ത്രയുടെ വരൻ. മെയ് മൂന്നാം തീയതി ജർമനിയിൽ വെച്ചായിരുന്നു വിവാഹമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എക്സിൽ പങ്കുവെച്ച് ഒരു പോസ്റ്റിൽ മഹുവ തങ്ങൾക്ക് ലഭിച്ച വിവാഹാശംസകൾക്ക് നന്ദിയറിയിക്കുകയും ചെയ്തു. ആരാണ് തൃണമൂൽ കോൺഗ്രസിന്റെ ശക്തയായ നേതാവിന്റെ ഭർത്താവ് പിനാകി മിശ്ര?
1959, ഒക്ടോബർ 23 ന് ഒഡീഷയിൽ ജനിച്ച പിനാകി മിശ്ര മുതിർന്ന അഭിഭാഷകനും രാഷ്ട്രീയ പ്രവർത്തകനുമാണ്. ഒഡീഷയിലെ പുരി മണ്ഡലത്തിൽ നിന്ന് നാല് തവണ എംപിയായിരുന്നു. ഡൽഹി സെന്റ് സേവ്യേഴ്സ് സ്കൂളിൽ നിന്ന് വിദ്യാഭ്യാസം നേടിയ പിനാകി മിശ്ര ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ഹിസ്റ്ററിയിൽ ബിരുദം നേടിയിട്ടുണ്ട്. തുടർന്ന് ഡൽഹി സർവകലാശാലയിലെ ഫാക്കൽറ്റി ഓഫ് ലോയിൽ നിന്ന് എൽ.എൽ.ബിയും സ്വന്തമാക്കി. നിയമത്തിലെയും ചരിത്രത്തിലെയും ഗാഢമായ അറിവ് അഭിഭാഷകനായും നിയമസഭാംഗമായും ഒരുമിച്ച് പ്രവർത്തിക്കാൻ പിനാകി മിശ്രയെ സഹായിച്ചു. സ്കൂൾ, കോളേജ് പഠനകാലത്ത് സ്പോർട്ട്സിൽ തൽപരനായിരുന്ന മിശ്ര സെന്റ് സ്റ്റീഫൻസ് കോളേജ് ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായും പ്രവർത്തിച്ചിട്ടുണ്ട്.
1996ൽ അന്നത്തെ കേന്ദ്രമന്ത്രിയായിരുന്ന ബ്രജ കിഷോർ ത്രിപാഠിയെ പരാജയപ്പെടുത്തിയാണ് മിശ്ര ആദ്യമായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ശേഷം 2009, 2014, 2019 വർഷങ്ങളിൽ മിശ്ര വീണ്ടും പുരി മണ്ഡലത്തിൽ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായ മിശ്ര ഭരണഘടനാ നിയമം, വിദേശനാണ്യം, കസ്റ്റംസ്, എക്സൈസ്, ഖനനവുമായി ബന്ധപ്പെട്ട നിയമങ്ങൾ, പരിസ്ഥിതി നിയമം, കമ്പനി നിയമം തുടങ്ങിയ മേഖലകളിലാണ് കൂടുതലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്ന് തുടങ്ങിയ പിനാകി മിശ്ര നവീൻ പട്നായികിന്റെ നേതൃത്വത്തിലുള്ള ബിജെഡിയിലേക്ക് മാറുകയായിരുന്നു. സംഗീത മിശ്രയാണ് പിനാകി മിശ്രയുടെ ആദ്യ ഭാര്യ. ആദ്യ ഭാര്യയിൽ മിശ്രയ്ക്ക് ഒരു മകളുമുള്ളതായി ദേശീയ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളിൽ പറയുന്നു. വിദേശകാര്യം, സബോർഡിനേറ്റ് നിയമനിർമ്മാണം, സിവിൽ വ്യോമയാനം എന്നിവയെക്കുറിച്ചുള്ള പാർലമെന്ററി കമ്മിറ്റിയിലും മിശ്ര അംഗമായിരുന്നു.
വ്യാപാര മേഖലയിലും പിനാകി മിശ്ര അറിയപ്പെടുന്ന മുഖമാണ്. ഓഷ്യൻ ഗ്രാൻഡ് റിസോർട്ട്‌സ് ആൻഡ് ഹോട്ടൽസ് പ്രൈവറ്റ് ലിമിറ്റഡ്, ജൂപ്പിറ്റർ എസ്റ്റേറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, വൈറ്റ് ലില്ലി എസ്റ്റേറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, ജൻപത് പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവ മിശ്ര കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളാണെന്നാണ് റിപ്പോർട്ട്. ബ്രാഡി ടെലിസോഫ്റ്റ് പ്രൈവറ്റ് ലിമിറ്റഡിലും ഡബ്ല്യുഎച്ച് ബ്രാഡി ആൻഡ് കമ്പനി ലിമിറ്റഡിലും മിശ്രയ്ക്ക് ഓഹരികളുണ്ടായിരുന്നുവെന്ന് മുൻപ് പുറത്തുവന്ന റിപ്പോർട്ടുകൾ പറയുന്നു.
Content Summary: TMC mp Mahua moitra marriage; Who is Mahua Moitra’s husband, Pinaki Misra?