വിദേശ വിദ്യാർത്ഥികളുടെ വിസ നയങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് യുഎസ്. വിദ്യാഭ്യാസ, എക്സ്ചേഞ്ച് വിസകൾക്ക് അപേക്ഷിക്കുന്ന വിദേശ വിദ്യാർത്ഥികൾ അവരുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ലോക്ക് ചെയ്യാൻ പാടില്ലെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. വിസ സ്ക്രീനിംഗ് പ്രക്രിയയുടെ ഭാഗമായി യുഎസ് നയതന്ത്രജ്ഞർക്ക് വിദ്യാർത്ഥികളുടെ സാമൂഹ്യമാധ്യമ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായാണ് പ്രൊഫൈലുകളിലേക്ക് പ്രവേശനം ആവശ്യപ്പെടുന്നതെന്ന് യുഎസ് അറിയിച്ചു.
സോഷ്യൽ മീഡിയ വിവരങ്ങൾ പങ്കിടാൻ വിസമ്മതിക്കുന്നവരുടെ വിസ റദ്ദാക്കാൻ വരെ സാധ്യതയുണ്ടെന്ന് യുഎസ് പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. പഠനം, തൊഴിലധിഷ്ഠിത പരിശീലനം, സാംസ്കാരിക വിനിമയ പരിപാടികൾ എന്നിവ ഉൾക്കൊള്ളുന്ന എഫ്, എം, ജെ വിസകൾ തേടുന്ന വിദ്യാർത്ഥികളെ യുഎസിന്റെ പുതിയ മാർഗ്ഗനിർദ്ദേശം കാര്യമായി ബാധിക്കും.
സോഷ്യൽ മീഡിയ പ്രൊഫൈലുകൾ അൺലോക്ക് ചെയ്യാൻ ആവശ്യപ്പെടുന്നതിന്റ കാരണങ്ങളും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വിശദീകരിച്ചിട്ടുണ്ട്. യുഎസ് പൗരന്മാർക്കെതിരെയോ രാജ്യത്തെ സംസ്കാരത്തിനോ ഭരണകൂടത്തിനെതിരെ ശത്രുതയുള്ളവരാണോയെന്ന് പരിശോധിക്കാൻ ഇത് അനിവാര്യമാണെന്നാണ് യുഎസ് പറയുന്നത്. വിദേശ ഭീകര ഗ്രൂപ്പുകളെ പിന്തുണയ്ക്കുക വഴി യുഎസിന്റെ ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുക, നിയമവിരുദ്ധമായ സെമിറ്റിക് വിരുദ്ധ പീഡനത്തിനോ അക്രമത്തിനോ വേണ്ടി വാദിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുക തുടങ്ങിയ വിവരങ്ങളും സോഷ്യൽ മീഡിയയിലൂടെ മനസിലാക്കാൻ കഴിയുെമന്ന് യുഎസ് വാദിക്കുന്നു.
ഗാസയിലെ ഇസ്രയേൽ നടപടികളെ എതിർക്കുന്നവരെ ലക്ഷ്യം വെച്ചാണ് പുതിയ നിയമമെന്ന് വിമർശകൾ ചൂണ്ടിക്കാണിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. രാഷ്ട്രീയ വിയോജിപ്പുകൾ അടിച്ചമർത്താനുള്ള യുഎസിന്റെ നീക്കമെന്നും വിമർശനങ്ങളുയർന്നു. ഇത് വിദ്യാർത്ഥികളുടെ സ്വകാര്യതയ്ക്ക് മേലുള്ള കൈകടത്തലാണെന്നും ആക്ഷേപങ്ങളുയരുന്നുണ്ട്. അതേസമയം പുതിയ നടപടി ദേശീയ സുരക്ഷയ്ക്ക് വേണ്ടിയാണെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അവകാശപ്പെടുന്നത്.
കഴിഞ്ഞ മാസം അവസാനം പുതിയ വിദ്യാഭ്യാസ വിസകൾ നൽകുന്നത് ട്രംപ് ഭരണകൂടം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. തുടർന്നാണ് അപേക്ഷകരുടെ സോഷ്യൽ മീഡിയ പ്രവർത്തനം പരിശോധിക്കുന്നതിനുള്ള പുതിയ നടപടിയുമായി എത്തിയിരിക്കുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചൈനീസ് വിദ്യാർത്ഥികളുടെ വീസ അടിയന്തിരമായി റദ്ദാക്കുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചിരുന്നു.
നിലവിൽ സ്റ്റുഡന്റ്, എക്സ്ചേഞ്ച് വിസ അപേക്ഷകർക്കുള്ള അഭിമുഖങ്ങൾ പുനരാരംഭിക്കാൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് യുഎസ് എംബസികൾക്കും കോൺസുലേറ്റുകൾക്കും അനുമതി നൽകിയിട്ടുണ്ട്.
Content Summary: foreign students required to unlock social media profiles for US visa
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.