ഗ്രേറ്റർ നോയിഡയിൽ രണ്ട് സഹോദരന്മാരെ വിവാഹം കഴിച്ച രണ്ട് സഹോദരിമാർക്ക് നേരിടേണ്ടി വന്നത് ക്രൂരമായ സ്ത്രീധന പീഡനം. പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരണത്തിന് കീഴടങ്ങിയ സംഭവത്തിൽ, ഭർത്താവിനെ യുപി പോലീസ് വെടിവെച്ച് പിടികൂടി. പ്രതി പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് വെടിവെച്ചതെന്നാണ് പോലീസ് പറയുന്നത്.
ഗ്രേറ്റർ നോയിഡയ്ക്ക് സമീപമുള്ള സിർസ ഗ്രാമത്തിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. 26 വയസ്സുള്ള നികി എന്ന യുവതിയാണ് ഗുരുതരമായി പൊള്ളലേറ്റ് മരിച്ചത്. ഭർത്താവ് വിപിൻ ഭാട്ടിയാണ് ഭാര്യയെ തീകൊളുത്തിയതെന്നാണ് കേസ്. തീവ്രമായ പൊള്ളലേറ്റ നിക്കിയെ ഉടൻ തന്നെ ഫോർട്ടിസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റാൻ നിർദ്ദേശിച്ചു. എന്നാൽ യാത്രാമധ്യേ നികി മരണത്തിന് കീഴടങ്ങി.
സഹോദരിമാരായ നികിയും (26) കാഞ്ചനും (28) രണ്ട് സഹോദരന്മാരായ വിപിനെയും (30) രോഹിത്തിനെയും (വിപിന്റെ സഹോദരൻ) ആണ് വിവാഹം കഴിച്ചത്. നിക്കിയുടെ മരണത്തിൽ വിപിനെതിരെ പരാതി നൽകിയത് കാഞ്ചനാണ്.
കാഞ്ചൻ നൽകിയ പരാതി അനുസരിച്ച്, വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ നിക്കിയുമായി വഴക്കിട്ടതിന് ശേഷം വിപിന്റെ അമ്മ ദയ ഭാട്ടി (55) തീപിടിക്കുന്ന ദ്രാവകം കൈമാറി. ഇത് ഉപയോഗിച്ച് വിപിൻ നിക്കിയെ തീകൊളുത്തുകയായിരുന്നു എന്നാണ് പരാതി. 36 ലക്ഷം രൂപ സ്ത്രീധനമായി ആവശ്യപ്പെട്ട് വിപിനും കുടുംബവും നിക്കിയെ നിരന്തരമായി പീഡിപ്പിച്ചിരുന്നു എന്നും നിക്കിയുടെ കുടുംബം ആരോപിച്ചു.
വ്യാഴാഴ്ച അറസ്റ്റിലായ വിപിനെ, തെളിവെടുപ്പിനായി ഞായറാഴ്ച പോലീസ് സിർസ ഗ്രാമത്തിലേക്ക് കൊണ്ടുപോയിരുന്നു. ഈ സമയം ഇയാൾ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ പിസ്റ്റൾ തട്ടിപ്പറിച്ചെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് വെടിവെച്ചതെന്നാണ് ഗ്രേറ്റർ നോയിഡ അഡീഷണൽ പോലീസ് കമ്മീഷണർ സുധീർ കുമാർ അറിയിച്ചത്. വെടിവെപ്പിൽ കാലിന് പരിക്കേറ്റ വിപിൻ പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണ്.
നികി, കാഞ്ചൻ സഹോദരിമാർ സ്വന്തമായി ഒരു ബ്യൂട്ടി പാർലർ നടത്തിയിരുന്നു. ഇതാണ് കുടുംബപ്രശ്നങ്ങൾക്ക് കാരണമായതെന്ന് നിക്കിയുടെ അമ്മായി മനോജ് പറഞ്ഞു. രണ്ട് വർഷം മുൻപാണ് 1.5 ലക്ഷം രൂപ മുടക്കി ഇവർ പാർലർ ആരംഭിച്ചത്. അതിൽ നിന്ന് മാസം ഒരു ലക്ഷം രൂപ വരെ വരുമാനം ലഭിച്ചിരുന്നു. ഇതിൽ നിന്ന് പകുതി ലാഭമായിരുന്നു. പാർലറിന്റെ നിയന്ത്രണം കൈവശപ്പെടുത്താനും എല്ലാ വരുമാനവും വിപിന്റെ അമ്മയ്ക്ക് നൽകാനും അവർ ആവശ്യപ്പെട്ടിരുന്നുവെന്ന് മനോജ് പറഞ്ഞു.
സാമ്പത്തികമായി സ്വയംപര്യാപ്തരാകാനുള്ള സഹോദരിമാരുടെ ശ്രമമായിരുന്നു ഈ പാർലർ. ഇതിലൂടെ ലഭിക്കുന്ന വരുമാനം വിപിൻ ആവശ്യപ്പെട്ടിരുന്നതായും കുടുംബം പറഞ്ഞു.
2016-ൽ 80 ലക്ഷത്തിലധികം രൂപ മുടക്കിയാണ് ഇരു സഹോദരിമാരുടെയും വിവാഹം നടത്തിയത്. അന്ന് സ്കോർപിയോ കാറും 10 ലക്ഷം രൂപയുടെ ആഭരണങ്ങളും വരന്മാർക്ക് നൽകിയിരുന്നു. എന്നാൽ സ്ത്രീധനത്തിനായുള്ള അവരുടെ ആർത്തി അടങ്ങിയില്ലെന്ന് കുടുംബം പറയുന്നു. മകളെയും പേരക്കുട്ടികളെയും തിരികെ കൊണ്ടുവരാൻ നിക്കിയുടെ അച്ഛൻ ഫെബ്രുവരിയിൽ ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് നടന്ന പഞ്ചായത്ത് ചർച്ചയിലാണ് വിപിൻ മാപ്പ് പറഞ്ഞ് നിക്കിയെ തിരികെ കൂട്ടിക്കൊണ്ടുപോയത്. വീണ്ടും കൈയ്യേറ്റം ചെയ്യില്ലെന്ന് ഉറപ്പുകൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ നിക്കി വീണ്ടും പീഡിപ്പിക്കപ്പെടുകയായിരുന്നു.
സഹോദരിമാരായ കാഞ്ചനും നിക്കിയും സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായിരുന്നു. കാഞ്ചൻ, നിക്കിക്കുവേണ്ടി നീതി തേടിക്കൊണ്ടുള്ള പോസ്റ്റുകൾ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. അതേസമയം, കേസിൽ വിപിന്റെ അമ്മ ദയയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.
content summary: Dowry; Tragic end for a young woman, husband shot and arrested by police
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.