UPDATES

വിദേശം

ഇറാന്‍ പ്രസിഡന്റിന്റെ മരണം സ്ഥിരീകരിച്ചു

പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെടുകയായിരുന്നു

                       

ഞായറാഴ്ച്ച നടന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയും വിദേശകാര്യവകുപ്പ് മന്ത്രി ഹൊസൈന്‍ അമിറാബ്ദൊള്ളഹാന്‍ എന്നിവര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. 

ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നവരെല്ലാം തന്നെ കൊല്ലപ്പെട്ടതായാണ് വിവരം. സര്‍ബൈജാനോട് ചേര്‍ന്നുള്ള ഇറാന്റെ കഴിക്കന്‍ പ്രവിശ്യയിലേക്കുള്ള യാത്രയില്‍ ഞായറാഴ്ച്ചയാണ് പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. ഇറാന്‍ ദേശീയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, അസര്‍ബൈജാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ജോല്‍ഫയിലാണ് അപകടം. രാജ്യതലസ്ഥാനമായ ടെഹ്‌റാനില്‍ നിന്നും 600 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറായാണ് ഈ പ്രദേശം. പ്രസിഡന്റിനൊപ്പം ഇറാന്‍ വിദേശകാര്യ മന്ത്രി ഹൊസൈന്‍ അമിറാബ്ദൊള്ളഹാന്‍, ഈസ്റ്റ് അസര്‍ബൈജാന്‍ പ്രവിശ്യ ഗവര്‍ണര്‍, മറ്റ് ചില ഉദ്യോഗസ്ഥര്‍ എന്നിവരും അപകത്തിനിരയായ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നുവെന്ന് ദേശീയ ന്യൂസ് ഏജന്‍സി ഐ ആര്‍ എന്‍ എ യും റിപ്പോര്‍ട്ട് ചെയ്യുന്നു. ഹെലികോപ്റ്റര്‍ ഇടച്ചിറക്കേണ്ടി വന്നുവെന്നാണ് ഒരു പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ അപകടസ്ഥലം താന്‍ ഇതുവരെ സന്ദര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. Iran president ebrahim Raisi killed helicopter crash  

വലിയ കുന്നുകള്‍ നിറഞ്ഞ പ്രദേശത്താണ് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതെന്നു പറയുന്നു. സംഭവസ്ഥലത്തേക്ക് രക്ഷാസേനയ്ക്കു എത്താന്‍ ബുദ്ധിമുട്ടായിരുന്നു. കാലാവസ്ഥ പ്രതികൂലമായതാണു കാര്യങ്ങള്‍ ദുര്‍ഘടമാക്കിയതെന്നു ന്യൂസ് ഏജന്‍സി പറയുന്നു. കനത്ത മഴയും മൂടല്‍മഞ്ഞും കാറ്റും രക്ഷാപ്രവര്‍ത്തകര്‍ക്ക് തടസമാകുന്നുണ്ട്. റവല്യൂഷണറി ഗാര്‍ഡ് ഉള്‍പ്പെടെ എല്ലാ സൈനിക വിഭാഗങ്ങളോടും തിരച്ചിലിനായി ഇറങ്ങാന്‍ ഇറാന്‍ സൈന്യത്തിലെ ചീഫ് ഓഫ് സ്റ്റാഫ് ഉത്തരവിട്ടിരുന്നു. ഇരുണ്ട കാലാവസ്ഥയും മഴയും നിറഞ്ഞ സാഹചര്യമാണെങ്കിലും തിരച്ചില്‍ മുന്നോട്ടു പോവുകയായിരുന്നു. അയല്‍ രാജ്യങ്ങള്‍ സംഭവത്തില്‍ തങ്ങളുടെ അനുതാപവും അതോടൊപ്പം സഹായങ്ങളും ഇറാന് വാഗ്ദാനം ചെയ്തിട്ടുണ്ട്. സംഭവം അമേരിക്ക വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അടിയന്തര സാറ്റ്ലൈറ്റ് മാപ്പിംഗ് സാങ്കേതിക വിദ്യയുടെ സഹായം യൂറോപ്യന്‍ യൂണിയന്‍ ഇറാന് വാഗ്ദാനം ചെയ്തിരുന്നു.

അപകടം അണക്കെട്ട് ഉദ്ഘാടനത്തിന് ശേഷം

അരാസ് നദിയില്‍ അസര്‍ബൈജാനും ഇറാനും സംയുക്തമായി നിര്‍മിക്കുന്ന മൂന്നാമത്തെ അണക്കെട്ടായ ക്വിസ്-ഖലാസി ഡാമിന്റെ ഉദ്ഘാടനത്തിനായാണ് ഞായാറാഴ്ച്ച രാവിലെ പ്രസിഡന്റ് എത്തിയത്. അസര്‍ബൈജാന്‍ പ്രസിഡന്റിനൊപ്പം സംയുക്തമായിട്ടായിരുന്നു ഉദ്ഘാടനം. ഉദ്ഘാടനത്തിനുശേഷം തിരികെ പോകുന്ന വഴിക്കായിരുന്നു അപകടം. റൈസിയോട് താന്‍ സൗഹാര്‍ദ്ദപരമായ വിടവാങ്ങലായിരുന്നു നടത്തിയതെന്നാണ് അപകടവാര്‍ത്തയറിഞ്ഞശേഷം അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവ് പ്രതികരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സഹായവും അസര്‍ബൈജാന്‍ പ്രസിഡന്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

അസര്‍ബൈജാനും ഇറാനും തമ്മില്‍ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം ഏറെ തന്ത്രപ്രധാനമായിരുന്നു. 2023 ല്‍ ടെഹ്റാനിലെ അസര്‍ബൈജാന്‍ എംബസിക്കു നേരെ നടന്ന വെടിവയ്പ്പും, ഇസ്രയേലുമായുള്ള അസര്‍ബൈജാന്‍ നയതന്ത്രബന്ധവും ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം വഷളാക്കി. ഇറാനിലെ ഷിയ മതഭരണകൂടം അസര്‍ബൈജാനെ മേഖലയിലെ തങ്ങളുടെ പ്രധാനശത്രുവായിട്ടായിരുന്നു പരിഗണിച്ചിരുന്നത്.

മുന്‍ സുഹൃത്തുക്കള്‍ ഇപ്പോള്‍ ബദ്ധശത്രുക്കള്‍

പ്രസിഡന്റ് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന് എന്തെങ്കിലും തകാര്‍ ഉണ്ടായിരുന്നതാണോ എന്നതിലൊന്നും ഇതുവരെ വ്യക്തത വന്നിട്ടില്ല. ഹെലികോപ്റ്ററുകള്‍ ഭരണത്തലവന്മാരും ഉദ്യോഗസ്ഥരുമൊക്കെ സ്ഥിരമായി ഉപയോഗിക്കുന്ന യാത്ര മാര്‍ഗമാണെങ്കിലും, പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം മൂലം ഹെലികോപ്റ്ററിന്റെ യന്ത്രോപകരണങ്ങള്‍ ലഭ്യമാകുകയെന്നത് ബുദ്ധിമുട്ടാണ്. ഇറാന്‍ സൈന്യം ഉപയോഗിക്കുന്നവ തന്നെ 1979 ലെ ഇസ്ലാമിക വിപ്ലവത്തിനു മുമ്പുള്ളവയാണെന്ന് പറയുന്നുണ്ട്. ഇക്കാര്യങ്ങളിലൊക്കെ വ്യക്തത വരാനിരിക്കുന്നതെയുള്ളൂ.

സോഷ്യല്‍ മീഡിയയില്‍ വൈറലായി വ്യാജദൃശ്യങ്ങള്‍

അതേസമയം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ഹെലികോപ്റ്റര്‍ അപകടത്തിന്റെ ദൃശ്യങ്ങള്‍ ഇറാന്‍ പ്രസിഡന്റുമായി ബന്ധപ്പെട്ടതല്ലെന്ന സ്ഥിരീകരണം വന്നിട്ടുണ്ട്. ഒരു പര്‍വതമേഖലയില്‍ ഇടിച്ച് പൊട്ടിത്തെറിക്കുന്ന ഹെലികോപ്റ്ററിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇറാന്‍ പ്രസിഡന്റിന്റെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെടുന്നുവെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ 1.6 മില്യണ്‍ ആളുകള്‍ കണ്ടു കഴിഞ്ഞു. എന്നാല്‍ ബിബിസി പറയുന്നത് 2022 ല്‍ ജോര്‍ജിയായിലെ ബോര്‍ഡര്‍ പൊലീസിന്റെ ഒരു രക്ഷാപ്രവര്‍ത്തന ഹെലികോപ്റ്റര്‍ ഗുഡൗരിയില്‍ അപകടത്തില്‍പ്പെട്ടതിന്റെ ദൃശ്യങ്ങളാണ് വ്യാജവിരവങ്ങളുമായി ഇപ്പോള്‍ പ്രചരിക്കുന്നതെന്നാണ്. അതേസമയം, ഈ ദൃശ്യങ്ങള്‍ 2019 ല്‍ മൊറോക്കയില്‍ നടന്ന അപകടത്തിന്റെതാണെന്ന വാദവുമുണ്ടെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അടുത്ത പരമോന്നത നേതാവായി പരിഗണിക്കപ്പെട്ടിരുന്ന മതവാദി

കടുത്ത മതനിലപാടുകള്‍ പിന്തുടരുന്ന വ്യക്തിയായിട്ടാണ് 63 കാരനായ ഇബ്രാഹിം റൈസി അറിയപ്പെട്ടിരുന്നത്. രാജ്യത്തെ ജുഡീഷ്യറിയുടെ തലപ്പത്ത് നിന്നാണ് റൈസി പ്രസിഡന്റ് പദവിയിലെത്തുന്നത്. പരമോന്നത നേതാവ് ആയുത്തുള്ള അലി ഖൊമേനിയുടെ പ്രധാന സഹായിയായാണ് റൈസി അറിയപ്പെടുന്നത്. ഖൊമേനിയുടെ മരണശേഷമോ, അദ്ദേഹം സ്ഥാനമൊഴിയുകയോ ചെയ്താല്‍ പരമോന്നത നേതൃസ്ഥാനത്തേക്ക് മുഖ്യമായി പരിഗണിക്കപ്പെട്ടിരുന്ന നേതാവ് കൂടിയായിരുന്നു ഇബ്രാഹിം റൈസി.

ഇറാന്റെ അവസാന വാക്ക് എന്നത് പരമോന്നത നേതാവായ ഖൊമേനിയാണ്. 85 കാരനായ ഖൊമേനി റൈസിയുടെ നയങ്ങളെ അംഗീകരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് അടുത്ത പരമോന്നത നേതാവ് ആകാനുള്ള മത്സരത്തില്‍ റൈസിക്ക് തന്നെ എല്ലാവരും മുന്‍തൂക്കം കൊടുക്കുന്നത്.

ഇറാന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയ 2021 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് റൈസി വിജയിക്കുന്നത്. പ്രായോഗികവാദിയായ പ്രസിഡന്റ് എന്നറിയപ്പെട്ടിരുന്ന ഹസന്‍ റൂഹാനിയുടെ പിന്‍ഗാമിയായാണ് റൈസി എത്തുന്നത്. അണവകരാറുമായി ബന്ധപ്പെട്ട് വാഷിംഗ്ടണ്ണുമായി ചര്‍ച്ചകള്‍ നടത്തിയ പ്രസിഡന്റായിരുന്നു റൂഹാനി. എന്നാല്‍ എട്ടുവര്‍ഷത്തെ റൂഹാനിയുടെ ഭരണകാലയളവ് അവസാനിച്ചതിനു പിന്നാലെ അധികാരത്തിന്റെ എല്ലാ ശാഖകളുടെയും നിയന്ത്രണം കടുത്ത യാഥാസ്ഥിതിക നിലപാടുകാരുടെ കൈകളിലായി. അതില്‍ പ്രധാനിയായിരുന്നു പ്രസിഡന്റായി അവരോധിക്കപ്പെട്ട ഇബ്രാഹിം റൈസി. 1988ല്‍, ഇറാന്‍-ഇറാഖ് യുദ്ധത്തിന്റെ അവസാനത്തോടെ ആയിരക്കണക്കിന് രാഷ്ട്രീയ തടവുകാരെ കൂട്ട വധശിക്ഷ നടത്തിയതില്‍ റൈസിക്കും പങ്കുണ്ടെന്നാണ് അമേരിക്ക പറയുന്നത്. റൈസിയുടെ കീഴിലാണ് ഇറാന്‍ അതിന്റെ യുറേനിയം സമ്പുഷ്ടീകരണം വേഗത്തിലാക്കിയതും അന്താരാഷ്ട്ര പരിശോധനകള്‍ തടസപ്പെടുത്തി ലോകത്തെ വെല്ലുവിൡക്കുന്നതും. യുക്രെയ്ന്‍ അധിനിവേശം നടത്തുന്ന റഷ്യക്ക് ആയുധവിതരണം ചെയ്യുന്ന ഇറാന്‍ ഈ മാസമാണ്, ഇസ്രയേലിലേക്ക് ഡ്രോണുകളും, മിസൈലുകളും അയച്ചത്. ഇതിനു പകരമായി ഇറാനില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മില്‍ ഇതാദ്യമായിട്ടായിരുന്നു നേരിട്ടുള്ള ഏറ്റുമുട്ടല്‍ നടത്തുന്നത്. മിഡില്‍ ഈസ്റ്റിലെ തീവ്രവാദ സംഘങ്ങള്‍ക്ക് സഹായം ചെയ്യുന്ന പ്രധാനികള്‍ എന്ന ദുഷ്‌പേരും ഇറാനുമേലുണ്ട്. യെമനിലെ ഹൂതികള്‍ക്കും ലെബനനിലെ ഹിസ്്ബുള്ളയ്ക്കും ആയുധങ്ങള്‍ അടക്കമുള്ള ഇറാന്റെ സഹായം കിട്ടുന്നുണ്ട്.

Content Summary; Iran president ebrahim raisi helicopter crash, rescue team search continues

Share on

മറ്റുവാര്‍ത്തകള്‍