മധ്യേഷ്യയെ യുദ്ധഭീഷണിയിലാക്കി ഇറാനില്‍ ഇസ്രയേല്‍ വ്യോമാക്രമണം. ഇസ്രയേല്‍ മിസൈല്‍ ഇറാനില്‍ പതിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. അമേരിക്കന്‍ അധികൃതരും ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനിലെ ഇസ്ഫഹാന്‍ പ്രവിശ്യയിലാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ടെഹ്‌റാന്റെ തെക്കന്‍ മേഖലയില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് ഇസ്ഫഹാന്‍. രാജ്യതലസ്ഥാനത്ത് നിന്നും 350 കിലോമീറ്റര്‍ മാത്രം അകലെയായി പതിച്ച ഇസ്രയേല്‍ മിസൈല്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സംഘര്‍ഷം കൂടുതല്‍ തീവ്രമാക്കിയിരിക്കുകയാണ്. ഏപ്രില്‍ 13 ന് തങ്ങള്‍ക്കെതിരേ നടത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ക്കു മറുപടിയെന്നാണ് ഇസ്രയേല്‍ നല്‍കിയിരിക്കുന്ന വിശദീകരണം.
ഇസ്രയേല്‍ മിസൈല്‍ ആക്രമണത്തിന് പിന്നാലെ ഇറാന്‍ അതീവ ജാഗ്രത നിര്‍ദേശം പ്രഖ്യാപിച്ചിരിക്കുകയാണ്. വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ആളപായങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇറാന്റെ ഏതെങ്കിലും ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമായിട്ടില്ലെന്നാണ് ഇറാന്‍ മീഡിയകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇസ്രയേല്‍ ആക്രമണവുമായി ബന്ധപ്പെട്ട് ഇറാന്‍ സൈനികകേന്ദ്രങ്ങള്‍ ഇതുവരെ പ്രതികരണങ്ങള്‍ നടത്തിയിട്ടിലല്ല.
ഇറാന്റെ സൈനികശക്തിയുടെ പ്രധാന കേന്ദ്രമാണ് ഇസ്ഫഹാന്‍. പ്രധാന വ്യോമകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നത് ഇസ്ഫഹാനിലാണ്. കൂടാതെ ഏതാനും അണുവായുധ പരീക്ഷണ കേന്ദ്രങ്ങളും പ്രധാനപ്പെട്ട മിസൈല്‍ പ്രൊഡക്ഷന്‍ കോംപ്ലക്‌സും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇസ്ഫഹാന്‍ നഗരത്തിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനും ആര്‍മി ബേസിനും സമീപം സ്‌ഫോടനം ഉണ്ടായെന്നാണ് ഇറാനിലെ ഫാര്‍സ് ന്യൂസ് ഏജന്‍സിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ ശനിയാഴ്ച്ച 200 ഓളം ഡ്രോണുകളും മിസൈലുകളുമാണ് ഇറാന്‍ തങ്ങളുടെ ശത്രുക്കള്‍ക്ക് നേരെ തൊടുത്തത്. ഭൂരിഭാഗവും അതിര്‍ത്തിക്ക് പുറത്തു വച്ച് തന്നെ ഇസ്രയേല്‍ വ്യോമവിമാനങ്ങള്‍ തകര്‍ത്തെങ്കിലും ഏതാനും മിസൈലുകള്‍ ഇസ്രയേല്‍ മണ്ണില്‍ പതിച്ചിരുന്നു. അവരുടെ സൈനിക താവളത്തിന് ചെറിയ നാശനഷ്ടങ്ങളും സംഭവിച്ചു. ആളപയാമൊന്നും ഉണ്ടായില്ല. ഏപ്രില്‍ ഒന്നിന് സിറിയയിലെ ദമാസ്‌കസില്‍ സ്ഥിതി ചെയ്യുന്ന ഇറാന്‍ കോണ്‍സുലേറ്റ് കെട്ടിടത്തില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയിരുന്നു. ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‌സിലെ രണ്ട് ഉന്നതന്മാരടക്കം 13 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.