UPDATES

വിവാദ ചുഴിയില്‍ ഗണേശ് കുമാര്‍; പ്രതിഷേധം സംസ്ഥാനവ്യാപകമായി, മന്ത്രി മലപ്പുറത്തെ ടാര്‍ഗറ്റ് ചെയ്തു- സിഐടിയു

മന്ത്രിയ്ക്ക് തൊപ്പിയും തലേക്കെട്ടുമുള്ളവരോട് വൈഷമ്യം, മാഫിയ സംഘമല്ല, സിഐടിയുവാണ് പ്രതിഷേധിക്കുന്നത്

                       

മലപ്പുറത്ത് ഡ്രൈവിംഗ് സ്‌കൂള്‍ മാഫിയയെന്ന മന്ത്രി ഗണേശ് കുമാറിന്റെ പരാമര്‍ശം വിവാദത്തില്‍. പരാമര്‍ശത്തിനെതിരേ പ്രതിഷേധം ശക്തമാവുകയാണ്. പ്രതിഷേധം നേരിട്ടറിയിക്കാന്‍ സിഐടിയു നേതാക്കള്‍ മന്ത്രിയുടെ ഓഫിസിലേക്ക് പോയിട്ടുണ്ടെന്നാണ് വിവരം. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണത്തിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധമുണ്ട്. എല്ലായിടത്തും ഡ്രൈവിങ് ടെസ്റ്റിനെതിരെ സിഐടിയു പ്രതിഷേധം നടത്തുകയാണ്. 86 ഇടങ്ങളിലാണ് പ്രതിഷേധം. ടെസ്റ്റ് ഗ്രൗണ്ടുകള്‍ അടച്ചുകെട്ടി. ടെസ്റ്റിനുള്ള വണ്ടികള്‍ വിട്ടുകൊടുക്കുന്നില്ല. അപ്പോള്‍ മലപ്പുറത്തെ മാത്രം ആക്ഷേപിക്കുന്നതിന്റെ കാരണമെന്താണ്. അത് വംശീയ അധിക്ഷേപമാണെന്നും ഡ്രൈവിംഗ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) ജില്ലാ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ അഴിമുഖത്തോട് പ്രതികരിച്ചു.

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം ഇന്ന് മുതല്‍ നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ എവിടെയും ഇന്ന് ടെസ്റ്റുകള്‍ നടന്നിട്ടില്ല. സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് സംഘടനകളുടെ കീഴിലുള്ള ഡ്രൈവിംഗ് സ്‌കൂളുകളുടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധസമരം നടക്കുന്നത്. അല്ലാതെ മലപ്പുറംകാര്‍ മാത്രമല്ല അതിലുള്ളത്. കൊച്ചിയിലും കോഴിക്കോടും എറണാകുളത്തുമെല്ലാം സമരം നടക്കുന്നതും അദ്ദേഹം ചൂണ്ടികാട്ടി. പലയിടങ്ങളിലും ടെസ്റ്റ് ബഹിഷ്‌കരിച്ചാണ് പ്രതിഷേധം നടക്കുന്നത്. അപ്പോഴാണ് മന്ത്രി മലപ്പുറം മാഫിയ എന്ന് പറയുന്നതെന്നും സിഐടിയു ചൂണ്ടികാണിക്കുന്നു. തൊപ്പിയും തലേക്കെട്ടുമുള്ളവരോട് ചിലര്‍ പ്രകടിപ്പിക്കുന്ന വൈഷമ്യം ഉണ്ട്. അത് മന്ത്രിക്കും ഉണ്ടാവാം. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണത്തിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധമുണ്ട്. അതില്‍ മലപ്പുറത്തെ മാത്രം എന്തിനാണ് അധിക്ഷേപിക്കുന്നത്? മന്ത്രിയുടെ പ്രസ്താവനക്കെതിരെ ശക്തമായി പ്രതിഷേധിക്കും. സിഐടിയുവാണ് പ്രതിഷേധിക്കുന്നത്. അല്ലാതെ മാഫിയ സംഘമല്ല. മന്ത്രിക്ക് വേറെ ഉദ്ദേശങ്ങള്‍ ഉണ്ടാകും’-എന്നും ഗഫൂര്‍ ആരോപിക്കുന്നു.

ഗണേഷ് കുമാര്‍ പറഞ്ഞത്

കേരളത്തില്‍ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ഡ്രൈവിംഗ് സ്‌കൂള്‍ മാഫിയ സംഘങ്ങളാണ്. ഇത്തരം സംഘങ്ങള്‍ മലപ്പുറത്തുണ്ട്. ഇവര്‍ക്ക് കൂട്ടായി ഉദ്യോഗസ്ഥരും ഉണ്ട്. നേരത്തെ ഈ ഉദ്യോഗസ്ഥര്‍ വന്‍ തോതില്‍ പണം വെട്ടിച്ചു. അഴിമതി കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി തുടരും. മലപ്പുറം ആര്‍ടി ഓഫീസില്‍ നടന്നത് മൂന്നുകോടിയുടെ വെട്ടിപ്പാണ്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തു. വ്യാജ രസീത് ഉണ്ടാക്കി നികുതി വെട്ടിച്ചു എന്നാണ് മന്ത്രി പറഞ്ഞത്. ഇതില്‍ മലപ്പുറം മാഫിയ എന്നുള്ള പരാമര്‍ശമാണ് ഗണേശ് കുമാറിന് പണിയായത്.

ടെസ്റ്റ് പരിഷ്‌കരണം അപ്രായോഗികമോ?

സര്‍ക്കാര്‍ പുറത്തിറക്കിയ 15 നിര്‍ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ നടപ്പാക്കുക എന്നത് അപ്രായോഗികമാണെന്നാണ് ഡ്രൈവിങ് സ്‌കൂളകാര്‍ പറയുന്നത്. പ്രതിദിനം 30 ലൈസന്‍സ് പരീക്ഷകള്‍, എച്ച് പരീക്ഷക്ക് പകരം പുതിയ ട്രാക്കുണ്ടാക്കി പുതിയ ടെസ്റ്റ്, 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാന്‍ പാടില്ല എന്നിങ്ങനെ വലിയ പരിഷ്‌കാരങ്ങളാണ് മന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള പുതിയ ട്രാക്കുകള്‍ കേരളത്തില്‍ ഒരിടത്തും തയ്യാറായിട്ടില്ലെന്നും ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ പറയുന്നു. പുതുതായി 40 പേര്‍ക്കും തോറ്റവര്‍ക്കുളള റീ ടെസ്റ്റില്‍ ഉള്‍പ്പെട്ട 20 പേര്‍ക്കുമടക്കം 60 പേര്‍ക്കായിരിക്കും ദിവസവും ടെസ്റ്റ് നടത്തുക. പ്രതിദിനം 150 ടെസ്റ്റ് നടന്നിരുന്ന ഇടത്താണ് ഈ വെട്ടിചുരുക്കല്‍. അത് തങ്ങളുടെ മുന്നോട്ട് പോവലിനെ ബാധിക്കുമെന്നാണ് കോഴിക്കോടുള്ള ഡ്രൈവിങ് സ്‌കൂളുകാര്‍ പ്രതികരിച്ചത്. നിര്‍ദേശങ്ങള്‍ അപ്രായോഗികമാണെന്നും ഒന്നും തന്നെ നടപ്പാക്കാന്‍ സാധിക്കുന്നതല്ലെന്നമാണ് മലപ്പുറത്തെ ഡ്രൈവിങ് സ്‌കൂള്‍ അസോസിയേഷന്‍കാര്‍ പറഞ്ഞത്.

 

Content summary: Protests galore on Ganesh Kumar’s statement ‘driving school in Malappuram is a mafia’, terms as racist

Share on

മറ്റുവാര്‍ത്തകള്‍