ജയ് ശ്രീ റാം, എന്ന് ആരംഭിക്കുന്ന ഒരു കുറിപ്പ് ‘അന്നപൂരണി’ എന്ന എന്റെ സിനിമയുമായി ബന്ധപ്പെട്ട് സമീപകാല സംഭവ വികാസങ്ങളെ അഭിസംബോധന ചെയ്യാനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹത്തോടെയാണ് ഞാന്‍ ഈ കുറിപ്പ് എഴുതുന്നത്. ‘അന്നപൂരണി’ നിങ്ങള്‍ക്ക് മുന്നിലെത്തിച്ചത് വെറുമൊരു സിനിമാ പ്രയത്നം മാത്രമല്ലായിരുന്നു ചെറുത്തുനില്‍പ്പിനെ പ്രചോദിപ്പിക്കാനും ഒരിക്കലും തളരാത്ത മനോഭാവം വളര്‍ത്താനുമുള്ള ഹൃദയംഗമമായ അന്വേഷണമായിരുന്നുവത് എന്ന് തുടങ്ങുന്ന കുറിപ്പ് എഴുതിയ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര അന്നപൂരണിയെ വിമര്‍ശിച്ചവര്‍ക്ക് മുമ്പില്‍ മാപ്പപേക്ഷിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.
ഹിന്ദുമത വികാരം വൃണപ്പെടുത്തുന്നു, ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നു തുടങ്ങിയ പരാതികള്‍ വ്യാപകമായി വിവാദങ്ങള്‍ പൊട്ടി പുറപ്പെട്ടതോടെയാണ് അന്നപൂരണി; ദ ഗോഡസ് ഓഫ് ഫുഡ് എന്ന തമിഴ് ചിത്രം ഹിന്ദുത്വ ശക്തികളുടെ എതിര്‍പ്പും പൊലീസ് കേസും ഭയന്ന് സ്ട്രീമിംഗ് അവസാനിപ്പിച്ചത്. ഡിസംബര്‍ 29 ന് ആരംഭിച്ച ചിത്രത്തിന്റെ സ്ട്രീമിംഗ് നെറ്റ്ഫ്ളിക്സ് ജനുവരി 11 ന് അവസാനിപ്പിക്കുകയായിരുന്നു. ചിത്രത്തിന്റെ സഹ നിര്‍മാതാക്കളായ സി സ്റ്റുഡിയോസ് മാപ്പ് പറഞ്ഞ് പരസ്യപ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു. വിവാദങ്ങള്‍ ആരംഭിച്ച ദിവസങ്ങള്‍ പിന്നിട്ടതോടെയാണ് നയന്‍താര മാപ് പറഞ്ഞുകൊണ്ട് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇത് ആര്‍ക്കെങ്കിലും ബുദ്ധിമുട്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും നയന്‍താര പറഞ്ഞു. അതോടൊപ്പം പ്രതിബന്ധങ്ങള്‍ നിറഞ്ഞ ജീവിത യാത്രയുടെ പ്രതിഫലനമാണ് അന്നപൂരണി എന്ന സിനിമ ലക്ഷ്യം വക്കുന്നതെന്നും നയന്‍താര തന്റെ മാപ്പ് അപേക്ഷ കുറിപ്പില്‍ പറയുന്നു.
ഒരു നല്ല സന്ദേശം പങ്കിടാനുള്ള ഞങ്ങളുടെ ആത്മാര്‍ത്ഥമായ ശ്രമത്തില്‍, മനഃപൂര്‍വം ആരെയും വേദനിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. മുന്‍പ് തീയറ്ററില്‍ പ്രദര്‍ശിപ്പിച്ച സിനിമ ഒ ടി ടി പ്ലാറ്റഫോമില്‍ നിന്ന് നീക്കം ചെയ്യുമെന്ന് ഞങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഞാനും എന്റെ ടീമും ഒരിക്കലും ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല പൂര്‍ണ്ണമായി ദൈവത്തില്‍ വിശ്വസിക്കുകയും രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങള്‍ പതിവായി സന്ദര്‍ശിക്കുകയും ചെയ്യുന്ന ഒരാളായതിനാല്‍, ഇത്രരം ഒരു കാര്യം ഞന്‍ ചിന്തിക്കുന്നതിലെ അവസാനത്തെ കാര്യമായിരിക്കും. നിങ്ങളെ വേദനിപ്പിച്ച കാര്യങ്ങളിൽ ഞാന്‍ ആത്മാര്‍ത്ഥവും ഹൃദയംഗമവുമായ ക്ഷമാപണം നടത്തുന്നു എന്നും ‘അന്നപൂരണി’യുടെ പിന്നിലെ ഉദ്ദേശ്യം പ്രചോദനമാണ്, അല്ലാതെ ആരെയും അസഹിഷ്ണുത ഉണ്ടാക്കുക എന്നതല്ല. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, സിനിമാ ലോകത്തെ എന്റെ യാത്ര പോസിറ്റിവിറ്റി പ്രചരിപ്പിക്കാനും പരസ്പരം പഠിക്കാനും പ്രോത്സാഹിപ്പിക്കുക എന്നത് മാത്രമാണ്. എന്നുമാണ് നയന്‍താര ഇന്‍സ്റ്റാഗ്രാമില്‍ പങ്ക് വച്ച കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.
അന്നപൂരണി; ദ ഗോഡസ് ഓഫ് ഫുഡ് എന്ന തമിഴ് ചിത്രത്തിനെതിരെ പരാതികള്‍ ഉയര്‍ന്നത് തമിഴ്നാട്ടില്‍ നിന്നോ ഏതെങ്കിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നോ ആയിരുന്നില്ല ,മധ്യപ്രദേശില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമാണ് ചിത്രത്തിനെതിരേ പരാതി ഉയര്‍ന്നത്. ഹിന്ദു സേവ പരിഷദ് എന്ന സംഘടനയാണ് മധ്യപ്രദേശിലെ ജബല്‍പൂരിലുള്ള ഒമ്തി പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കുന്നത്. നയന്‍താര, സംവിധായകന്‍ നിലേഷ് കൃഷ്ണാ, നിര്‍മാതാക്കളായ ജിതിന്‍ സേഥി, ആര്‍ രവീന്ദ്രന്‍, നെറ്റ്ഫ്ളിക്സ് ഇന്ത്യയുടെ കണ്ടന്റ് ഹെഡ് മോണിക്ക ഷെര്‍ഗില്‍ എന്നിവരെ പ്രതികളാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പരാതി. പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. സാമൂഹികാന്തരീക്ഷം തകര്‍ക്കുക, വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ മതത്തിന്റെ പേരില്‍ ശത്രുതയുണ്ടാക്കുക തുടങ്ങിയ കുറ്റങ്ങളാരോപിച്ച് ഐപിഎസി സെക്ഷന്‍ 153 എ പ്രകാരമാണ് ഒമ്തി പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. എഫ് ഐ ആറില്‍ പറയുന്ന പ്രധാനപ്പെട്ട ആരോപണങ്ങള്‍, ചിത്രം ‘ സനാതന ധര്‍മത്തെ അപമാനിക്കുകയും ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തൂ എന്നതാണ്.
ഏകദേശം നൂറു കോടിയോളം മനുഷ്യര്‍ ആസ്വാദകരായുള്ള, ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ചിട്ടുള്ള സിനിമ വ്യവസായം നിലനില്‍ക്കുന്ന ഒരു രാജ്യത്തേക്ക് ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ആഗോള സ്ട്രീമിംഗ് ഭീമന്മാരായ നെറ്റ്ഫ്ളിക്സും ആമസോണ്‍ പ്രൈമും എത്തുന്നത്. എന്നാല്‍ കഴിഞ്ഞ നാലു കൊല്ലങ്ങളായി ഇന്ത്യയിലെ സ്ട്രീമിംഗ് രംഗം കടുത്ത നിയന്ത്രണങ്ങളിലേക്ക് വീണുകൊണ്ടിരിക്കുകയാണ്. ഇന്ത്യ ഭരിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടി രാജ്യത്തിന്റെ രാഷ്ട്രീയ വ്യവഹാരങ്ങളില്‍ പിടിമുറുക്കിയതോടെയാണ് ഇന്ത്യയിലെ സ്ട്രീമിംഗ് വ്യവസായത്തില്‍ ഒരു തണുപ്പ് പടര്‍ന്നതെന്നാണ് ദ വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.