അന്താരാഷ്ട്ര ടി-20 ചരിത്രത്തിലെ എക്കാലത്തെയും വാശിയേറിയ പോരാട്ടങ്ങളിലൊന്നിനാണ് ബുധനാഴ്ച ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. അഫ്ഗാനിസ്താനും ഇന്ത്യയും തമ്മില്‍ നടന്ന മൂന്നാം ടി-ട്വന്റി ക്രിക്കറ്റിന്റെ എല്ലാ ആവേശവും ചേര്‍ന്നതായിരുന്നു. മൂന്നു മത്സര പരമ്പരയിലെ അവസാന മത്സരത്തിന്റെ വിധി നിര്‍ണയിക്കാന്‍ ഒന്നല്ല രണ്ട് സൂപ്പര്‍ ഓവറുകളാണ് വേണ്ടിവന്നത്. ആവേശകരമായ പോരാട്ടത്തിനൊടുവില്‍ പരമ്പര ഇന്ത്യ തൂത്തുവാരിയെങ്കിലും, മത്സരവുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ ചര്‍ച്ചയായിരിക്കുകയാണ്. രണ്ടാം സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് തര്‍ക്കവിഷയം.
സൂപ്പര്‍ ഓവറുകളില്‍ എന്താണ് സംഭവിച്ചത്?
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ആദ്യ സൂപ്പര്‍ ഓവറിനിടെ റിട്ടയേഡ് ഔട്ട് ആയതും പിന്നാലെ രണ്ടാം സൂപ്പര്‍ ഓവറില്‍ വീണ്ടും ബാറ്റിംഗിന് ഇറങ്ങിയതുമാണ് വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്. ആദ്യ സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്യാന്‍ ജയ്സ്വാളിനൊപ്പം രോഹിത് എത്തിയിരുന്നു. ഇന്ത്യയ്ക്ക് വിജയിക്കാന്‍ അവസാന പന്തില്‍ രണ്ട് റണ്‍സെടുക്കണം എന്ന സാഹചര്യത്തില്‍ രോഹിത് ശര്‍മ റിട്ടയേര്‍ഡ് ഹര്‍ട്ട് ആയി ഡഗ് ഔട്ടിലേക്ക് തിരിച്ചു പോവുകയും പകരക്കാരനായി റിങ്കു സിംഗ് ക്രീസിലെത്തുകയും ചെയ്തു. എന്നാല്‍ ആദ്യത്തെ സൂപ്പര്‍ ഓവറും ടൈ ആവുകയാണുണ്ടായത്.
രണ്ടാം സൂപ്പര്‍ ഓവറില്‍ വീണ്ടും രോഹിത് ബാറ്റ് ചെയ്യാന്‍ വന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. രോഹിത് ഒരുതവണ റിട്ടയേഡ് ഔട്ടായതാണെന്നും ഒരിക്കല്‍ പുറത്തായ കളിക്കാരന് അടുത്ത സൂപ്പര്‍ ഓവറില്‍ കളിക്കാന്‍ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി അഫ്ഗാന്‍ താരങ്ങളും പരിശീലകന്‍ ജൊനാഥന്‍ ട്രോട്ടും അമ്പയര്‍മാരോട് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതിഷേധങ്ങള്‍ക്കിടയിലും അമ്പയര്‍മാര്‍ രോഹിത് ശര്‍മ്മയെ വീണ്ടും ബാറ്റ് ചെയ്യാന്‍ അനുവദിക്കുകയായിരുന്നു. തുടര്‍ന്ന് രോഹിത് ശര്‍മ്മ ഒരിക്കല്‍ക്കൂടി സൂപ്പര്‍ ഓവറില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായി.
സൂപ്പര്‍ ഓവറുകളില്‍ ബാറ്റിങ്ങിനെക്കുറിച്ച് MCC(മാരില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്) എന്താണ് പറയുന്നത്?
ക്രിക്കറ്റ് നയമത്തിലെ 25.4.2 പ്രകാരം എന്തെങ്കിലും അസുഖമോ, പരിക്കോ അല്ലെങ്കില്‍ മറ്റേതെങ്കിലും കാരണത്താലോ ഒരു ബാറ്റര്‍ ക്രീസ് വിടുകയാണെങ്കില്‍, ആ ബാറ്ററിന് ഇന്നിംഗ്‌സ് പുനരാരംഭിക്കാനുള്ള അര്‍ഹതയുണ്ട്. ഏതെങ്കിലും കാരണത്താല്‍ ഇത് സംഭവിക്കുന്നില്ലെങ്കില്‍, ആ ബാറ്റര്‍ ‘റിട്ടയര്‍ഡ് – നോട്ടൗട്ട്’ എന്ന് രേഖപ്പെടുത്തണം.
നിയമം 25. 4.3 പ്രകാരം, മേല്‍പ്പറഞ്ഞവയില്‍ പ്രതിപാദിച്ചിട്ടില്ലാത്ത ഏതെങ്കിലും കാരണത്താല്‍ ഒരു ബാറ്റര്‍ വിരമിച്ചാല്‍, ആ ബാറ്ററുടെ ഇന്നിംഗ്‌സ് എതിര്‍ ക്യാപ്റ്റന്റെ സമ്മതത്തോടെ മാത്രമേ പുനരാരംഭിക്കാന്‍ പാടുള്ളു. ഏതെങ്കിലും കാരണത്താല്‍ ബാറ്റര്‍ ഇന്നിംഗ്സ് പുനരാരംഭിച്ചില്ലെങ്കില്‍, ആ ബാറ്റര്‍ ‘റിട്ടയര്‍ഡ് – ഔട്ട്’ എന്ന് രേഖപ്പെടുത്തേണ്ടതാണ്.
ടൈ സൂപ്പര്‍ ഓവര്‍: മുന്‍ സൂപ്പര്‍ ഓവറില്‍ പുറത്തായ ഒരു ബാറ്ററിനും തുടര്‍ന്നുള്ള സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്യാന്‍ യോഗ്യതയില്ല.
സൂപ്പര്‍ ഓവറുകളില്‍ ബാറ്റിംഗിനെക്കുറിച്ച് ഐ സി സി (International Cricket Council ) നിയമങ്ങള്‍ എന്താണ് പറയുന്നത്?
ടൈ ആയ സൂപ്പര്‍ ഓവറുകളുടെ കാര്യത്തില്‍ ഐസിസി പ്ലേയിംഗ് വ്യവസ്ഥകള്‍ അനുസരിച്ച്, മുന്‍പ് ഏതെങ്കിലും സൂപ്പര്‍ ഓവറില്‍ പുറത്താക്കപ്പെട്ട ഒരു ബാറ്റര്‍ തുടര്‍ന്നുള്ള സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്യാന്‍ യോഗ്യനല്ല.
രോഹിത് റിട്ടയേഡ് ഹര്‍ട്ടായതല്ലെന്നും റിട്ടയേഡ് ഔട്ടായതാണെന്നും അതിനാല്‍ അദ്ദേഹത്തെ രണ്ടാമത്തെ സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്യാന്‍ അനുവദിക്കരുതായിരുന്നുവെന്നും പലതരത്തിലുളള അഭിപ്രായങ്ങള്‍ ചര്‍ച്ചയാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. രോഹിത് റിട്ടയേഡ് ഔട്ട് ആണോ /റിട്ടയേഡ് ഹര്‍ട്ട് ആയതാണോ എന്ന കാര്യത്തില്‍ മാച്ച് ഒഫീഷ്യല്‍സ് ഇതുവരെ വ്യക്തത നല്‍കിയിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ തുടക്കത്തില്‍ തകര്‍ച്ച നേരിട്ടെങ്കിലും രോഹിത് ശര്‍മയുടെ സെഞ്ച്വറിയുടെയും റിങ്കു സിംഗിന്റെ അര്‍ധ സെഞ്ച്വറിയുടെയും മികവില്‍ 212/4 എന്ന പടുകൂറ്റന്‍ സ്‌കോറിലെത്തി. തുടര്‍ന്ന് അഫ്ഗാനിസ്താന്‍ 20 ഓവറില്‍ 212 എന്ന സ്‌കോര്‍ ഉയര്‍ത്തിയതോടെ കളി സൂപ്പര്‍ ഓവറിലേക്ക് കടക്കുകയായിരുന്നു. ആദ്യ സൂപ്പര്‍ ഓവറില്‍ രണ്ട് ടീമുകളും 16 റണ്‍സ് വീതം നേടിയതോടെ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച് കളി വീണ്ടും സൂപ്പര്‍ ഓവറില്‍ എത്തുകയായിരുന്നു. ഇത്തവണ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 11 റണ്‍സ് നേടിയപ്പോള്‍, അഫ്ഗാനിസ്ഥാന് ഒരു റണ്‍ എടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകളും നഷ്ടമാവുകയായിരുന്നു. ഈ ജയത്തോടെ മൂന്ന് മത്സര പരമ്പരകളും ഇന്ത്യ മിന്നും വിജയം നേടിയിരിക്കുകയാണ്.