April 20, 2025 |
Share on

പ്രജ്വലിനെതിരേ എന്തുകൊണ്ട് ബ്ലൂ കോര്‍ണര്‍ നോട്ടീസ്?

എന്താണ് ഇന്റര്‍പോള്‍ നോട്ടീസുകള്‍

ജര്‍മനിയിലേക്ക് മുങ്ങിയ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരേ സിബിഐ ‘ ബ്ലൂകോര്‍ണര്‍’ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഒരുങ്ങുകയാണെന്നാണ് ഏറ്റവും പുതിയ വിവരം. സ്ത്രീകളെ ലൈംഗിക ദുര്യുപയോഗം ചെയ്യുന്നതിന്റെ മൂവായിരത്തിനടുത്ത് അശ്ലീല വീഡിയോകളാണ് ജനതദള്‍ എസ് നേതാവും കര്‍ണാടകയിലെ ഹാസന്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ സ്വയം ചിത്രീകരിച്ചുവച്ചിരുന്നത്. വീഡിയോകളില്‍ ചിലത് പുറത്തു വന്നതിനു പിന്നാലെയാണ് നയതന്ത്ര മാര്‍ഗത്തിലൂടെ പ്രജ്വല്‍ രാജ്യം വിട്ടത്. പ്രജ്വലിനെതിരേ പ്രത്യേക അന്വേഷണ സംഘം കേസുകള്‍ ചാര്‍ജ് ചെയ്ത് അന്വേഷണം നടത്തിവരികയാണ്. ഈ സാഹചര്യത്തിലാണ്, പ്രജ്വല്‍ രേവണ്ണയെ ഇന്തയിലെത്തിക്കുന്നതിന്റെ ഭാഗമായി സിബിഐ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ തയ്യാറെടുക്കുന്നത്.

എന്താണ് ‘ബ്ലൂ കോര്‍ണര്‍ നോട്ടീസ്’

ലോകവ്യാപകമായ പൊലീസ് സഹകരണത്തിനും, കുറ്റകൃത്യ നിയന്ത്രണത്തിനും സൗകര്യമൊരുക്കുകയെന്നതാണ് ഇന്റര്‍പോളിന്റെ ലക്ഷ്യം. ലോകത്തിലെ ഏറ്റവും വലിയ പൊലീസ് സംഘടനയായ ഇന്റര്‍പോള്‍ ഫ്രാന്‍സിലെ ലിയോണ്‍ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്.

സഖ്യരാജ്യങ്ങളിലെ ഇന്റര്‍പോള്‍ നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോയുടെ അഭ്യര്‍ത്ഥന പ്രകാരം ഇന്‍ര്‍പോളിന്റെ ജനറല്‍ സെക്രട്ടേറിയേറ്റ് ആണ് ഓരോ നോട്ടീസുകളും പുറപ്പെടുവിക്കുന്നത്. ഓരോ നോട്ടീസും എല്ലാ അംഗരാജ്യങ്ങള്‍ക്കും ലഭ്യമാക്കുകയും ചെയ്യും.

ബ്ലൂ നോട്ടീസ് അല്ലെങ്കില്‍ ബ്ലൂ കോര്‍ണര്‍, ഇന്റര്‍നാഷണല്‍ ക്രിമിനല്‍ പൊലീസ് ഓര്‍ഗനൈസേഷന്‍ അഥവ ഇന്റര്‍പോളിന്റെ കളര്‍ കോഡഡ് അറിയിപ്പുകളുടെ ഭാഗമാണ്. അന്താരാഷ്ട്ര സംയോജിത സംവിധാനമെന്ന നിലയില്‍ ഇന്റര്‍പോള്‍ വെബ്‌സൈറ്റില്‍ ഓരോ രാജ്യങ്ങള്‍ക്കും അവര്‍ തേടുന്ന വ്യക്തികളെക്കുറിച്ചുള്ളതോ, കുറ്റകൃത്യങ്ങളെക്കുറിച്ചുള്ളതോ ആയ വിവരങ്ങള്‍ പങ്കുവയ്ക്കാവുന്നതാണ്. ഇത്തരത്തില്‍ പങ്കുവയ്ക്കുന്ന വിവരങ്ങള്‍ അന്താരാഷ്ട്രതലത്തിലുള്ള ക്രിമനല്‍ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് നിര്‍ണായക സഹായകമാകും. ഇത്തരം വിവരങ്ങള്‍ തേടുന്നതിന് ഏഴ് തരത്തിലുള്ള നോട്ടീസുകളാണ് സാധാരണ പുറപ്പെടുവിക്കുന്നത്. റെഡ് നോട്ടീസ്, യെല്ലോ നോട്ടീസ്, ബ്ലൂ നോട്ടീസ്, ബ്ലാക്ക് നോട്ടീസ്, ഗ്രീന്‍ നോട്ടീസ്, ഓറഞ്ച് നോട്ടീസ്, പര്‍പ്പിള്‍ നോട്ടീസ്. ഓരോ നോട്ടീസിനും വ്യത്യസ്തമായ അര്‍ത്ഥങ്ങളാണ്.

റെഡ് നോട്ടീസ്

വിചാരണ നേരിടേണ്ടതോ, ശിക്ഷ അനുഭവിക്കേണ്ടതോ ആയ ഒരാളെ കണ്ടെത്തുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമാണ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നത്.

യെല്ലോ നോട്ടീസ്

കാണാതായ വ്യക്തികളെ(പ്രത്യേകിച്ച് പ്രായപൂര്‍ത്തായാകത്തവരെ) കണ്ടെത്തുന്നതിനാണ് യെല്ലോ നോട്ടീസ്. അവരുടെ വ്യക്തിഗത വിവരങ്ങള്‍ അറിയുന്നതിനും യെല്ലോ നോട്ടീസിലൂടെ സഹായം തേടാറുണ്ട്.

ബ്ലൂ കോര്‍ണര്‍

ക്രിമനല്‍ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു വ്യക്തിയുടെ വിവരങ്ങള്‍, അയാളുള്ള സ്ഥലം, അയാളുടെ പ്രവര്‍ത്തികള്‍ എന്നിവ മനസിലാക്കാന്‍ വേണ്ടിയുള്ളതാണ് ബ്ലൂ നോട്ടീസ്.

ബ്ലാക് നോട്ടീസ്

തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളുടെ വിവരങ്ങള്‍ തേടുന്നതിനാണ് ബ്ലാക് നോട്ടീസ്

ഗ്രീന്‍ നോട്ടീസ്

ഒരു ക്രിമനിലെ കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കുന്നതിന്. പ്രത്യേകിച്ച് പൊതുജനത്തിന് ഭീഷണിയാകുന്ന ക്രിമിനലുകളെ കുറിച്ച് മുന്നറിപ്പ് നല്‍കാനാണ് ഗ്രീന്‍ നോട്ടീസ് ഉപയോഗപ്പെടുത്തുന്നത്.

ഓറഞ്ച് നോട്ടീസ്

ഒരു സംഭവം, ഒരു വ്യക്തി, ഒരു വസ്തു അല്ലെങ്കില്‍ പൊതുസുരക്ഷയ്ക്ക് ഗുരുതരവും ആസന്നവുമായ ഭീഷണിയായേക്കാവുന്നൊരു പ്രക്രിയ എന്നിവയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനാണ് ഓറഞ്ച് നോട്ടീസ് പുറപ്പെടുവിക്കുന്നത്.

പര്‍പ്പിള്‍ നോട്ടീസ്

കുറ്റവാളികളുടെ പ്രവര്‍ത്തന രീതി, അവര്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, കുറ്റകൃത്യങ്ങള്‍ മൂടിവയ്ക്കുന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങളില്‍ വിവരങ്ങള്‍ തേടുകയോ നല്‍കുകയോ ചെയ്യുന്നതിനാണ് പര്‍പ്പിള്‍ നോട്ടീസ്.

പ്രജ്വലിന് ബ്ലൂ കോര്‍ണര്‍ എന്തിന്?

പ്രജ്വലിന്റെ കേസ് നിലവില്‍ കര്‍ണാടക പൊലീസിലെ പ്രത്യേക അന്വേഷണ സംഘം(എസ് ഐ ടി) അന്വേഷിക്കുകയാണ്. പ്രതി മറ്റൊരു രാജ്യത്തേക്ക് കടന്ന സാഹചര്യത്തില്‍, അന്വേഷണ ഏജന്‍സിക്ക് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ബ്ലൂ കോര്‍ണര്‍ നോട്ടീസിന്റെ സഹായം തേടുന്നത്.

തങ്ങള്‍ തേടുന്ന പ്രതിയാണെന്ന് ഉറപ്പിക്കാന്‍, പ്രതിയുടെ വ്യക്തിഗത വിവരങ്ങള്‍ പരിശോധിച്ചുറപ്പിക്കാനുള്ള എന്‍ക്വയറി നോട്ടീസ് അഥവ ബി സീരീസ്(ബ്ലൂ നോട്ടീസ്) എന്ന നിലയിലാണ് പ്രജ്വലിന്റെ കേസില്‍ സിബിഐ ഇന്റര്‍പോള്‍ സഹായം തേടുക. ക്രിമിനല്‍ പശ്ചാത്തലമുള്ളൊരു വ്യക്തിയുടെ വിശദാംശങ്ങള്‍ ലഭിക്കുന്നതിനും, കാണാതായതോ, തിരിച്ചറിയപ്പെട്ടതോ തിരിച്ചറിയപ്പെടാത്തതോ ആയതുമായ ഒരു കുറ്റവാളിയെ ക്രിമിനല്‍ നടപടികളുടെ ഭാഗമായി കണ്ടെത്തുന്നതിനോ, അവരെ കൈമാറാന്‍ അഭ്യര്‍ത്ഥിക്കുന്നതിനോ ആണ് ഈ മാര്‍ഗം അന്വേഷണ ഏജന്‍സികള്‍ സ്വീകരിക്കുന്നത്.

സാധാരണ ഒരു വ്യക്തിക്കെതിരേ ക്രിമനല്‍ ചാര്‍ജുകള്‍ ചുമത്തുന്നതിനു മുമ്പോ, ചുമത്തിയതിനു തൊട്ടു പിന്നാലെയോ ആണ് ബ്ലൂ നോട്ടീസുകള്‍ പുറപ്പെടുവിക്കുന്നത്. അതേസമയം, ക്രിമനല്‍ നടപടികള്‍ നടന്നുകൊണ്ടിരിക്കെ കടന്നുകളഞ്ഞൊരാളെ അറസ്റ്റ് ചെയ്യുന്നതിനായാണ് റെഡ് കോര്‍ണര്‍ നോട്ടീസുകള്‍ പുറപ്പെടുവിക്കുന്നത്.

ഇന്റര്‍പോള്‍ നോട്ടീസുകള്‍ ഫലം ചെയ്യുമോ?

ഇന്റര്‍പോള്‍ നോട്ടീസുകള്‍ പൂര്‍ണമായും വിവേചനാധികാരത്തിന്റെ പുറത്താണ് അംഗീകരിക്കപ്പെടുന്നത്. അതായത്, ഇന്റര്‍പോളിന് ഏതെങ്കിലും അന്വേഷണ ഏജന്‍സിയോട്, ഒരു പ്രത്യേക നോട്ടീസിന്റെ പുറത്ത് നടപടിയെടുക്കാന്‍ നിര്‍ബന്ധിക്കാന്‍ കഴിയില്ല. അതാത് ഏജന്‍സികളുടെ വിവേചനാധികാരമാണ് നടപടി സ്വീകരിക്കണോ വേണ്ടയോ എന്നത്. സാധാരണ നിലയില്‍, സഹായം അഭ്യര്‍ത്ഥിക്കുന്ന രാജ്യവും, നടപടി സ്വീകരിക്കേണ്ട രാജ്യവും തമ്മിലുള്ള ബന്ധം പോലെയിരിക്കും കാര്യങ്ങള്‍ നടക്കുന്നതും നടക്കാതിരിക്കുന്നതും. പ്രജ്വലിന്റെ കേസിന്റെ കാര്യത്തില്‍, ഇന്ത്യയും ജര്‍മനിയും തമ്മില്‍ നല്ല ബന്ധത്തിലാണ് പോകുന്നത്. അതുകൊണ്ട് അവിടുത്തെ അന്വേഷണ ഏജന്‍സികള്‍ ഇന്ത്യയെ സഹായിക്കാന്‍ സാധ്യതയേറയാണ്.

കടപ്പാട്; ദ ഇന്ത്യന്‍ എക്‌സ്പ്രസ്‌

 

Content summary;  cbi issue blue corner notice for prajwal revanna, what is the difference between Interpol’s colour coded notices

Leave a Reply

Your email address will not be published. Required fields are marked *

×