UPDATES

ആഗോള താപനം ഉണ്ടാക്കുന്നത് യുദ്ധത്തിന് സമാനമായ സാമ്പത്തിക നഷ്ടം

കാലാവസ്ഥ വ്യതിയാനം മൂലമുള്ള സാമ്പത്തിക നാശനഷ്ടം വിചാരിച്ചതിനേക്കാൾ ആറിരട്ടി

                       

മനുഷ്യന്റെ നിലനിൽപ്പിന് പ്രകൃതി അത്യന്താപേക്ഷിത ഘടകമാണ്. മനുഷ്യൻ പ്രകൃതിയിൽ ഉളവാക്കുന്ന ആഘാതങ്ങൾ കൂടുന്നതിന് അനുസരിച്ച് ആ നിലനിൽപ്പ് തന്നെ ചോദ്യ ചിഹ്നമായി കൊണ്ടിരിക്കുകയാണ്. കാലാവസ്ഥ വ്യതിയാനം മൂലമുള്ള സാമ്പത്തിക നാശം പ്രതീക്ഷിക്കുന്നതിനെക്കാൾ ആറിരട്ടി മോശം അവസ്ഥയിലാണ് എന്നാണ് ഏറ്റവും പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ആഗോള താപനം ഉണ്ടാക്കുന്നത് യുദ്ധത്തിന് സമാനമായ സാമ്പത്തിക നഷ്ടം എന്നാണ് ഗവേഷണങ്ങൾ ചൂണ്ടി കാണിക്കുന്നത്. ആഗോള താപനിലയിലെ ഒരു ഡിഗ്രി സെൽഷ്യസ് (1.8F) വർദ്ധനവ് ലോകത്തിലെ ജിഡിപിയിൽ 12 ശതമാനം ഇടിവിലേക്ക് നയിക്കുന്നുവെന്നും ഗവേഷണം വ്യക്തമാക്കുന്നു. Climate change and Economic damage

മുൻകാലങ്ങളിലെ പഠനങ്ങളെ അപേക്ഷിച്ച് വളരെ ഉയർന്ന നിരക്കാണിത്. വ്യാവസായവത്കരണത്തിന് മുൻപുള്ള കാലം മുതൽ ലോകം ഇതിനോടകം ഒരു ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ചൂടായിട്ടുണ്ട് എന്നാണ് കണ്ടെത്തൽ. ഫോസിൽ ഇന്ധനങ്ങളുടെ തുടർച്ചയായ ഉപഭോഗം മൂലം ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഏകദേശം മൂന്ന് ഡിഗ്രി സെൽഷ്യസ് (5.4F) വരെ ഉയരുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഒപ്പം ഈ വർദ്ധനവ് വലിയ രീതിയിലുള്ള സാമ്പത്തിക ചിലവുകളിലേക്കും നയിക്കും.

മൂന്ന് ഡിഗ്രി സെൽഷ്യസ് എന്ന താപനില വർദ്ധനവ് 2100 ആകുമ്പോഴേക്കും ഉൽപാദനത്തിലും മൂലധനത്തിലും ഉപഭോഗത്തിലും 50 ശതമാനത്തോളം, കുറയുന്നതിന് കാരണമാകും എന്നും വിദഗ്ധർ പറയുന്നുണ്ട്. ഇതുണ്ടാക്കുന്ന സാമ്പത്തിക നഷ്ടം വളരെ വലുതാണ്, യഥാർത്ഥത്തിൽ ഒരു യുദ്ധം സാമ്പത്തിക രംഗത്തിന് ഉണ്ടാക്കാനിടയുള്ള ആഘാതത്തിനോട് താരതമ്യപ്പെടുത്താവുന്നതാണ് എന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. വരും കാലങ്ങളിൽ സമ്പദ്‌വ്യവസ്ഥയിൽ വളർച്ചയുണ്ടാകുമെങ്കിലും ഈ നൂറ്റാണ്ടിലെ അവസാനത്തോടെ കാലാവസ്ഥ വ്യതിയാനം മൂലം ജനങ്ങൾ 50 ശതമാനം കൂടുതൽ ദരിദ്രരാകുമെന്നാണ് ഹാർവാർഡിലെ സാമ്പത്തിക ശാസ്ത്രജ്ഞനായ അഡ്രിയൻ ബിലാൽ പറയുന്നത്. ഇപ്പോഴുള്ളതിനേക്കാൾ ഇരട്ടിയായിരിക്കും വരും വർഷങ്ങളിൽ ജീവിത ചിലവുകൾ. ഇത് ജനജീവിതത്തെ അപ്പാടെ മാറ്റിമറിക്കാൻ പോന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.

ഉപഭോഗവും ജി ഡി പിയും കണക്കിലെടുത്താണ് യുദ്ധ നഷ്ടങ്ങളുമായി താരതമ്യപ്പെടുത്തുന്നത്. ജിഡിപി നിരക്ക് ആശങ്ക ഉണർത്തുന്ന കാര്യമാണ്. ഒരു ടൺ അധിക കാർബൺ ഉദ്‌വമനത്തിന് 1,056 ഡോളറാണ് ( 87,963.59 ഇന്ത്യൻ രൂപ) നാശനഷ്ടം എന്നാണ് പഠനം വിലയിരുത്തുന്നത്. ഓരോ രാജ്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം ആഗോളതലത്തിൽ കാലാവസ്ഥാ വ്യതിയാനത്തിൻ്റെ സാമ്പത്തിക ചെലവ് പരിശോധിച്ച് കൂടുതൽ സമഗ്രമായ ധാരണയാണ് പുതിയ ഗവേഷണം നൽകുന്നതെന്നും അഡ്രിയൻ ബിലാൽ വിശദീകരിച്ചു. ആഗോളതലത്തിൽ സമീപിക്കുന്നത് വഴി താപ തരംഗങ്ങൾ, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, മറ്റ് കാലാവസ്ഥാ ആഘാതങ്ങൾ എന്നിവയുടെ പരസ്പരബന്ധിതമായ പ്രത്യാഘാതങ്ങൾ പരിഗണിക്കുന്നതാണ്. ഇത്തരം കാലാവസ്ഥ പ്രതിഭാസങ്ങൾ ഉളവാക്കുന്ന ആഘാതങ്ങൾ കൃഷിയെയും പരിസ്ഥിതിയെയെയും നശിപ്പിക്കുകയും തൊഴിലാളികളുടെ ഉൽപ്പാദനക്ഷമതയും മൂലധന നിക്ഷേപം കുറയ്ക്കുകയും ചെയ്യും.

കാലാവസ്ഥാ പ്രതിസന്ധി ലോകമെമ്പാടും ഉണ്ടാക്കുന്ന സാമ്പത്തിക ആഘാതം എത്രമാത്രമുണ്ടെന്ന് പഠനം കണ്ടെത്തിയിട്ടുണ്ട്. സ്വന്തം രാജ്യത്തിന്റെ സാമ്പത്തിക ഉന്നമനത്തന് വേണ്ടി ഭൂമിയുടെ സ്വാഭാവിക പ്രകൃതിയെ നശിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നിർത്തേണ്ടതിന്റെ ആവശ്യകത കൂടി പഠനം ചൂണ്ടിക്കാണിക്കുന്നു. കാർബൺ ഉദ്‌വമനത്തിൽ ഗണ്യമായ കുറവുണ്ടായാലും കാലാവസ്ഥാ വ്യതിയാനം മൂലം ഗണ്യമായ സാമ്പത്തിക നഷ്ടം ഉണ്ടാക്കിത്തീർക്കുമെന്നും പഠനം വ്യക്തമാക്കുന്നു.

ഈ നൂറ്റാണ്ടിൻ്റെ അവസാനത്തോടെ ആഗോളതാപനം വെറും 1.5 ഡിഗ്രി സെൽഷ്യസ് ആയി (2.7°F) ആയി പരിമിതപ്പെടുത്തിയാൽപ്പോലും ജിഡിപിയിലെ നഷ്ടം 15% ആയിരിക്കും. കാലാവസ്ഥാ പ്രതിസന്ധി നിലനിൽക്കുന്നത് മൂലം അടുത്ത 26 വർഷത്തിനുള്ളിൽ ഉണ്ടാകേണ്ട ശരാശരി വരുമാനം അഞ്ചിലൊന്നായി കുറയുമെന്ന്  ഗവേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ നൂറ്റാണ്ടിന്റെ പകുതി ആകുന്നതോടെ ഉയർന്ന താപനില, കനത്ത മഴ, എന്നിവ മൂലം പ്രതിവർഷം 38 ടൺ ഡോളർ നാശത്തിന് കാരണമാകുമെന്നാണ് അനുമാനം.

 

content summary : increase in global temperature leads to a 12% decline in world gross domestic product, researchers have found

Share on

മറ്റുവാര്‍ത്തകള്‍