UPDATES

‘ഞങ്ങള്‍ നിശബ്ദരല്ല, ഗവര്‍ണര്‍ക്കെതിരായ ജനാധിപത്യ പോരാട്ടത്തില്‍ തന്നെയാണ്’ നിലപാട് വ്യക്തമാക്കി എ ഐ എസ് എഫ്

ചാന്‍സലര്‍ പദവി ഉപയോഗിച്ചുകൊണ്ട് ഇത്തരം അരാഷ്ട്രീയ നിലപാടുകള്‍ എടുക്കുന്ന ഗവര്‍ണറെ പദവിയില്‍ നിന്ന് നീക്കം ചെയ്യണം

                       

ഗവര്‍ണര്‍ തന്റെ ചാന്‍സലര്‍ പദവി ഉപയോഗിച്ചു സര്‍വകലാശാലകളില്‍ ആര്‍എസ്എസ്-ബിജെപി അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയില്‍ എസ് എഫ് ഐ പ്രത്യക്ഷ സമരത്തിലാണ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാകട്ടെ, ഒരു രാഷ്ട്രീയക്കാരന്റെ ശരീരഭാഷയോടെയാണ് എസ് എഫ് ഐക്കെതിരേ വെല്ലുവിളിയുമായി നടക്കുന്നത്. കഴിഞ്ഞ ദിവസം കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ നടന്ന സംഭവങ്ങളൊക്കെയും കേരളത്തില്‍ നടാടെ നടന്നതാണ്. ഗവര്‍ണര്‍ സ്ഥാനത്തിനിരിക്കുന്ന ഒരാള്‍ ഇത്തരത്തില്‍ പോര് വിളിച്ചു നടക്കുന്നതിന്റെ മുന്‍മാതൃകകള്‍ സംസ്ഥാനത്തില്ല. മറുഭാഗത്ത് എസ് എഫ് ഐ, ഒരിഞ്ചും പിന്നോട്ടില്ലെന്ന വാശിയിലാണ്. ഇവിടെയാണ് മറ്റ് വിദ്യാര്‍ത്ഥി സംഘടനകളോട് ചോദ്യങ്ങള്‍ ഉയരുന്നത്. കെ എസ് യുവിനോടും എംഎസ്എഫിനോടുമെല്ലാമുള്ളതിനെക്കാള്‍ കൂടുതലായി ആ ചോദ്യം നീളുന്നത് എ ഐ എസ് എഫ്-നോടാണ്. ഗവര്‍ണര്‍ക്കെതിരേ പ്രതികരിക്കാനും പോരാടാനും ഇടതുപക്ഷ യുവജനസംഘടനയായ എ എസ് എഫ് ഐ മുന്നോട്ടു വരുന്നില്ലേ? അവര്‍ നിശബ്ദരാണോ? എസ് എഫ് ഐയ്ക്ക് ഒപ്പം നില്‍ക്കാനോ, അല്ലെങ്കില്‍ ഒറ്റയ്ക്ക് നില്‍ക്കാനോ അവര്‍ തയ്യാറാകാത്തതെന്താണ്?

ഈ ചോദ്യങ്ങളോട് എ ഐ എസ് എഫിന് പറയാനുള്ളത്, ഞങ്ങള്‍ നിശബ്ദരല്ല എന്നാണ്. ഗവര്‍ണര്‍ക്കെതിരായ സമരമുഖത്ത് തങ്ങള്‍ നേരത്തെ മുതല്‍ ഉണ്ടെന്നാണ് സംഘടന പറയുന്നത്. എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ആര്‍.എസ്. രാഹുല്‍ രാജ് ആ നിലപാടുകള്‍ കൂടുതല്‍ വ്യക്തമാക്കി അഴിമുഖത്തോട് പറയുന്നു;

സര്‍വകലാശാല സെനറ്റിലേക്ക് എബിവിപി പ്രവര്‍ത്തകരെ ബിജെപിയുടേയും ആര്‍എസ്ബിഎസിന്റെയും സമമര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഗവര്‍ണര്‍ നോമിനേറ്റ് ചെയ്തു എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ ഗവര്‍ണര്‍ക്കെതിരെ വലിയ പ്രതിഷേധങ്ങളാണ് നടത്തുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പല വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളും രംഗത്തെത്തിയിരുന്നു. വിവാദ വിഷയത്തില്‍ തങ്ങള്‍ നിശബ്ദരല്ലെന്നും ഗവര്‍ണറുടെ അരാഷ്ട്രീയമായ നിലപാടുകളെ ശക്തമായെതിര്‍ക്കുമെന്നും പറയുകയാണ് എഐഎസ്എഫ് പ്രസിഡന്റ് രാഹുല്‍രാജ്. രാഹുല്‍ രാജിന്റെ പ്രതികരണം.

ഗവര്‍ണര്‍ സര്‍വകലാശാലകളെ കാവിവത്കരിക്കാനുള്ള ശ്രമം നടത്തുകയാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സെനറ്റ് നാമനിര്‍ദേശം. അക്കാദമി യോഗ്യതയോ അല്ലെങ്കില്‍ മറ്റേതെങ്കിലും മേഖലയിലുള്ള കഴിവും മികവും പരിഗണിച്ചു കൊണ്ടായിരുന്നു സെനറ്റിലേക്ക് ഇതുവരെയും അംഗംങ്ങളെ തെരെഞ്ഞെടുത്തുകൊണ്ടിരുന്നത്. ആ സ്ഥാനത്താണ് യാതൊരു യോഗ്യതയുമില്ലാത്ത വ്യക്തികളെ രാഷ്ട്രീയം മാത്രം നോക്കികൊണ്ട് എബിവിപി പ്രവര്‍ത്തകരെ കേരള സര്‍വകലാശാലയിലേക്കും കാലിക്കറ്റ് സര്‍വ്വകലാശാലയിലേക്കും നിര്‍ദേശിച്ചത്. ഗവര്‍ണറുടെ നിര്‍ദേശ പ്രകാരം വന്ന 15 പേരും ബിജെപി-ആര്‍എസ്എസ് അനുഭാവമുളള വ്യക്തികളാണ്. സാധാരണഗതിയില്‍ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ നിന്ന് ഇലക്ഷനിലൂടെ ജയിച്ച് എത്തുന്ന 10 പേരില്‍ ഗവര്‍ണര്‍ക്ക് നിര്‍ദേശിക്കാന്‍ കഴിയുന്നത് രണ്ട് പേരെയാണ്. ഇക്കഴിഞ്ഞ കാലങ്ങളില്‍ എല്ലാം തന്നെ ഏതെങ്കിലും പ്രവര്‍ത്തന മേഖലകളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥികളെയായിരുന്നു നിര്‍ദേശിച്ചിരുന്നത് താനും. എന്നാല്‍ അതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായി എബിവിപിയുടെയും അതോടൊപ്പം ആര്‍എസ്എസ് അനുഭാവമുള്ള സംവിധാനങ്ങളെയും ഉപയോഗപെടുത്തി സവരകലാശാല ബോഡികളില്‍ ആര്‍എസ്എസ് സംഘപരിവാര്‍ വത്കരണത്തിനുള്ള ശ്രമമാണ് ഗവര്‍ണര്‍ നടത്തുന്നത്. ഇതിനെതിരെ എഐഎസ്എഫ് നിരന്തരമായ പ്രക്ഷോഭത്തിന്റെ പാതയിലാണ്. അതിന്റെ ഭാഗമായാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഡിസംബര്‍ 18 – ന് മാര്‍ച്ച് സംഘടിപ്പിക്കുന്നതും.

സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ ഒരു ഗവര്‍ണറും വിളിക്കേണ്ട ഭാഷയിലല്ല ഗവര്‍ണര്‍ ആരിഫ് മുഹമ്മ്ദ് ഖാന്‍ വിളിക്കുന്നത്. ഒരു സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ പാലിക്കേണ്ട പക്വത ഗവര്‍ണര്‍ ആരിഫ് മുഹ്ഹ്‌മ്മദ് ഖാന്‍ കാണിച്ചില്ല. തീരെ നിലവാരമില്ലായ്മയിലേക്ക് ഗവര്‍ണര്‍ താഴ്ന്നു പോയി. അതിന്റെ ഉദാഹരങ്ങളാണ് സമരം ചെയുന്ന വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലുന്നതും മറ്റും. ഇതെല്ലാം വിദ്യാര്‍ത്ഥികളെയും വിദ്യാര്‍ത്ഥി സംഘടനകളെയും വലിയ രീതിയില്‍ പ്രകോപിപ്പിക്കുന്നവയാണ്. കാലിക്കറ്റ് സര്‍വകലാശാലയ്ക്കകത്ത് വിദ്യാര്‍ത്ഥി സംഘടനകള്‍ കെട്ടിയ ബാനറുകള്‍ അഴിച്ചു നീക്കാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടിരുന്നു. അതേസമയം അദ്ദേഹത്തിനെ സ്വീകരിക്കുന്നതിന് വേണ്ടിയുളള അനവധി ബാനറുകളും അതോടൊപ്പം ഇതര വിദ്യാര്‍ത്ഥി സംഘടനകള്‍ കെട്ടിയ ബാനറുകളും ഉണ്ട്. ഇതൊക്കെ അഴിച്ചു നീക്കാന്‍ ഉത്തരവിടേണ്ട ആവശ്യമില്ലല്ലോ. കാമ്പസുകളില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ വലിയ കുഴപ്പങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് വരുത്തി തീര്‍ത്തുകൊണ്ട് ഒരു തരം അരാഷ്ട്രീയവത്കരണത്തിനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ സര്‍വകലാശാല ചാന്‍സലര്‍ പദവി തന്നെ എടുത്തു മാറ്റണം എന്നാണ് എഐഎസ്എഫിന്റെ ആവശ്യവും നിലപാടും.

യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ എന്ന പദവി ഉപയോഗിച്ചുകൊണ്ട് ഇത്തരം അരാഷ്ട്രീയ നിലപാടുകള്‍ എടുക്കുന്ന ഗവര്‍ണറെ പദവിയില്‍ നിന്ന് നീക്കം ചെയ്യണം എന്നാണ് എഐഎസ്എഫ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും സമാനമായ വിഷയങ്ങളിലും നിവധി തവണ എഐഎസ്എഫിന്റെ നേതൃത്വത്തില്‍ രാജ്ഭവനിലേക്കും കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്കും മാര്‍ച്ചുകള്‍ സംഘടിപ്പിച്ചിട്ടുള്ളതാണ്. ഇത്തരത്തില്‍ നടക്കുന്ന ക്യാമ്പയിനുകളുടെ തുടര്‍ച്ചമാത്രമാണ് എഐഎസ്എഫ് നിലവില്‍ നടത്തുന്നത്. ഈ വിഷയത്തില്‍ ജനാധിപത്യമായ ഒരു തീര്‍പ്പ് ലഭിക്കുന്നതുവരെ എഐഎസ്എഫ് പ്രതിഷേധം തുടര്‍ന്നുകൊണ്ടേയിരിക്കും.

സമരിയ സൈമണ്‍

സമരിയ സൈമണ്‍

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍