UPDATES

ഗവര്‍ണര്‍ക്ക് വേണമെങ്കിലും വഴിയിലിറങ്ങി നടക്കാവുന്ന നാടാണ് കേരളം

ഒരാള്‍ കൈവീശി കാണിച്ചാല്‍ തിരികെ കൈവീശുന്നത് മലയാളിയുടെ സാമാന്യ മര്യാദയാണ്

                       

കേരള സര്‍ക്കാരുമായും എസ്എഫ്‌ഐയുമായും കനത്ത വാക്‌പോര് നടക്കുന്നതിനിടെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോഴിക്കോട് മിഠായി തെരുവില്‍ സന്ദര്‍ശനം നടത്തിയിരുന്നു. തനിക്ക് കേരള പോലീസിന്റെ സംരക്ഷണം ആവശ്യമില്ലെന്നും ജനങ്ങള്‍ തനിക്ക് സുരക്ഷയൊരുക്കുമെന്നും മാധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെയാണ് മിഠായി തെരുവിലേക്ക് ഗവര്‍ണര്‍ ഇറങ്ങിച്ചെന്നത്. തെരുവിലൂടെ കുട്ടികളെ ചേര്‍ത്തുപിടിച്ചും, കൈവീശി കാണിച്ചും ഇതിനിടയില്‍ ഹല്‍വ കടയില്‍ കയറി കച്ചവടക്കാരോട് കുശലം പറഞ്ഞും അരമണിക്കൂറോളം ഗവര്‍ണര്‍ തെരുവിലുണ്ടായിരുന്നു. മുഖ്യ ധാര മാധ്യമങ്ങളടക്കം ഗവര്‍ണര്‍ക്കു ലഭിച്ച ജനപിന്തുണയായി ഇതിനെ ആഘോഷിച്ചു.

എന്നാല്‍ ഒരാള്‍ കൈവീശികാണിച്ചാല്‍ തിരികെ കൈ വീശി കാണിക്കുന്നത് സാമാന്യ മര്യാദയാണെന്നും തെരെഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നത് ഇതിന്റെ അടിസ്ഥാനത്തിലല്ല എന്നും അഴിമുഖത്തോട് പറയുകയാണ് ഡെക്കാന്‍ ക്രോണിക്കള്‍ എക്‌സിക്യൂട്ടീവ് എഡിറ്ററും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ കെ ജെ ജേക്കബ്.

ഗവര്‍ണര്‍ നാട്ടിലിറങ്ങി നടക്കുന്നത് ആര്‍ക്കും ഒരു ഭീഷണിയുമുളവാക്കുന്നില്ല. സ്വതന്ത്ര ജനാധിപത്യം പിന്തുടരുന്ന ഒരു രാജ്യത്ത് യഥേഷ്ടം ഇറങ്ങി നടക്കാന്‍ ഓരോ പൗരനും അവകാശമുണ്ട്, അതേ അവകാശം തന്നെ ഈ നാട്ടിലെ ഗവര്‍ണര്‍ക്കുമുണ്ട്. അതുകൊണ്ട് അദ്ദേഹം വഴിയിലിറങ്ങി നടക്കുന്നുവെന്നത് കേരളം പോലെയുള്ള ഒരു സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാവുന്ന കാര്യമാണ്.

ഗവര്‍ണര്‍ ഒരു സംസ്ഥാനത്തിന്റെ ഭരണത്തലവനാണ്, അതുകൊണ്ട് തന്നെ അദ്ദേഹത്തിന് തന്റെ ഇഷ്ട്ടാനുസൃതം ഒരു പോലീസിന്റെയും അകമ്പടിയില്ലാതെ തെരുവില്‍ കൂടി നടക്കാനും കടകളില്‍ നിന്ന് സാധനം വാങ്ങാനും പറ്റുന്നുവെന്നത് ഒരു മലയാളി എന്ന നിലയില്‍ എന്നെ സംബന്ധിച്ച് വളരെ അഭിമാനമുളവാക്കുന്ന കാര്യമാണ്. ഇത് കേരളത്തിന് ലഭിക്കുന്ന ഒരു സര്‍ട്ടിഫിക്കറ്റ് ആയി കണക്കാക്കാം.

ഗവര്‍ണര്‍ വളരെ സ്വതന്ത്രമായി തെരുവിലൂടെ ഇറങ്ങി നടക്കുന്നത് വലിയ ജനകീയ പിന്തുണയുള്ളത് കൊണ്ടാണെന്ന് മുഖ്യധാര മാധ്യമങ്ങള്‍ വ്യാഖ്യാനിക്കുന്നത് ഭരണഘടനയെ കുറിച്ചും കേരളത്തിന്റെ സാമൂഹിക അവസ്ഥകളെ കുറിച്ചും അടിസ്ഥാനപരമായി യാതൊരു ധാരണയുമില്ലാത്തത് കൊണ്ടാണ്. മുഖ്യധാര മാധ്യമങ്ങളെല്ലാം ധരിച്ചു വച്ചിരിക്കുന്നത് ഗവര്‍ണര്‍ ഭരണത്തലവനായതുകൊണ്ട് അദ്ദേഹത്തിന് അധികാരങ്ങളുണ്ട് എന്നാണ്. പക്ഷെ ഗവര്‍ണര്‍ക്ക് അത്തരത്തില്‍ യാതൊരു അധികാരവുമില്ലായെന്നുള്ളത് ഭരണഘടന നിര്‍മാണ സഭയ്ക്കകത്തുനിന്നുളള ചര്‍ച്ചകളില്‍ നിന്ന് തന്നെ വ്യക്തമാണ്. അതോടൊപ്പം പല കോടതി വിധികളിലും ഈ വിഷയത്തെ പറ്റി വ്യക്തമാക്കിയിട്ടുള്ളതുമാണ്. ഒരു സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ യാതൊരു വിധത്തിലുള്ള അധികാരങ്ങളുമില്ലാത്ത വ്യക്തിയാണ്, മാത്രമല്ല നാമ മാത്രമായ ഭരണത്തലവനുമാണ്. അതിനാല്‍ അദ്ദേഹം റോഡില്‍ ഇറങ്ങി നടന്നാല്‍ ആരായാലും കൈവീശും, അത് മലയാളിയുടെ മര്യാദയുടെ ഭാഗമാണ്.

ഗവര്‍ണര്‍ ചെയ്യുന്ന നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ കാര്യങ്ങള്‍ ചോദ്യം ചെയ്യപ്പെടേണ്ടത് തെരുവില്ലല്ലോ. അദ്ദേഹം മലയാളിയല്ലെങ്കിലും നമ്മുടെ ഭരണത്തലവനാണ് അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ പ്രവര്‍ത്തികളില്‍ എതിര്‍പ്പുണ്ടെകില്‍ അത് കാണിക്കേണ്ടത് തെരുവിലല്ല. ഗവര്‍ണറുടെ അധികാരം ഭരണഘടനാപരവും നിയമപരവുമാണ്. ഗവര്‍ണര്‍ നയപരമായ തീരുമാനങ്ങള്‍ എടുക്കുന്ന വ്യക്തിയല്ല. അതോടൊപ്പം ഗവര്‍ണര്‍ക്ക് തന്റെ വിവേചനാധികാരം പ്രയോഗിക്കാന്‍ പറ്റുന്ന വിഷയങ്ങള്‍ വളരെ ചുരുക്കമാണ്.

അദ്ദേഹമെടുക്കുന്ന ഓരോ തീരുമാനങ്ങളും ജുഡീഷ്യല്‍ അവലോകനത്തിന് വിധേയമാണ്. ഗവര്‍ണര്‍ നിയമ വിരുദ്ധമായി എന്തെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടെകില്‍ അത് കോടതിയിലാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. ഗവര്‍ണറോട് എതിര്‍പ്പുണ്ടെങ്കില്‍ തന്നെയും അദ്ദേഹം കൈവീശികാണിച്ചാല്‍ ആരായാലും തിരിച്ച് കൈവീശി കാണിക്കും. അതിനര്‍ത്ഥം അദ്ദേഹത്തിന്റെ നിയമവിരുദ്ധ പ്രവര്‍ത്തങ്ങള്‍ക്ക് കൈവീശുന്നവര്‍ പിന്തുണ നല്‍കുന്നുണ്ടെന്നല്ല. ഗവര്‍ണര്‍ എന്ന ഭരണത്തലവനോട് മലയാളി കാണിക്കുന്ന സാമാന്യ മര്യാദ എന്ന രീതിയില്‍ മാത്രമതിനെ കണക്കാക്കിയാല്‍ മതിയെന്നാണ് എന്റെ പക്ഷം.

നയപരമായി തീരുമാനമെടുക്കാന്‍ അധികാരമില്ലാത്ത ഒരാള്‍ വഴിയില്‍ നടക്കുമ്പോള്‍ കൈവീശി കാണിച്ചാല്‍ അത് ജന പിന്തുണയാണെന്ന് വ്യാഖ്യാനിക്കുന്നത് വളരെ ദയനീയമായ ധാരണകളുടെ പുറത്താണ്. അത് പിണറായി വിജയന്‍ കൈവീശിയാലും വി ഡി സതീശന്‍ കൈവീശിയാലും ജനങ്ങള്‍ ഇത് തന്നെ കാണിക്കും. പക്ഷെ തെരെഞ്ഞെടുപ്പില്‍ വോട്ട് ചെയുന്നത് നാട്ടു മര്യാദയുടെ അടിസ്ഥാനത്തിലല്ല. വോട്ട് ചെയ്യുക എന്നത് വളരെ ഗൗരവകരമായ ജനാധിപത്യ അവകാശങ്ങളില്‍ ഒന്നാണ്. അത് മലയാളി വളരെ സസൂക്ഷ്മം ചെയ്യുന്ന കാര്യവുമാണ്. ഇത് രണ്ടും തമ്മില്‍ കൂട്ടി കലര്‍ത്തേണ്ട യാതൊരാവശ്യവുമില്ല.

മലയാളിയുടെ രാഷ്ട്രീയബോധവും സാമാന്യ മര്യാദയും രണ്ടും രണ്ടാണ്, ഇവ രണ്ടും തമ്മിലുളള അന്തരത്തെ പറ്റി യാതൊരു ധാരണയില്ലാത്തവര്‍ക്ക് മാത്രമേ ഗവര്‍ണര്‍ക്ക് ലഭിക്കുന്ന ജനപിന്തുണയാണ് എന്നെല്ലാം വ്യാഖ്യാനിക്കാന്‍ സാധിക്കുകയുള്ളൂ.

സമരിയ സൈമണ്‍

സമരിയ സൈമണ്‍

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍