UPDATES

ആരിഫ് മുഹമ്മദ് ഖാന്‍ എന്തുകൊണ്ട് കേരള ഗവര്‍ണറായി?

കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ശുപാര്‍ശ ചെയ്തതിനു ഒരു കാരണം പറഞ്ഞത്, അദ്ദേഹം ബിജെപിയുടെ ‘നല്ല മുസ്ലിം’ ആഖ്യാനത്തെ പ്രതിനിധീകരിക്കുന്നു എന്നതായിരുന്നു

                       

2019 മുതല്‍ കേരളത്തിലെ ഒന്നാം പിണറായി സര്‍ക്കാരിന്റെയും രണ്ടാം പിണറായി സര്‍ക്കാരിന്റെയും പ്രധാന പ്രതിപക്ഷ നേതാവ് ആരാണെന്നു ചോദിച്ചാല്‍; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നു പറയേണ്ടി വരും. സര്‍ക്കാരുമായി നിരന്തര ഏറ്റുമുട്ടലിലാണ് ഗവര്‍ണര്‍. ആ ഏറ്റുമുട്ടലുകള്‍ ഭരണഘടനാപരമായതല്ല, രാഷ്ട്രീയപരമായുള്ളതാണെന്നതാണ് ഗവര്‍ണര്‍ക്കെതിരേയുള്ള പരാതി. സര്‍ക്കാര്‍ നിയമനങ്ങളും, ബില്ലുകളും റദ്ദാക്കിയും പിടിച്ചുവച്ചും പലപ്പോഴും തനി രാഷ്ട്രീയം കളിക്കുന്നുണ്ട് ആരിഫ് മുഹമ്മദ് ഖാന്‍. മാസങ്ങളോളം പിടിച്ചുവച്ച ബില്ലുകള്‍ ഒപ്പിട്ടു കിട്ടാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രിം കോടതിയില്‍ വരെ പോകേണ്ടി വന്നു. സര്‍വകലാശാല നിയമനങ്ങളില്‍ ‘ ചാന്‍സലര്‍’ തന്റെ ഇല്ലാത്ത അധികാരങ്ങള്‍ വരെ ഉപയോഗപ്പെടുത്തുകയാണ്. ഇതിന്റെ പേരില്‍ ഹൈക്കോടതിയില്‍ നിന്നും പലഘട്ടങ്ങളിലായി തിരിച്ചടികള്‍ കിട്ടിയിട്ടുണ്ട്. ബില്ല് ഒപ്പിടാതെ വച്ചതിന് സുപ്രിം കോടതിയില്‍ നിന്നുണ്ടായതുപോലെ. സര്‍ക്കാരിനെ അനുകൂലിക്കുന്നുവെന്നു പറഞ്ഞു മാധ്യമങ്ങളെ വാര്‍ത്ത സമ്മേളനത്തില്‍ നിന്നും ഇറക്കി വിടുക, തനിക്ക് അപ്രീതി തോന്നിയ മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുക തുടങ്ങിയ പ്രവര്‍ത്തികളും ഖാനില്‍ നിന്നുണ്ടായിട്ടുണ്ട്. ഒരുവശത്ത് സര്‍ക്കാരിന്റെ ധൂര്‍ത്തിനെതിരേ പ്രതികരിക്കുകയും മറുവശത്ത് രാജ്ഭവനില്‍ ഡെന്റല്‍ ക്ലിനിക് സ്ഥാപിക്കാന്‍ വരെ പണം ചോദിക്കുകയും ചെയ്തും വാര്‍ത്തകളായി. ഏറ്റവുമൊടുവില്‍ സര്‍വ്വകലാശാല സെനറ്റുകളില്‍ എബിവിപിക്കാരെ സ്വന്തം ഇഷ്ടപ്രകാരം നിയമിച്ചതിലൂടെയും വിവാദത്തിലായി. ആ തീരുമാനം ഹൈക്കോടതി റദ്ദാക്കിയത് മറ്റൊരു തിരിച്ചടിയായി.

ആര്‍ക്ക് വേണം ഗവര്‍ണര്‍മാരെ?

2019 സെപ്തംബര്‍ 6 നാണ് ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിന്റെ 22 മത് ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത്. ചരണ്‍ സിംഗിന്റെ ഭാരതീയ ക്രാന്തി ദളില്‍ തുടങ്ങി കോണ്‍ഗ്രസിലെത്തി, അവിടെ നിന്നും ജനത ദളില്‍ പോയി, പിന്നെ ബിഎസ്പി, ഏറ്റവുമൊടുവില്‍ ബിജെപിക്കാരനായ രാഷ്ട്രീയക്കാരനായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍. ഖാനെ കേരളത്തിന്റെ ഗവര്‍ണറാക്കി നിയോഗിക്കുമ്പോള്‍, ബിജെപി അദ്ദേഹത്തിന് നല്‍കിയിരുന്ന വിശേഷം ‘ നല്ല മുസ്ലിം’ എന്നതായിരുന്നു. ഗവര്‍ണര്‍ പദവിക്കുള്ള യോഗ്യതയും അത് തന്നെയായിരുന്നു. കാരണം, മുത്തലാഖ് വിഷയത്തില്‍ മോദി സര്ക്കാരിനെ പിന്തുണച്ച മുസ്ലിം രാഷ്ട്രീയക്കാരില്‍ ഒരാളായിരുന്നു ഖാന്‍.

ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെയും ഒരു പുരോഗമനവാദി ഇമേജ് ഉണ്ടാക്കി വച്ചിരുന്നു. മുസ്ലിം വിഭാഗങ്ങള്‍ക്കിടയിലെ പുരോഗമന വാദി, മുത്തലാഖ് ഉള്‍പ്പെടെയുള്ള ആചാരങ്ങളുടെ കടുത്ത വിമര്‍ശകന്‍ എന്നൊക്കെയുള്ള വിശേഷണങ്ങളായിരുന്നു കേരള ഗവര്‍ണറായി കേന്ദ്രസര്‍ക്കാര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രഖ്യാപിച്ചപ്പോള്‍ ചാനലുകളും പത്രങ്ങളും നല്‍കിയത്.

ഇസ്ലാം നവീകരണത്തിലും പുരോഗമന നയ രൂപീകരണത്തിലും സജീവമായി ഇടപെട്ടിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹലില്‍ 1951 ലാണ് ജനിക്കുന്നത്. ഡല്‍ഹിയിലെ ജാമിയ മില്ലിയ സ്‌കൂള്‍, അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി, അലിഗഡ്, ലഖ്നൗ സര്‍വകലാശാലയിലെ ഷിയ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുള്ള അദ്ദേഹം എഴുത്തുകാരന്‍ എന്ന നിലയിലും പ്രശസ്തനാണ്. ഖുറാനും സമകാലിക വെല്ലുവിളികളും എന്ന പേരിലുള്ള അദ്ദേഹത്തിന്റെ രചന 2010 ലെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം പിടിച്ചിരുന്നു. സൂഫിസവുമായി ബന്ധപ്പെട്ട ലേഖനങ്ങളും കോളങ്ങളും ആരിഫ് മുഹമ്മദ് ഖാന്റെതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

വിദ്യാര്‍ത്ഥി നേതാവായാണ് അരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ബുലന്ദ്ഷഹറിലെ സിയാന നിയോജകമണ്ഡലത്തില്‍ നിന്ന് ഭാരതീയ ക്രാന്തിദള്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ചുവട് വച്ച അദ്ദേഹം പിന്നീട് നിയമസഭാംഗം, ലോക്‌സഭാംഗം, കേന്ദ്രമന്ത്രി തുടങ്ങിയ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 15 വര്‍ഷമായി സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടു നിന്ന ശേഷമാണ് 2019-ല്‍ കേരള ഗവര്‍ണായി നിയോഗിക്കപ്പെട്ടിരിക്കുന്നത്.

ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയായിരുന്നു, എന്നാല്‍ 1977 ല്‍ 26 ആം വയസ്സില്‍ യുപിയിലെ നിയമസഭയില്‍ അംഗമായി. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഭാഗമാകുന്നത്. തുടര്‍ന്ന് 1980 ല്‍ കാണ്‍പൂരില്‍ നിന്നും 1984 ല്‍ ബഹ്റൈച്ചില്‍ നിന്നും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് രാജീവ് ഗാന്ധി മന്ത്രിസഭയില്‍ അംഗമായ അദ്ദേഹം ഊര്‍ജ്ജ വകുപ്പിന്റെ ചുമതലയായിരുന്നു വഹിച്ചിരുന്നത്.

ഇതിനിടെയാണ് ലോക്സഭയില്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ മുസ്ലിം വ്യക്തിഗത നിയമ ബില്‍ പാസാക്കിയത്. വിഷയവുമായി ബന്ധപ്പെട്ട് രാജീവ് ഗാന്ധിയുമായി അഭിപ്രായ വ്യത്യാസം രൂക്ഷമായി. 1986 ല്‍ ഷാ ബാനുവിന് ജീവനാംശം നല്‍കാന്‍ ഭര്‍ത്താവ് ബാധ്യസ്ഥനാണെന്നു സുപ്രീം കോടതി വിധിച്ചു. വിധിക്കെതിരെ മുസ്ലിം മതപൗരോഹിത്യം ശക്തമായി രംഗത്ത് വരുകയും കേന്ദ്രം ഭരിച്ചിരുന്ന രാജീവ് ഗാന്ധി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി കോടതി വിധിക്കെതിരെ ബില്ല് പാസ്സാക്കിപ്പിക്കുകയും ചെയ്തു.

ഷാ ബാനു കേസില്‍ സുപ്രീം കോടതി വിധിയെ പിന്തുണച്ച് പാര്‍ലമെന്റില്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തി. മുത്തലാഖിനെ എതിര്‍ത്ത ആരിഫ് മൂന്നു വര്‍ഷം തടവ് ശിക്ഷ ഏര്‍പ്പെടുത്തണമെന്ന് വാദിച്ചു. അഖിലേന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് നിര്‍ത്തലാക്കണമെന്നതായിരുന്നു ഖാന്റെ മറ്റൊരാവശ്യം. ഇതിന്റെ പേരിലും രാജീവിനോട് പോരടിച്ചു. ഇതോടെ മന്ത്രിസഭയില്‍ നിന്നും രാജിവയ്ക്കുകയും ചെയ്തു. പിന്നാലെ 1986 ല്‍ അദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോരുകയും ചെയ്തു.

അക്കാലത്ത് ശക്തരായിരുന്ന ജനതാ ദളിലായിരുന്നു പിന്നീട് അരിഫ് മുഫമ്മദ് ഖാന്‍ ചേക്കേറിയത്. 1989 ല്‍ വീണ്ടും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വി പി സിംഗ് മന്ത്രിസഭയുടെ ഭാഗമായ ഖാന്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ ആന്‍ഡ് എനര്‍ജി മന്ത്രിയായി സേവനമനുഷ്ഠിച്ചു. ഇതിനിടെ ജനതാദള്‍ വിട്ട് ബഹുജന സമാജ് പാര്‍ട്ടിയില്‍ ചേര്‍ന്നു. പിന്നാലെ 1998 ല്‍ ബഹ്റൈച്ചില്‍ നിന്ന് വീണ്ടും ലോക്‌സഭയിലെത്തി.

അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രി ആയിരിക്കുമ്പോള്‍ പ്രതിപക്ഷത്തായിരുന്നു അരിഫ് മുഹമ്മദ് ഖാന്‍. 2004 ല്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ഭരണം തുടരുമെന്ന് പൊതുവെ വിലയിരുത്തപ്പെട്ട 2004 ല്‍ കൈസാര്‍ഗഞ്ച് നിയോജകമണ്ഡലത്തില്‍ നിന്ന് ആ വര്‍ഷം ബിജെപി സ്ഥാനാര്‍ത്ഥിയായി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനും അരിഫ് ഖാന്‍ തയ്യാറായി. എന്നാല്‍ പരാജയപ്പെടുകയായിരുന്നു. ബിജെപിയെ പരാജയപ്പെടുത്തി യുപിഎ ഭരണത്തില്‍ തിരിച്ചെത്തുകയും ചെയ്തു. മൂന്ന് വര്‍ഷം മാത്രമായിരുന്നു അരിഫ് മുഹമ്മദ് ഖാന്‍ ആ ബന്ധം തുടര്‍ന്നത്. പക്ഷപാതപരമായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അദ്ദേഹം 2007 ല്‍ ബിജെപി വിട്ടു..

തുടര്‍ന്ന് 15 വര്‍ഷത്തോളം സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടു നിന്ന അദ്ദേഹം മുത്തലാഖിനെതിരായ നിയമ നിര്‍മാണം ഉള്‍പ്പെടെ ശക്തമാക്കിയതോടെയാണ് വീണ്ടും ബിജെപിയോട് അടുക്കുന്നത്. മുത്തലാഖ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ബി.ജെ.പി.യുടെ സമീപനത്തെ ന്യായീകരിക്കാനായി നരേന്ദ്രമോദിയും അമിത് ഷായും അരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകള്‍ വ്യാപകമായി ചൂണ്ടിക്കാട്ടിയിരുന്നു. മുത്തലാഖ് വിഷയത്തില്‍ പ്രധാനമന്ത്രി തന്റെ പ്രസംഗം ഉദ്ധരിച്ചെന്നൊക്കെ ഖാന്‍ അഭിമാനം കൊണ്ടിരുന്നു.

മുത്തലാഖ് ഉള്‍പ്പെടെയുള്ള കേന്ദ്രത്തിന്റെ നിയമ നിര്‍മാണങ്ങള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ പ്രതിഷേധം ഉയര്‍ന്നിട്ടുള്ള കേരളത്തിലേക്ക് തന്നെ രണ്ടാം മോദി സര്‍ക്കാര്‍ ആരിഫ് മുഹമ്മദ് ഖാനെ നിയോഗിക്കുകയും ചെയ്തു.

കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ശുപാര്‍ശ ചെയ്തതിനു ഒരു കാരണം പറഞ്ഞത്, അദ്ദേഹം ബിജെപിയുടെ ‘നല്ല മുസ്ലിം’ ആഖ്യാനത്തെ പ്രതിനിധീകരിക്കുന്നു എന്നതായിരുന്നു. മുത്തലാഖിനെ ക്രിമിനല്‍ കുറ്റമാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിന് നല്‍കിയ പിന്തുണയ്ക്കുള്ള പ്രതിഫലം തന്നെയായിരുന്നു ഖാന്റെ രാഷ്ട്രീയ ഉയര്‍ച്ചയ്ക്കുള്ള കാരണമായത്. അല്ലാതെ, ഖാനെ ഗവര്‍ണറാക്കിയത്, മുസ്ലിം സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി നിലപാടെടുക്കുന്നയാളെന്ന പൊതു പ്രതിച്ഛായയുടെ പേരിലൊന്നുമായിരുന്നില്ല. ഗവര്‍ണര്‍ സ്ഥാനത്തിരുന്ന് ഖാന്‍ നടത്തുന്ന ബഹളങ്ങളും അത് ശരിവയ്ക്കുന്നുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍