UPDATES

Today in India

പഞ്ചാബിലും ഗവര്‍ണറുടെ ഉടക്ക്; രാഷ്ട്രപതി ഭരണം കൊണ്ടുവരുമെന്ന് ഭീഷണി

തന്റെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയുന്നില്ലെന്നാണ് ഗവര്‍ണറുടെ കോപത്തിന് കാരണം

                       

ഡല്‍ഹിക്ക് പുറമെ ആം ആദ്മി പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനമാണ് പഞ്ചാബ്. അവിടെ നിന്നുള്ള പുതിയ രാഷ്ട്രീയ സംഭവവികാസങ്ങള്‍ ശ്രദ്ധിച്ചാല്‍, ഡല്‍ഹിയില്‍ ലെഫ്റ്റനന്റ് ഗവര്‍ണറോടെന്ന പോലെ, പഞ്ചാബിലും ഗവര്‍ണറോട് മത്സരിക്കേണ്ടി വരികയാണ് ആം ആദ്മിക്ക്. മുഖ്യമന്ത്രി ഭഗവന്ത് മന്നും ഗവര്‍ണര്‍ ഭന്‍വാരിലാല്‍ പുരോഹിതും തമ്മിലാണ് തര്‍ക്കം. പഞ്ചാബില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരും എന്നു ഭീഷണി മുഴക്കിയിരിക്കുകയാണ് ഗവര്‍ണര്‍ പുരോഹിത്..

താന്‍ മുഖ്യമന്ത്രിക്ക് അയച്ച പല കത്തുകള്‍ക്കും മറുപടി ലഭിക്കുന്നില്ല എന്നുള്ളതാണ് ഗവര്‍ണറുടെ കോപത്തിന് കാരണം. മുഖ്യമന്ത്രി തന്റെ കത്തുകള്‍ക്ക് മറുപടി പറഞ്ഞില്ലെങ്കില്‍ രാഷ്ട്രപതിയെ വിവരം ധരിപ്പിക്കേണ്ടി വരുമെന്നും, സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം കൊണ്ടുവരുമെന്നുമാണ് പുരോഹിതിന്റെ മുന്നറയിപ്പ്.

പഞ്ചാബില്‍ വ്യാപകമായി ലഹരി ഉപയോഗം കൂടുന്നതായ റിപ്പോര്‍ട്ടുകളാണ് ഗവര്‍ണറെ മുഖ്യമന്ത്രിക്ക് തുടര്‍ച്ചയായി കത്തുകളെഴുതാന്‍ പ്രേരിപ്പിച്ചത്. സംസ്ഥാനം ലഹരിയ്ക്ക് അടിപ്പെടുന്നതില്‍ ആശങ്ക അറിയിച്ച് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയക്കുകയും, പ്രസ്തുത വിഷയത്തില്‍ ഓഗസ്റ്റ് ഒന്നിന് റിപ്പോര്‍ട്ട് തരണമെന്നു മുഖ്യമന്ത്രി ഭഗവന്ത് മന്നിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഗവര്‍ണറുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറിയില്ലെന്നു പറയുന്നു. ഇതോടെയാണ് ഗവര്‍ണര്‍ പ്രകോപിതനായത്.

ഭരണഘടന പ്രകാരം മുഖ്യമന്ത്രി മറുപടി തന്നില്ലെങ്കില്‍ രാഷ്ട്രപതി ഭരണം ശുപാര്‍ശ ചെയ്യുവാനുള്ള അധികാരം ഗവര്‍ണര്‍ക്കുണ്ട് എന്നാണ് ഗവര്‍ണര്‍ അവകാശപ്പെടുന്നത്. ഭരണഘടന സംവിധാനം പരാജയപ്പെട്ട പഞ്ചാബില്‍ രാഷ്ട്രപതി ഭരണം വേണമെന്നാണ് ഗവര്‍ണര്‍ നിശ്ചയിക്കുന്ന പ്രതിവിധി.

Share on

മറ്റുവാര്‍ത്തകള്‍