UPDATES

ഗവര്‍ണറെ തടയാമോ?

ആരിഫ് മുഹമ്മദ് ഖാനെതിരേ പ്രതിഷേധങ്ങള്‍ പാടില്ലെന്നുണ്ടോ?

                       

സര്‍വകലാശാല സെനറ്റില്‍ ബി ജെപിയുടെയും ആര്‍എസ്എസ്സിന്റെയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി എബിവിപി പ്രവര്‍ത്തകരെ നാമനിര്‍ദേശം ചെയ്തു എന്ന പരാതിയാണ് ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐ സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ ഉയര്‍ത്തുന്നത്. സര്‍വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ കേരള സര്‍വകലാശാല സെനറ്റിലേക്ക് നല്‍കിയ നാമനിര്‍ദേശ പട്ടിക ഹൈക്കോടതി റദ്ദ് ചെയ്‌തെങ്കിലും ഖാനെതിരായ ഏറ്റുമുട്ടല്‍ എസ് എഫ് ഐ തുടരുകയാണ്. ഗവര്‍ണറെ സര്‍വകലാശാലകളില്‍ പ്രവേശിപ്പിക്കില്ലെന്ന തരത്തിലൊക്കെ വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ് വിദ്യാര്‍ത്ഥി സംഘടന. എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ ഔദ്യോഗിക വാഹനം തടയുകയും കരിങ്കൊടി കാണിക്കുകയും, അതിന്‍ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരേ ഗൗരവമേറിയ വകുപ്പുകള്‍ പ്രകാരം കേസ് ചാര്‍ജ്ജ് ചെയ്യുകയുമൊക്കെയുണ്ടായി. സംസ്ഥാന മന്ത്രിസഭ നടത്തുന്ന നവ കേരള യാത്രക്കെതിരെ പ്രതിപക്ഷത്തിന്റെ കരിങ്കൊടി സമരം നടക്കുന്നതിന് സമാന്തരമാണ് എസ് എഫ് ഐയുടെ ഗവര്‍ണറെ തടയലും.

ഗവര്‍ണറാകട്ടെ എസ് എഫ് ഐയുടെ എതിര്‍പ്പുകളെ വെല്ലുവിളിക്കുകയാണ്. ശനിയാഴ്ച്ച കാലിക്കട്ട് സര്‍വകലാശാലയില്‍ പോയത് തന്നെ എസ്എഫ്‌ഐയ്ക്കുള്ള മറുപടിയെന്നോണമാണ്. സാധാരണയായി ഗവര്‍ണര്‍ പ്രത്യക്ഷ രാഷ്ട്രീയത്തില്‍ ഇടപെടാറില്ല. എന്നാല്‍ കേരളത്തില്‍ ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിനെതിരേ മുന്‍നിരയില്‍ നില്‍ക്കുന്ന ‘പ്രതിപക്ഷ നേതാവ്’ എന്ന നിലയിലാണ് ആരിഫ് മുഹമ്മദ് ഖാന്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ആക്ഷേപം. രാഷ്ട്രപതിയുടെ പ്രതിനിധിയായ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിക്കുന്നത് അനുചിതമാണെന്ന തരത്തിലും ചില വാദങ്ങള്‍ ഇതിനിടയില്‍ ഉയരുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിക്കുന്നതിലോ സമരം നടത്തുന്നതിലോ എന്തെകിലും നിയമ തടസങ്ങളുണ്ടോ?

ഗവര്‍ണറെന്നല്ല, ആരുടെയും സഞ്ചാരസ്വാതന്ത്ര്യം തടയാന്‍ ആര്‍ക്കും അവകാശമില്ലെന്നാണ് ഹൈക്കോടതി അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ പറയുന്നത്. ഒരാള്‍ പൊതു റോഡില്‍ കൂടി പോകുമ്പോള്‍ അയാളുടെ വാഹനം തടഞ്ഞ് നിര്‍ത്തി കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ക്രിമിനല്‍ കുറ്റങ്ങളുടെ വകുപ്പില്‍ വേണം ഉള്‍പെടുത്താനെന്നും അദ്ദേഹം പറയുന്നു. ഗവര്‍ണറെ സര്‍വകലാശാലകളില്‍ പ്രവേശിപ്പിക്കില്ലെന്ന് പറയുന്നത് അദ്ദേഹത്തിന്റെ ജോലി തടസപ്പെടുത്തലാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുന്നു. അഡ്വ. ഹരീഷ് വാസുദേവന്റെ വാക്കുകള്‍;

‘ഗവര്‍ണര്‍ ഗവര്‍ണറുടെ പണിയെടുക്കാന്‍ വന്നതല്ല. വിദ്യാര്‍ത്ഥികളെ വെല്ലുവിളിച്ചു കൊണ്ടാണ് ക്യാമ്പസില്‍ എത്തിയത് എന്ന തരത്തിലാണ് പല റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നത്. അത് ശരിയല്ല. ഗവര്‍ണര്‍ അദ്ദേഹത്തിന്റെ ജോലിയെടുക്കാന്‍ വന്നു. വിദ്യാര്‍ത്ഥികള്‍ അതില്‍ പ്രതിഷേധിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിഷേധിക്കാനുളള അവകാശമുണ്ട്, അതുപോലെ തന്നെ ഗവര്‍ണര്‍ക്ക് അദ്ദേഹത്തിന്റെ ജോലി ചെയ്യാനുളള അവകാശവുമുണ്ട്. ഗവര്‍ണരുടെ വാഹനം തടയാന്‍ പാടില്ലെന്നുള്ളത്, ഗവര്‍ണര്‍ക്കു മാത്രം ബാധകമായ ഒന്നല്ല. ഇന്ത്യയിലെ ഓരോ പൗരനുമുളള മൗലിക അവകാശങ്ങളില്‍ ഒന്നാണ്. ഗവര്‍ണര്‍ എന്നല്ല ആരുടെയും സഞ്ചാര സ്വാതന്ത്ര്യത്തിനു തടസം പിടിക്കാന്‍ ആര്‍ക്കും അവകാശമില്ല. പ്രതിഷേധമെന്നാല്‍ ഒരാളെ വഴിയില്‍ തടയലല്ല. പ്രതിഷേധിക്കേണ്ടവര്‍ മാറി നിന്നു പ്രതിഷേധിക്കണം, അല്ലാതെ ഒരാളുടെ വഴി തടയുന്ന താരത്തിലാകരുത്. വഴി തടയുക എന്നതു ക്രിമിനല്‍ കുറ്റമാണ്. ഒരാള്‍ പൊതു റോഡില്‍ കൂടി പോകുമ്പോള്‍ അയാളുടെ വാഹനം തടഞ്ഞ് നിര്‍ത്തി കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ക്രിമിനല്‍ കുറ്റങ്ങളുടെ വകുപ്പില്‍ വേണം ഉള്‍പെടുത്താന്‍. എസ് എഫ് ഐ ആരിഫ് മുഹമ്മദ് ഖാനെതിരേ ചെയ്താലും, നാളെ കെ എസ് യു മറ്റൊരു ഗവര്‍ണര്‍ക്കെതിരെ ചെയ്താലും അതിനൊക്കെ ക്രിമിനല്‍ സ്വഭാവമാണുള്ളത്.

കേരളത്തില്‍ പ്രതിഷേധം എന്ന വാക്കിന്റെ അര്‍ത്ഥങ്ങളും അതിര്‍ വരമ്പുകളും പലപ്പോഴും ജനങ്ങള്‍ മറന്നു പോയിരിക്കുന്നുവെന്നാണ് അഡ്വ. ഹരീഷ് വാസുദേവന്‍ ചൂണ്ടിക്കാണിക്കുന്നത്. ‘വഴി തടഞ്ഞുകൊണ്ട് പ്രതിഷേധിച്ചാല്‍ പോലീസ് ആരെയായാലും അറസ്റ്റ് ചെയ്ത് നീക്കും. ജനകീയമായി ആര്‍ക്കും പ്രതിഷേധിക്കാം, അതില്‍ യാതൊരു വിലക്കുകളുമില്ല. എന്നാല്‍ ഇതേ പ്രതിഷേധം അതിരു കടന്നാല്‍ അവരെ അറസറ്റ് ചെയ്തു നീക്കാനുള്ള ഉത്തരവാദിത്തം പോലീസിനുണ്ട്’.

അദ്ദേഹം തുടരുന്നു; ‘ഗവര്‍ണര്‍ ഒരു പരിപാടിയില്‍ സംബന്ധിക്കുന്നത് തടയണമെങ്കില്‍ പൊലീസിന് അറസ്റ്റ് ചെയ്തു നീക്കാന്‍ പറ്റാത്തത്രയും ആളുകളുണ്ടെങ്കില്‍ മാത്രമേ സാധിക്കു. വഴി തടഞ്ഞുകൊണ്ടുളള സമരരീതിയാണെങ്കില്‍ അതിനുളള വകുപ്പ് ചുമത്തും, അതേ സമയം അക്രമം നടത്തി പൊതു മുതല്‍ നശിപ്പിച്ചിട്ടുണ്ടെങ്കില്‍ പ്രത്യേക വകുപ്പായ പി ഡി പി പി ചുമത്തും. ഇന്ത്യ മഹാരാജ്യത്ത് ഒരാള്‍ വഴി നടക്കുന്നത് തടഞ്ഞാല്‍ അവിടെ ഭരണഘടനയുടെ ലംഘനമാണ് നടക്കുന്നത്. സാധാരണ മനുഷ്യരെ പല കാര്യങ്ങളുടെ പേരിലും വഴി തടയുന്നതും അത് നിയമപാലകര്‍ നോക്കി നില്‍ക്കുകയും ചെയ്യുന്നത് ഭരണഘടനാ ലംഘനം തന്നെയാണ്. ഇതേ കാര്യം ഗവര്‍ണറോട് ചെയ്യുമ്പോള്‍ അത് വലിയ ചര്‍ച്ചയാകുന്നു, സാധാരണക്കാരോട് ചെയ്യുമ്പോള്‍ അത് ചര്‍ച്ചയാകുന്നില്ലതാനും. രാജാവിന്റെയും രാജ ഭക്തിയുടെയും കാലത്തുള്ള ചിന്താഗതികള്‍ കൊണ്ട് ജീവിക്കുന്നത് കൊണ്ടാണ് ഇതെല്ലാം ഒരു വലിയ പ്രശ്‌നമായി അനുഭവപ്പെടുന്നത്. നമ്മളെ ആരെങ്കിലും വന്ന് തല്ലിയാലും പ്രശ്‌നമില്ല പക്ഷെ ഗവര്‍ണറെ തല്ലിയാല്‍ നമുക്ക് നോവും. ആര്‍ട്ടിക്കിള്‍ 19(1) എല്ലാവര്‍ക്കും ഒരു പോലെ ബാധകമാണ്. രാജ്യാധികാരത്തിന്റെ മാമൂലുകള്‍ നിലനില്‍ക്കുന്നത് കൊണ്ടാണ് ഗവര്‍ണര്‍ക്ക് ജനങ്ങളുടെ മൗലിക അവകാശങ്ങളുടെ മേല്‍ കുതിര കേറാന്‍ സാധിക്കുന്നത്. പ്രതിഷേധങ്ങളും സമരങ്ങളും മറ്റൊരാളുടെ മൗലിക അവകാശങ്ങളുടെ അതിരു കടക്കാതെ മാത്രമേ പാടുള്ളു. അതിനപ്പുറത്തേക്ക് കടക്കുമ്പോള്‍ അത് ക്രിമിനല്‍ കുറ്റമാണ്’.

ഗവര്‍ണര്‍മാരിലുണ്ടായ ‘മാറ്റം’ സമരങ്ങളുടെ സ്വഭാവവും മാറ്റിയിരിക്കുകയാണെന്നാണ് ഹൈക്കോടതി അഭിഭാഷകനായ വി എന്‍ ഹരിദാസ് ചൂണ്ടിക്കാണിക്കുന്നത്. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള നയതന്ത്രബന്ധങ്ങള്‍ സുഖകരമാക്കുന്നതിനു വേണ്ടിയാണ് ഗവര്‍ണര്‍മാരെ നിയോഗിക്കുന്നത്. അതുകൊണ്ട് സാധാരണഗതിയില്‍ ഗവര്‍ണര്‍ക്കെതിരേ സമരങ്ങളൊന്നും ആരും പ്രതീക്ഷിക്കുന്നില്ലെന്നും നിലവിലെ സാഹചര്യം ഗവര്‍ണര്‍മാരെന്ന പരമ്പരാഗത സങ്കല്‍പ്പം പൊളിക്കുന്നതുകൊണ്ടാണ് സമരങ്ങള്‍ ഉണ്ടാകുന്നതെന്നും ഹരിദാസ് പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍;

‘സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും അനന്തരഫലമായി പലതും സംഭവിക്കാം. അതിന് മുതിരുന്ന ഓരോ വ്യക്തിയും അത് നേരിടാന്‍ തയ്യാറായി കൊണ്ടായിരിക്കും മുന്നോട്ട് വരുന്നത്. രാഷ്ട്രീയപരമായ സമരങ്ങളുടെ പൊളിറ്റിക്കല്‍ ഇന്‍കറക്ട്‌നെസ്സ് ഒന്നും നോക്കാന്‍ സാധിക്കില്ല. കണ്ടു പഴകിയ ഗവര്‍ണര്‍മാരല്ല ഇപ്പോള്‍ എല്ലാ സംസ്ഥാനങ്ങളിലുമുള്ളത്. അതുകൊണ്ട് തന്നെ സമരങ്ങളും വ്യത്യസ്തങ്ങളാകും. ഭരണഘടനയുണ്ടാക്കിയ സമയത്തുള്ള ഗവര്‍ണര്‍ സങ്കലപങ്ങളില്‍ നിന്നൊക്കെ മാറ്റം സംഭവിച്ചിട്ട് നാളേറെയായി. ഒരു പ്രത്യേക പാര്‍ട്ടിയുടെ രാഷ്ട്രീയ താത്പര്യങ്ങളെ പിന്തുണക്കുന്നതരത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും ഗവര്‍ണര്‍മാര്‍ മാറിയിട്ടുണ്ട്. ഇത്തരത്തിലുള്ള മാറ്റങ്ങള്‍ വരുമ്പോള്‍ സ്വാഭാവികമായും അവര്‍ക്കെതിരെയുള്ള സമരങ്ങളുമുണ്ടാകും. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ സുഖകരമാക്കുന്നതിനു വേണ്ടിയാണ് സത്യത്തില്‍ ഗവര്‍ണറെ നിയമിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിനെതിരെയുള്ള സമരങ്ങളൊന്നും ആരും പ്രതീക്ഷിക്കുന്നതല്ല. പക്ഷെ അതു പോലുള്ള പദവിയല്ല മുഖ്യ മന്ത്രിയുടേത്. അദ്ദേഹം ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന നേതാവാണ്. സ്വാഭാവികമായും രാഷ്ട്രീയമായുള്ള പ്രതിഷേധങ്ങളും സമരങ്ങളുമുണ്ടാകും. സാധാരണയായി ഇത്തരം സന്ദര്‍ഭങ്ങളില്‍ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തുന്നതിനെതിരേ ചുമത്തുന്ന വകുപ്പാണ് പ്രതിഷേധക്കാര്‍ക്കെതിരെ ചുമത്തുന്നത്’.

‘ഗവര്‍ണര്‍ക്കായി ഭരണഘടനയില്‍ വിഭാവനം ചെയ്തു നല്‍കിയിരിക്കുന്ന പദവിയില്‍ നിന്നുകൊണ്ടല്ല പലപ്പോഴും അവര്‍ പ്രവര്‍ത്തിക്കുന്നത്. അത് ആരിഫ് മുഹമ്മദ് ഖാന്‍ ആയാലും തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി ആണെങ്കിലും’- അഡ്വ. വി എന്‍ ഹരിദാസ് കൂട്ടിച്ചേര്‍ത്തു പറയുന്നു.

സമരിയ സൈമണ്‍

സമരിയ സൈമണ്‍

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍