UPDATES

ഇശൈ ജ്ഞാനിയുടെ പാട്ട് ഇളയരാജയുടേതാണോ?

സിനിമാ പാട്ടിന്റെ ‘യഥാർത്ഥ അവകാശി’ ആര്?

                       

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കൂലി’യുടെ നിര്‍മാതാക്കളായ സണ്‍ പിക്‌ച്ചേഴ്‌സിന് എതിരേ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് സംഗിത സംവിധായകന്‍ ഇളയരാജ. കൂലിയുടെ പ്രെമോയില്‍ തങ്ക മകന്‍ എന്ന ചിത്രത്തില്‍ താന്‍ സംഗീതം നല്‍കിയ ”വാ…വാ പക്കം വാ…’ എന്ന ഗാനം അനുവാദമില്ലാതെ ഉപയോഗിച്ചുവെന്നാണ് ഇളയരാജയുടെ പരാതി. ഈ ഗാനം നീക്കുകയോ, ഉപയോഗിക്കാന്‍ അനുമതി വാങ്ങുകയോ ചെയ്യണമെന്നും ഇല്ലെങ്കില്‍ നിയമനടപടിയെന്നുമാണ് പരാതിയില്‍ പറയുന്നത്. താന്‍ സംഗീതം നല്‍കിയ ഗാനങ്ങള്‍ അനുവാദം ഇല്ലാതെ ഉപയോഗിച്ചു എന്ന് പറഞ്ഞുകൊണ്ട് ഇളയരാജ വിവാദം സൃഷ്ടിക്കുന്നത് ആദ്യമായല്ല. 2017 ല്‍ എസ് പി ബാലസുബ്രമണ്യം, ചിത്ര, ചരണ്‍ എന്നീ ഗായകര്‍ക്കെതിരേയും വിവിധ സംഘാടകര്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചതും വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍, 2017 ല്‍ അഴിമുഖം പ്രസിദ്ധീകരിച്ച അജിത് കുമാര്‍ എ.എസ് എഴുതിയ ലേഖനം പുനഃപ്രസിദ്ധീകരിക്കുന്നു;

ഈ വിവാദങ്ങൾക്ക് വളരെ ശ്രദ്ധേയമായ ചില മാനങ്ങളുണ്ട്. അതിൽ പ്രധാനമാണ് സിനിമാ പാട്ടിന്റെ ‘യഥാർത്ഥ അവകാശി’ ആര്? സംഗീത സംവിധായകൻ ആണോ ‘യഥാർത്ഥ സൃഷ്ടാവ്’? തുടങ്ങിയ ചോദ്യങ്ങൾ. അത് ചോദിക്കപ്പെടുന്നത് പ്രധാനമായും ‘കോപിറൈറ്റ്’ എന്ന നിയമസങ്കൽപ്പത്തിന്റെ അടിസ്ഥാനത്തിലാണ്. അതിനെ സങ്കീർണ്ണമാക്കുന്നത് സംഗീത ‘രചയിതാവ്’/സംവിധായകൻ (composer) ഒരു സംഗീത രചനയുടെ (composition) പൂർണ്ണ അവകാശിയായി സ്വാഭാവികമായി മാറുമോ എന്നതാണ്.


ലോക ഭൂപടത്തിന് മുന്നിൽ മലയാളിക്ക് എന്ത് കാര്യം


കലയെക്കുറിച്ചും പകർപ്പവകാശത്തെക്കുറിച്ചുമുള്ള ഈ സങ്കൽപ്പങ്ങൾ ചരിത്രാതീത കാലം തൊട്ടു നിലനിൽക്കുന്ന ഒന്നൊന്നുമല്ല. ഈ സങ്കല്പങ്ങൾ വികസിച്ചു വരുന്നത് പ്രത്യേക ചരിത്ര മുഹൂർത്തത്തിലാണ്. ‘കോപിറൈറ്റ്’ എന്നത് നിയമപരവും സാംസ്കാരികവുമായ നിർമ്മിതിയാണ്‌. അതുപോലെ ‘സംഗീത്‍ജ്ഞൻ’ എന്ന ആധികാരികമായ പ്രതിഭയെ കുറിച്ചുള്ള സങ്കല്പങ്ങളുടെ നിർമിതിക്കും സാംസ്കാരികമായ ചരിത്രമുണ്ട്. അവയെക്കുറിച്ച് ചർച്ച ചെയ്യുക എന്നതാണ് ഈ ലേഖനത്തിന്റെ ഉദ്ദേശം. ഇളയരാജയുടെ പക്ഷത്തോ എസ് പിയുടെ പക്ഷത്തോ നിലയുറപ്പിക്കുകയെന്നതോ ഇത്തരം വിവാദങ്ങളിൽ നിന്നും ‘സാർവജനീയമായ’ സംഗീതത്തെ രക്ഷിക്കുക എന്നതുമല്ല.

ilaiyaraaja spb balasubramanyam, janaki

ഈ വിവാദത്തിൽ മൂന്ന് തലങ്ങളുണ്ട്. ഈ തലങ്ങൾ തമ്മിൽ പരസ്പരം നിർമിക്കുന്നുണ്ട് എന്ന് മനസിലാക്കാം. അത് ലേഖനത്തിൽ വിശദമാക്കാം. അതിലെ ആദ്യത്തെ തലം കോപിറൈറ്റ്/പകർപ്പാവകാശം എന്നതാണ്. കോപിറൈറ്റ് എന്ന ആശയവും നിയമങ്ങളും യൂറോപ്പിൽ വികസിച്ചു വന്നതിന്റെ ചരിത്രം മനസിലാക്കുക എന്നതാണ് ഒന്ന്. ആദ്യകാലത്തെ ആശയങ്ങളിൽ വന്ന പരിണാമം പിന്നീടു കലയിലെ ‘പ്രതിഭ’ എന്ന നിർമ്മിതിയെ ഉറപ്പിക്കുന്നതിൽ ഈ നിയമങ്ങൾ വഹിച്ച പങ്ക് എന്നിവയും അന്വേഷിക്കേണ്ടതുണ്ട്. രണ്ടാമത്തെ തലം- ‘സംഗീതരചയിതാവ്’ /composer എന്നതിനെക്കുറിച്ചുള്ള നിർമിതിയാണ്. സംഗീതം എന്നാൽ ഒരു ‘സൃഷ്ടി’ ആയി മനസിലാക്കുന്നതും അത് സംഗീത രചയിതാവിന്റെ ഉള്ളിൽ ‘സ്വയംഭൂവായി’ ഉണ്ടാവുന്നതാണെന്നും ഈ രചയിതാവിന് സ്വാഭാവികമായി അല്ലെങ്കിൽ പ്രകൃതിദത്തമായി തന്നെ ‘സൃഷ്ടി’യിൽ അവകാശമുണ്ടെന്നുമുള്ള സങ്കൽപ്പം എങ്ങനെയാണ് വികസിച്ചത് എന്ന ചോദ്യം. ഈ സങ്കൽപ്പങ്ങളുടെ ഉദയം യൂറോപ്യൻ കാല്പനികതയുടെ കാലത്താണ്.

ഈ സങ്കൽപ്പങ്ങൾ എങ്ങയാണ് പരസ്പരം വളർത്തിയത് എന്ന ചർച്ചയിലേക്ക് കടക്കുന്നതിനു മുൻപ് മൂന്നാമത്തെ തലത്തെ കൂടി സൂചിപ്പിക്കാം. ‘സിനിമാ പാട്ട്’ എന്നത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വികസിച്ചു വന്നത് വളരെ സവിശേഷമായ രീതിയിലാണ്. ടെക്നോളജിയും സിനിമാ വ്യവഹാരങ്ങളും പോപ്പുലർ ആസ്വാദനവും ഒക്കെ ചേർന്ന വളരെ വിപുലമായ ഒരു പ്രതലത്തിലാണ് അത് വികസിക്കുന്നത്. ‘സംഗീതം’ എന്ന് മാത്രം അടയാളപ്പെടുത്താൻ കഴിയുന്ന മണ്ഡലത്തിനും പുറത്തു പോകുന്ന ഒരുപാട് ഇടപാടുകൾ അതിനുണ്ട്. പാട്ട് ഉണ്ടാക്കപ്പെടുന്നതും കേൾക്കപ്പെടുന്നതും പോപുലറാകുന്നതും ഇന്ന് കുറച്ചു കൂടി വിപുലമായ സാമൂഹ്യ ഇടപെടലായി മാറിയിട്ടുണ്ട്. അതിൽ സംഗീത സംവിധായകൻ പൂർണ്ണ അവകാശി അല്ലെങ്കിൽ യഥാർത്ഥ സൃഷ്ടാവാകാൻ കഴിയുമോ എന്ന ചോദ്യം പ്രസക്തമാണ്. ഈ മൂന്നു തലങ്ങളിലേക്കും വിശദമായി കടക്കാനാണ് ഇനി ശ്രമിക്കുന്നത്.

 

ആദ്യമായി, പകർപ്പവകാശത്തിന്റെ ചരിത്രവും സങ്കൽപ്പവും ചുരുക്കത്തിൽ നോക്കാം. ഒരു രചയിതാവിന് അവളുടെ സൃഷ്ടിയുടെ മേൽ ചില പ്രത്യേക അധികാരാവകാശങ്ങൾ ഉണ്ടെന്ന സങ്കല്പം ഉടലെടുക്കുന്നത് പതിനെട്ടാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലാണ്. ഇത് പിന്നീട് യൂറോപ്പിലെ മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നുവെന്നും പകർപ്പവകാശത്തിന്റെ ചരിത്രം സൂചിപ്പിക്കുന്നു. ‘യഥാർത്ഥ പ്രതിഭ’ എന്ന ആശയം മുന്നോട്ടു വരുന്നതിന്റെ ഭാഗമാണ് റൊമാന്റിക്‌ കാലഘട്ടത്തിൽ ഇത്തരം സങ്കൽപ്പം ഉടലെടുക്കുന്നത് എന്ന് മാർട്ടിൻ ഫ്രെഡ്റിക്ക്സൻ ചൂണ്ടിക്കാട്ടുന്നു. ഇതിനു മുൻപ് രചനയിൽ ഒരു വൈദഗ്ദ്യം ഉള്ള ഒരാളായാണ് രചയിതാവിനെ കണ്ടിരുന്നത്‌; എന്നാൽ ഇതോടെ രചന എന്നത് രചയിതാവിന്റെ വ്യക്തിത്വത്തിന്റെ ആത്മപ്രകാശനമായി കണ്ടു തുടങ്ങി. അതോടെ രചനയും രചയിതാവും തമ്മിലുള്ള ഒരു അഭേദ്യമായ ബന്ധം ഉറപ്പിക്കപെട്ടു. പകർപ്പവകാശ നിയമത്തിന്റെ സങ്കൽപ്പം ഈ സങ്കൽപ്പത്തിൽ നിന്നും ഉൾക്കൊണ്ടു കൊണ്ടാണ് അന്താരാഷ്ട്രമായ സങ്കല്പമായി മാറുന്നത്. ഭൌതികമായ രൂപം എന്ന നിലയിൽ അല്ലാതെ ആശയം അല്ലെങ്കിൽ ബൌദ്ധികമായ സൃഷ്ടിയെ പരിഗണിക്കാൻ തുടങ്ങി. ബൌദ്ധിക അധ്വാനം എന്ന ജോൺ ലോക്കിന്റെ സിദ്ധാന്തത്തിൽ നിന്നും ആത്മപ്രകാശനം എന്ന സങ്കൽപ്പത്തിലേക്ക്‌ വികസിക്കുന്നതിലൂടെ കോപിറൈറ്റ് സങ്കൽപ്പത്തിനും കലാ സങ്കൽപ്പങ്ങൾക്കും മാറ്റങ്ങളുണ്ടായി. ബേൺ കണ്വെൻഷൻ ഈ സങ്കൽപ്പങ്ങളെയാണ് അന്താരാഷ്ട്രമാക്കി മാറ്റുന്നത്.

ആദ്യകാലത്ത് സംഗീതം പകർപ്പവകാശത്തിന്റെ പരിധിയിലേക്ക് കടന്നു വന്നിരുന്നില്ല. ആ പരിധിയിലേക്ക് കടന്നു വന്നപ്പോൾ തന്നെ ‘സംഗീതരചന’ പ്രിൻറ് ചെയ്ത ഷീറ്റ് മ്യൂസിക് ആയായിരുന്നു പരിഗണിക്കപെട്ടിരുന്നത്. കേൾക്കുന്ന സംഗീതരൂപം ആയിരുന്നില്ല. കോപിറൈറ്റ് എന്ന ആശയം തന്നെ നിലവിൽ വരുന്നത് പ്രിന്റുമായി ബന്ധപ്പെട്ടാണ്. പ്രസിദ്ധീകരിക്കപ്പെടുന്നവയുമായി ബന്ധപ്പെട്ടാണ് ആദ്യകാല പകർപ്പാവകാശ ചർച്ചകൾ വരുന്നത്. പ്രധാനമായും അക്കാലത്തെ പുസതക വിപണിയുടെ നിയന്ത്രണം എന്ന നിലയിലും പ്രസിദ്ധീകരണ അവകാശത്തിനു വേണ്ടിയുള്ള മത്സരത്തിന്റെയും ഭാഗമായാണ് പകർപ്പാവകാശം നിലവിൽ വരുന്നത്. ക്രൌൺ പ്രിവിലേജ്, ലെറ്റർ പേറ്റന്റ് എന്നിവ നിർത്തലാക്കിയായിരുന്നു പകർപ്പവകാശത്തിന്റെ തലത്തിലേക്ക് മാറുന്നത്.

സൂചിപ്പിക്കാൻ ശ്രമിക്കുന്നത് യൂറോപ്പിന്റെ ഒരു പ്രത്യേക ചരിത്ര മുഹൂർത്തത്തിലെ ചില വികാസങ്ങളെയാണ് സ്വാഭാവികമായ രചയിതാവ്-കലാസൃഷ്ടി ബന്ധമായി പലരും കരുതി പോരുന്നത് എന്നാണ്. ‘കലാസൃഷ്ടി’ എന്ന ആശയവും ഈ ആധികാരിക/യഥാർത്ഥ പ്രതിഭ എന്ന സങ്കൽപ്പത്തിൽ നിന്നും ഉണ്ടായതാണ്. സംഗീതത്തിൽ പകർപ്പവകാശം നിലവിൽ വരുന്നതോടു കൂടി ശ്രദ്ധിക്കേണ്ട ഒരു കാര്യം അതിൽ സംഗീത സൃഷ്ടിയുടെ ഭാഗമായ ഭൌതിക വസ്തുക്കൾ-സി.ഡി, കാസറ്റ്-തുടങ്ങിയവ അത് വാങ്ങുന്ന ആൾക്ക് അവകാശപെട്ടതാണെങ്കിലും അതിലെ ‘സംഗീതം’ രചയിതാവിൻറെതാണ് എന്നതാണ്. അങ്ങനെയാണ് ഈണത്തിന്റെ മേലും മറ്റും അവകാശവാദം ഉയരുന്നത്. പ്രക്ഷേപണ, പൊതു സംഗീതാവതരണം എന്നീ രംഗത്ത് ഒക്കെ ഇത് ഭാഗമാക്കാൻ ശ്രമിക്കുന്നുമുണ്ട്.

സംഗീത രചനയെ ഒരു സൃഷ്ടി (work) എന്ന നിലയിലോ അല്ലെങ്കിൽ ഒരു സംഗീത’പ്രതിഭ’യുടെ ഉള്ളിൽ ന്നിന്നും വരുന്ന ഒന്നായി കാണാൻ കഴിയുമോ? ‘സംഗീത’ത്തെ ഒരു നാമം (noun) ആയല്ല, ക്രിയ (verb) ആയിട്ടാണ് കാണേണ്ടത് എന്ന് ക്രിസ്റ്റഫർ സ്മാളിന്റെ നിരീക്ഷണത്തെ മുൻനിർത്തി ജോനാതൻ സ്റ്റേൺ പറയുന്നു. സാമൂഹ്യമായ ഒട്ടേറെ ഇടപാടുകൾ സംഗീതത്തിലുണ്ട്, അതുകൊണ്ട് തന്നെ ഒരു സാധനം എന്ന നിലയിൽ അല്ലാതെ ഈ മൊത്തം ഇടപാടിന്റെ ഭാഗമായാണ് സംഗീതത്തെ മനസിലാക്കേണ്ടത്. റിച്ചാർഡ്‌ മിഡിൽട്ടൻ പറയുന്ന പോലെ പോപ്പുലർ സംഗീതത്തിന്റെ ഉള്ളിലും പുറത്തും ഒട്ടേറെ സംവാദങ്ങൾ നടക്കുന്നുണ്ട്. ‘സംഗീതവ്യവസായം’ എന്ന ഒന്നില്ല എന്നാണ് സ്റ്റേൺ ശ്രദ്ധേയമായ വാദങ്ങൾ നിരത്തി സമർഥിക്കാൻ ശ്രമിക്കുന്നത്. ഇന്നത്തെ സംഗീതത്തിന്റെ ഇടപാടുകൾ പല വ്യവസായങ്ങളുമായി ബന്ധപെട്ടു നിൽക്കുന്നതു കൊണ്ടും സംഗീതത്തെ ഒരു ‘സൃഷ്ടി’ എന്ന നിലയിൽ കാണുന്നതിന്റെ പ്രശ്നം ഉള്ളതുകൊണ്ട് തന്നെ സംഗീത വ്യവസായം എന്ന നിലയിൽ ഒന്ന് നിലവിലില്ല.

ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ്, സമകാലീന സംഗീത ഇടപാടുകൾ ‘സംഗീതം’ എന്നതിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. സംഗീത രചനയുടെ കാര്യത്തിലും, അതുതന്നെ ഒരു സംഗീത സംവിധായകൻ ഒരു നിർണയിക്കപെട്ട മാതൃകയിലേക്ക്, സംഗീത ഗണത്തിലേക്കാണ് ചിന്തിക്കുന്നത്. ഒരു സിനിമാപ്പാട്ട് ഉണ്ടാക്കുക എന്നത് സംഭാവിക്കുന്നതിലൂടെ ഉള്ളിൽ നിന്നും സ്വയംഭൂവായല്ല, മറിച്ച് ഒരു മാതൃകയിലേക്ക് ആ മേഖലയിലെ പുതിയ പ്രവണതകളോട് ഇടപെട്ടാണ് ഒരു രചന നിരവഹിക്കുന്നത്. കേൾവിയും സംഗീത ശീലങ്ങളും ഒക്കെയായി ബന്ധപെട്ട ഒരു ഇടപാടാണ് ഇത്. അതേപോലെ തന്നെ സംഗീത നിയമങ്ങൾ സാംസ്കാരിക ഉത്പ്പന്നങ്ങളാണ്. ഓരോ പ്രദേശവും, കാലവും, സംഗീത ശൈലിയുമായി ബന്ധപ്പെട്ടാണ് നിയമങ്ങൾ നിർണ്ണയിക്കപ്പെടുന്നത്.

ഇനി സിനിമാ സംഗീതത്തിലേക്ക് വരാം. റെക്കോർഡ്‌ ചെയ്യപ്പെടുന്ന ഒന്നാണ് സിനിമാപ്പാട്ട്. സ്റ്റുഡിയോയുമായി ബന്ധപെട്ട ഒന്ന്. സിനിമ പാട്ടിന്റെ രചന, കേൾവി, വിപണനം, ജനപ്രിയത, സിനിമയിൽ ഉൾപ്പെടുത്തുന്നത് എല്ലാം വളരെ വിപുലമായ തലത്തിലുള്ള സാംസ്കാരിക ഇടപാടാണ്. റെക്കോർഡിംഗ്/മിക്സിംഗ് എന്നീ പ്രക്രിയകൾക്ക് മുൻപ് ഒരു ‘ഒറിജിനൽ’ ഇല്ല എന്ന് സ്റ്റേണിൽ നിന്നും മനസിലാക്കാം. സൌണ്ട് റീപ്രോഡക്ഷന് മുൻപ് ഒരു ‘ഒറിജിനൽ’ ഇല്ല എന്നാണ് അദ്ദേഹം പറയുന്നത്. റെക്കോർഡിംഗ്/മിക്സിംഗ് എന്നിവ സിനിമാ പാട്ട് അടക്കമുള്ള റെക്കോർഡ്‌ ചെയ്യപ്പെടുന്ന പാട്ടുകളുടെ രചനയുടെ ഭാഗമാണ്. സ്റ്റുഡിയോയിൽ ആലാപനവും, ഉപകരണങ്ങളും ആലേഖനം ചെയ്യുന്നതും മിക്സ് ചെയ്യുന്നതും ആശ്രയിച്ചായിരിക്കും പാട്ട് എങ്ങനെയിരിക്കും എന്ന് തീരുമാനിക്കപെടുന്നത്. ഗായകർ, റിക്കോർഡിസ്റ്റ്, ഉപകരണങ്ങൾ വായിക്കുന്നവർ എന്നിവർ ഈ പ്രക്രിയുടെ ഭാഗമാണ്. ഈ പാട്ടുകളുടെ കേൾവി വ്യത്യസ്ത സ്പീക്കറുകളെ ആശ്രയിച്ചു വ്യത്യസ്തമായിരിക്കും. അപ്പോൾ ഈ പാട്ടുകൾക്ക് വ്യത്യസ്ത കേൾവികളുണ്ട് എന്ന് മനസിലാക്കാം.

ജനപ്രീതിയുടെ കാര്യത്തെ നിർണയിക്കുന്നത് സിനിമയും സിനിമയിലെ താരങ്ങളും ഗായകരോടുള്ള ആരാധനയും ഗാനമേളകളും യൂടൂബും ടിവി ചാനലുകളും ഒക്കെയാവാം. അപ്പോൾ പാട്ടുകളുടെ നിലനിൽപ്പു തന്നെ ഈ വ്യത്യസ്ത മണ്ഡലങ്ങളിലെ വ്യത്യസ്ത രൂപങ്ങളിൽ ആയിരിക്കും. ചിലപ്പോൾ പാരഡികൾ ‘ഒറിജിനലി’നെ പ്രശസ്തമാക്കാം. ഈ ഇടപാടുകൾക്ക് അകത്ത് ആരാണ് ഒരു പാട്ടിന്റെ പൂർണ്ണ അവകാശി? റിക്കോർഡിസ്റ്റിന്, ഉപകരണങ്ങൾ വായിക്കുന്നവർ അതേപോലെ ടെക്നോളജി എന്നിവയ്ക്ക് ഈ പാട്ടിന്റെ നിർമിതിയിൽ പങ്കില്ലേ? ആധികാരികമായ ഈ ‘പ്രതിഭ’ എന്ന കാൽപനിക സങ്കല്പം പ്രശ്നം നിറഞ്ഞതല്ലേ? അല്ലെങ്കിൽ തന്നെ കോപിറൈറ്റ്, നിയമ നടപടി എന്നിവയിലൂടെ മാത്രം സ്ഥാപിക്കാൻ കഴിയുന്നതാണ് ഈ അവകാശമെങ്കിൽ ഈ രചനയുടെ മേൽ സംഗീത രചയിതാവിനുണ്ടെന്നു പറയുന്ന ആത്യന്തികമായ അവകാശം സ്വാഭാവികമല്ല, മറിച്ച് സാംസ്കാരികവും നിയമപരവുമായ ഒരു ചരിത്ര നിർമിതി തന്നെയാണ് എന്നല്ലേ വ്യക്തമാക്കപ്പെടുന്നത്?

Share on

മറ്റുവാര്‍ത്തകള്‍