UPDATES

ആടുജീവിതത്തിന്റെ അടയാളമായ പാട്ട്

പാട്ടുകള്‍ക്ക് സിനിമയില്‍ എത്രമാത്രം പ്രാധാന്യമുണ്ടെന്ന ഓര്‍മപ്പെടുത്തല്‍: അഭിമുഖം/ റഫീഖ് അഹമ്മദ്

                       

‘പെരിയോനേ… എന്‍ റഹ്‌മാനേ…
പെരിയോനേ… റഹീം…’

ആടുജീവിതത്തിന്റെ അടയാളമായി മാറിയ പാട്ട്. ഒന്നുറപ്പിച്ച് പറയാം, ഒരു പതിറ്റാണ്ട് കഴിഞ്ഞാലും ഈ പാട്ട് തന്നെയായിരിക്കും മലയാളത്തിലെ ഏറ്റവും മികച്ചൊരു സിനിമയുടെ ഓര്‍മപ്പെടുത്തല്‍. എ ആര്‍ റഹ്‌മാന്‍- റഫീഖ് അഹമ്മദ് കൂട്ടുകെട്ടില്‍ പിറന്ന ‘പെരിയോന്‍’ ആടുജീവിതത്തിന്റെ കാത്തിരിപ്പിന് തിടുക്കം കൂട്ടുകയാണ്. വലിയ സ്‌ക്രീനില്‍, തിയേറ്ററിന്റെ ശബ്ദസജ്ജീകരണത്തില്‍ അത്രയേറെ മുഴക്കത്തില്‍, നജീബിന്റെ ജീവിതം അവാഹിച്ചിരിക്കുന്ന പാട്ട് ആസ്വദിക്കാനുള്ള വെമ്പലാണ്.

റഫീഖ് അഹമ്മദ് ഏറെ സന്തോഷത്തിലാണ്. ഒരു നല്ല പാട്ട് എഴുതിയതിന്റെ, അതിനിത്രയേറെ സ്വീകാര്യത കിട്ടുന്നതിന്റെ സന്തോഷത്തില്‍.

‘ പാട്ടെഴുത്ത് എനിക്കൊരു ജോലിയല്ല, ജീവിക്കാനൊരു മാര്‍ഗമായി കണ്ടല്ല ഞാനിത് ചെയ്യുന്നതും. പാട്ടെഴുതുമ്പോള്‍ കിട്ടുന്ന സന്തോഷമാണ് വലുത്. ഞാനെപ്പോഴും സന്തോഷകരമായ കാര്യങ്ങള്‍ ജീവിതത്തില്‍ ചെയ്യാനാണ് ആഗ്രഹിക്കുന്നതും’.

പണ്ടുണ്ടായിരുന്ന സ്ഥാനമല്ല ഇന്ന് പാട്ടുകള്‍ക്ക് സിനിമയിലുള്ളത്. കഥാഗതിയെ സഹായിക്കുന്നൊരു ഘടകം മാത്രമാണ്. മുന്‍പ് പാട്ടുകള്‍ നിര്‍ബന്ധിത ഘടകമായിരുന്നു. കാലത്തിന്റെ മാറ്റമാണ്. പാട്ടുകള്‍ ചുമ്മാതെ പറഞ്ഞുപോകുന്നൊരു കാലത്ത്, പെരിയോനെ പോലുള്ള ഗാനങ്ങള്‍ ആസ്വാദകര്‍ക്ക് മാത്രമല്ല, ഗാനരചയിതാക്കള്‍ക്കും വലിയ ആശ്വാസമാണ്.

‘ ഈ സിനിമയില്‍ പാട്ടുകള്‍ക്ക് പ്രാധാന്യമുണ്ട്. ഒരു പാട്ടിലൂടെ ചില കാര്യങ്ങള്‍ പറയാന്‍ സാധിക്കും. അതായിരുന്നു ബ്ലസിയുടെ താത്പര്യം. ഈ സിനിമയിലേക്ക് അദ്ദേഹം തെരഞ്ഞെടുത്തിരിക്കുന്ന അഭിനേതാക്കളും, അണിയറപ്രവര്‍ത്തകരുമെല്ലൊം അദ്ദേഹത്തിന് വിശ്വാസമുള്ളവരാണ്. അങ്ങനെയൊരു വിശ്വാസം എനിക്കുമേലും ഉണ്ടായിരുന്നിരിക്കണം. എനിക്ക് പറ്റും, ഞാനിത് ചെയ്യും എന്ന വിശ്വാസം. അത് ഞാന്‍ ചെയ്തു.

ജോലി ചെയ്യാന്‍ സ്വാതന്ത്ര്യം കിട്ടുമ്പോഴാണ്, ഭംഗിയായി പൂര്‍ത്തീകരിക്കാന്‍ കഴിയുക. ആ സ്വാതന്ത്ര്യം ബ്ലസി നല്‍കി. അങ്ങനെ വേണം, ഇങ്ങനെ വേണമെന്നുള്ള ശാഠ്യങ്ങള്‍ ഉണ്ടായില്ല. മറ്റുള്ളവരുടെ കാര്യങ്ങള്‍ നമ്മളിലൂടെ കുത്തിക്കേറ്റാന്‍ ശ്രമിക്കുന്നതാണ് ബുദ്ധിമുട്ട്. നിങ്ങള്‍ക്കിത് ചെയ്യാന്‍ പറ്റുമെന്ന വിശ്വാസത്തില്‍ നമ്മളെ എല്‍പ്പിക്കുന്ന കാര്യം മികവോടെ പൂര്‍ത്തിയാക്കാം. ഈ പാട്ട് അങ്ങനെ സംഭവിച്ചതാണ്’.

സാധാരണ റഹ്‌മാന്‍ പാട്ട്, റഹ്‌മാന്റെ മാത്രം പാട്ടായാണ് മാറുന്നത്. ഗായകനും രചയിതാവുമൊക്കെ അപ്രസക്തരായോ, അല്ലെങ്കില്‍ രണ്ടാം നിരയിലേക്കോ മാറിപ്പോകാറുണ്ട്. പെരിയോന്‍ എന്ന പാട്ടിന്റെ കാര്യം എടുത്താല്‍, ഇവിടെ റഹ്‌മാന് ഒപ്പം റഫീഖ് അഹമ്മദുമുണ്ട്.

‘ഒരു മലയാള സിനിമയ്ക്ക് വേണ്ടി ആദ്യമായിട്ടാണെങ്കിലും എ ആര്‍ റഹ്‌മാന് വേണ്ടി ഇതാദ്യമായല്ല പാട്ടെഴുതുന്നത്. ബാക്കിയെല്ലാം മൊഴിമാറ്റ സിനിമകള്‍ക്കായിരുന്നു. അദ്ദേഹത്തോടല്ല, അസിസ്റ്റന്റുമാരോടായിരുന്നു കൂടുതലും ആശയവിനിമയം. ഈ പാട്ട് ഞങ്ങള്‍ ഒരുമിച്ചിരുന്ന് ചെയ്തതല്ലെങ്കിലും, ഒന്നിലധികം തവണ അദ്ദേഹം എന്നെ വിളിച്ചിട്ടുണ്ട്. ആടുജീവിതത്തിന്റെ ഓഡിയോ ലോഞ്ചിലാണ് ഞാനാദ്യമായി റഹ്‌മാനെ കാണുന്നത്. മറ്റൊരു സവിശേഷത, ഇത് എഴുതിയശേഷം ട്യൂണ്‍ ചെയ്ത പാട്ടാണെന്നതാണ്. സാധാരണ റഹ്‌മാന്‍ ആദ്യം ട്യൂണ്‍ ചെയ്യുകയും, അതിനനുസരിച്ച് വരികളെഴുതിക്കുകയുമാണ്. പെരിയോനൊഴിച്ച് ബാക്കി പാട്ടുകള്‍ ട്യൂണ്‍ ചെയ്തശേഷം എഴുതിയവയാണ്. ”അങ്ങകലെ, അങ്ങകലെ’ എന്ന വരികള്‍ തൊട്ടാണ് ഞാനെഴുതി തുടങ്ങുന്നത്. പാട്ടിന്റെ കമ്പോസിഷന്‍ ഭംഗിക്കുവേണ്ടി അവരാണ്, പെരിയോനെ റഹ്‌മാനെ, പെരിയോനെ റഹീം എന്ന വരികള്‍ ചേര്‍ത്തത്’

സംഗീതത്തിനൊപ്പം തന്നെ ഈ പാട്ട് ഒരു ‘ കള്‍ട്ട്’ ആകാന്‍ അതിന്റെ വരികളും സഹായിച്ചിട്ടുണ്ട്. ജീവിതദര്‍ശനങ്ങളും തത്വചിന്തകളും ആത്മീയതുമെല്ലാം കലര്‍ന്ന മനോഹരസൃഷ്ടി. റഫീഖ് അഹമ്മദിനെ കൂടുതല്‍ സന്തോഷിപ്പിക്കുന്നത്, ആസ്വാദകര്‍ വരികളെക്കുറിച്ചും സംസാരിക്കുന്നതാണ്.

‘അന്താരാഷ്ട്രതലത്തില്‍ പ്രശസ്തനായ സംഗീത സംവിധായകനാണ് റഹ്‌മാന്‍. വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം മലയാളത്തില്‍ സിനിമ ചെയ്യുമ്പോള്‍, അതിനു വലിയ പ്രാധാന്യം കിട്ടും, സ്വാഭാവികമായും  ശ്രദ്ധിക്കപ്പെടും എന്നു ഞാന്‍ കരുതിയിരുന്നു. എന്നാല്‍ ഇത്രയേറെ സ്‌നേഹത്തോടെ നിങ്ങളത് കൈനീട്ടി സ്വീകരിക്കുമെന്ന് കരുതിയില്ല. വരികള്‍ അഭിനന്ദിച്ച് പലരും വിളിക്കുന്നുണ്ട്. അക്കാര്യത്തില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. ഇതൊക്കെ പ്രതീക്ഷിക്കാതെ വന്നുചേരുന്ന സൗഭാഗ്യങ്ങളാണ്’.

സിനിമയില്‍ പാട്ടുകള്‍ അത്യാവശ്യമല്ലാതായി മാറിയ കാലമാണിത്. എന്നാല്‍, ഒരു സിനിമയുടെ വാണിജ്യവിജയത്തെപ്പോലും പാട്ടുകള്‍ സഹായിക്കുന്നുണ്ട്. പാട്ടുകള്‍ വിജയിപ്പിച്ചതും, പാട്ടുകളിലൂടെ ഓര്‍ത്തിരിക്കുന്നതുമായ എത്രയെത്ര സിനിമകള്‍.

‘സിനിമയില്‍ പാട്ടിന് വളരെ പ്രാധാന്യമുണ്ട്. പക്ഷേ ഇപ്പോള്‍ അതൊരു അപ്രധാനകാര്യമായാണ് കാണുന്നത്. സിനിമയുടെ മാറ്റത്തിനനുസരിച്ച് പാട്ടുകള്‍ അപ്രസക്തമായെങ്കിലും, പാട്ട് കേള്‍ക്കാന്‍ പ്രേക്ഷകര്‍ക്ക് വലിയ താത്പര്യമുണ്ട്’ എന്നാണ് റഫീഖ് അഹമ്മദും പറയുന്നത്.

ഇവിടെയിപ്പോഴും ഹിറ്റ് പാട്ടുകള്‍ ഉണ്ടാകാറുണ്ട്. പക്ഷേ, ആ പാട്ടുകളുടെ ക്രെഡിറ്റില്‍ ഗാനരചയിതാവ് ഉള്‍പ്പെടുന്നില്ല. യൂട്യൂബില്‍ ഒരു പാട്ട് ചേര്‍ക്കുമ്പോള്‍, സംഗീത സംവിധായകന്റെയും ഗായകരുടെയും പേരുകള്‍ കൊടുത്താലും ഗാനരചയിതാവ് ആരെന്ന് പറയാറില്ല. കമന്റ് സെക്ഷനുകളിലും ഗായകരെയും സംഗീത സംവിധായകരെയും പാട്ട് ചിത്രീകരിച്ച സംവിധായകനെയും അതില്‍ അഭിനയിച്ചിരിക്കുന്നവരെയുമെല്ലാം പുകഴ്ത്തുമ്പോഴും ആ പാട്ടിന് ജന്മം നല്‍കിയ രചയിതാവിനെ ഓര്‍ക്കാറില്ല.

‘ ഇന്ന് വരികള്‍ക്ക് പ്രാധാന്യമില്ല. എന്നാല്‍ ഓര്‍ക്കേണ്ടൊരു കാര്യമുണ്ട്, ഒരു പാട്ട് സംഗീതം കൊണ്ട് മാത്രം ഉണ്ടാകുന്നില്ല. അതിന് വരികള്‍ വേണം. ഒരു സിനിമ മൊത്തത്തില്‍ പറയുമ്പോള്‍, ഗാനരചയിതാവ് പ്രധാനപ്പെട്ടൊരു ഘടകമല്ല, എന്നാല്‍ ഒരു പാട്ടിന്റെ കാര്യത്തില്‍ ഗാനരചയിതാവിന് വലിയ പ്രധാന്യം തന്നെയുണ്ട്. ഒരു പാട്ടിനെ ഐഡിന്റിഫൈ ചെയ്യുന്നത് തന്നെ വരികളിലൂടെയാണ്. ഒരു സിനിമയുടെ, അതിന്റെ കഥയുടെ എസന്‍സ് പാട്ടിലൂടെ കൊണ്ടുവരികയെന്നത് ചെറിയ കാര്യമല്ല. ഒരു കടലാസില്‍ അഞ്ചാറ് വരികളെഴുതി വയ്ക്കുന്ന ഒരു നിസ്സാര പരിപാടിയല്ല പാട്ടഴുത്ത്.

പത്തുപതിനഞ്ച് കൊല്ലം കഴിഞ്ഞാലും ‘പെരിയോനെ’ എന്ന പാട്ട് ആളുകള്‍ മറക്കില്ല. ഈ സിനിമ ഓര്‍മിക്കപ്പെടുന്നത് തന്നെ ഒരുപക്ഷേ ആ പാട്ടിലൂടെയായിരിക്കും. സിനിമയിലൂടെയല്ല, മറിച്ച് പാട്ടിലൂടെ സിനിമകളാണ് ഓര്‍മിക്കപ്പെടുക. ഇന്ന് നമ്മള്‍ പാടുന്ന പല ക്ലാസിക് പാട്ടുകളും ഏത് ചിത്രത്തിലേതാണെന്ന് അറിയില്ല. പാട്ട് കേള്‍ക്കുമ്പോഴോ, പാടുമ്പോഴോ ഏതു സിനിമയിലേതാണെന്ന് തിരയുകയാണ്. അങ്ങനെ ആ സിനിമ വീണ്ടും നമ്മുടെ ഓര്‍മയിലെത്തുകയാണ്’.

ഏതൊരു ഗാനരചയിതാവിനുമുള്ള പരാതികളും ആശങ്കകളുമാണിത്. പണം വാങ്ങി ചെയ്യുന്ന ജോലിക്ക് അപ്പുറം, പാട്ടെഴുത്തൊരു സര്‍ഗാത്മക പ്രവര്‍ത്തിയാണ്, അംഗീകരിക്കപ്പെടുമ്പോഴാണ് ഒരു കലാകാരന് തന്റെ കര്‍മത്തിന്റെ പൂര്‍ണഫലം കിട്ടുന്നത്. അസംതൃപ്തിയോടെ, മനോവ്യഥയോടെ, ഒരു തൊഴിലെന്നപോലെ നില്‍ക്കേണ്ടി വരുന്ന പാട്ടെഴുത്തുകാര്‍ക്കു മുന്നില്‍ മരുഭൂമിയില്‍ പെയ്യുന്ന മഴയായാണ് ആടുജീവിതം പോലുള്ള സിനിമകള്‍ വരുന്നത്. ജീവിതത്തിലേക്ക് തിരികെയെത്തപ്പെട്ട നജീബുമാരെ പോലെ അവരപ്പോള്‍ സന്തോഷിക്കും.

‘ നല്ലൊരു സിനിമയുടെ ഭാഗമാകാന്‍ പറ്റിയതില്‍ സന്തോഷം” എന്നു റഫീഖ് അഹമ്മദ് പറയുന്നതും വലിയ ആത്മസംതൃപ്തിയോടെയാണ്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍