UPDATES

വിശ്വ സുന്ദരി പട്ടത്തിലേക്കുള്ള ആദ്യ പടി കടന്ന് 60 കാരി

പ്രായത്തെ വെല്ലുന്ന സൗന്ദര്യം

                       

ലോകത്ത് സൗന്ദര്യം ആധാരമാക്കി നടത്തുന്ന മത്സരങ്ങൾക്കും, മോഡലിങ് ഉൾപ്പെടയുള്ളവക്കും പല അളവുകോലുകളുണ്ടായിരുന്നു. വെളുത്ത നിറമുള്ള, മെലിഞ്ഞ ശരീര പ്രകൃതിയുള്ള ആളുകൾക്ക് മാത്രമുള്ളതാണ് ഈ മേഖലകളെന്ന ബൈനറിയും ഒരുകാലം വരെ അതിശക്തമായിരുന്നു. ഈ സ്റ്റീരിയോടൈപ്പുകളെ പൊളിച്ചെഴുതാൻ ഒരളവുവരെ സാധിച്ചിട്ടുണ്ട്. അതിൽ മറ്റൊന്നായിരുന്നു പ്രായം. സൗന്ദര്യ മത്സരങ്ങളിലെ പ്രായപരുധി പലപ്പോഴും എത്ര പേരുടെ ആഗ്രഹങ്ങൾക്കു മുമ്പിലാവും വാതിൽ കൊട്ടിയടച്ചിട്ടുണ്ടാവുക. എന്നാൽ അത് പഴയകഥയാണ്. ‘ഏജ് ഈസ് ജസ്റ്റ് എ നമ്പർ’ എന്ന് അടിവരയിട്ട് ഉറപ്പിക്കുന്ന ഒരു അറുപതുകാരി ഈ ചട്ടക്കൂടുകളെയും പൊളിച്ച് രംഗത്തെത്തിയിരിക്കുകയാണ്. പ്രായം കൂടും തോറും സൗന്ദര്യം വര്ധിക്കുമെന്നത്, ഈ അർജൻ്റീനക്കാരി അലജാന്ദ്ര മരിസ റോഡ്രിഗസ് എന്ന 60-കാരിയുടെ വെറും വാക്കല്ല ഉറപ്പാണ്. Miss Universe

അലജാന്ദ്ര മരിസ റോഡ്രിഗസ് പ്രായത്തെ വെല്ലുവിളിച്ച് നേടിയെടുത്തത് ബ്യൂണസ് അയേഴ്‌സ് പ്രവിശ്യയുടെ വിശ്വസുന്ദരി പട്ടം തന്നെയാണ്. ബുധനാഴ്ചയാണ് മത്സരത്തിന്റെ ഫലം പുറത്തുവന്നത്. ഇതോടെ ലോക സുന്ദരി പട്ടത്തിലേക്കുള്ള ആദ്യ പടി കടന്നിരിക്കുകയാണ് അലജാന്ദ്ര. അതിസവിശേഷമായ ഈ വിജയം അലജാന്ദ്രയുടെ ആത്മവിശ്വാസത്തിന്റെയും, സൗന്ദര്യത്തിന്റെയും, ഉറച്ച കാഴ്ചപ്പാടുകളുടെയും യാത്രയാണ്. അതിനുമപ്പുറം മിസ് യൂണിവേഴ്സ് പോലുള്ള സൗന്ദര്യമത്സരങ്ങളുടെ വൈവിധ്യങ്ങളെയും, മാറ്റങ്ങളെയും ഉൾക്കൊള്ളാനുള്ള സമീപനത്തെ കൂടി അടിവരയിടുന്നുണ്ട്. അർജൻ്റീനയിലെ ബ്യൂണസ് അയേഴ്‌സ് പ്രവിശ്യയുടെ തലസ്ഥാന നഗരിയായ ലാ പ്ലാറ്റയിൽ നിന്നുള്ള റോഡ്രിഗസ് സൗന്ദര്യ റാണി മാത്രമല്ല. അറിയപ്പെടുന്ന അഭിഭാഷകയും, പത്രപ്രവർത്തകയുമാണ്. സൗന്ദര്യത്തിനുള്ള പുരസ്‌കാരം നേടുന്ന തൻ്റെ പ്രായത്തിലുള്ള ആദ്യ വനിതയായി മാറിയിരിക്കുയാണ് അലജാന്ദ്ര. അലജാന്ദ്രയുടെ പുഞ്ചിരിയും, വശ്യമായ കണ്ണുകളും ജഡ്ജിമാരെയും പ്രേക്ഷകരെയും ഒരുപോലെ ആകർഷിച്ചതായി പറയുന്നു. പ്രായം എന്തിനും തടസ്സമാണെന്ന് കരുതുന്ന ഒരുകൂട്ടം ആളുകൾക്കുള്ള മറുപടി കൂടിയാണ് അലജാന്ദ്രയുടെ ഈ മിന്നും വിജയം.

എക്‌സിൽ പങ്കിട്ട വീഡിയോകൾ അനുസരിച്ച്, ഈ വിജയത്തോടെ, 2024 മെയ് മാസത്തിൽ നടക്കാനിരിക്കുന്ന മിസ് യൂണിവേഴ്സ് അർജൻ്റീനയ്‌ക്കായുള്ള ദേശീയ തിരഞ്ഞെടുപ്പിൽ ബ്യൂണസ് അയേഴ്‌സിനെ പ്രതിനിധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് അലജാന്ദ്ര. ഈ മത്സരത്തിൽ വിജയിച്ചാൽ, അലജാന്ദ്ര മിസ് യൂണിവേഴ്സ് വേൾഡ് മത്സരത്തിൽ അർജൻ്റീനയുടെ പതാക വഹിക്കും. 2024 സെപ്റ്റംബർ 28- ന് മെക്സിക്കോയിലായിരിക്കും മത്സരം നടക്കുക. “സൗന്ദര്യമത്സരങ്ങളിൽ ഈ പുതിയ മാറ്റത്തെ പ്രതിനിധീകരിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, കാരണം സ്ത്രീകളുടെ ശാരീരികമായ സൗന്ദര്യം മാത്രമല്ല, മൂല്യങ്ങളുടെ മറ്റൊരു കൂട്ടമാണ് ഞങ്ങൾ ഉദ്ഘാടനം ചെയ്യുന്നത്,” വിജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച അലജാന്ദ്ര പറയുന്നു.

മത്സരാർത്ഥികൾക്ക് ഇനി പ്രായപരിധിയില്ലെന്ന് മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ കഴിഞ്ഞ വർഷമ ണ് പ്രഖ്യാപിക്കുന്നത്. ഈ വർഷം മുതൽ, 18 വയസ്സിന് മുകളിലുള്ള ഏതൊരു സ്ത്രീക്കും മത്സരിക്കാൻ അർഹതയുണ്ട്. മുമ്പ്, 18-28 വയസ് പ്രായമുള്ള സ്ത്രീകൾക്ക് മാത്രമേ മത്സരത്തിൽ പ്രവേശിക്കാൻ കഴിയൂ. 2024ലെ മിസ് യൂണിവേഴ്‌സിൽ ഡൊമിനിക്കൻ റിപ്പബ്ലിക്കിനെ പ്രതിനിധീകരിക്കുന്ന 47 കാരിയായ ഹെയ്‌ഡി ക്രൂസാണ് തരംഗം സൃഷ്‌ടിക്കുന്ന മറ്റൊരു മത്സരാർത്ഥി.

English summary; 60-Year-Old Alejandra Marisa Rodriguez Wins Miss Universe Buenos Aires Beauty Pageant Miss Universe

Share on

മറ്റുവാര്‍ത്തകള്‍