UPDATES

എഡിറ്റേഴ്സ് പിക്ക്

മരണ’കോട്ട’യിലെ കൗമാരങ്ങള്‍; എന്‍ട്രസ് പ്രതീക്ഷകളുടെ സമ്മര്‍ദ്ദത്തില്‍ ജീവിതം അവസാനിപ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍

രാജ്യത്തെ പ്രധാന എന്‍ട്രസ് കോച്ചിംഗ് ഹബ്ബായ രാജസ്ഥാനിലെ കോട്ടയില്‍ ഈ വര്‍ഷം ഇതുവരെ ആത്മഹത്യ ചെയ്തത് 23 വിദ്യാര്‍ത്ഥികള്‍

                       

ഇന്ത്യന്‍ കൗമാരത്തിന്റെ മരണക്കോട്ടയായി മാറുന്ന ‘ കോട്ട’. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട എന്‍ട്രസ് കോച്ചിംഗ് ഹബ്ബ് ആയ രാജ്യസ്ഥാനിലെ കോട്ടയില്‍, കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത് രണ്ടു വിദ്യാര്‍ത്ഥികളാണ്. ഇതോടെ, ഈ വര്‍ഷം ഇതുവരെ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ എണ്ണം 23 ആയി. ഓഗസ്റ്റ് അവസാനിക്കുമ്പോള്‍ ഇവര്‍ ഇവരുവരും ഉള്‍പ്പെടെ ആറ് വിദ്യാര്‍ത്ഥികള്‍ ഈ മാസം ആത്മഹത്യ ചെയ്തു. കഴിഞ്ഞ എട്ടു വര്‍ഷത്തെ കണക്കില്‍ ഏറ്റവും ഉയര്‍ന്ന മരണ നിരക്കാണ് ഈ വര്‍ഷം ഇതുവരെയുള്ള സംഖ്യ. കഴിഞ്ഞ വര്‍ഷം 15 വിദ്യാര്‍ത്ഥികളായിരുന്നു ജീവനൊടുക്കിയത്. 2015 മുതല്‍ 2023(ഓഗസ്റ്റ് വരെ) 110 വിദ്യാര്‍ത്ഥികളാണ് കോട്ടയില്‍ വിദ്യാഭ്യാസത്തിന്റെ ഭാരം താങ്ങാനാകാതെ, മരണമാണ് എല്ലാത്തിനും പരിഹാരം എന്നു തീരുമാനമെടുത്തത്.

നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രസ് ടെസ്റ്റ്- നീറ്റ്-ന് തയ്യാറെടുത്തിരുന്ന രണ്ടു വിദ്യാര്‍ത്ഥികളാണ് ഞായറാഴ്ച്ച ആറ് മണിക്കൂറിന്റെ ഇടവേളകളില്‍ ജീവിതം അവസാനിപ്പിച്ചത്. രണ്ടു പേരും മെഡിക്കല്‍ വിദ്യാഭ്യാസം ആഗ്രഹിച്ചിരുന്നവര്‍. മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടാന്‍ നീറ്റ് പരീക്ഷ വിജയിക്കണം.

മഹാരാഷ്ട്ര സ്വദേശിയായ 16-കാരന്റെ മരണവാര്‍ത്തയായിരുന്നു ഞായറാഴ്ച്ച ആദ്യം പുറത്തു വന്നത്. വിഗ്യാന്‍ നഗര്‍ മേഖലയില്‍ താന്‍ പഠിച്ചിരുന്ന കോച്ചിംഗ് സെന്ററിന്റെ ആറാം നിലയില്‍ നിന്ന് ചാടി മരിക്കുകയായിരുന്നു ലത്തൂര്‍ ജില്ലക്കാരനായ പ്ലസ് ടൂ വിദ്യാര്‍ത്ഥി. പ്രതിവാര പരീക്ഷയിലും പങ്കെടുത്തശേഷം ഉച്ചതിരിഞ്ഞാണ് ആ കൗമരക്കാരന്‍ അന്തമില്ലാത്ത ആഴത്തിലേക്ക് സ്വയം പതിച്ചത്. എന്‍ട്രസ് പരിശീലനത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്നുവര്‍ഷമായി ഇവിടെ, തന്റെ മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം താമസിക്കുകയായിരുന്നു.

ഈ മരണം കഴിഞ്ഞ് ആറ് മണിക്കൂറിന് ശേഷം ബിഹാറില്‍ നിന്നുള്ള 18 കാരനെ മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സഹോദരിക്കും കസിനും ഒപ്പം വാടക അപ്പാര്‍ട്ട്‌മെന്റിലായിരുന്നു ഗയ സ്വദേശിയായ ആ 18 കാരന് താമസിച്ചിരുന്നത്. മുറിയില്‍ നിന്നും പ്രതികരണമൊന്നും ഉണ്ടാകാതിരുന്നതിനെ തുടര്‍ന്നു സഹോദരങ്ങള്‍ വാതില്‍ ബലമായി തുറന്നു അകത്ത് പ്രവേശിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച്ച കണ്ടത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും, അതിനു മുന്നേ ആ ബിഹാറി യുവാവിന്റെ ജീവന്‍ നഷ്ടമായിരുന്നു. 2022 മുതല്‍ അയാള്‍ കോട്ടയില്‍ താമസിച്ചു പഠിക്കുകയാണ്. ദീപാവലിക്കാണ് അവസാനമായി വീട്ടില്‍ പോയത്. സങ്കടകരമായ മറ്റൊരു കാര്യം; സഹോദരങ്ങള്‍ക്കൊപ്പം തന്റെ 18 ആം പിറന്നാള്‍ ആഘോഷിച്ചതിന്റെ പിറ്റേ ദിവസമായിരുന്നു, വലിയ സ്വപ്‌നങ്ങളും പ്രതീക്ഷകളുമൊക്കെയായി ഇവിടെയെത്തിയ ആ വിദ്യാര്‍ത്ഥി എല്ലാം അവസാനിപ്പിച്ചത്.

കോട്ടയിലെ കോച്ചിംഗ് സെന്ററുകളില്‍ പരിശീലനത്തിന് എത്തുന്ന വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. 2015 ല്‍ 17 വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തതെങ്കില്‍, 2016 ല്‍ 16 ഉം, 2017 ല്‍ ഏഴും വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കി. 2018 ല്‍ 20 കുട്ടികളാണ് ജീവിതം അവസാനിപ്പിച്ചത്. 2019 എട്ടുപേരാണ് ആത്മഹത്യ ചെയ്തത്. കോവിഡ് മഹാമാരി പടര്‍ന്ന 2020ലും 2021 ലും കണക്ക് വളരെ താഴ്ന്നിരുന്നു. 2020 ല്‍ നാല് പേര്‍ മാത്രമാണ് മരണം തെരഞ്ഞെടുത്തത്, തൊട്ടടുത്ത വര്‍ഷം ഒരു മരണവാര്‍ത്ത പോലും ഉണ്ടായില്ലെന്നത് ആശ്വാസമേകി. അതിനുള്ള കാരണം, ലോക്ഡൗണ്‍ മൂലം വിദ്യാര്‍ത്ഥികളെല്ലാം നഗരം വിട്ട് അവരവരുടെ വീടുകളിലേക്ക് പോയിരുന്നു എന്നതാണ്. എന്നാല്‍ 2022-ല്‍ മറ്റെല്ലത്തിനൊപ്പം കോട്ടയിലെ ആത്മഹത്യ കണക്കും പഴയപടിയായി. 15 വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ വര്‍ഷം ജീവന്‍ വെടിഞ്ഞത്. ഈ വര്‍ഷം മരണ സംഖ്യ വേഗത്തില്‍ കുതിയ്ക്കുകയാണ്. ഇതുവരെ ഉത്തരവാദിത്തപ്പെട്ടവര്‍ കാര്യമായൊന്നും അതിനെതിരായി ചെയ്തിരുന്നില്ല. സീലിംഗ് ഫാനുകള്‍ ഒഴിവാക്കിയാല്‍ വിദ്യാര്‍ത്ഥികള്‍ തൂങ്ങിമരിക്കുന്നത് തടയാനാകും എന്ന തരത്തിലുള്ള വിചിത്ര പരിഹാരങ്ങളൊക്കെയായിരുന്നു ജില്ല ഭരണകൂടത്തിന്റെ തലയില്‍ ഉദിച്ചത്.

ഞായറാഴ്ച്ച രണ്ടു വിദ്യാര്‍ത്ഥികള്‍ കൂടി ആത്മഹത്യ ചെയ്തതോടെ, രാജസ്ഥാന്‍ സര്‍ക്കാര്‍ പ്രശ്‌നത്തില്‍ കാര്യമായി ഇടപെടാന്‍ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അശോക് ഗെലോട്ട് കോട്ട സന്ദര്‍ശിച്ചിരുന്നു. വിദ്യാര്‍ത്ഥികളിലെ ആത്മഹത്യ പ്രവണത കൂടുന്നത് കണ്ടെത്താനും പരിഹാരങ്ങള്‍ നിര്‍ദേശിക്കാനുമായി വിദഗ്ധ സമിതിയെ നിയോഗിക്കുകയും അവരോട് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. പരിശീലന കേന്ദ്രങ്ങള്‍ കൂടുതല്‍ വിദ്യാര്‍ത്ഥി സൗഹൃദമാക്കാനും, വിദ്യാര്‍ത്ഥികളില്‍ പഠനഭാരം കൊണ്ടുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാനുമുള്ള നിര്‍ദേശങ്ങളും പരിഹാരങ്ങളുമൊക്കെ വിദ്യാഭ്യാസ വകുപ്പും ആസുത്രണം ചെയ്യുന്നുണ്ട്.

വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ വര്‍ദ്ധിക്കുന്നതില്‍ മുഖ്യമന്ത്രി ഗെലോട്ട് കോച്ചിംഗ് സെന്റുകള്‍ക്കെതിരേ കര്‍ശനസ്വഭാവത്തോടെ പ്രതികരിച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ വിടാതെ കോട്ടയിലെ ‘ഡമ്മി സ്‌കൂളു’കളായ കോച്ചിംഗ് സെന്റുകളിലേക്ക് വിദ്യാര്‍ത്ഥികളെ അയക്കുന്നതിനെതിരേയും ഗെലോട്ട് തന്റെ പ്രതിഷേധം അറിയിച്ചു.

‘ ഒമ്പതാം ക്ലാസ് പോലും വിജയിക്കുന്നതിനു മുന്നേയാണ് കുട്ടികളെ കോച്ചിംഗ് ക്ലാസുകളിലേക്ക് അയക്കുന്നത്. ഇതുവഴി നിങ്ങള്‍ കുറ്റം ചെയ്യുകയാണ്. ഡമ്മി സ്‌കൂളുകളില്‍ ചേര്‍ക്കപ്പെടുന്നതോടെ വിദ്യാര്‍ത്ഥികള്‍ക്ക് യഥാര്‍ത്ഥ സ്‌കൂളുകളില്‍ പോകാന്‍ കഴിയാതെ വരുന്നു. കുട്ടികളുടെമേല്‍ രണ്ട് ഭാരങ്ങളാണ് അടിച്ചേല്‍പ്പിക്കുന്നത്, അവര്‍ക്ക് ഒരേസമയം ബോര്‍ഡ് എക്‌സാമുകള്‍ക്കും എന്‍ട്രന്‍സ് എക്‌സാമുകള്‍ക്കും പഠിക്കേണ്ടി വരികയാണ്’; ഗൗരവമേറിയ വിഷയമാണ് ഗലോട്ട് ചൂണ്ടിക്കാണിക്കുന്നത്.

‘ നിങ്ങള്‍ക്കിതൊരു വ്യാപാര പ്രവര്‍ത്തിയായിരിക്കുന്നു. പത്രങ്ങളുടെ മുന്‍പേജില്‍ ചെലവേറിയ പരസ്യങ്ങള്‍ കൊടുക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ പരസ്യത്തേക്കാള്‍ കൂടുതലാണ് കോച്ചിംഗ് സെന്റുകളുടെതായി ഉള്ളത്. നിങ്ങള്‍ക്കൊരു ഉത്തരവാദിത്തം ഉണ്ടെന്ന് ആദ്യം മനസിലാക്കുക, അതിനുശേഷം നിങ്ങള്‍ക്ക് എത്രമാത്രം പണം വരുന്നുണ്ടെന്ന് കണക്കുണ്ടാക്കുകയും ഫീസ് വാങ്ങുന്നതില്‍ നിയന്ത്രണം കൊണ്ടുവരികയും ചെയ്യുക’ കോച്ചിംഗ് സെന്റര്‍ പ്രതിനിധികളോട് ആഭ്യര്‍ത്ഥന പോലെ രാജസ്ഥാന്‍ മുഖ്യമന്ത്രി പറയുന്നു. കോച്ചിംഗ് സെന്റുകളില്‍ ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനപ്പുറം, ശാരീരികമോ മാനസികമോ ആയ യാതൊരു പരിശീലനങ്ങളും കിട്ടുന്നില്ലെന്ന കാര്യവും ഗെലോട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ടു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ എന്‍ട്രന്‍സ് പരിശീലനത്തിനായി രാജസ്ഥാനിലെ കോട്ടയിലുള്ള കോച്ചിംഗ് സെന്റുകളില്‍ എത്തുന്നുണ്ടെന്നാണ് കണക്കുകള്‍. ജോയ്ന്റ് എന്‍ട്രസ് എക്‌സാമിനേഷന്‍(ജെ ഇ ഇ), നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്(നീറ്റ്) എന്നിവയ്ക്കായാണ് ബഹുഭൂരിഭാഗവും വരുന്നത്. ഐഐടി-കളും മെഡിക്കല്‍ വിദ്യാഭാസവും ലക്ഷ്യമിടുന്ന വിദ്യാര്‍ത്ഥികളാണ് ഇവിടുത്തെ കോച്ചിംഗ് സെന്റുകളുടെ പ്രധാന ടാര്‍ഗറ്റുകള്‍.

റെസിഡന്‍സികള്‍ എന്ന് അറിയപ്പെടുന്ന, 4000-ന് അടുത്ത് ഹോസ്റ്റലുകളും 40,000-ന് അടുത്ത് പേയിംഗ് ഗസ്റ്റ്(പിജി) സൗകര്യമുള്ള വീടുകളും കോട്ടയില്‍ ഉണ്ടെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പത്തോളം കോച്ചിംഗ് സെന്റുകള്‍ കോട്ടയിലുണ്ട്. അതില്‍ ഏഴെണ്ണം വളരെ വലിയ സെന്റുകളാണ്. ഇവിടങ്ങളിലായി 4,000 -ഓളം അധ്യാപകരുണ്ട്.

കോച്ചിംഗ് സെന്റുകള്‍ക്കു മാത്രമല്ല, പ്രദേശവാസികള്‍ക്കും എന്‍ട്രസ് പരിശീലന ബിസിനസ് ലാഭം ഉണ്ടാക്കി കൊടുക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളെ ലക്ഷ്യംവച്ച് രണ്ടു നില കെട്ടിടങ്ങള്‍ പണിതിടുകയാണ്, അല്ലെങ്കില്‍ നിലവിലുള്ള വീട് പേയിംഗ് ഗസ്റ്റുകള്‍ക്കായി ചെറിയ മാറ്റം വരുത്തുന്നു. നൂറിലധികം കുട്ടികളെ പാര്‍പ്പിക്കുന്ന അഞ്ചു നില ഹോസ്റ്റല്‍ കെട്ടിടങ്ങളും കോട്ടയിലുണ്ട്. ഒരു വിദ്യാര്‍ത്ഥിയില്‍ നിന്നും മാസം ഏഴായിരം രൂപയാണ്(ഭക്ഷണം ഉള്‍പ്പെടെ) ഇടാക്കുന്നത്. ഔദ്യോഗിക വിവരമനുസരിച്ച് കോട്ടയില്‍ ഒരു വര്‍ഷം നടക്കുന്നത് 12,000 കോടിയുടെ എന്‍ട്രസ് കോച്ചിംഗ് ബിസിനസാണ്.

പരിശീലനത്തിന് എത്തുന്ന കുട്ടികളില്‍ നല്ലൊരു ശതമാനവും ഡിപ്രഷന്‍ അനുഭവിക്കുന്നവരാണെന്നാണ് കോട്ട സ്റ്റുഡന്റ്‌സ് സെല്‍ നല്‍കുന്ന വിവരം. കഴിഞ്ഞ ജൂണിലാണ് 11 അംഗ സ്റ്റുഡന്റ് സെല്‍ രൂപീകരിച്ചത്. കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ സഹായങ്ങള്‍ ഈ സെല്‍ ചെയ്തുകൊടുക്കുന്നുണ്ട്. ഓരോരുത്തരോടുമെന്നപോലെ, പ്രത്യേകം പ്രത്യേകം വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് സ്റ്റുഡന്റസ് സെല്ലിന്റെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സഞ്ജു ശര്‍മ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്. സഹായം ചോദിച്ച് നിരവധി വിദ്യാര്‍ത്ഥികള്‍ തങ്ങളെ വിളിക്കാറുണ്ടെന്നും സെല്ലിലുള്ളവര്‍ പറയുന്നു. കോച്ചിംഗ് സെന്റുകളില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും അവര്‍ക്ക് ഒരുപോലെ സമ്മര്‍ദ്ദം നേരിടേണ്ടി വരുന്നുണ്ട്. പഠനഭാരവും അധ്യാപകരില്‍ നിന്നും മാതാപിതാക്കളില്‍ നിന്നുള്ള സമ്മര്‍ദ്ദവും, ഭാവിയെക്കുറിച്ചോര്‍ത്തുള്ള ആശങ്കയുമെല്ലാം വിദ്യാര്‍ത്ഥികളെ തെറ്റായ തീരുമാനത്തിലേക്ക് തള്ളിവിടുകയാണ്. ഒരു ദിവസം പോലും ക്ലാസ് മുടങ്ങരുതെന്നത് കര്‍ശനമാണ്. ഫെയ്‌സല്‍ റെകഗ്‌നെഷന്‍ സംവിധാനവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകളുമാണ് വിദ്യാര്‍ത്ഥികളുടെ ഹാജര്‍ ഉറപ്പാക്കാന്‍ കോച്ചിംഗ് സെന്റുകളില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഒരു ദിവസമെങ്കിലും ക്ലാസ് മുടക്കുന്ന വിദ്യാര്‍ത്ഥിക്ക് കനത്ത മാനസിക സമ്മര്‍ദ്ദം നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങളായിരിക്കും പിന്നീടുണ്ടാവുക.

ഒരു കോച്ചിംഗ് സെന്ററില്‍ ഒരു വിദ്യാര്‍ത്ഥിയെ ചേര്‍ക്കുമ്പോള്‍ തന്നെ മുഴുവന്‍ ഫീസും നല്‍കണം. ഇടയില്‍ വച്ച് പഠനം അവസാനിപ്പിച്ചാല്‍ കൊടുത്ത പണം തിരികെ നല്‍കില്ല. വലിയ സംഖ്യയാണ് മക്കളുടെ ഭാവിക്കു വേണ്ടി ഓരോ മാതാപിതാക്കളും ഇത്തരം കോച്ചിംഗ് സെന്റുകളില്‍ നിക്ഷേപിക്കുന്നത്. ആ നിക്ഷേപം വെറുതെയാകാതിരിക്കാനും, ലാഭമില്ലാതെ നഷ്ടമാകാതിരിക്കാനുമുള്ള പൂര്‍ണ ഉത്തരവാദിത്തം വിദ്യാര്‍ത്ഥികളുടെ മേല്‍ വീഴുകയാണ്. താത്പര്യമില്ലെങ്കിലും, മാനസികമായി തകര്‍ന്നു പോയാലും വിദ്യാര്‍ത്ഥികള്‍ക്കു തുടര്‍ന്നും പഠിക്കേണ്ടി വരുന്നത്, മാതാപിതാക്കളുടെ കാശിനെ കരുതിയാണ്. കോച്ചിംഗ് സെന്റുകളിലെ ഒരു വര്‍ഷത്തേക്കുള്ള ശരാശരി ഫീസ് ഒരു ലക്ഷം രൂപയാണ്. ഒരു മാസത്തെ ഹോസ്റ്റല്‍/ പേയിംഗ് ഗസ്റ്റ് ഫീസ് 7,000. ഒരു വര്‍ഷം പഠിക്കുമ്പോള്‍ ശരാശരി രണ്ടു ലക്ഷത്തിന് അടുത്താണ് ഒരു വിദ്യാര്‍ത്ഥിക്കോ അവന്റെ മാതാപിതാക്കള്‍ക്കോ ചെലവ്.

രാജസ്ഥാനില്‍ കോട്ടയില്‍ മാത്രമല്ല, കോച്ചിംഗ് സെന്റുകള്‍ പ്രവര്‍ത്തിക്കുന്നത്. സിക്കാര്‍ പോലെ എന്‍ട്രസ് പരിശീലന കേന്ദ്രങ്ങള്‍ക്ക് പേരുകേട്ട സ്ഥലങ്ങള്‍ വേറെയുമുണ്ട്. എന്നാല്‍, സിക്കാറിലടക്കം രാജസ്ഥാനില്‍ തന്നെയുള്ള വിദ്യാര്‍ത്ഥികളാണ് പരിശീലനത്തിന് ചേരുന്നത്. കോട്ടയുടെ പ്രത്യേക, അവിടെ പുറത്തു നിന്നുള്ള സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികളും അധികമായി വരുന്നുവെന്നതാണ്. അതിന്റെയൊരു മോശം വശം എന്തെന്നാല്‍; മറ്റ് പരിശീലന കേന്ദ്രങ്ങളിലെ വിദ്യാര്‍ത്ഥികളെ ആഴ്ച്ചയിലോ മാസത്തിലോ അവരുടെ മാതാപിതാക്കള്‍ സന്ദര്‍ശിക്കുന്നുണ്ട്, കോട്ടയിലുള്ള വിദ്യാര്‍ത്ഥികള്‍ പുറത്തു നിന്നുള്ളവരായതിനാല്‍, മാതാപിതാക്കളുടെ സാന്നിധ്യം അവര്‍ക്ക് കിട്ടുന്നേയില്ല. കോട്ട പൊലീസ് സൂപ്രണ്ട് ശരത് ചൗധരി ചൂണ്ടിക്കാണിക്കുന്നത് ഗൗരവമുള്ള വിഷയം തന്നെയാണ്.

15 നും 17 നും ഇടയിലുള്ള കുട്ടികളാണ് കൂടുതലും ഇവിടെയുള്ളത്. വലിയ സ്വപ്‌നങ്ങളാണ് അവര്‍ക്കെല്ലാം സ്വന്തം ഭാവിയെക്കുറിച്ചുള്ളത്. ആഗ്രഹിച്ചതുപോലെ പഠിച്ച് ഡോക്ടറും ഐഐടി പ്രൊഫഷണലുകളുമൊക്കെയായി ജീവിതം ആഘോഷിക്കണമെന്ന് സ്വപ്‌നം കാണുന്നവര്‍. അവര്‍ അതിനൊക്കെ മിടുക്കുള്ളവരുമാണ്. പക്ഷേ, ആ യാത്രയ്ക്കിടയില്‍ അവര്‍ തളര്‍ന്നു പോയാല്‍ മരണം തെരഞ്ഞെടുക്കുന്ന അവസ്ഥയുണ്ടാക്കരുത്, ആ വിദ്യാര്‍ത്ഥികള്‍ ഇന്ത്യയുടെയും പ്രതീക്ഷകളാണ്.

Share on

മറ്റുവാര്‍ത്തകള്‍