UPDATES

വിദേശം

ചൈനയെ സമ്മര്‍ദ്ദത്തിലാക്കി തായ്‌വാന്‍ ജനത

ലായ് ചിങ്-തെ പുതിയ പ്രസിഡന്റ്

                       

ചൈനയെ ദേഷ്യം പിടിപ്പിച്ചിരിക്കുകയാണ് തായ്‌വാന്‍ ജനത. തായ്‌വാന്റെ പരിമാധികാരത്തിനുവേണ്ടി വാദിക്കുന്ന ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി(ഡിപിപി)യെ മൂന്നാം തവണയും അധികാരത്തിലെത്തിച്ചിരിക്കുന്നതാണ് ബീജിംഗിനെ രോഷാകുലരാക്കിയിരിക്കുന്നത്. ഡിപിപി നേതാവ് ലായ് ചിങ്-തെയാണ് പുതിയ പ്രസിഡന്റ്. ഇതോടെ തായ്‌വാന്‍ കടലിടുക്ക് വീണ്ടും പ്രക്ഷുബ്ദമായിരിക്കുകയാണ്.

സായ് ഇങ്-വെന്‍ പ്രസിഡന്റ് ആയിരിക്കെ 2020-ല്‍ അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റായിരുന്നു ലായ്. തായ്‌വന്റെ പരമാധികാരത്തെയും ചൈനയില്‍ നിന്നു വേര്‍തിരിഞ്ഞ് സ്വന്തമായൊരു ദേശീയതയും പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിയുടെ തുടര്‍ച്ചയായ വിജയങ്ങള്‍ തായ്‌വാനെ തങ്ങളുടെ ഭാഗമാക്കാന്‍ വേണ്ടിയുള്ള ബീജിംഗ് ശ്രമങ്ങളാല്‍ ദശാബ്ദങ്ങളായി നീറിപ്പുകയുന്ന പ്രശ്‌നങ്ങള്‍ കൂടുതല്‍ ആഴത്തില്‍ രൂക്ഷമാക്കാന്‍ ഇടവരുത്താമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നത്.

‘മാതൃരാജ്യം ആത്യന്തികമായും അനിവാര്യമായും വീണ്ടും ഏകീകരിക്കപ്പെടുമെന്ന പൊതുപ്രവണതയെ തടയുന്ന ഒന്നാകില്ല തെരഞ്ഞെടുപ്പ് ഫലം’ എന്നായിരുന്നു ചൈനയുടെ തായ്‌വാന്‍ കാര്യവിഭാഗം ഓഫിസ് പ്രതികരിച്ചത്. ഡിപിപി പ്രതിനിധീകരിക്കുന്നത് തായ്‌വാന്റെ ഭൂരിഭാഗത്തെ അല്ലെന്നും ചൈനീസ് വക്താവ് ചെന്‍ ബിന്‍ഹ്വ അവകാശപ്പെടുന്നുണ്ട്.

40 ശതമാനം വോട്ടുകള്‍ നേടിയാണ് ലായ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കുമിന്താങ് പാര്‍ട്ടിയുടെ(കെഎംടി) ഹു യു-യിയൊണ് ലായ് പരാജയപ്പെട്ടത്. മറ്റൊരു പ്രധാന പാര്‍ട്ടിയായ തായ്‌വാന്‍ പീപ്പിള്‍സ് പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. തെരഞ്ഞെടുപ്പ് സര്‍വേകള്‍ ലായ് ചിങ്-തെയ്ക്ക് നേരിയ മുന്‍തൂക്കം പ്രവചിച്ചിരുന്നതാണ്.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഉണ്ടായതിന് പിന്നാലെ തെ-പറഞ്ഞ വാക്കുകള്‍ ചൈനയെ ഉന്നം വച്ചുള്ളതായിരുന്നു. ലോകത്തെമ്പാടുമുള്ള ജനാധിപത്യ സമൂഹത്തിന്റെ വിജയമാണിതെന്നായിരുന്നു തെ പ്രസ്താവിച്ചത്. ഈ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള വിദേശശക്തികളുടെ ഇടപെടലിനെ വോട്ടര്‍മാര്‍ വിജയകരമായി പരാജയപ്പെടുത്തിയെന്നും തെ പറഞ്ഞു. ഡിപിപിയെ അധികാരത്തിലെത്തിക്കാതിരിക്കാനുള്ള ബീജിംഗിന്റെ ശ്രമങ്ങളെ പരാമര്‍ശിച്ചായിരുന്നു തെ യുടെ വാക്കുകള്‍. ‘ അവരുടെ പ്രസിഡന്റ് ആരായിരിക്കണം എന്ന് തെരഞ്ഞെടുക്കാനുള്ള അവകാശം തായ്‌വാന്‍ ജനതയ്ക്കുണ്ട്’ എന്നും ലായ് ചിങ്-തെ ചൈനയ്ക്കുള്ള മറുപടിയായി പറഞ്ഞിരുന്നു.

അതേസമയം, പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിക്കാനായെങ്കിലും 113 അംഗ തായ്‌വാന്‍ പാര്‍ലമെന്റായ യുവാനില്‍ ഭൂരിപക്ഷം നേടാന്‍ ഡിപിപിക്ക് സാധിച്ചിട്ടില്ല. പ്രതിപക്ഷ പാര്‍ട്ടികളുടെ നയങ്ങള്‍ അവലോകനം ചെയ്തശേഷം അവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുമെന്നാണ് ലായ് ചിങ്-തെ പറഞ്ഞത്. ഞങ്ങള്‍ വേണ്ടത്ര കഠിനാധ്വാനം ചെയ്തിട്ടില്ലെന്നും ചിലകാര്യങ്ങള്‍ അവലോകനം ചെയ്യേണ്ടതും തിരിഞ്ഞു നോക്കേണ്ട മേഖലകള്‍ ഉണ്ടെന്നും ആണ് സ്വയം വിമര്‍ശനമായി ലായ് പറഞ്ഞത്. പാര്‍ലമെന്റില്‍ ഭൂരിപക്ഷം കിട്ടാത്തത് ഭാവിയെ സങ്കീര്‍ണമാക്കിയെക്കാമെന്ന മുന്നറിയിപ്പ് ലായ് തെയുടെ വാക്കുകളിലുണ്ട്.

പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഉണ്ടായ വിള്ളലുകളാണ് ലായ് യുടെ വിജയത്തിന് സഹായകമായതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായ കെഎംടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കുണ്ടായ കാലതാമസവും ലായ് യെ സഹായിച്ചുവെന്നാണ് ചെങ്ചി സര്‍വകലാശാലയിലെ ദേശീയ നയതന്ത്ര വിഭാഗത്തിലുള്ള പ്രൊഫസര്‍ ഹുവാങ് ക്വെയ്-ബോ ചൂണ്ടിക്കാണിക്കുന്നത്. ഡിപിപിയുടെ പരിഷ്‌കരണവാദി വിഭാഗത്തിന്റെ പ്രതിനധിയായ ലായ് തന്റെ മുന്‍ഗാമി സ്വീകരിച്ചിരുന്ന മാര്‍ഗം തന്നെ പിന്തടരുമെന്നാണ് അറിയിച്ചിട്ടുള്ളത്. സായ് പിന്തുടര്‍ന്നിരുന്നത് ചൈനയോടും അമേരിക്കയോടും സന്തുലിതമായും അതേസമയം ശ്രദ്ധാപൂര്‍വ്വമായതുമായ നിലപാടുകളായിരുന്നു. തായ്‌വാന്റെ പരാമാധികാരം ഉയര്‍ത്തിക്കാട്ടി ബീയ്ജിംഗിന്റെ ശത്രുത വരുത്തിവയ്ക്കാതിരിക്കാനും
സായ് ഇങ്-വെന്‍ ശ്രദ്ധിച്ചിരുന്നു. തല്‍സ്ഥിതിയെന്താണോ അത്തരത്തില്‍ തന്നെ മുന്നോട്ടുപോകാനായിരുന്നു സായ് തയ്യാറായത്. തങ്ങളുടെ ഭൂഭാഗമാണ് തായ്‌വാന്‍ എന്നും രാജ്യത്തിനൊപ്പം അത് കൂട്ടിചേര്‍ക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നുമാണ് ചൈന അവകാശപ്പെടുന്നത്.

ചൈനീസ് ഭരണകൂടത്തിന് തീരെ താത്പര്യമില്ലാത്ത ഒരു സംഘമാണ് തായ്‌വാന്റെ ഭരണകേന്ദ്രത്തില്‍ ഇപ്പോള്‍ എത്തിയിരിക്കുന്നതെന്ന് ബിജീംഗിന്റെ മുന്‍ നിലപാടുകള്‍ വ്യക്തമാക്കുന്നുണ്ട്. വിഘടനവാദികളുടെ പാര്‍ട്ടിയാണ് ഡിപിപി എന്നാണ് ചൈനയുടെ ആരോപണം. ലായ്‌യെയും അവര്‍ അതുപോലെ വെറുക്കുന്നുണ്ട്. അവരെ പ്രകോപിക്കുന്ന മറ്റൊരു നേതാവ് ലായ് തന്റെ വൈസ് പ്രസിഡന്റാക്കിയിരിക്കുന്ന സിയാവോ ബി-കിം ആണ്. യു എസ്സിലെ തായ് വാന്റെ പ്രതിനിധിയായിരുന്നു കിം.

ജാഗ്രതയോടെയുള്ള ചെറുത്തിനില്‍പ്പ് നടത്തുമെന്നാണ് ഡിപിപി തായ് വാന്‍ ജനതയ്ക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നല്‍കിയിരുന്ന ഉറപ്പ്. പ്രകോപനം ഒഴിവാക്കിയും പ്രതിരോധം കെട്ടിപ്പടുക്കുകയും അന്താരാഷ്ട്ര ബന്ധങ്ങള്‍, പ്രത്യേകിച്ച് യുഎസുമായും സഖ്യകക്ഷികളുമായുള്ള- ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും പാര്‍ട്ടി ഉറപ്പ് നല്‍കിയിരുന്നതാണ്.

തായ്‌വാനില്‍ ചൈനീസ് ഭരണം എതിര്‍ക്കുന്നവരായിരുന്നു പ്രധാന പ്രതിപക്ഷമായിരുന്ന കെഎംടിയും. എന്നാല്‍ അവര്‍ പ്രചാരണകാലത്ത് ഡിപിപിക്കെതിരേ ഉയര്‍ത്തിയിരുന്ന ആരോപണം, ഡിപിപി അധികാരത്തില്‍ വന്നാല്‍ മേഖലയില്‍ അപകടം വര്‍ദ്ധിക്കുമെന്നായിരുന്നു. തങ്ങള്‍ അധികാരത്തില്‍ എത്തുകയാണെങ്കില്‍ ചൈനയുമായി സൗഹൃദബന്ധം പുലര്‍ത്തിയും സംഭാഷണങ്ങള്‍ നടത്തിയും മേഖലയിലെ സംഘര്‍ഷാന്തരീക്ഷം കുറയ്ക്കുമെന്നായിരുന്നു അവരുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം.

അതേസമയം, ലായ് തെയുടെ നിര്‍ദേശം, മേഖലയില്‍ സമാധാനം നിലനിര്‍ത്തേണ്ടത് ചൈനയുടെ ഉത്തരവാദിത്തം ആണെന്നായിരുന്നു. അന്താരാഷ്ട്ര ക്രൈസിസ് ഗ്രൂപ്പിലെ മുതിര്‍ന്ന ചൈന നിരീക്ഷതയായ അമാന്‍ഡ സിയാവോ ചൂണ്ടിക്കാണിക്കുന്നത്, ലായ് യുടെ വിജയം അദ്ദേഹത്തിന്റെ ചൈന-തായ്‌വാന്‍ നയങ്ങളുടെ വിജയമായി കാണാനാകില്ലെന്നാണ്. പുതിയ ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസൃതമായി പരിഷ്‌കരിച്ച ഒരു സമീപനം തങ്ങള്‍ക്കുണ്ടെന്ന് വോട്ടര്‍മാരെ ബോധ്യപ്പെടുത്താന്‍ കെഎംടിയുടെ കഴിവില്ലായ്മയാണ് ലായ് യുടെ വിജയത്തില്‍ പ്രതിഫലിക്കുന്നതെന്നാണ് അമാന്‍ഡയുടെ നിരീക്ഷണം. ലായ് യെ ഒരു പ്രശനക്കാരനായാണ് ചൈന കാണുന്നതെന്നും, മേയില്‍ ലായ് സ്ഥാനാരോഹണം ചെയ്യുന്നതിനു മുമ്പായി ഇപ്പോഴുണ്ടായിരിക്കുന്ന രാഷ്ട്രീയ വികാസത്തോട് കൂടുതല്‍ സമ്മര്‍ദ്ദത്തോടെ ബീജിംഗ് പ്രതികരിക്കാന്‍ സാധ്യതയുണ്ടെന്നും അമാന്‍ സിയാവോ അഭിപ്രായപ്പെടുന്നുണ്ട്. ബീജിംഗ് ആഗ്രഹിക്കുന്നതിനോട് കഴിയുന്നത്ര അടുത്തു വരുന്ന രീതിയിലാണ് മേഖലയിലെ ബന്ധം ലായ് കൈകാര്യം ചെയ്യുന്നതെന്നു ചിത്രീകരിക്കണം, കാര്യങ്ങള്‍ നിയന്ത്രണത്തിലാണെന്ന് ചൈനീസ് ജനതയെയും ബോധ്യപ്പെടുത്തണം- ഇതിനായി ചൈനീസ് ഭരണകൂടം ശ്രമിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷിക ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ചൈനീസ് സമ്മര്‍ദ്ദം കൂടുതല്‍ സൈനികബലം പ്രയോഗിച്ചായിരിക്കില്ലെന്നും അമാന്‍ഡ പറയുന്നു.

ചൈന മാത്രമല്ല, തായ്‌വാന്റെ ആഭ്യന്തര പ്രശ്‌നങ്ങളും ഡിപിപിയുടെ വിജയത്തിന് കാരണമായിട്ടുണ്ട്. പുരോമന മൂല്യങ്ങളുടെ മുന്നണി പോരാളികളെന്ന നിലയില്‍ ഡിപിപിക്ക് തായ്‌വാന്‍ ജനതയ്ക്കിടയില്‍ സ്വീകാര്യതയുണ്ട്. മനുഷ്യാവകാശങ്ങള്‍, അതുപോലെ എല്‍ജിബിടിക്യൂ സമൂഹത്തിന്റെ അവകാശങ്ങള്‍ എന്നിവയ്ക്കായി ഒപ്പം നില്‍ക്കുന്നവരാണ് ഡിപിപി എന്നാണ് ജനങ്ങളില്‍ നിന്നുള്ള അഭിപ്രായം. തായ്‌വന്‍ വ്യക്തിത്വത്തിന് ഏറ്റവും പിന്തുണ നല്‍കുന്ന പാര്‍ട്ടി എന്ന അഭിപ്രായവും ഡിപിപി നേടിയിട്ടുണ്ടായിരുന്നു.

1980-കളില്‍ മാത്രമാണ് ദശാബ്ദങ്ങള്‍ നീണ്ട ഏകാധിപത്യത്തില്‍ നിന്നും തായ്‌വാന്‍ മോചിതരാകുന്നത്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജനാധിപത്യ സംവിധാനങ്ങളിലൊന്നാണത്. 1990കളുടെ മധ്യത്തിലാണ് അവിടെ ആദ്യമായി ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് നടക്കുന്നത്. ലോകത്തിന്റെ പലഭാഗങ്ങളിലായി സ്വതന്ത്ര ജീവിതം തേടി പോയ തായ്‌വാന്‍ പ്രവാസികള്‍ പൊതു തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ആവേശത്തോടെ എത്താറുള്ളതും പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് റാലികളിലും പ്രചാരണങ്ങളിലും ആയിരക്കണക്കിന് ജനങ്ങള്‍ പങ്കാളികളാകുന്നതും ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യമെന്ന ആ നാട്ടിലെ മനുഷ്യരുടെ സ്വപ്‌നത്തിന്റെ പ്രതിഫലനങ്ങളാണ്.

Share on

മറ്റുവാര്‍ത്തകള്‍