ഒക്ടോബര്‍ പകുതി മുതല്‍ വടക്കന്‍ ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട ശ്വാസകോശ സംബന്ധിയായ രോഗങ്ങള്‍ ആഗോളതലത്തില്‍ ആശങ്ക വലിയ ആശങ്ക ഉയര്‍ത്തുന്നു. കുട്ടികളെയാണ് ഇത് കൂടുതലായി ബാധിക്കുന്നതെന്നാണ് ചൈനയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ശ്വാസകോശ അണുബാധിതരായി ‘ക്യാനുല’കളുമായി ആശുപത്രി വരാന്തകളില്‍ തിങ്ങിനിറഞ്ഞ കുട്ടികളുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നവംബര്‍ 22 ന് ലോകാരോഗ്യ സംഘടന ഈ രോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ ചൈനയോട് ആവിശ്യപെട്ടിരുന്നു. സാധാരണമായ ശ്വാസകോശ രോഗാണുക്കളാണ് അസുഖത്തിന് കാരണമെന്ന് ചൈനീസ് ആരോഗ്യ അധികൃതര്‍ പറയുന്നത്. രാജ്യത്ത് അക്യൂട്ട് റെസ്പിറേറ്ററി രോഗങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും പനിയും മറ്റ് രോഗാണുക്കളും മൂലമാണ് ഇത് സംഭവിക്കുന്നതെന്നുമാണ് ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷന്‍ വക്താവ് പറയുന്നത്. ഇന്‍ഫ്‌ളുവന്‍സ വൈറസ്, റിനോ വൈറസ്, റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ്, അല്ലെങ്കില്‍ ആര്‍എസ്‌വി, അഡെനോ വൈറസ്, മൈകോപ്ലാസ്മ ന്യുമോണിയ പോലുള്ള ബാക്ടീരിയകള്‍ എന്നിവ പോലുള്ള സാധാരണ വൈറസുകള്‍ മൂലമാണ് ശ്വാസകോശ അണുബാധയില്‍ വര്‍ദ്ധനവുണ്ടാവുന്നതെന്ന് ദേശീയ ആരോഗ്യ കമ്മീഷന്‍ വക്താവിനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തണുപ്പ് കാലവും, കൊവിഡ് നിയന്ത്രണങ്ങള്‍ അവസാനിച്ചതും, കുട്ടികളിലെ പ്രതിരോധശേഷി ഇല്ലായ്മ എന്നിവയെല്ലാം രോഗകാരണങ്ങളായി വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. നീണ്ട കൊവിഡ് ലോക്ക് ഡൗണുകള്‍ കാരണം, ചൈനയിലെ ജനങ്ങള്‍ക്ക് വൈറസിനെതിരെ സ്വാഭാവിക പ്രതിരോധശേഷി ഉണ്ടായേക്കില്ല എന്നും കണ്ടെത്തിയിരുന്നു.
ഇതുകൂടാതെ, ശ്വാസകോശ സംബന്ധമായ പകര്‍ച്ചവ്യാധികള്‍ ബാധിച്ചവരില്‍ രോഗകാരികള്‍ വിവിധ പ്രായ വിഭാഗങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് ചൈനയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനിലെ വിദഗ്ധര്‍ പറയുന്നു. 0-4 വയസുവരെ ഇന്‍ഫ്‌ളുവന്‍സ വൈറസ്, റിനോവൈറസ്, 5-14 വയസ്സ് വരെ ഇന്‍ഫ്‌ളുവന്‍സ വൈറസ്, മൈകോപ്ലാസ്മ ന്യുമോണിയ, അഡെനോവൈറസ്,15-59 വയസ്സ് വരെ ഇന്‍ഫ്‌ളുവന്‍സ വൈറസ്, റിനോവൈറസ്, കൊറോണ വൈറസ്, 60 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഇന്‍ഫ്‌ളുവന്‍സ വൈറസ്, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്, കൊറോണ വൈറസ് എന്നിവയാണ് രോഗകാരികളാകുന്നത്. രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ അസുഖബാധിത പ്രദേശങ്ങളിലുള്ളവരോട് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഉത്ഭവവും വ്യാപനവും
വടക്കന്‍ ചൈനയിലാണ് രോഗബാധ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രോഗം ഗണ്യമായി ബാധിച്ചിരിക്കുന്നത് കുട്ടികളെയാണ്. ബാധിത പ്രദേശങ്ങളിലെ ആശുപത്രികള്‍ ന്യുമോണിയയുടെ ലക്ഷണങ്ങള്‍ കാണിക്കുന്ന രോഗികളാല്‍ തിങ്ങിനിറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നാഷണല്‍ ഹെല്‍ത്ത് കമ്മീഷനില്‍ നിന്നുള്ള ചൈനീസ് അധികാരികള്‍ നവംബര്‍ 13 ന് രാജ്യത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്യാനായി പത്രസമ്മേളനം നടത്തിയിരുന്നു. ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനില്‍ നിന്നുള്ള ഡാറ്റയും ഒക്ടോബറില്‍ ഇന്‍ഫ്‌ളുവന്‍സ പോസിറ്റിവിറ്റി നിരക്ക് ക്രമാനുഗതമായി ഉയരുന്നതായി കാണിച്ചിരുന്നു. കൊവിഡ് നിരക്ക് കുറയുന്ന സാഹചര്യത്തിലാണ് പുതിയ രോഗബാധ വര്‍ദ്ധിക്കുന്നത്. പനി, ചുമ, ശ്വാസം മുട്ടല്‍ എന്നിവ ഉള്‍പ്പെടെയുള്ള ന്യുമോണിയയുമായി പൊരുത്തപ്പെടുന്നതാണ് പ്രാഥമിക ലക്ഷണങ്ങള്‍.
എന്തുകൊണ്ടാണ് ഇത് ചൈനയെ ഇത്ര ശക്തമായി ബാധിക്കുന്നത്?
യുഎസും യൂറോപ്പിന്റെ ഭൂരിഭാഗവും ഫ്‌ളൂ, ആര്‍എസിവി എന്നി രോഗാണുക്കളുമായി പോരാടുമ്പോള്‍ ചൈന മാത്രമാണ് മൈകോപ്ലാസ്മ നേരിടുന്ന ഒരേയൊരു രാജ്യമായി കാണപ്പെടുന്നത്. എന്തുകൊണ്ടാണ് ഇതെന്ന് ഇനിയും വ്യക്തമല്ല. രണ്ട് വര്‍ഷത്തോളം ചൈനയില്‍ മൈകോപ്ലാസ്മ ന്യുമോണിയയെ കൊവിഡ് പ്രതിരോധ നടപടികളിലൂടെ നിയന്ത്രിക്കാന്‍ സാധിച്ചതായി പഠനങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍ സാധാരണയേക്കാള്‍ കൂടുതലാണ് നിലവിലെ സ്ഥിതിയെന്ന് ചൈനീസ് അധികൃതര്‍ പറയുന്നു. പാന്‍ഡെമിക് നിയന്ത്രണങ്ങള്‍ക്ക് ശേഷം മറ്റ് രാജ്യങ്ങളിലും സമാനമായ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളില്‍ ഈ വര്‍ദ്ധനവിന് കാരണമാകുന്ന രോഗകാരികള്‍ എന്തൊക്കെയാണ്?
മൈകോപ്ലാസ്മ ന്യൂമോണിയ
സാധാരണ ജലദോഷത്തിന് സമാനമായ രോഗലക്ഷണങ്ങളുള്ള ചെറിയ അണുബാധയ്ക്ക് കാരണമാകുന്ന ഒരു ബാക്ടീരിയയാണ് മൈക്രോപ്ലാസ്മ ന്യുമോണിയ. അപൂര്‍വമായി മാത്രമേ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതുള്ളൂ. മൈകോപ്ലാസ്മ സാധാരണയായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. എന്നാല്‍ ചിലപ്പോള്‍ ചുമ ആഴ്ചകളോളം നീണ്ടുനില്‍ക്കും, രോഗപ്രതിരോധ ശേഷി താരതമ്യേനെ കുറവുള്ള ചെറിയ കുട്ടികള്‍ക്ക് ന്യുമോണിയ വരാനുള്ള സാധ്യത കൂടുതലാണ്. ഇത് മാതാപിതാക്കളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ചൈനയിലെ പീഡിയാട്രിക് മെഡിക്കല്‍ സെന്ററുകള്‍ രോഗികളായ കുട്ടികളാല്‍ നിറഞ്ഞിരിക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, ഡോക്ടറെ കാണാന്‍ ഏഴ് മണിക്കൂറോളമാണ് ഇവര്‍ക്ക് കാത്തിരിക്കേണ്ടി വരുന്നത്.
ഇന്‍ഫ്‌ളുവന്‍സ
മാസ്‌കുകള്‍, ശാരീരിക അകലം, തുടങ്ങിയ കോവിഡ് നിയന്ത്രണങ്ങള്‍ മൂലം ആദ്യ രണ്ട് വര്‍ഷങ്ങളില്‍ ഇന്‍ഫ്‌ളുവന്‍സയില്‍ നിന്നുള്ള രോഗബാധയും കുറഞ്ഞിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയതോടെ, ഇന്‍ഫ്‌ളുവന്‍സ അണുബാധകള്‍ തിരിച്ചുവരാന്‍ പ്രവണത കാണിക്കുന്നു. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലും പ്രായമായവരിലുമാണ് ഇന്‍ഫ്‌ളുവന്‍സ ഏറ്റവും രൂക്ഷമായി ബാധിക്കുന്നത്.
ആര്‍എസിവി അഡെനോവൈറസ്
റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ് (RSV) കുട്ടികളില്‍ വ്യപകമായി കാണുന്നുണ്ട്. ഇന്‍ഫ്‌ളുവന്‍സ പോലെ, പാന്‍ഡെമിക്കിന്റെ ആദ്യ രണ്ട് വര്‍ഷങ്ങളില്‍ ഇല്ലായിരുന്നെങ്കിലും ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഗ്യാസ്‌ട്രോഎന്റൈറ്റിസ്, ഇന്‍ഫ്‌ളുവന്‍സ പോലുള്ള അസുഖം എന്നിവയുള്‍പ്പെടെ നിരവധി സിന്‍ഡ്രോമുകള്‍ക്ക് കാരണമാകുന്ന അഡെനോവൈറസ് ചൈനയിലെ നിലവിലെ രോഗബാധക്ക് കാരണമാകുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കൊവിഡിന്റെ പങ്ക് ?
കോവിഡിന് കാരണമാകുന്ന SARS-CoV-2 എന്ന വൈറസും ന്യുമോണിയയ്ക്ക് കാരണമാകാം, പക്ഷേ കുട്ടികളില്‍ ഇത് കുറവാണ്. പാന്‍ഡെമിക്കിന്റെ തുടക്കത്തില്‍, ലക്ഷണമില്ലാത്ത കുട്ടികളില്‍ SARS-CoV-2 ന് ന്യുമോണിയ കാണിക്കാന്‍ കഴിയും. SARS-CoV-2 കുട്ടികളില്‍ ഇന്‍ഫ്‌ളുവന്‍സയേക്കാള്‍ കൂടുതല്‍ മരണങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ചില ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത് SARS-CoV-2 അണുബാധയ്ക്ക് ശേഷം രോഗപ്രതിരോധ ശേഷി കുറയുന്നതിന് കാരണമായേക്കാം, ഇത് പാന്‍ഡെമിക് മുതല്‍ സ്‌ട്രെപ്‌റ്റോകോക്കല്‍ അണുബാധകളും മൈകോപ്ലാസ്മയും ഉള്‍പ്പെടെയുള്ള മറ്റ് അണുബാധകളുടെ അപ്രതീക്ഷിത വര്‍ദ്ധനവിന് കാരണമായേക്കും.
ഇത് ഒരു പുതിയ പകര്‍ച്ചവ്യാധി ആയിരിക്കുമോ?
ചൈനയ്ക്ക് പുറത്തുള്ളവരെ സംബന്ധിച്ചിടത്തോളം, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതിന്റെ റിപ്പോര്‍ട്ടുകള്‍ കോവിഡ് പാന്‍ഡെമിക്കിന്റെ ആദ്യ നാളുകളെ ഓര്‍മിപ്പിക്കുന്നുണ്ട്. എന്നാല്‍ കൊവിഡില്‍ നിന്ന് വ്യത്യസ്തമായി, മൈകോപ്ലാസ്മ സാധാരണമായ അണുക്കളാണ്. കൂടാതെ മറ്റ് വൈറസുകളും പ്രചരിക്കുന്നത് സാഹചര്യത്തിന്റെ ആക്കം കൂട്ടുന്നുണ്ട്. പ്രത്യേകിച്ച് ആര്‍എസ് വി പോലുള്ള അണുക്കള്‍. അതായത് ശൈത്യകാലത്ത് ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ പലതരം രോഗകാരികളെ അഭിമുഖീകരിക്കുന്നത് സാധരണമാണ്. എന്നിരുന്നാലും മഹാമാരിയില്‍ നിന്ന് ഉള്‍കൊണ്ട മുന്‍കരുതലിന്റെ പാഠം ഓര്‍ത്തെടുക്കേണ്ടിയിരിക്കുന്നു.