80-കാരനായ ഡോയ്ലോണ്‍ സെക്‌സ് സീന്‍ കൂട്ടിചേര്‍ക്കുകയും ആ രംഗം അഭിനയിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു
ലോക സിനിമയുടെ മാമാങ്കങ്ങളിലൊന്നായ കാന്‍ ഫിലിം ഫെസ്റ്റിവല്‍ നടക്കാന്‍ പോവുകയാണ്. റെഡ് കാര്‍പ്പറ്റിലേക്ക് എത്തുന്ന താരങ്ങളെയും അവരുടെ സ്്‌റ്റൈലുകളെയും കുറിച്ചുള്ള ആകാംക്ഷയിലാണ് സിനിമ പ്രേമികള്‍. എന്നാല്‍ ഇത്തവണ റെഡ് കാര്‍പ്പറ്റിലെ താരതിളക്കത്തെ മറികടക്കുന്ന, ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ക്കാണ് കാന്‍ വേദിയാവുക എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നത്.
ഒരു പൊട്ടിത്തെറിയുടെ ആരംഭം തന്നെയാണ് കാന്‍ വേദിയില്‍ സംഭവിക്കുക എന്നാണ് ഫ്രാന്‍സില്‍ ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്ത. ഫെസ്റ്റിവല്ലിന് മുന്നോടിയായി നടന്ന വാര്‍ഷിക ഒത്തുചേരലിന് പിന്നാലെയാണ് ഈ അഭ്യൂഹം ശക്തിയാര്‍ജിച്ചത്. ലോക സിനിമയിലെ അതി പ്രശസ്തരായ 10 ലൈംഗീക പീഡകരുടെ പേരുകള്‍ പുറത്ത് വിടാനാണ് വനിതാതാരങ്ങളടങ്ങുന്ന സംഘം പദ്ധതിയിടുന്നത്. ഈ 10 പേരില്‍ നടന്‍മാരും സംവിധായകന്‍മാരുമുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. രഹസ്യ ലിസ്റ്റിലെ പേരുകള്‍ ഫ്രാന്‍സിലെ പ്രമുഖ ഫിലിം ഫിനാന്‍സ് കമ്പനികള്‍ക്കും പാരീസിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഫിലിംമ്‌സിനും ഇതിനകം ലഭിച്ചിട്ടുണ്ട്. ലേ ഫിഗാറോ അടക്കമുളള മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ എങ്ങനെ പ്രതികരിക്കണമെന്നതിന് ക്രൈസിസ് മാനേജ്‌മെന്റ് ടീമിനെ കാന്‍ ഫെസ്റ്റിന്റെ അണിയറക്കാര്‍ ഇതിനകം സജ്ജമാക്കിയിട്ടുണ്ട്. ആരോപണത്തിന്റെ വ്യാപ്തി അനുസരിച്ച് ഇവരുടെ സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കാതിരിക്കാനുള്ള സാധ്യതയുമുണ്ടെന്ന് പറയുന്നു.
സിനിമ ഇന്‍ഡസ്ട്രിയിലെ ചൂഷണങ്ങള്‍ പ്രമേയമായി വരുന്ന ഫ്രഞ്ച് സിനിമയായ മോയി ഓസി-യുടെ പ്രദര്‍ശനം നടക്കുന്ന ബുധനാഴ്ചയായിരിക്കും ഈ വെളിപ്പെടുത്തലുകള്‍ നടക്കുക എന്നാണ് വിവരം. അവസാന നിമിഷമാണ് ചിത്രം മേളയുടെ ഭാഗമായത്. സിനിമ മേഖലയിലെ ചൂഷണങ്ങള്‍ ചിത്രം അതിതീവ്രമായി തന്നെ തുറന്ന് കാണിക്കുന്നുണ്ട്. അത്ര തന്നെ വൈകാരികമായിട്ടായിരിക്കും പുതിയ വെളിപ്പെടുത്തലുകളും വരിക. ഫ്രാന്‍സിലെ മീ ടു- പ്രസ്ഥാനത്തിന്റെ അംബാസിഡര്‍ എന്നറിയപ്പെടുന്ന നടി ജൂഡിത്ത് ഗോഡ്രെച്ചാണ് ചിത്രത്തിന്റെ നിര്‍മാതാവ്. ചിത്രം പറയുന്നത് നിരവധി വനിതകളുടെ യഥര്‍ത്ഥ കഥകളാണ്. അവരുടെ ഓരോ വാക്കുകളും അതുപോലെ ഉള്‍കൊള്ളിച്ചാണ് ഞാന്‍ ചിത്രം തയ്യാറാക്കിയിരിക്കുന്നതെന്നാണ് ജൂഡിത്ത് പറയുന്നത്. ഇരകളുടെ ഒരുകൂട്ടമാണ് എന്റെ മുന്നിലുണ്ടായിരുന്നത്. പലതലമുറയിലെ ആളുകളുടെ അനുഭവങ്ങളാണ് ചിത്രത്തില്‍ സംവേദിച്ചിരിക്കുന്നതെന്നും ജൂഡിത്ത് കൂട്ടിചേര്‍ക്കുന്നു.
1980കളില്‍ കൗമാരപ്രായത്തില്‍ സംവിധായകരായ ജാക്വസ് ഡോയ്ലോണും ബെനോയിറ്റ് ജാക്കോട്ടും ബലാല്‍സംഗത്തിനിരയാക്കിയെന്ന വെളിപ്പെടുത്തല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ജൂഡിത്ത് ഗോഡ്രെച്ച് നടത്തിയത് ഫ്രഞ്ച് സിനിമാലോകത്തെ തന്നെ ഞെട്ടിച്ചിരുന്നു. 1989-ല്‍ പുറത്തിറങ്ങിയ ലാ ഫില്ലേ ദേ (15 വയസ്സുള്ള പെണ്‍കുട്ടി) എന്ന സിനിമയില്‍ 80-കാരനായ ഡോയ്ലോണ്‍ അനാവശ്യമായി സെക്‌സ് സീന്‍ കൂട്ടിചേര്‍ക്കുകയും ആ രംഗം അഭിനയിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്നതിനുള്ള മറയാണ് ഇന്ന് സിനിമ വ്യവസായം എന്ന് പറഞ്ഞു കൊണ്ടായിരുന്നു അവരുടെ വെളിപ്പെടുത്തലുകള്‍. 2024ലെ കാന്‍ മേള മുന്‍ വര്‍ഷങ്ങളിലേത് പോലെ സിനിമയുടെ ഉല്‍സവം മാത്രമായി ചുരുങ്ങാനുള്ള സാധ്യതയില്ലെന്ന കൃത്യമായ സൂചനയാണ് ഇവയെല്ലാം നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം മേളയുടെ ഉദ്ഘാടന ചിത്രമായ ജീന്‍ ഡു ബാരിയുടെ സംവിധായകനായ ജോണി ഡെപ്പിനെ പ്രതിഷേധക്കാര്‍ തടഞ്ഞത് വാര്‍ത്തയായിരുന്നു. ജോണിയുടെ മുന്‍ ഭാര്യയായ ആംബര്‍ ഹേര്‍ഡ് അടക്കമുളളവര്‍ ഉന്നയിച്ച പീഡന ആരോപണങ്ങളായിരുന്നു ഇതിന് കാരണമായത്.
അതേസമയം, അമേരിക്കന്‍ ഫിലിം ഇന്‍ഡസ്ട്രിയായ ഹോളിവുഡുമായി താരതമ്യം ചെയ്യുമ്പോള്‍ ഫ്രാന്‍സിലെ മീ ടു-പ്രസ്ഥാനത്തിന്റെ മുന്നേറ്റം സാവധാനത്തിലുള്ളതാണ്. എന്നാല്‍ അത് സൂക്ഷ്മവും വ്യക്തയുള്ളതുമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ആരോപണവുമായി രംഗത്തെത്തിയ വനിതകളില്‍ ഭൂരിഭാഗവും സിനിമ വ്യവസായത്തില്‍ സ്വന്തമായി ഇരിപ്പിടും ഉറപ്പിച്ചവരുമാണ്. അതിനാല്‍ തന്നെ പ്രതികാര നടപടികളിലൂടെയോ അപ്രഖ്യാപിത വിലക്കുകളിലൂടെയോ അവരുടെ ശബ്ദത്തെ നിശബ്ദമാക്കാന്‍ സാധിക്കില്ല.
English summary; Explosive’ secret list of abusers set to upstage women’s big week at Cannes film festival