വെടിനിര്‍ത്തലിന് സമ്മതം മൂളിക്കൊണ്ട് തന്നെ ഗാസയില്‍ ആക്രമണം ശക്തമാക്കി ഇസ്രയേല്‍. കഴിഞ്ഞ ദിവസങ്ങളിലായി അതിമാരകമായ ആക്രമണമാണ് ഇസ്രയേല്‍ പ്രതിരേധ സേന പലസ്തീന്‍ മണ്ണില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഗാസയിലെ ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം അനുസരിച്ച് ബുധനാഴ്ച്ച രാത്രി മുതല്‍ വ്യാഴാഴ്ച്ച വൈകിട്ട് വരെ നടത്തിയ ആക്രമണത്തില്‍ 90 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. ഇതില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. തലേദിവസത്തെ ആക്രമണത്തിലും നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അറിയിക്കുന്നത്.
വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അവിടെ പ്രവര്‍ത്തിക്കുന്ന ഒരു ഇന്തോനേഷ്യന്‍ ആശുപത്രിയുടെ ഡയറക്ടറും കാര്‍ഡിയോളജിസ്റ്റുമായ മര്‍വാന്‍ അല്‍-സുല്‍ത്താനും അദ്ദേഹത്തിന്റെ ഭാര്യയും അഞ്ച് കുട്ടികളും കൊല്ലപ്പെട്ടുവെന്നാണ് ദി ഗാര്‍ഡിയന്‍, ആരോഗ്യപ്രവര്‍ത്തകരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വ്യോമാക്രമണത്തില്‍ ഡോക്ടര്‍ കുടുംബത്തിന് പുറമെ നിരവധി മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ഈയൊരു ആഴ്ച്ചയില്‍ മാത്രം ഗാസയില്‍ ഏകദേശം 300 മനുഷ്യരെ ഇസ്രയേല്‍ കൊന്നിട്ടുണ്ട്. ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
ഹമാസുമായുള്ള വെടിനിര്‍ത്തലിന് ഇസ്രയേല്‍ സമ്മതിച്ചിട്ടുണ്ടെന്ന് ചൊവ്വാഴ്ച്ചയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. അറുപത് ദിവസത്തെ വെടിനിര്‍ത്തലിനാണ് കരാര്‍ തയ്യാറാക്കിയിരിക്കുന്നത്. ഈ കാലത്ത് ഇസ്രയേല്‍ സേനയെ ഗാസയില്‍ നിന്നും ഭാഗികമായി പിന്‍വലിക്കണം, ഹമാസ് അവരുടെ കൈയില്‍ ബാക്കിയായിരിക്കുന്ന ഇസ്രയേല്‍ ബന്ദികളെ മോചിപ്പിക്കംം എന്നിവയാണ് കരാറില്‍ പറയുന്ന വ്യവസ്ഥകള്‍.
ഹമാസുമായുള്ള കരാറന് സമ്മതിക്കണോ, അതോ കൂടുതല്‍ സൈനിക നടപടികള്‍ക്ക് ഉത്തരവിടണോ എന്ന് തീരുമാനിക്കാന്‍ വ്യാഴാഴ്ച രാത്രി ഇസ്രയേലിന്റെ സുരക്ഷാ മന്ത്രിസഭ യോഗം ചേരാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ വിവരങ്ങള്‍ ഇതുവരെ പുറത്തു വന്നിട്ടില്ല. പ്രസിഡന്റ് ട്രംപിന്റെ തീരുമാനം ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹൂ അംഗീകരിക്കാനാണ് സാധ്യത.
അതേസമയം ഹമാസില്‍ വെടിനിര്‍ത്തലിന്റെ കാര്യത്തില്‍ രണ്ട് അഭിപ്രായമാണ്. അവര്‍ ഇപ്പോള്‍ രണ്ട് ഗ്രൂപ്പുകളായി പിളര്‍ന്നിരിക്കുകയാണെന്നാണ് വിവരം. പ്രധാനമായും ഖത്തറിലും ഇസ്താംബൂളിലും ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, ഗാസയ്ക്ക് പുറത്തുള്ള രാഷ്ട്രീയ നേതൃത്വം വെടിനിര്‍ത്തലിനെ അനുകൂലിക്കുന്നവരാണ്. പക്ഷേ പലസ്തീനിലുള്ള ഗ്രൂപ്പ് പോരാട്ടം തുടരാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ഹമാസുമായി അടുത്ത വൃത്തങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് നല്‍കുന്ന വിവരം. വെള്ളിയാഴ്ച്ച ഇക്കാര്യത്തില്‍ ഹമാസിന്റെ അഭിപ്രായം പുറത്തു വരുമെന്നാണ് വിവരം.
മാര്‍ച്ചില്‍ ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടം ഇസ്രയേല്‍ ലംഘിച്ചിരുന്നു. അതിനുശേഷം, അവര്‍ തുടര്‍ച്ചയായി വ്യോമാക്രമണങ്ങളും ഷെല്ലാക്രമണങ്ങളും നടത്തുകയാണ്. 2023 ഒക്ടോബര്‍ 7 മുതല്‍ ഇതുവരെയുള്ള കണക്കു പ്രകാരം ഗാസയില്‍ ഏകദേശം 6,500 പേര്‍ കൊല്ലപ്പെട്ടുണ്ട്. Israel steps up deadly Gaza bombardment before ceasefire talks, 300 killed in one week
Content Summary; Israel steps up deadly Gaza bombardment before ceasefire talks, 300 killed in one week
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.