ഇസ്രയേലും ലെബനനിലെ ഹിസ്ബുള്ളയും തമ്മില്‍ പൂര്‍ണമായ വെടിനിര്‍ത്തലിന് ധാരണയായെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ അതിര്‍ത്തിയില്‍ വീണ്ടും ആക്രമണം. ലെബനനില്‍ നിന്ന് തൊടുത്തുവിട്ട രണ്ട് റോക്കറ്റുകള്‍ തകര്‍ത്തതായി ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. ഇസ്രയേല്‍ അതിര്‍ത്തിക്കുള്ളില്‍ കടന്നുകയറിയ ഒരു ശത്രുവിമാനം തകര്‍ന്നുവീണതായും എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ദക്ഷിണ ലെബനനിലെ ഹദാത്ത, ബയാദ എന്നീ പ്രദേശങ്ങളില്‍ വെച്ച് ഇസ്രയേലിന്റെ മെര്‍ക്കാവ ടാങ്കുകള്‍ക്ക് നേരെ ഡ്രോണുകളും ഗൈഡഡ് മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഹിസ്ബുള്ളയും അവകാശപ്പെട്ടു.
മേഖലയില്‍ ശാശ്വതമായി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് ഇസ്രയേലിനോടും ഹിസ്ബുള്ളയോടും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും ഹിസ്ബുള്ള പ്രതിനിധികളുമായും താന്‍ ചര്‍ച്ച നടത്തിയതായും പരസ്പരം ആക്രമണം നിര്‍ത്തിവെക്കാന്‍ ഇരുവിഭാഗവും സമ്മതിച്ചിട്ടുണ്ടെന്നും ട്രമ്പ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യല്‍’ വഴി വ്യക്തമാക്കിയിരുന്നു. ബെയ്‌റൂട്ടിലേക്ക് വന്‍തോതിലുള്ള സൈനിക നീക്കം നടത്തരുതെന്ന തന്റെ ആവശ്യം നെതന്യാഹു അംഗീകരിച്ചതായും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇറാനുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും വരും ആഴ്ചകളില്‍ സമാധാന കരാറിലെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പ്രതികരിച്ചു. ഹൊര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിനും ഈ ചര്‍ച്ചകള്‍ അനിവാര്യമാണെന്നാണ് യു.എസ് വിലയിരുത്തല്‍.
ഇതിനിടെ, ലെബനനിലെ ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യത്തിന്റെ കാലാവധി ഈ വര്‍ഷം അവസാനിക്കുന്ന സാഹചര്യത്തില്‍, യു.എന്‍ സമാധാന സേനയുടെ സാന്നിധ്യം അവിടെ തുടരേണ്ടതുണ്ടെന്ന് യു.എന്‍ ജനറല്‍ സെക്രട്ടറി അന്തോണിയോ ഗുട്ടെറസ് വ്യക്തമാക്കി. യു.എന്നിന്റെ നിലവിലെ ദൗത്യം 2026 ഡിസംബര്‍ 31-ഓടെ അവസാനിപ്പിക്കാന്‍ നേരത്തെ സുരക്ഷാ കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇസ്രയേല്‍-ലെബനന്‍ അതിര്‍ത്തിയായ ‘ബ്ലൂ ലൈന്‍’ നിരീക്ഷിക്കുന്നതിനായി 2,000 മുതല്‍ 5,500 വരെ യു.എന്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പുതിയൊരു നിരീക്ഷണ സംവിധാനം രൂപീകരിക്കുന്നതിനുള്ള മൂന്ന് നിര്‍ദ്ദേശങ്ങള്‍ ഗുട്ടെറസ് സുരക്ഷാ കൗണ്‍സിലിന് മുന്നില്‍ സമര്‍പ്പിച്ചു. എന്നാല്‍ യു.എന്നിന്റെ ഈ നീക്കത്തോട് അമേരിക്കയും ഇസ്രയേലും വിയോജിപ്പ് പ്രകടിപ്പിക്കാനാണ് സാധ്യത.
Content Summary: Despite Donald Trump’s permanent ceasefire claims, fresh clashes erupt between Israel and Hezbollah along the Lebanon border.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.