June 04, 2026 |
Share on

ഇസ്രയേല്‍-ലെബനന്‍ വെടിനിര്‍ത്തല്‍ പുതുക്കാന്‍ ധാരണ, ട്രംപിന്റെ യുദ്ധാധികാരങ്ങള്‍ വെട്ടിക്കുറിച്ചു

ഗള്‍ഫ് ഓഫ് ഒമാനില്‍ അമേരിക്കന്‍ യുദ്ധക്കപ്പലിന് നേരെ ഇറാന്‍ ആക്രമണം നടത്തിയെന്ന ഇറാന്റെ അവകാശവാദം യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് തള്ളി

പശ്ചിമേഷ്യയില്‍ യുദ്ധം ആളിപ്പടരുന്നതിനിടയില്‍, നയതന്ത്ര രംഗത്തും സൈനിക തലത്തിലും നിര്‍ണായകമായ വഴിത്തിരിവുകള്‍. ഇസ്രയേലും ലെബനനും തമ്മിലുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ പുതുക്കാനും ലെബനനിലെ ചില പ്രദേശങ്ങളില്‍ പ്രത്യേക ‘പൈലറ്റ്’ സുരക്ഷാ മേഖലകള്‍ സ്ഥാപിക്കാനും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അമേരിക്കയുടെ മധ്യസ്ഥതയില്‍ വാഷിംഗ്ടണിലെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നടന്ന നാലാം വട്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.

പുതിയ കരാര്‍ പ്രകാരം, ലിതാനി നദിക്ക് തെക്കുള്ള പ്രദേശങ്ങളില്‍ നിന്ന് ഹിസ്ബുള്ള സായുധരെ പൂര്‍ണ്ണമായി ഒഴിപ്പിക്കുകയും, ഇസ്രയേലിന് നേരെയുള്ള ഹിസ്ബുള്ളയുടെ ആക്രമണങ്ങള്‍ പൂര്‍ണ്ണമായി അവസാനിക്കുകയും ചെയ്താല്‍ മാത്രമേ വെടിനിര്‍ത്തല്‍ നിലനില്‍ക്കൂ. ഈ പൈലറ്റ് സുരക്ഷാ മേഖലകളുടെ നിയന്ത്രണം പൂര്‍ണ്ണമായും ലെബനന്‍ ഔദ്യോഗിക സൈന്യത്തിന് കൈമാറാനാണ് വ്യവസ്ഥ. എന്നാല്‍ ഈ മേഖലകള്‍ എങ്ങനെ പ്രായോഗികമായി നടപ്പിലാക്കും എന്നതില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

അതേസമയം, കഴിഞ്ഞ മാസം ഇരുവിഭാഗവും വെടിനിര്‍ത്തലിന് ധാരണയായിരുന്നുവെങ്കിലും അതിനുശേഷവും അതിശക്തമായ ആക്രമണങ്ങളാണ് മേഖലയില്‍ തുടര്‍ന്നത്. ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതിനകം എണ്ണൂറിലധികം പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ തെക്കന്‍ ലെബനനിലെ മൂന്ന് ആശുപത്രികള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണമുണ്ടാവുകയും ഒന്‍പത് പേര്‍ കൊല്ലപ്പെടുകയും 150 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിന് തിരിച്ചടിയായി ഹിസ്ബുള്ള ഇസ്രയേല്‍ സൈന്യത്തെ ലക്ഷ്യമിട്ടും വടക്കന്‍ ഇസ്രയേലിലേക്ക് റോക്കറ്റുകള്‍ തൊടുത്തുവിട്ടും പ്രതിരോധം തീര്‍ക്കുന്നുണ്ട്. ചരിത്രപ്രസിദ്ധമായ ബ്യൂഫോര്‍ട്ട് കോട്ടയില്‍ ഇസ്രയേല്‍ പതാക ഉയര്‍ത്തിയത് ഇരുവിഭാഗവും തമ്മിലുള്ള പോരാട്ടം കൂടുതല്‍ വഷളാക്കിയിരുന്നു.

ഇറാന്‍ യുദ്ധവും ട്രംപിന്റെ പ്രസ്താവനയും

ഇതിനിടെ, ഇറാനെതിരെയുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. അമേരിക്കയുമായുള്ള സന്ദേശവിനിമയങ്ങള്‍ പൂര്‍ണ്ണമായി നിലച്ചിട്ടില്ലെങ്കിലും, ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിന് നേരെയുള്ള ഇസ്രയേല്‍ ആക്രമണം നിര്‍ത്തിവെക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ കൃത്യമായ തീരുമാനമായിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു. ബെയ്‌റൂട്ടിന് നേരെ ഇനിയൊരു ആക്രമണമുണ്ടായാല്‍ അത് മിഡില്‍ ഈസ്റ്റില്‍ പൂര്‍ണ്ണ തോതിലുള്ള യുദ്ധത്തിന് കാരണമാകുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.

എന്നാല്‍, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശുഭപ്രതീക്ഷയിലാണ്. ഇറാനുമായുള്ള സമാധാനക്കരാര്‍ ഏതാനും ദിവസങ്ങള്‍ക്കകം, ഒരുപക്ഷേ വരാനിരിക്കുന്ന വാരാന്ത്യത്തോടെ സാധ്യമാകുമെന്ന് ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് അവകാശപ്പെട്ടു. ലെബനന്‍ വിഷയം തികച്ചും വ്യത്യസ്തമായ ഒന്നായതിനാല്‍, ഇറാന്‍ സമാധാന ചര്‍ച്ചകളില്‍ നിന്ന് അതിനെ വേര്‍പെടുത്തിയാണ് കാണുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അമേരിക്കയില്‍ ട്രംപിന് തിരിച്ചടി

ഇറാനുമായുള്ള യുദ്ധത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഏകപക്ഷീയമായ അധികാരങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള ‘വാര്‍ പവേഴ്സ് റെസല്യൂഷന്‍’ യു.എസ് ജനപ്രതിനിധി സഭ വോട്ടെടുപ്പിലൂടെ പാസാക്കി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ആഭ്യന്തര ഭിന്നതകള്‍ കാരണം രണ്ടാഴ്ചയോളം നീട്ടിവെച്ച വോട്ടെടുപ്പാണ് ബുധനാഴ്ച നടന്നത്. ട്രംപിന്റെ യുദ്ധ നയങ്ങള്‍ക്കെതിരെയുള്ള ശക്തമായ രാഷ്ട്രീയ തിരിച്ചടിയായാണ് ഈ വോട്ട് വിലയിരുത്തപ്പെടുന്നത്.

മേഖലയിലെ മറ്റ് സൈനിക നീക്കങ്ങള്‍

ഗള്‍ഫ് ഓഫ് ഒമാനില്‍ അമേരിക്കന്‍ യുദ്ധക്കപ്പലിന് നേരെ ഇറാന്‍ ആക്രമണം നടത്തിയെന്ന ഇറാന്റെ അവകാശവാദം യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് തള്ളി. ഇറാന്‍ നുണ പറയുകയാണെന്നും തങ്ങളുടെ നാവിക ആസ്തികള്‍ സുരക്ഷിതമായി തുടരുന്നുണ്ടെന്നും യു.എസ് വ്യക്തമാക്കി. എന്നാല്‍, കുവൈറ്റ് വിമാനത്താവളത്തിന് നേരെ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തങ്ങളുടെ വ്യോമാതിര്‍ത്തി അമേരിക്ക ഇറാന് നേരെ ആക്രമണം നടത്താന്‍ ഉപയോഗിച്ചു എന്ന ഇറാന്റെ ആരോപണം കുവൈറ്റ് നിഷേധിക്കുകയും, ഇറാന്റെ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തു. ബുധനാഴ്ച മാത്രം ഇറാന്‍ തൊടുത്തുവിട്ട 13 ബാലിസ്റ്റിക് മിസൈലുകളും 17 ഡ്രോണുകളും തങ്ങള്‍ തകര്‍ത്തതായി കുവൈറ്റ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

വടക്കന്‍ അതിര്‍ത്തിയായ മിസ്ഗാവ് ആം മേഖലയിലേക്ക് ലെബനനില്‍ നിന്ന് വന്ന രണ്ട് മിസൈലുകളും ഒരു ഡ്രോണും തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തതായി ഇസ്രയേല്‍ സൈന്യവും അറിയിച്ചു.

അതേസമയം, തെക്കന്‍ ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. ഹിസ്ബുള്ളയുടെ സഖ്യകക്ഷിയായ അമല്‍ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന റിസാല സ്‌കൗട്ട്‌സ് അസോസിയേഷന്റെ ആംബുലന്‍സിന് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് പാരാമെഡിക്കല്‍ ജീവനക്കാര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ യുദ്ധം തുടങ്ങിയതിനു ശേഷം ലെബനനില്‍ കൊല്ലപ്പെട്ട ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം 130 ആയി. കൂടാതെ നബാതിയേക്കും ക്ഫാര്‍ ടെബ്‌നിറ്റിനും ഇടയില്‍ യാത്ര ചെയ്യുകയായിരുന്ന ഒരു ലെബനീസ് സൈനികനും ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ലെബനന്‍ സൈനിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

Content Summary: Israel and Lebanon agree to a renewed ceasefire with new security zones, while US House curbs Trump’s war powers amid rising tensions and missile strikes involving Iran

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×