June 29, 2026 |
Share on

ഹോര്‍മുസില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ധാരണ; ഇറാന്‍ നിലപാട് കടുപ്പിക്കുന്നു

വെടിനിര്‍ത്തല്‍ ധാരണയില്‍ ഇറാന്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല

തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കില്‍ പരസ്പരമുള്ള ആക്രമണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്താനും വാണിജ്യ കപ്പലുകള്‍ക്ക് സ്വതന്ത്രമായി കടന്നുപോകാന്‍ അനുവാദം നല്‍കാനും അമേരിക്കയും ഇറാനും തമ്മില്‍ ധാരണയായതായി റിപ്പോര്‍ട്ട്. മേഖലയില്‍ നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷത്തെ പൂര്‍ണ്ണമായും തകിടം മറിക്കുന്ന രീതിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംഘര്‍ഷം മുറുകിയ പശ്ചാത്തലത്തിലാണ് ഇരുപക്ഷവും താല്‍ക്കാലികമായി പിന്മാറാന്‍ തയ്യാറായിട്ടുള്ളതെന്ന് പേര് വെളിപ്പെടുത്താത്ത ഒരു യുഎസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. മുന്‍പ് ഒപ്പുവെച്ച 14 ഇന താല്‍ക്കാലിക കരാറിന്‍മേലുള്ള സാങ്കേതിക ചര്‍ച്ചകള്‍ തുടരുമെന്നാണ് യുഎസ് വ്യക്തമാക്കുന്നതെങ്കിലും, ഈ പുതിയ വെടിനിര്‍ത്തല്‍ ധാരണയെക്കുറിച്ച് ഇറാന്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ ആഴ്ചകളില്‍ കപ്പലുകള്‍ക്ക് നേരെ ഉണ്ടായ ഡ്രോണ്‍ ആക്രമണങ്ങളാണ് മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തിയത്. ഒമാനും യുഎന്നിന്റെ അന്താരാഷ്ട്ര മാരിടൈം ഓര്‍ഗനൈസേഷനും ചേര്‍ന്ന് ഒമാന്‍ അതിര്‍ത്തിയിലൂടെ മാത്രം കടന്നുപോകുന്ന പുതിയൊരു കപ്പല്‍പ്പാത കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഈ പുതിയ പാത ഉപയോഗിച്ച സിംഗപ്പൂര്‍ കപ്പലിന് നേരെയും തുടര്‍ന്ന് മറ്റൊരു കപ്പലിന് നേരെയും ആക്രമണങ്ങള്‍ ഉണ്ടായി. ഈ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇറാന്‍ ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ലെങ്കിലും, തങ്ങള്‍ നിശ്ചയിച്ചിട്ടുള്ള വടക്കന്‍ പാതയിലൂടെ മാത്രമേ കപ്പലുകള്‍ സഞ്ചരിക്കാവൂ എന്ന് ഇറാന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഈ തര്‍ക്കങ്ങള്‍ക്കിടയില്‍ പെട്ട് ഖത്തര്‍ സ്വദേശിയുടെ ബോട്ടിന് മുകളില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇതിനിടെ ഇറാഖ് സന്ദര്‍ശിക്കുന്ന ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, അമേരിക്കയും ഇസ്രയേലും നിലവിലെ പ്രാഥമിക ധാരണകള്‍ ലംഘിച്ചതായി ആരോപിച്ചു. ഇറാഖ് പ്രസിഡന്റ് നിസാര്‍ അമിദി, പ്രധാനമന്ത്രി അലി ഫാലിഹ് അല്‍-സൈദി എന്നിവരുമായി അദ്ദേഹം ബാഗ്ദാദില്‍ കൂടിക്കാഴ്ച നടത്തി. ഇറാന് നേരെ ആക്രമണം നടത്താന്‍ ഇറാഖിന്റെ മണ്ണ് വിട്ടുനല്‍കരുതെന്ന് ആവശ്യപ്പെട്ട അദ്ദേഹം, പുറത്തുനിന്നുള്ള സൈനിക ശക്തികളെ ഒഴിവാക്കി മേഖലയിലെ രാജ്യങ്ങള്‍ മാത്രം ഉള്‍പ്പെടുന്ന ഒരു സുരക്ഷാ സഖ്യം രൂപീകരിക്കണമെന്നും ആഹ്വാനം ചെയ്തു. അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും അദ്ദേഹം പങ്കെടുത്തു. ജൂലൈ 4 മുതല്‍ 9 വരെ ഇറാനിലും ഇറാഖിലെ ഷിയാ പുണ്യകേന്ദ്രങ്ങളിലും വിപുലമായ ചടങ്ങുകളാണ് നിശ്ചയിച്ചിരിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമേനിയുടെ ‘യുദ്ധവുമില്ല സമാധാനവുമില്ല’ എന്ന മുന്‍ നയത്തില്‍ നിന്നും വ്യത്യസ്തമായി, അദ്ദേഹത്തിന്റെ മകനും പിന്‍ഗാമിയുമായ മൊജ്തബ ഖമേനിയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടം വലിയ നയതന്ത്ര റിസ്‌കുകള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. അമേരിക്ക ഏര്‍പ്പെടുത്തിയ കഠിനമായ സാമ്പത്തിക ഉപരോധങ്ങളില്‍ ഇളവ് നേടാനും, മരവിപ്പിച്ചു നിര്‍ത്തിയിരിക്കുന്ന കോടിക്കണക്കിന് ഡോളറിന്റെ ഫണ്ടുകള്‍ തിരികെ ലഭിക്കാനും ഹോര്‍മുസ് കടലിടുക്കിലെ തങ്ങളുടെ നിയന്ത്രണം വലിയൊരു ആയുധമാക്കാനാണ് ഇറാന്‍ ശ്രമിക്കുന്നത്. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് വരെ ട്രംപ് ഭരണകൂടം പുതിയൊരു പൂര്‍ണ്ണമായ യുദ്ധത്തിന് മുതിരില്ലെന്ന കണക്കുകൂട്ടലും ഇറാത്തിനുണ്ട്.

സമാധാന ചര്‍ച്ചകള്‍ തടസ്സപ്പെട്ടിട്ടില്ലെന്ന് യുഎസ് അവകാശപ്പെടുമ്പോഴും, ഞായറാഴ്ച നടക്കേണ്ടിയിരുന്ന സാങ്കേതിക ചര്‍ച്ചകള്‍ ഇറാന്‍ റദ്ദാക്കിയതായി പരമോന്നത നേതാവിന്റെ ഓഫീസ് പ്രതിനിധി മെഹ്ദി ഫാസേലി വ്യക്തമാക്കി. മരവിപ്പിച്ച ഫണ്ടുകള്‍ ലഭ്യമാക്കുന്നത് ഉള്‍പ്പെടെയുള്ള പ്രാഥമിക വ്യവസ്ഥകള്‍ യുഎസ് നടപ്പിലാക്കുന്നുണ്ടോ എന്ന് നിരീക്ഷിച്ച ശേഷമേ തുടര്‍ച്ചര്‍ച്ചകള്‍ ഉണ്ടാകൂ എന്നാണ് ഇറാന്റെ നിലപാട്. തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനേക്കാള്‍ വെടിനിര്‍ത്തല്‍ നിലനിര്‍ത്താന്‍ ഇരുപക്ഷവും കൂടുതല്‍ സമയം നീക്കിവെക്കേണ്ടി വരുന്നത് അന്തിമ സമാധാന കരാറിലേക്കുള്ള പുരോഗതിയെ ബാധിക്കുമെന്നാണ് വിലയിരുത്തലുകള്‍.

മറുവശത്ത്, തെക്കന്‍ ലെബനനില്‍ ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയുടെ ഭൂഗര്‍ഭ താവളങ്ങളും ആയുധശേഖരങ്ങളും തകര്‍ത്തതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സും പ്രഖ്യാപിച്ചു. വെള്ളിയാഴ്ച യുഎസ് മധ്യസ്ഥതയില്‍ ഒപ്പുവെച്ച ലെബനന്‍-ഇസ്രയേല്‍ കരാര്‍ പ്രകാരം ഇസ്രയേല്‍ സൈന്യം ഘട്ടങ്ങളായി പിന്മാറേണ്ടതുണ്ടെങ്കിലും, പിടിച്ചെടുത്ത പ്രദേശങ്ങളില്‍ തുടര്‍ന്നും തങ്ങള്‍ തുടരുമെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കുന്നത്. ഹിസ്ബുള്ള ഈ കരാര്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞിട്ടുമുണ്ട്. ലെബനനില്‍ വെടിനിര്‍ത്തല്‍ ഉണ്ടാകാതെ യുഎസുമായുള്ള ഒരു കരാറിനും തങ്ങളില്ലെന്ന നിലപാടിലാണ് ഇറാന്‍. ഈ സാഹചര്യത്തില്‍ ലെബനനിലെ പുതിയ സംഘര്‍ഷങ്ങള്‍ യുഎസും ഇറാനും തമ്മിലുള്ള സമാധാന ശ്രമങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ്.

Content Summary; US and Iran agree to a fragile cease-fire in the Strait of Hormuz amid escalating tensions, while ongoing clashes in Lebanon and political shifts pose threats to the peace talks

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×