June 04, 2026 |

‘ഭക്ഷണം പോലും കൊടുത്തിരുന്നില്ല; പരാതി നല്‍കാന്‍ വൈകിയത് മകനോടുള്ള വാത്സല്യം കാരണം’

അച്ഛന്റെ മൃതദേഹം വീടിന് പുറത്ത് കിടത്തിയത് ദാരുണമെന്ന് വാര്‍ഡ് മെമ്പര്‍

അച്ഛന്റെ മൃതദേഹം വീട്ടിനുള്ളില്‍ കയറ്റാതിരിക്കാന്‍ മകനും മരുമകളും വീടുപൂട്ടിപോയതോടെ മഴയത്ത് വീടിന് മുന്നില്‍ മൃതദേഹം കിടത്തേണ്ടി വന്ന സംഭവത്തിന്റെ വേദനയിലാണ് തൃശൂര്‍, കൈപ്പിള്ളിയിലെ ജനങ്ങള്‍. അരിമ്പൂര്‍ കൈപ്പിള്ളി റിംഗ് റോഡില്‍ പ്ലാക്കന്‍ വീട്ടില്‍ തോമസിനാണ് ഈ ദുരനുഭവം സംഭവിച്ചത്. അനാഥരെ പോലെയാണ് വീട്ടില്‍ തോമസും റോസിലിനും കഴിഞ്ഞിരുന്നതെന്നും മകനോടുള്ള അമിത വാത്സല്യം കാരണമാണ് പൊലീസില്‍ പരാതി നല്‍കാന്‍ വൈകിയതെന്നും കൈപ്പിള്ളി വാര്‍ഡ് മെമ്പര്‍ ജില്ലി വില്‍സണ്‍ അഴിമുഖത്തോട് പറഞ്ഞു. മകനും മരുമകളും ഇരുവര്‍ക്കും ഭക്ഷണം പോലും നല്‍കിയിരുന്നില്ലെന്നും വൃദ്ധ ദമ്പതികളെ മര്‍ദ്ദിക്കുമായിരുന്നുവെന്നും ജില്ലി വില്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

‘തോമസും ഭാര്യ റോസിലിയും കൈപ്പിള്ളിയിലെ വീട്ടില്‍ നിന്നും മാറി താമസിക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമായിട്ടില്ല. അനാഥരെ പോലെ തന്നെയാണ് അവര്‍ കഴിഞ്ഞിരുന്നത്. മകനും മരുമകളും പലപ്പോഴും ഭക്ഷണം പോലും കൊടുത്തിരുന്നില്ലെന്ന് തോമസും റോസിലിയും എന്നോട് പറഞ്ഞിട്ടുണ്ട്. അന്ന് തന്നെ പൊലീസില്‍ പരാതി നല്‍കാന്‍ ഇരുവരോടും പറഞ്ഞിരുന്നു. എന്നാല്‍ ഒരേയൊരു മകനല്ലേ എന്ന് പറഞ്ഞ് ക്ഷമിക്കുകയായിരുന്നു. എന്നാല്‍ ദേഹോപദ്രവങ്ങള്‍ കൂടിയപ്പോള്‍ പഞ്ചായത്തിന്റെ ഇടപെടലില്‍ സാമൂഹ്യനീതി വകുപ്പുമായി ബന്ധപ്പെട്ട് അന്തിക്കാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. അതിന്റെ പേരിലും വീട്ടില്‍ ജെയ്‌സനും റിന്‍സിയും വഴക്കുണ്ടാക്കിയിരുന്നു. തുടര്‍ന്ന് തോമസും റോസിലിയും പഞ്ചായത്തിനെ സമീപിക്കുകയും സാമൂഹ്യനീതി വകുപ്പെത്തി അവരെ അനാഥാലയത്തിലാക്കുകയും ചെയ്തു.

ഞാനിപ്പിപ്പോള്‍ കൈപ്പിള്ളിയില്‍ വാര്‍ഡ് മെമ്പറായിട്ട് അഞ്ച് വര്‍ഷമാവുകയാണ്. എന്നാല്‍ വളരെ കാലം മുന്‍പ് തന്നെ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ ജെയ്‌സനെതിരെ കേസ് കൊടുക്കാന്‍ അച്ഛനും അമ്മയ്ക്കും താല്‍പര്യമുണ്ടായിരുന്നില്ല. മാനസുകമായി മകനോട് ഇരുവര്‍ക്കും നല്ല ബന്ധമുണ്ടായിരുന്നു. പിന്നീട് അവരുടെ നിവൃത്തികേട് കൊണ്ടാണ് കേസ് കൊടുക്കേണ്ടി വന്നത്. ഭക്ഷണം ലഭിക്കാതെ അയല്‍പക്കങ്ങളില്‍ നിന്നും വാങ്ങി കഴിക്കേണ്ട് അവസ്ഥ വരെ എത്തിയിരുന്നു. പെന്‍ഷന്‍ തുകയില്‍ നിന്നാണ് ഇരുവരും പുറത്തുനിന്ന് ഭക്ഷണം വാങ്ങി കഴിച്ചിരുന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. പല തവണ പലരോടും ഇവര്‍ സഹായമഭ്യര്‍ത്ഥിച്ച് എത്തിയിട്ടുണ്ട്. അവര്‍ മുന്നോട്ട് വന്ന് കേസ് നല്‍കാത്തത് കൊണ്ടാണ് ഞങ്ങള്‍ക്കും ഒന്നും ചെയ്യാന്‍ കഴിയാത്തത്.

തോമസും ഭാര്യയും താമസിച്ചിരുന്ന വീട് റിന്‍സിയുടെ പേരിലാണ് എന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്. മുന്‍പുണ്ടായിരുന്ന വീട് വിറ്റതിന് ശേഷം അടുത്തുണ്ടായിരുന്ന സ്ഥലം വാങ്ങിയാണ് അവിടെ പുതിയ വീട് നിര്‍മ്മിച്ചത്. പഴയ വീട് വിറ്റതില്‍ നിന്നും ലഭിച്ച തുക പുതിയ വീട് നിര്‍മ്മിക്കാന്‍ നല്‍കിയെന്നാണ് പറയുന്നത്. റിന്‍സിയുടെ സ്വര്‍ണം പണയം വെച്ചാണ് സ്ഥലം വാങ്ങിയതെന്നും കേള്‍ക്കുന്നു. എന്നാല്‍, അതിന്റെ നിയമരേഖകളൊന്നും തന്നെയില്ല.

സംഭവം നടക്കുമ്പോള്‍ ഞാന്‍ ആലപ്പുഴയിലായിരുന്നു. വിവരങ്ങള്‍ അറിയുമ്പോഴേക്കും അല്‍പം വൈകിയിരുന്നു. ജെയ്‌സനും റിന്‍സിയും വീട് പൂട്ടി പോയതിനാല്‍ തൊട്ടടുത്ത വീട്ടില്‍ വെയ്ക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് ബന്ധുക്കളെല്ലാം കൂടി തീരുമാനിച്ചാണ് വീടിനു മുന്നില്‍ മൃതദേഹം കിടത്താം എന്ന നിഗമനത്തിലേക്കെത്തുന്നത്.

റോസിലി നിലവില്‍ ഒരു ബന്ധുവിന്റെ വീട്ടിലാണ്. ഞാന്‍ അവരെ കാണാന്‍ പോയിരുന്നു. അവര്‍ തീര്‍ത്തും നിസഹായാവസ്ഥയിലാണുള്ളത്. ആരോടും ഒന്നും സംസാരിക്കാന്‍ താല്‍പര്യമില്ല, കഴിഞ്ഞ ദിവസത്തെ കാര്യം മാധ്യമങ്ങളില്‍ വന്നതല്ലേ അതില്‍ കൂടുതല്‍ ഒന്നും പറയാനില്ല എന്നാണ് പറഞ്ഞത്. ഒരിക്കല്‍ പോലും മകനെ കുറ്റപ്പെടുത്താന്‍ അവര്‍ ശ്രമിച്ചതുമില്ല’, ജില്ലി വില്‍സണ്‍ അഴിമുഖത്തോട് പറഞ്ഞു.

ഇന്നലെ പുലര്‍ച്ചെയാണ് മണലൂര്‍ സാന്‍ജോസ് കെയര്‍ഹോമില്‍ വെച്ച് പനി ബാധിച്ച് തോമസ് മരിച്ചത്. മകന്റെയും മരുമകളുടെയും ഉപദ്രവം സഹിക്കാനാകാതെയാണ് എട്ടുമാസം മുന്‍പ് തോമസും ഭാര്യ റോസിലിയും വീട് ഉപേക്ഷിച്ചത്. ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് മൃതദേഹം വീട്ടിലേക്കെത്തിച്ചത്. വീട്ടില്‍ നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും അന്തിമോപചാരം അര്‍പ്പിക്കാനുള്ള അവസരം നല്‍കിയ ശേഷം ഇടവക പള്ളിയില്‍ അടക്കാനാണ് തീരുമാനിച്ചിരുന്നത്. രാവിലെ കാരമുക്ക് കൃപാസദനത്തില്‍ നിന്ന് റോസിലിയെയും കൊണ്ടുവന്നിരുന്നു. എന്നാല്‍ അച്ഛന്റെ മൃതദേഹം മുറ്റത്തെത്തിയതറിഞ്ഞ് മകന്‍ ജെയ്‌സനും മരുമകള്‍ റിന്‍സിയും വീടുപൂട്ടി പോകുകയായിരുന്നു.

Content Summary: son and daughter in law locked house leaving fathers body outside; ward member responds

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×